Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുല്യ ജോലിക്ക് തുല്യവേതനം വേണം; കേരളത്തിലെ താത്കാലിക കോളേജ് അദ്ധ്യാപകർ അനിശ്ചിതകാല സമരത്തിലേക്ക്; ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭിക്കും

തുല്യ ജോലിക്ക് തുല്യവേതനം വേണം; കേരളത്തിലെ താത്കാലിക കോളേജ് അദ്ധ്യാപകർ അനിശ്ചിതകാല സമരത്തിലേക്ക്; ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭിക്കും

ജാസിം മൊയ്ദീൻ

കോഴിക്കോട്; കേരളത്തിലെ ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിലെ രണ്ടായിരത്തിലധികം വരുന്ന താത്കാലിക അദ്ധ്യാപകർ അനിശ്ചിത കാല സമരത്തിലേക്ക്. ഈ മാസം 25ന് സൂചന പണിമുടക്കും ഫെബ്രുവരി 5 മുതൽ അനിശ്ചിതകാല പണിമുടക്കും ആരംഭിക്കും. തുല്യ ജോലിക്ക് തുല്യവേതനം എന്ന ആവശ്യമുന്നയിച്ചാണ് സമരം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് താത്കാലിക അദ്ധ്യാപകർ ഇത്തരത്തിലൊരു സമരത്തിനൊരുങ്ങുന്നത്.

കേരളത്തിലെ ഗവൺമെന്റ് എയ്ഡഡ് കോളേജ് അദ്ധ്യാപകരിൽ പകുതിയിലധികം വരുന്നവർ താത്കാലിക ജീവനക്കാരാണ്. ഹയർസെകണ്ടറി, ഹൈസ്‌കൂൾ, യുപി, എൽപി, എഞ്ചിനീയറിങ് കോളെജുകൾ, യൂണിവേഴ്സിറ്റി ക്യാമ്പസുകൾ ഇവിടെങ്ങളിലെയെല്ലാം താത്കാലിക അദ്ധ്യാപകർക്ക് വേതനം വർദ്ധിപ്പിച്ചപ്പോഴും ആർട്സ് ആൻഡ്് സയൻസ് കോളെജുകളിലെ താത്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചിട്ടില്ല. മേൽ പറഞ്ഞ വിഭാഗങ്ങളിൽപെട്ടവരേക്കാളേറെ യോഗ്യതകൾ ആവശ്യമായി വരുന്ന കോളേജ് അദ്ധ്യാപകർക്ക് അവരുടെ പകുതി പോലും വേതനം ലഭിക്കുന്നില്ല. ഹയർ സെകണ്ടറി, ഹൈസ്‌കൂൾ, എഞ്ചിനീയറിങ് കോളെജുകൾ ഇവിടങ്ങളിലെ അദ്ധ്യാപകർക്ക് നിലവിൽ നാൽപതിനായിരത്തിലധികം രൂപ ലഭിക്കുമ്പോൾ ആർട്സ് ആൻഡ് സയൻസ് കോളെജുകളിലെ അദ്ധ്യാപകർക്ക് പരമാവധി 25000 രൂപയാണ് ലഭിക്കുന്നത്. ഇത് തന്നെ 50 മണിക്കൂർ ക്ലാസ് ലഭിക്കുന്ന മാസങ്ങളിൽ മാത്രമേ ലഭിക്കൂ.

50 മണിക്കൂറിലധികം വരുന്ന ക്ലാസുകളാകട്ടെ വേതനത്തിന് അർഹവുമായിരിക്കില്ല. പക്ഷേ പലമാസങ്ങളിലും ഇവർക്ക് 50 മണിക്കൂർ ക്ലാസ് ലഭിക്കാറില്ലെന്നതാണ് വാസ്തവം. കലണ്ടർ അവധികൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുന്ന ദിവസങ്ങൾ, ഹർത്താലുകൾ തുടങ്ങിയ ദിവസങ്ങൾക്കൊന്നും ഇവർക്ക് വേതനം ലഭിക്കില്ല. പരീക്ഷാ ഡ്യൂട്ടിയെടുത്താൽ 3 മണിക്കൂറിന് കേവലം 60 രൂപയാണ് ലഭിക്കുക. ഇത് തന്നെ എന്ന് ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. നിയമ പ്രകാരം താത്കാലിക അദ്ധ്യാപകർക്ക് ക്ലാസെടുക്കൽ മാത്രമാണ് ജോലിയെങ്കിലും കോളേജുകളിലെ ആർട്സ് സ്പോർട്സ് മറ്റ് പാഠ്യേതര പ്രവർത്തനങ്ങളും അവരെ ഏൽപിക്കാറുണ്ട്. ഇതിനൊന്നും അധികം വേതനം ലഭിക്കില്ല എന്ന് മാത്രമല്ല ആ ദിവസങ്ങളിൽ അവർക്ക് ലഭിക്കേണ്ട് സ്വാഭാവിക വേതനം പോലും ലഭിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ക്ലാസെടുക്കുന്ന മണിക്കൂറുകൾക്ക് മാത്രമാണ് ശമ്പളം.

നെറ്റ് യോഗ്യത ഉള്ളവർക്ക് മണിക്കൂറിന് 500 രൂപയും, നെറ്റ് ഇല്ലാത്തവർക്ക് 300 രൂപയുമാണ് നിലവിലെ വേതന വ്യവസ്ഥ. 2010 മുതൽ ഈ നിരക്കിലാണ് ഇവർക്ക് ശമ്പളം ലഭിച്ച് കൊണ്ടിരിക്കുന്നത്. 2016ൽ ഗസ്റ്റ് ലക്ചർമാർക്ക് പ്രതിദിനം 1550 രൂപ വേതനം നൽകണമെന്ന് സർക്കാർ ഓർഡർ ഇറക്കിയെങ്കിലും ഗവൺമെന്റ്-എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകർക്ക് ഇത് ബാധകമല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അറിയിച്ചത്. ഗസ്റ്റ് ലക്ചർമാർ എന്ന് പറയുന്നത് കരാർ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെയാണ്. കേരളത്തിൽ ഈ ഗണത്തിൽ പെടുന്നതാകട്ടെ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലെയും, എഞ്ചിനീയറിങ് കോളെജുകളിലെയും അദ്ധ്യാപകർ മാത്രമാണ്. ആർട്സ് ആൻഡ് സയൻസ് കോളെജുകളിലെ അദ്ധ്യാപകർ മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. അതിനാൽ അവർക്ക് ഈ നിയമവും ബാധകമല്ലെന്നാണ് അധികാരികൾ അറിയിച്ചത്.

ഈ വിവേചനങ്ങൾ കാണിച്ച് കോളേജ് ഗസ്റ്റ് അദ്ധ്യാപകരുടെ സംഘടന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചെങ്കിലും തീർത്തും നിരാശയായിരുന്നു ഫലെമെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ദിലീപ് കുമാർ മറുനാടനോട് പറഞ്ഞു. വിദ്യാഭ്യാസ, ധനകാര്യ മന്ത്രിമാർക്കൊക്കെ ഇത് കാണിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും അനുകൂലമായ നിലപാടുകളൊന്നും ഇത് വരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നത്. പണിമുടക്ക് കാര്യമായി ബാധിക്കാൻ പോകുന്നത് കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് ഓരോ മണ്ഡലത്തിലും ഓരോ കോളേജുകൾ എന്ന രീതിയിൽ തുടങ്ങിയ പുതിയ കോളേജുകളെയാണ്. ഈ കോളേജുകളിളെ 95 ശതമാനത്തിലധികം അദ്ധ്യാപകരും താത്കാലിക ജീവനക്കാരാണ്.

മലപ്പുറം ജില്ലയിൽ മാത്രം 390 താത്കാലിക കോളേജ് അദ്ധ്യാപകരാണുള്ളത്. മലപ്പുറം ഗവൺമെന്റ് വനിതാ കേളേജിൽ കേവലം രണ്ട് അദ്ധ്യാപകർ മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്. മലപ്പുറത്ത് പുതുതായി ആരംഭിച്ച താനൂർ, കൊണ്ടോട്ടി, മങ്കട ഗവൺമെന്റ് കേളെജുകളിലെയും അവസ്ഥ മറിച്ചല്ല. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, നാദാപുരം, മൊകേരി തുടങ്ങിയിടങ്ങളിലെ കോളേജുകളിലെയും അവസ്ഥ ഇത് തന്നെയാണ്

വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല തങ്ങളുടെ സമരം. ഇത്രയേറെ ഒഴിവുകളുണ്ടായിട്ടും അവ നികത്താൻ പോലും സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ നിലനിൽപിന് വേണ്ടിയാണ് സമരത്തിനിറങ്ങുന്നത്. ധനകാര്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇത് സംബന്ധിച്ച് നൽകിയ നിവേദനങ്ങൾക്ക് അനുഭാവപൂർണമായ മറുപടിയാണ് ലഭിച്ചതെങ്കിലും ഇത് വരെ തീരുമാനങ്ങളൊന്നും നടപ്പിലായിട്ടില്ല. ആൾ കേരള കോളേജ് ഗസ്റ്റ് ലക്ചേർസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ദിലീപ് കുമാർ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP