Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോംബേറിൽ വീടും വാഹനങ്ങളും കത്തി നശിച്ചു; കല്ലേറിൽ ഇരുപതോളം പൊലീസുകാർക്ക് പരിക്ക്; തീരദേശത്ത് കേട്ടുകേൾവിയില്ലാത്ത പെട്രോൾ ബോബുമെത്തി; താനൂർ ചാപ്പപ്പടിയിലെ രാഷ്ട്രീയ സംഘർഷത്തിൽ ആശങ്കകൾ ഏറെ; നിയന്ത്രിക്കാനാവാതെ പൊലീസ്

ബോംബേറിൽ വീടും വാഹനങ്ങളും കത്തി നശിച്ചു; കല്ലേറിൽ ഇരുപതോളം പൊലീസുകാർക്ക് പരിക്ക്; തീരദേശത്ത് കേട്ടുകേൾവിയില്ലാത്ത പെട്രോൾ ബോബുമെത്തി; താനൂർ ചാപ്പപ്പടിയിലെ രാഷ്ട്രീയ സംഘർഷത്തിൽ ആശങ്കകൾ ഏറെ; നിയന്ത്രിക്കാനാവാതെ പൊലീസ്

എം പി റാഫി

മലപ്പുറം: മലപ്പുറം ജില്ലയുടെ തീരദേശ മേഖലയായ താനൂർ ചാപ്പപ്പടിയിൽ വൻ രാഷ്ട്രീയ സംഘർഷം. ഇന്നലെ രാത്രി പത്തരയോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബോബംബേറിൽ വീടും വാഹനങ്ങളും കത്തി നശിച്ചു. സിപിഐഎം -മുസ്ലിംലീഗ് പാർട്ടി പ്രവർത്തകർ തമ്മിലാണ് സംഘർഷം. കല്ലേറിൽ 18 പൊലീസുകാർക്ക് പരിക്കേറ്റു. ചാപ്പപ്പടി, കോർമാൻകടപ്പുറം ഭാഗങ്ങളിലാണ് അക്രമസംഭവങ്ങൾ നടന്നത്. സംഘർഷം സ്ഥലത്ത് ആളുകൾ ഒഴിഞ്ഞു പോകുന്നതിന് പൊലീസ് മൂന്ന് തവണ ആകാശത്തേക്ക് വെടിവച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിന്നിരുന്ന മുസ്ലിംലീഗ് -സിപിഐഎം സംഘർഷത്തിന്റെ തുടർച്ചയാണ് ഞായറാഴ്ച രാത്രിയിലും പ്രദേശത്ത് സംഘർഷമുണ്ടായത്. പെട്രോൾ ബോംബേറിൽ ലീഗ് പ്രവർത്തകന്റെ വീട് കത്തി നശിച്ചു. വാഹനങ്ങൾക്കും കേടുപാട് പറ്റി. ഇതോടെ പ്രദേശം സംഘർഷഭരിതമാകുകയായിരുന്നു. മലപ്പുറം ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി ഇന്നലെ വൻ പൊലീസ് സന്നാഹം എത്തിയിരുന്നു. എന്നാൽ പൊലീസ് ജനങ്ങളെ പിൻതിരിപിക്കാൻ ശ്രമിച്ചെങ്കിലും ജനം സ്ഥലത്ത് തമ്പടിക്കുകയായിരുന്നു.

ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറ് നടത്തി നേർക്കു നേർ ഏറ്റുമുട്ടിയതോടെ പൊലീസ് ആകാശത്തേക്ക് വെടിവെയ്ക്കുകയായിരുന്നു. കല്ലേറിൽ താനൂർ സി.ഐ സി അലവി, തിരൂർ സി.ഐ എം.കെ ഷാജി, താനൂർ എസ്.ഐ സുമേഷ് സുധാകരൻ ഉൾപ്പെടെ മൂന്ന് അഡീഷണൽ എസ്.ഐമാർ, 12 പൊലീസുകാർ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ 18 പൊലീസുകാരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം തീരമേഖലയായ താനൂർ ചാപ്പപ്പടിയിൽ വൻരാഷ്ട്രീയ സംഘർഷത്തിലേക്ക് വഴിവെച്ചത് പൊലീസ് അനാസ്ഥയെന്ന് ആക്ഷേപം ഉയർന്നു. ആഴ്ചകളായി പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ട്. എന്നാൽ പ്രശ്ന പരിഹാരത്തിനായി പൊലീസ് മുൻകൈയെടുക്കാതെ സ്ഥലത്ത് പൊലീസ് തേർവാഴ്ച നടത്തുകായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടെ ഇരുപതോളം വാഹനങ്ങളും നിരവധി നാശ നഷ്ടങ്ങളും ലീഗ്-സി.പി.എം സംഘർഷത്തെ തുടർന്ന് താനൂർ തീരമേഖലയിൽ ഉണ്ടായിരുന്നു. ഒന്നിനു പിന്നാലെ മറ്റൊന്നായി സംഘർഷം തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ സർവ്വകക്ഷി വിളിച്ച് പ്രശനം പഠിക്കാനോ പരിഹാരം ഉണ്ടാക്കാനോ അധികൃതർക്ക് സാധിച്ചിട്ടില്ല.

ഞായറാഴ്ച രാത്രിയിൽ സംഘർഷമുണ്ടായ ചാപ്പപ്പടിയിൽ പൊലീസ് വൻ നാശനഷ്ടമുണ്ടാക്കിയത് ജനങ്ങളെ പ്രകോപിപ്പിക്കാൻ ഇടയായി. ആൽബസാർ, ഐ.പി.സി, കോർമ്മാൻകടപ്പുറം ഭാഗങ്ങളിലെ വാഹനങ്ങൾ പൊലീസ് തന്നെ അടിച്ചു തകർത്തത് സ്ഥലത്ത് സംഘർഷാവസ്ഥക്ക് കാരണമായി. നിരപരാധികളുടെ വാഹനങ്ങളാണ് തകർത്തതിൽ അധികവും. തീരദേശത്ത് മുമ്പ് കേട്ടുകേൾവിയില്ലാത്ത പെട്രോൾബോംബ് പ്രയോഗം ഏറെ ഗൗരവത്തോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാണുന്നത്. എന്നാൽ ദിവസങ്ങളുടെ തയ്യാറെടുപ്പിൽ ബോംബും കല്ലുമായി സംഘടിച്ച് പരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങിയത് പൊലീസിന്റെ വീഴ്ചയായാണ് കണക്കാക്കുന്നത്. താനൂരിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന സംശയവും ഉർന്നു.

രാഷ്ട്രീയ സംഘർഷങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച കണ്ണൂരിനെ കവച്ചുവയ്ക്കുന്ന ആക്രമണമാണ് താനൂരിൽ ഞായറാഴ്ച രാത്രി അരങ്ങേറിയത്. രാഷ്ട്രീയ സംഘർഷങ്ങൾ ഇവിടെ പതിവാണെങ്കിലും ബോംബ് പോലുള്ള മാരകായുധങ്ങൾ പ്രയോഗിക്കാറില്ല. ഇന്നലത്തെ ആക്രമണത്തിൽ ബോംബേറ് നടന്നതോടെ പ്രദേശവാസികളും ഭീതിയിലായിരിക്കുകയാണ്. ബോംബേറ് നടന്നതോടെ വീടുവിട്ട് പാതിരാത്രി ഓടേണ്ട സ്ഥിതിയിലായിരുന്നു കുട്ടികളും സ്ത്രീകളുമടക്കുള്ളവർക്ക്. അനവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇക്കയിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് താനൂരിന്റെ തീരപ്രദേശത്ത് സംഘർഷം തലപൊക്കിയത്. മുസ്ലിംലീഗ് കുത്തകയായിരുന്ന താനൂർ മണ്ഡലം ഇടത് സ്വതന്ത്രൻ വി അബ്ദുറഹിമാൻ പിടിച്ചെടുത്തതോടെ ഇവിടെ സംഘർഷം തുടർക്കഥയായി മാറി. മണ്ഡലത്തിലെ മറ്റൊരു തീരദേശ അതിർത്തി പ്രദേശമായ ഉണ്ണിയാലിലെ സംഘർഷങ്ങൾക്ക് അറുതിയുണ്ടാക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് തനൂരിന്റെ തീരമേഖലയിൽ വീണ്ടും വൻസംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

സംഘർഷം നടന്ന എളരാൻകടപ്പുറം ഭാഗത്തേക്ക് ആരെയും പൊലീസ് കടത്തിവിടുന്നില്ല. സ്ഥലത്ത് എസ്‌പി, എ.എസ്.എപി, ഡിവൈഎസ്‌പിമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരു വിഭാഗത്തിൽപ്പെട്ടവർക്കെതിരെയും കേസെടുത്തതായും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് താനൂർ പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP