Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊലക്കേസിൽ മകനും ഭാര്യയും ജയിലിലായപ്പോൾ നാലു കൊച്ചുമക്കളെ അമ്മൂമ്മയ്‌ക്കൊപ്പം വാടക വീട്ടിൽനിന്ന് പുറത്താക്കി; ആരും വീട് നൽകാതായപ്പോൾ മാലവിറ്റു വാങ്ങിയ ഒമ്‌നി വാനിൽ ജയിലിനു മുന്നിൽ താമസമാരംഭിച്ചു; കുട്ടികളെയും അമ്മൂമ്മയെയും പിടികൂടി മൂന്നിടങ്ങളിൽ പാർപ്പിച്ച് അധികൃതർ; കൊച്ചുമക്കളെ വിട്ടുകിട്ടാൻ വാടക വീടുതേടി തങ്കമ്മ

കൊലക്കേസിൽ മകനും ഭാര്യയും ജയിലിലായപ്പോൾ നാലു കൊച്ചുമക്കളെ അമ്മൂമ്മയ്‌ക്കൊപ്പം വാടക വീട്ടിൽനിന്ന് പുറത്താക്കി; ആരും വീട് നൽകാതായപ്പോൾ മാലവിറ്റു വാങ്ങിയ ഒമ്‌നി വാനിൽ ജയിലിനു മുന്നിൽ താമസമാരംഭിച്ചു; കുട്ടികളെയും അമ്മൂമ്മയെയും പിടികൂടി മൂന്നിടങ്ങളിൽ പാർപ്പിച്ച് അധികൃതർ; കൊച്ചുമക്കളെ വിട്ടുകിട്ടാൻ വാടക വീടുതേടി തങ്കമ്മ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മകനും മരുമകളും കൊലക്കേസ് പ്രതികളായി ജയിലിലായതോടെ പെൺകുട്ടി ഉൾപ്പെടെ നാലു കൊച്ചുമക്കളുമായി അമ്മൂമ്മയ്ക്ക് ഇറങ്ങേണ്ടി വന്നത് തെരുവിലേക്ക്. വാടക വീട്ടിൽനിന്ന് ഇറക്കി വിട്ടതോടെ ഒരുമാസം തെരുവുകൾതോറും അലഞ്ഞു. വാടകവീട് കിട്ടില്ലെന്ന് ബോധ്യമായതോടെ ആക്രി കച്ചവടക്കാരിൽനിന്ന് പഴയ മാരുതിവാൻ വാങ്ങി. മകനും മരുമകളും തടവിലുള്ള ജയിലിനുസമീപം റോഡരികിൽ വാഹനമിട്ട് കുട്ടികൾക്കൊപ്പം അതിൽ താമസിച്ചു. വിവരമറിഞ്ഞ അധികൃതർ അവരെ മാറ്റി. കുട്ടികളെ ഇപ്പോൾ മൂന്നിടത്തായി പാർപ്പിച്ചിരിക്കയാണ്.

കോട്ടയം നഗരസഭയിലെ ജീവനക്കാരിയായിരുന്ന തങ്കമ്മയെന്ന അറുപതുകാരിയാണ് വാർധക്യത്തിൽ ജീവിതത്തിനുമുന്നിൽ പകച്ചു നിൽക്കുന്നത്. ഓഗസ്റ്റ് 23-ന് കോട്ടയം പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷിനെ കൊന്ന് പല കഷണങ്ങളാക്കി ചാക്കിൽ ഉപേക്ഷിച്ച കേസിലാണ് ഇവരുടെ മകൻ വിനോദ്കുമാർ (38) ജയിലിലാകുന്നത്. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും(34) കൂട്ടുപ്രതിയാണ്. സ്വന്തം അച്ഛനെ കൊന്ന കേസിലും വിനോദ് വിചാരണ നേരിടുകയാണ്. മീനടം പീടികപ്പടിയിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.

സന്തോഷ് കൊലക്കേസിനെത്തുടർന്നാണ് വാടകവീട്ടിൽനിന്ന് ഈ കുടുംബത്തെ ഇറക്കിവിടുകയായിരുന്നു. രണ്ടുദിവസം കോട്ടയത്തെ ഒരു അഗതിമന്ദിരത്തിൽ അഭയം തേടി. നാലു കൊച്ചുമക്കളെയുംകൊണ്ട് അവിടെ കഴിയാനാകാതെ വന്നതോടെ വീണ്ടും തെരുവിലേക്ക്. നാലുവയസ്സുള്ള കൊച്ചുമകളെ ഓർത്താണ് തങ്കമ്മയ്ക്ക് ഏറെ സങ്കടം.

ആകെയുണ്ടായിരുന്ന സ്വർണമാല വിറ്റുകിട്ടിയ 14,000 രൂപകൊണ്ടാണ് തങ്കമ്മ മാരുതിവാൻ വാങ്ങിയത്. അത് കോട്ടയം സബ്ജയിലിന് മുൻപിലെ ഒഴിഞ്ഞ ഭാഗത്താണ് ഇട്ടത്. എന്നാൽ, ഞായറാഴ്ച രാത്രി പൊലീസെത്തി ഇവരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. തിങ്കളാഴ്ച കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. ഇളയ പെൺകുട്ടിയെ തോട്ടയ്ക്കാട് ഇൻഫന്റ് ജീസസ് ശിശുഭവനിലും മൂത്ത മൂന്ന് ആൺകുട്ടികളെയും തിരുവഞ്ചൂർ ജുവനൈൽ ഹോമിലും തങ്കമ്മയെ കോട്ടയം സാന്ത്വനത്തിലും പാർപ്പിക്കാൻ കെ.യു.മേരിക്കുട്ടി ചെയർമാനായ കമ്മിറ്റി ഉത്തരവിട്ടു.

ഇവർക്ക് വാടകവീട് കണ്ടെത്താൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർ മോഹനന് നിർദ്ദേശവും നൽകിയിട്ടുണ്ട്. കൊലപാതകവും മറ്റും കണ്ടുവളർന്ന മൂത്ത ആൺകുട്ടിക്ക് കൗൺസലിങ്ങ് നൽകണമെന്നും പറഞ്ഞിട്ടുണ്ട്. അംഗങ്ങളായ ജോസഫ് മത്തായി, ഡി.വിശ്വംഭരൻ, രാജി പി.ജോയി എന്നിവരും കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.

തനിക്ക് മാസംതോറും 12,000 രൂപ പെൻഷൻ കിട്ടുന്നുണ്ട്. ചെറിയ വാടകയ്ക്ക് ആരെങ്കിലും ഒരുവീട് തന്നാൽ ഞാൻ നാല് കൊച്ചുമക്കളെയും പൊന്നുപോലെ നോക്കിക്കൊള്ളാമെന്നു തങ്കമ്മ പറയുന്നു. കൊച്ചുമക്കളെ വേർപിരിഞ്ഞു ജീവിക്കാനാകില്ലെന്നും ഈ വയോധിക സങ്കടത്തോടെ പറയുന്നു. തിങ്കളാഴ്ച കുട്ടികളെ കോട്ടയത്തെ സ്‌കൂളിൽ വിടാൻ തീരുമാനിച്ചിരിക്കെയാണ് രാത്രിയിൽ പൊലീസെത്തി ഇവരെ അഭയകേന്ദ്രത്തിലാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP