Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക നേതാക്കൾ അൽപം അതിശയത്തോടെ നോക്കുന്ന നേതാവിന് കാലിടറിയത് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്‌സ് മുതൽ; മിടുക്കനായ നേതാവായി പേരെടുത്തപ്പോൾ കേസും കൂട്ടവും സ്റ്റമ്പ് തെറിപ്പിച്ചു; ട്വിറ്ററിലും വാമൊഴിയിലും ഐപിഎൽ വിയർപ്പോഹരിയിലും മെഹർ തരാറിലും വീഴാതെ പിടിച്ചുനിന്നിട്ടും തോറ്റുപോയത് സുനന്ദ പുഷ്‌കറിന്റെ മുമ്പിൽ; അർദ്ധസത്യങ്ങളെ 'ഫരാഗോ'യെന്ന് ഇംഗ്ലീഷിൽ കിടുക്കിയ ശശിതരൂരിനെ കുടുക്കിയത് വിടാതെ പിടികൂടിയ വിവാദങ്ങൾ

ലോക നേതാക്കൾ അൽപം അതിശയത്തോടെ നോക്കുന്ന നേതാവിന് കാലിടറിയത് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്‌സ് മുതൽ; മിടുക്കനായ നേതാവായി പേരെടുത്തപ്പോൾ കേസും കൂട്ടവും സ്റ്റമ്പ് തെറിപ്പിച്ചു; ട്വിറ്ററിലും വാമൊഴിയിലും ഐപിഎൽ വിയർപ്പോഹരിയിലും മെഹർ തരാറിലും വീഴാതെ പിടിച്ചുനിന്നിട്ടും തോറ്റുപോയത് സുനന്ദ പുഷ്‌കറിന്റെ മുമ്പിൽ; അർദ്ധസത്യങ്ങളെ 'ഫരാഗോ'യെന്ന് ഇംഗ്ലീഷിൽ കിടുക്കിയ ശശിതരൂരിനെ കുടുക്കിയത് വിടാതെ പിടികൂടിയ വിവാദങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂരിന്റെ രാഷ്ട്രീയ ജീവിതത്തെ എന്നും വിവാദങ്ങൾ ഉലച്ചിരുന്നു.ആഗോള നേതാക്കൾ അൽപ്പം അതിശയത്തോടെ നോക്കുന്ന നേതാവാണെങ്കിലും വിവാദങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. പലപ്പോഴും തരൂരിന്റെ പ്രസ്താവനകൾ അദ്ദേഹത്തെ കുഴിയിൽ ചാടിച്ചു.കൊച്ചി ഐപിഎൽ ടീമിലെ ഓഹരി പങ്കാളിത്തത്തിന്റെ പേരിലും വിമർശനത്തിനിരയായി.ഭാര്യയാകും മുമ്പ് സുനന്ദ പുഷ്‌കറിന് സാമ്പത്തിക ലാഭമുണ്ടാക്കി കൊടുത്തു എന്നായിരുന്നു ആരോപണം.കൊച്ചി ഐപിഎല്ലിലെ വിയർപ്പോഹരികൾക്ക് ആദായനികുതി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതോടെ സംഗതി ഗൗരവമായി. ഇതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം തരൂരിന് രാജി വയ്‌ക്കേണ്ടി വന്നു.

സുനന്ദപുഷകറിന്റെ മരണത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിയാക്കുക കൂടി ചെയ്തതോടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴുകയും ചെയ്തു. യുപിഎ സർക്കാറിലെ വിദേശകാര്യ സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്സിന് അത്രയ്ക്ക് മികച്ച തിളക്കം ഉണ്ടായിരുന്നില്ല. പല വിധത്തിലുള്ള വിവാദങ്ങളിൽ അദ്ദേഹം അറിയാതെയോ അറിഞ്ഞു കൊണ്ടോ ചെന്നു പെട്ടു. എന്നാൽ, കോൺഗ്രസ് കേന്ദ്രത്തിൽ പ്രതിപക്ഷത്തായപ്പോൾ കഥ മാറി. ദേശീയ തലത്തിൽ കോൺഗ്രസിന്റെ നയപരിപാടികളും മറ്റു തീരുമാനിക്കുന്ന മിടുക്കനായ നേതാവായി അദ്ദേഹം മാറിയ സമയത്താണ് വീണ്ടും കേസും കൂട്ടവും വിനയാകുന്നത്. രാഹുൽ ഗാന്ധി എന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷന്റെ വലംകൈയാണ് തരൂർ ഇന്ന്.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ സന്ദർശനം നടത്തിയ വേളയിൽ രാഹുൽ ഗാന്ധിക്ക് വേദികൾ ഒരുക്കുന്നതിലും മറ്റു കാര്യങ്ങളിലും മുന്നിൽ നിന്നത് തരൂരായിരുന്നു. ചുരുക്കത്തിൽ രാഹുലിനെ കരുത്തനാക്കി മാറ്റുന്നതിൽ മിടുക്കനായ നേതാവായ ശശി തരൂരിനും കൃത്യമായ പങ്കുണ്ട്. അങ്ങനെ ദേശീയ രാഷ്ട്രീയത്തിൽ കക്ഷിഭേദമന്യേ അംഗീകരിക്കപ്പെടുന്ന നേതാവു കൂടിയായി മാറിയ തരൂർ തനിക്ക് മേൽ ആരോപിക്കപ്പെട്ട കേസുകളിൽ നിന്നും അഗ്‌നിശുദ്ധി വരുത്താനുള്ള ശ്രമത്തിലായിരുന്നു. ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തിന്റെ പേരിൽ ബിജെപി നിരന്തരമായി വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറായി അദ്ദേഹം.

രാജ്യത്തെ അപൂർവമായ ഫോറൻസിക് സൈക്കോളജിക്കൽ പരിശോധനയ്ക്ക് വരെ വിധേയനാകാൻ എംപിയായ ശശി തരൂർ തയ്യാറായി. രാജ്യത്തു തന്നെ അപൂർവ്വമായ അത്യാധുനിക ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്ന് ശശി തരൂർ ഡൽഹി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പരിശോധനക്ക് അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്തു. മുൻപ് നുണ പരിശോധനയിലും തരൂർ ഹാജരായിരുന്നു. ഭാര്യയുടെ മരണത്തിൽ തന്റെ നേർക്കുള്ള എല്ലാ സംശയങ്ങളും നീങ്ങാനാണ് തരൂരിന്റെ ഈ നീക്കം. സിബിഐയുടെ ലോധി കോളനിയിലെ ഫോറൻസിക് സമയൻസ് ലബോറട്ടറിയിൽ വച്ചായിരുന്നു പരിശോധന. പരിശോധനാ ഫലം വിലയിരുത്തി വരുകയാണന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ഇതേവരെ രാജ്യത്ത് രണ്ടു കേസുകളിൽ മാത്രമാണ് ഫോറൻസിക് സൈക്കോളജിക്കൽ പരിശോധന നടത്തിയിട്ടുള്ളത്. ഡൽഹിയിലെ ആരുഷി കൂട്ടക്കൊലക്കേസിലും കവി മധുമിതാ കൊലപാതക കേസിലുമാണ് ഈ പരിമശാധന നടത്തിയിട്ടുള്ളത്. ഇതിലൂടെ സുനന്ദ പുഷ്‌കർ കേസിലെ ആരോപണങ്ങളിൽ നിന്നും താൻ പൂർണ്ണമായും മുക്തനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് വെറുതെയായി. ശശി തരൂരിനെതിരെ ബിജെപി ഏറെ ആയുധമാക്കിയ സംഭവമായിരുന്നു സുനന്ദ പുഷ്‌കറുടെ മരണം. 2014 ജനുവരി 17 നായിരുന്നു സുനന്ദ പുഷ്‌കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം തരൂർ എഐസിസി സമ്മേളനത്തിലായിരുന്നു എങ്കിലും മരണത്തിന് രണ്ടു ദിവസം മുൻപ് സുനന്ദ തരൂരിനെതിരെ നടത്തിയ ആരോപണങ്ങളാണ് അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കിയത്.

എഴുത്തിലൂടെ വിവാദം

2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തരൂർ ആദ്യമായി വിവാദത്തിലകപ്പെട്ടത്. ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ തരൂർ എഴുതിയ 'ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു' എന്ന ലേഖനം തരൂരിനെ വല്ലാതെ വലച്ചു. ഫലസ്തീൻ ജനതയുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതാണ് ഈ ലേഖനം എന്ന് ആരോപണം ഉയർന്നു.

ദേശീയ ഗാന വിവാദം

ദേശീയ ഗാനവുമായി ബന്ധപ്പെട്ടായിരുന്നു അടുത്ത വിവാദം. 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെ.പി. ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദ്ദേശിച്ചത് വൻ കോളിളക്കം സൃഷ്ടിച്ചു. തരൂർ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ കേസുവന്നു.

മൽസരിക്കാനിറങ്ങിയപ്പോഴും വിവാദം

2009ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് വിവാദം തരൂരിനെതേടി വീണ്ടുമെത്തിയത്. സംസ്ഥാനത്ത് തലമുതിർന്ന ഒട്ടേറെ പേർ സീറ്റിനായി തിക്കും തിരക്കും കൂട്ടുമ്പോൾ പുറത്ത് നിന്നെത്തിയ തരൂരിനെ മത്സരിപ്പിക്കാനുള്ള തീരുമാനം പലരെയും ചൊടിപ്പിച്ചു. തരൂരിന് നന്നായി മലയാളം സംസാരിക്കാൻ അറിയില്ലെന്ന് വരെ വിമരശനമുണ്ടായി. പക്ഷേ, സോണിയാ ഗാന്ധിയുടെ പിന്തുണയോടെ അതിനെ എല്ലാം അതിജീവിച്ച് തരൂർ മത്സരിച്ച് ജയിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം

മന്ത്രിയായി അധികാരമേറ്റ് മാസങ്ങൾ പിന്നിടുമ്പോഴേക്കും തരൂർ വീണ്ടും വിവാദത്തിൽ പെട്ടു.ഡൽഹിയിലെ അഞ്ച് നില പഞ്ചനക്ഷത്ര ഹോട്ടലിലെ താമസമായിരുന്നു പ്രശ്നം. സംഗതി ചൂടേറിയ ചർച്ചയായതതോടെ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി തരൂരിനോട് സ്റ്റാർ ഹോട്ടലിലെ താമസം അവസാനിപ്പിച്ച് സർക്കാരിന്റെ പാർപ്പിട സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനു പോയ തരൂർ ഇന്ത്യ-പാക് പ്രശ്നത്തിൽ സൗദി മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി.

കാറ്റിൽ ക്ലാസ് വിവാദം

വിമാനത്തിൽ സാധാരണക്കാർ യാത്ര ചെയ്യുന്ന ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതാണ് പ്രശ്നമായത്. ചെലവുചുരുക്കൽ നിർദ്ദേശത്തിന്റെ പേരിൽ നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കന്നുകാലി ക്ലാസിൽ' യാത്രചെയ്യുമെന്ന് തരൂർ ട്വിറ്ററിൽ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വം പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നതോടെ തരൂർ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞു. വിമാന യാത്രക്കാരെയല്ല താൻ ഉദ്ദേശിച്ചതെന്നും, യാത്രക്കാരെ കന്നുകാലികളായി കാണുന്ന എയർലൈൻ കമ്പനികളെയാണ് പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്നും ഇതിനെ എല്ലാവരും തെറ്റിദ്ധരിച്ചുവെന്നുമായിരുന്നു തരൂരിന്റെ വാദം.

ഐപിഎൽ വിയർപ്പോഹരി വിവാദം

2010 ഏപ്രിലിലാണ് തരൂരിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച വിവാദമുണ്ടായത്. കൊച്ചിയിലെ ഐ പി എൽ ഫ്രാഞ്ചൈസിയുമായി തരൂരിനുള്ള ബന്ധം പുറത്തായി. കൊച്ചി ഐ പി എല്ലിന്റെ ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ തരൂരിന്റെ രാഷ്ട്രീയ ജീവിതത്തെ വിറപ്പിച്ചു. മോദിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായി കത്തിപ്പടർന്നതോടെ മന്മോഹൻ സിങ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കാൻ തരൂരിനോട് ആവശ്യപ്പെട്ടു. ഒടുവിൽ 2010 ഏപ്രിൽ 18ന് തരൂർ മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെ സുനന്ദ പുഷ്‌കറിനെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടെ കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് എന്ന നിലയിൽ തുക കൈപ്പറ്റിയതായും തരൂരിനെതിരെ ആക്ഷേപമുയർന്നു.

വിവാദങ്ങൾക്ക് തത്ക്കാലത്തേക്ക് അവധി നൽകിയ തരൂർ 2012ൽ വീണ്ടും കേന്ദ്ര മന്ത്രിസഭയിൽ മടങ്ങിയെത്തി. മനുഷ്യ വിഭവശേഷി മന്ത്രിയായ തരൂർ ഇപ്പോൾ വീണ്ടും പ്രണയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. പാക് മാധ്യമപ്രവർത്തകയായ മഹർ തരാറുമായി തരൂരിനുള്ള ബന്ധമാണ് പുറത്തായത്. തരൂർ മഹറിനയച്ച സന്ദേശങ്ങൾ ഭാര്യ സുനന്ദ പുഷ്‌കർ പുറത്തുവിട്ടതായാണ് റിപ്പോർട്ടുകൾ. തരൂരിനെ വിമർശിച്ച് സുനന്ദ ട്വിറ്ററിൽ നടത്തിയ പോസ്റ്റുകളും പുറത്തുവന്നു. ഇരുവരും വിവാഹ മോചനത്തിന്റെ വക്കിലെത്തിയെന്ന നിലയിലേക്ക് വാർത്തകൾ വികസിക്കുന്നതിനിടയിലാണ് ഫേസ്‌ബുക്കിൽ സംയുക്ത പ്രസ്താവന എത്തിയത്. തരൂരുമായി പ്രശ്നങ്ങളില്ലെന്നും തങ്ങൾ സന്തുഷ്ട ജീവിതമാണ് നയിക്കുന്നതെന്നും സുനന്ദ വ്യക്തമാക്കി.എന്നാൽ പിന്നീട് മെഹർ തരാർ വിവാദം തരൂരിനെ പിടിച്ചുലച്ചു.

എംപി സ്ഥാനത്ത് തുടരുമ്പോൾ ശശി തരൂർ പാക്ക് വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് ലൈക്ക് ചെയ്‌തെന്ന വിവാദം ബിജെപി ഉയർത്തിയിരുന്നു. അന്നത്തെ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പരാമർശത്തെ വിമർശിച്ചു വിദേശകാര്യമന്ത്രി ഖ്വാജ എം. ആസിഫ് ഇട്ട ട്വിറ്റർക്കുറിപ്പു തരൂർ ലൈക്ക് ചെയ്തതാണു വിവാദമായത്.

മെഹർ തരാറും ശശി തരൂരും

ശശി തരൂരും പാക്കിസ്ഥാനി മാധ്യമപ്രവർത്തക മെഹർ തരാറും തമ്മിലുള്ള ബന്ധമാണ് സുനന്ദ പുഷകറുമായുള്ള വിവാഹ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. സുനന്ദ പുഷ്‌ക്കറിന്റെ സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകയുമായ നളിനി സിങ്, സുനന്ദയുടെ വീട്ടുജോലിക്കാരൻ നാരായൺ എന്നിവർ ശശിതരൂരിനെതിരെ മൊഴി നൽകിയിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സുനന്ദയും ശശി തരൂരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. ശാരീരികമായ ആക്രമണങ്ങളുമുണ്ടായി. ഡൽഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ മുന്നിൽ നൽകിയ നളിനി സിങിന്റെ മൊഴിയിൽ പറയുന്നു. സുനന്ദയും മെഹർ തരാറും തമ്മിൽ സുനന്ദയുടെ മരണത്തിന് തലേന്ന് ട്വിറ്ററിലൂടെ വഴക്ക് നടന്നിരുന്നതായി കോടതി മുമ്പാകെ നളിനി സിങ് മൊഴിനൽകി.

സുനന്ദ മരിച്ച ജനുവരി 17ന് തലേന്ന് അർദ്ധരാത്രി 12.10ന് സുനന്ദ ഫോൺചെയ്തിരുന്നു. ഏഴ് മിനിറ്റു നീണ്ട ഫോൺ സംഭാഷണത്തിൽ ശശി തരൂരിന് മെഹർ തരാറുമായുള്ള ബന്ധത്തെപ്പറ്റിയാണ് സുനന്ദ സംസാരിച്ചത്. കരയുകയാണെങ്കിലും മനസാന്നിധ്യം കൈവെടിഞ്ഞിരുന്നില്ല അവർ. തരൂരും മെഹർ തരാറും തമ്മിൽ കൈമാറിയ ഇമെയിൽ സന്ദേശങ്ങളെപ്പറ്റിയും സുനന്ദ സംസാരിച്ചു. വയറ്റിൽ ടിബിയുണ്ടെന്ന് സുനന്ദ ഭയപ്പെട്ടിരുന്നു. അതു കാൻസറാണോയെന്നും സുനന്ദയ്ക്ക് ഭയമായിരുന്നു, നളിനി സിങിന്റെ മൊഴിയിൽ പറയുന്നു. സുനന്ദയും ശശി തരൂരും തമ്മിൽ ദിവസങ്ങളായി വഴക്കുണ്ടായിരുന്നതായി സുനന്ദയുടെ ജോലിക്കാരൻ നാരായണും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ചും ഇരുവരും തമ്മിൽ മെഹർ തരാറിന്റെ പേരിൽ വലിയ ബഹളം ഉണ്ടാക്കിയിരുന്നു. 15ന് ഉച്ചകഴിഞ്ഞ ഡൽഹിക്ക് തിരികെ എത്തിയെങ്കിലും യാത്രയിലും ഇരുവരും തമ്മിൽ വഴക്കായിരുന്നു. ജനുവരി 16ന് രാത്രിയിൽ മെഹർ തരാറിന്റെ പേരിൽ അടിയുണ്ടായി. പുലർച്ചെ 4.30 വരെ വഴക്ക് തുടർന്നു. സുനന്ദയുടെ ശരീരത്തിലെ പാടുകൾ ശശി തരൂരുമായുണ്ടായ കലഹത്തിൽ സംഭവിച്ചതാകാമെന്നും നാരായണിന്റെ മൊഴിയിൽ പറഞ്ഞിരുന്നു. സുനന്ദ പുഷ്‌കറുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം മെഹർ തരാറിനെ വിവാഹം ചെയ്യാൻ ശശി തരൂർ ശ്രമിച്ചിരുന്നു. 2013 ജൂണിൽ തരൂറും മെഹർ തരാറും ദുബായിൽ മൂന്ന് ദിവസം ഒരുമിച്ച് ചെലവഴിച്ച സംഭവം സുനന്ദ അറിഞ്ഞിരുന്നു. എന്നാൽ, താനുമായി തരൂർ പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ മെഹർ തരാർ നിഷേധിച്ചിരുന്നു.

വ്യക്തിജീവിതം

1956 ൽ ലണ്ടനിലാണ് ശശി തരൂർ ജനിച്ചത്. മലയാളികളായ ചന്ദ്രൻ തരൂർ-ലില്ലി തരൂർ ദമ്പതികളുടെ മകൻ. യേർക്കാട് മോണ്ടഫോർട്ട് സ്്കൂളിലും, മുബൈ കാമ്പ്യൻ ്‌സകൂളിലും പ്രാഥമിക വിദ്യാഭ്യാസം. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കൊളീജിയറ്റ് സ്‌കൂളിൽ ഹൈസ്‌കൂൾ പഠനം.ഡൽഹിയിലെ സെന്റ് സ്റ്റീഫൻസിൽ നിന്ന ്ചരിത്രത്തിൽ ഓണേഴ്‌സ ബിരുദം. മികച്ച വിദ്യാർത്ഥിയായിരുന്ന തരൂർ ബോസ്‌ററണിലെ ടഫ്‌സ് സർവകലാശാലയിൽ നിന്ന സ്‌കോളർഷിപ്പ് നേടി.അമേരിക്കയിൽ നിന്ന് മാസ്റ്റർ ബിരുദം ടഫസ് സർവകലാശാലയിൽ നിന്ന പിഎച്ച്ഡി എന്നിങ്ങനെ നീളുന്നു ശശിതരൂരിന്റെ അക്കാദമിക് നേട്ടങ്ങൾ.

ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, പതിനഞ്ചാം ലോകസഭയിലെ എംപി.യുമാണ് ശശി തരൂർ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി.

വിവാഹങ്ങൾ

തിലോത്തമ മുഖർജിയാണ് തരൂരിന്റെ ആദ്യഭാര്യ. ഇഷാൻ, കനിഷ്‌ക് എന്ന് രണ്ട് ആൺമക്കൾ. പിന്നീട് തിലോത്തമ മുഖർജിയുമായുള്ള ബന്ധം പിരിഞ്ഞ തരൂർ കനേഡിയൻ വംശജയായ വിർഷ്റ്റ ഗൈൽസിനെ വിവാഹം ചെയ്തു.ഗൈൽസിനോട് പിരിഞ്ഞ ശേഷമാണ് സുനന്ദയെ വിവാഹം കഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP