Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചു രാജകുമാരന്മാർ.... 38 രാജ്യങ്ങളുടെ പ്രതിനിധികൾ... മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എല്ലാം; പിണറായിയുടെ നേതൃത്വത്തിൽ ഇടത് നേതാക്കളും; പ്രത്യേക വിമാനത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും; വി എസ് ഒഴികെ സർവ്വരും എത്തിയ വിവാഹത്തിന് വിഐപികൾ മാത്രം 500 പേർ; മുതലാളിയുടെ മുമ്പിൽ ജനാധിപത്യം വിനീതരാകുന്നത് ഇങ്ങനെ

അഞ്ചു രാജകുമാരന്മാർ.... 38 രാജ്യങ്ങളുടെ പ്രതിനിധികൾ... മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ എല്ലാം; പിണറായിയുടെ നേതൃത്വത്തിൽ ഇടത് നേതാക്കളും; പ്രത്യേക വിമാനത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും; വി എസ് ഒഴികെ സർവ്വരും എത്തിയ വിവാഹത്തിന് വിഐപികൾ മാത്രം 500 പേർ; മുതലാളിയുടെ മുമ്പിൽ ജനാധിപത്യം വിനീതരാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പണം ഉള്ളവരുടെ മുമ്പിൽ ഓച്ഛാനിച്ച് നിൽക്കാൻ മടിയുള്ളവർ തീരം കുറവാണ്. വി എസ് അച്യൂതാനന്ദൻ എന്ന ഒറ്റപ്പേരു ഒരു പക്ഷേ കണ്ടത്താൻ കഴിഞ്ഞേക്കും. രവി പിള്ളയുടെ മകളുടെ വിവാഹത്തിന് എത്തിയ വിവിഐപിയുടെ ലിസ്റ്റ് കണ്ടാൽ ആരും അൽഭുതപ്പെടും. കേന്ദ്രമന്ത്രിമാരും സ്ഥാന മന്ത്രിസഭ മുഴുവനും പ്രതിപക്ഷ നേതാക്കളും ബിജെപി നേതാക്കളും വ്യവസായികളും സിനിമാ താരങ്ങളും ഒഴുകിയെത്തിയപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയത് നാലപ്പതോളം പ്രധാനികളാണ്.

പ്രവാസി വ്യവസായി കൊല്ലം ക്യു.എസ്. റോഡ് രവിഗീതത്തിൽ ഡോ. ബി.രവി പിള്ളയുടെയും ഗീത രവി പിള്ളയുടെയും മകൾ ഡോ. ആരതി പിള്ളയും എറണാകുളം ശ്രീവത്സത്തിൽ വിനോദ് നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകൻ ആദിത്യ വിഷ്ണുവും വിവാഹിതരായത് വിഐപി പടയെ സാക്ഷി നിർത്തിയാണ്. ആശ്രാമം മൈതാനിയിൽ അഞ്ച് മണിക്കൂറിലധികം നീണ്ടു വിവാഹം. കൂറ്റൻ ആഡംബരപന്തലിനും വിവാഹച്ചടങ്ങുകൾക്കും പതിനായിരങ്ങളാണ് സാക്ഷ്യം വഹിക്കാനെത്തിയത്. മുല്ലപ്പൂവിൽ തീർത്ത ഗജവീരന്മാരും കൊത്തുപണികളാൽ തീർത്ത ചുവരുകളും അത്ഭുതം പകർന്നു.

ജോധ്പൂർ കൊട്ടാരത്തിന്റെ മാതൃകയിൽ പ്രകാശപൂരിതമായി നിന്ന വിവാഹവേദിയിൽ ഗായിക ഗായത്രിയുടെ ഭജൻസോടുകൂടിയാണ് ചടങ്ങുകൾക്ക് ദീപം തെളിഞ്ഞത്. വേദിയുടെ മദ്ധ്യഭാഗത്ത് ഒരു വലിയ താമരവിരിഞ്ഞപ്പോൾ അതിൽ നൃത്തച്ചുവടുകളുമായി മഞ്ജുവാര്യർ. പിന്നാലെ ശോഭന സീതാകല്യാണത്തിന് ചുവട് വച്ചു. കേരളത്തിന്റെ സമസ്ത കലകളും നാടൻരൂപങ്ങളും വേദിയിൽ നിറഞ്ഞു. കുതിരവണ്ടിയിൽ വരൻ ഡോ.ആദിത്യവിഷ്ണു രാജകീയമായി വന്നു. അകമ്പടിയായി കൃഷ്ണവേഷങ്ങൾ. വരൻ കതിർമണ്പത്തിന് അടുത്തെത്തിയപ്പോൾ അതുവരെ താമരയായി വിരിഞ്ഞുനിന്ന വേദി മുകളിലേക്ക് ഉയർന്നു. താഴെ കതിർമണ്ഡപം തെളിഞ്ഞു. അവിടേക്ക് രവിപിള്ള മകൾ ആരതിയെ ആനയിച്ചു. പിന്നെ ശുഭമുഹൂർത്തത്തിൽ ആരതിക്ക് വരൻ മാല ചാർത്തി.

യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ടി.പി. സീതാരാമൻ, ബഹ്‌റൈൻ രാജകുടുംബാംഗം ശൈഖ് ഖലീഫ ബിൻ ദൈജ് അൽഖലീഫ, ഖത്തർ രാജകുടുംബാംഗം ശൈഖ് ഹമദ് ബിൻ ഖാലിദ് അൽഥാനി, സൗദി രാജകുടുംബാംഗം ഡോ. ഇസാം അബ്ദുല്ല, ലബനീസ് അംബാസഡർ മൈക്കിൾ ഇൽ ഖൗറി, ഇറ്റലിയിലെ ടെക് നിമോണ്ട് ചെയർമാൻ ഫാബ്രിസിയോ ദി അമാറ്റോ, ജപ്പാൻ ഗ്യാസ് കോർപറേഷൻ ചെയർമാൻ ടാഡോ ടക്കാകാശി തുടങ്ങി 35 രാജ്യങ്ങളിൽനിന്നുള്ള അഞ്ഞൂറോളം വി.ഐ.പികൾ ചടങ്ങിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ചടങ്ങിനെത്തി

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോൺ, കെ. ബാബു, എ.പി. അനിൽകുമാർ, പി.കെ. അബ്ദുറബ്ബ്, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സ്പീക്കർ എൻ. ശക്തൻ, മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, സിപിഐ നേതാക്കളായ കെ.ഇ. ഇസ്മായിൽ, സി ദിവാകരൻ, ബിജെപി നേതാക്കളായ സി.കെ. പത്മനാഭൻ, എൻ.എൻ. കൃഷ്ണദാസ്, ഡി.ജി.പി ടി.പി. സെൻകുമാർ, എ.ഡി.ജി.പിമാരായ ബി. സന്ധ്യ, പത്മകുമാർ, വ്യവസായ പ്രമുഖൻ ഡോ. എം.എ. യൂസുഫലി, മലബാർ ഗോൾഡ് ചെയർമാൻ അഹമ്മദ്, ആസാദ് മൂപ്പൻ, ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, പി.വി. ചന്ദ്രൻ, പി.വി. ഗംഗാധരൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, വി എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ, ചലച്ചിത്രതാരങ്ങളായ മോഹൻലാൽ, മുകേഷ്, മണിയൻപിള്ള രാജു, കൽപന, എംപിമാർ, എംഎ‍ൽഎമാർ, തുടങ്ങിയവരും പങ്കെടുത്തു.

വൈവിധ്യമാർന്ന കലാവിരുന്നിന്റെ അകമ്പടിയോടെ നടന്ന വിവാഹം അപൂർവതകളുടെ സംഗമവേദി കൂടിയായി. കേരളീയ പാരമ്പര്യം നിറഞ്ഞ വിവിധ കലാരൂപങ്ങൾ വിവാഹത്തിന് മുമ്പ് അരങ്ങേറി. ഗായത്രിയുടെ ഭജൻ, മഞ്ജു വാര്യർ, ശോഭന എന്നിവരുടെ നൃത്തം, വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയ സൂര്യ കൃഷ്ണമൂർത്തിയുടെ സ്റ്റേജ് ഷോ, സ്റ്റീഫൻ ദേവസ്യയുടെ കലാവിരുന്ന് ദൃശ്യവിരുന്നായി. ജോധ്പുർ കൊട്ടാരത്തിന്റെ മാതൃകയിൽ അണിയിച്ചൊരുക്കിയ വിശാലമായ പന്തലിലെ ജലാശയത്തിൽ വിടർന്ന താമരദളങ്ങൾക്ക് നടുവിലാണ് ശോഭനയുടെയും മഞ്ജു വാര്യരുടെയും നടനവിസ്മയമുണർന്നത്.

തെയ്യം, കഥകളി, കൃഷ്ണനാട്ടം, മയൂരനൃത്തം, വേലകളി, മാർഗ്ഗംകളി, നാടോടിനൃത്തം തുടങ്ങി നിരവധി കലാരൂപങ്ങൾ കോർത്തെടുത്തതായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ നൃത്തസംഗീതപരിപാടി. രഞ്ജിനി ഹരിദാസായിരുന്നു അവതാരക. രണ്ടുമണിക്കൂർ നീണ്ടുനിന്ന കലാപരിപാടികൾക്കൊടുവിൽ വേദിയിൽ ഉയർന്നുവന്ന നാല് ചിത്രത്തൂണുകളിൽ താമരയിതളുകൾ മുകളിലേക്കുയർന്നു. താഴെ കതിർമണ്ഡപത്തിൽ നിലവിളക്ക് തെളിഞ്ഞു. പല്ലക്കിൽ വന്നിറങ്ങിയ വരനെ കഥകളിവേഷങ്ങളുടെ അകമ്പടിയോടെയാണ് കതിർമണ്ഡപത്തിലേക്കാനയിച്ചത്. മോഹിനിയാട്ടത്തിന്റെ പശ്ചാത്തലത്തിൽ വധുവും വേദിയിലെത്തി. വധൂവരന്മാർ വേദിയെ വലംവച്ച് മണ്ഡപത്തിലിരുന്നതോടെ വിവാഹച്ചടങ്ങുകളാരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP