Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടി സുനി അടക്കമുള്ള ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ശുപാർശ ചെയ്തത് ചട്ടങ്ങൾ ലംഘിച്ച്; ജയിൽ വകുപ്പ് നൽകിയ 2266 പേരുടെ ലിസ്റ്റ് 1850 ആക്കിയത് പിണറായി സർക്കാർ നിയമിച്ച ഉപസമിതി തന്നെ; ഗവർണ്ണർ തിരിച്ചയച്ച പട്ടിക പരിഷ്‌കരിക്കാൻ ഇപ്പോഴും മടി

കൊടി സുനി അടക്കമുള്ള ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ശുപാർശ ചെയ്തത് ചട്ടങ്ങൾ ലംഘിച്ച്; ജയിൽ വകുപ്പ് നൽകിയ 2266 പേരുടെ ലിസ്റ്റ് 1850 ആക്കിയത് പിണറായി സർക്കാർ നിയമിച്ച ഉപസമിതി തന്നെ; ഗവർണ്ണർ തിരിച്ചയച്ച പട്ടിക പരിഷ്‌കരിക്കാൻ ഇപ്പോഴും മടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊടി സുനിയെ ക്വട്ടേഷൻ ഗുണ്ടെയെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഓംപ്രകാശിനുള്ളത് വാടകക്കൊലയാളിയെന്ന വിശേഷണവും. എന്നാൽ സർക്കാരിന് ഇവർ സാധാരണ തടവുകാരാണ്. ഗുണ്ട എന്നതിനൊപ്പം ക്രൂരതയുടെ ആൾരൂപം കൂടിയാണു ചൊക്‌ളി നിടുമ്പ്രത്തെ സുനിൽകുമാർ എന്ന കൊടി സുനി. ടി.പി. ചന്ദ്രശേഖരൻ വധവും ന്യൂമാഹിയിലെ ഇരട്ടക്കൊലക്കേസും ഉൾപ്പെടെ നാലു കൊലക്കേസുകളിൽ മുഖ്യപ്രതി. തെളിയാത്ത കൊലക്കേസുകൾ വേറെ. വധശ്രമക്കേസുകൾ പത്ത്. തലശേരി, പള്ളൂർ, ചൊക്‌ളി, ന്യൂമാഹി പൊലീസ് സ്‌റേഷനുകളിലായി മൊത്തം മുപ്പതോളം ക്രിമിനൽ കേസുകൾ. ജീവനുവേണ്ടി ഇരകൾ പിടയുമ്പോഴും ഒട്ടും ചഞ്ചലപ്പെടാത്ത മനസ്. മൂർച്ചയുള്ള വാൾകൊണ്ടു മുഖത്തു വെട്ടാനും മടിയില്ലാത്ത കഠിനഹൃദയൻ-ഇതൊക്കെയാണ് കൊടി സുനിയെ പിടിക്കുമ്പോൾ പൊലീസ് നൽകിയ വിശദീകരണം.

കൊടി സുനിയെ അറിയില്ലെന്ന പരോക്ഷ സൂചനയാണ് സിപിഐ(എം) ടിപിക്കേസിൽ അറസ്റ്റിലായപ്പോൾ നൽകിയത്. ടിപിയെ കൊന്നതിൽ പാർട്ടിക്ക് പങ്കില്ലെന്നും ക്വട്ടേഷനാണെന്നും പറയുന്നു. പക്ഷേ ജയിലിൽ നിന്നും ശിക്ഷാ ഇളവ് നൽകാനുള്ള പട്ടികയിൽ കൊടി സുനി സാധാരണ തടവുകാരനായി. ഈ സാഹചര്യത്തിലാണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു കൂട്ടത്തോടെ ശിക്ഷാ ഇളവു നൽകാൻ സർക്കാർ തീരുമാനിച്ചതു സുപ്രീം കോടതി വിധി കാറ്റിൽപ്പറത്തിയാണെന്ന വാദം സജീവമാകുന്നത്. വാടകക്കൊലയാളികൾ, വർഗീയ കലാപക്കേസ് പ്രതികൾ, കള്ളക്കടത്തുകാർ, സ്ത്രീകളെയോ കുട്ടികളെയോ ലൈംഗിക പീഡനത്തിന് ഇരയാക്കിയവർ തുടങ്ങി ആറുതരം കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവു നൽകരുതെന്നാണു സുപ്രീം കോടതി വിധി. എന്നാൽ ടിപി കേസ് പ്രതികളെ പട്ടികയിൽ തിരുകിക്കയറ്റാൻ അവരെ 'രാഷ്ട്രീയ ആക്രമണക്കേസ് പ്രതികൾ' ആക്കി. ഇവർ രാഷ്ട്രീയമില്ലാത്ത വാടകക്കൊലയാളികളാണെന്ന വിചാരണക്കോടതി വിധി മനപ്പൂർവം മറന്നു.

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോൾ ഉയർന്ന രാഷ്ട്രീയ കൊലപാതക വാർത്തയെ സിപിഐ(എം) തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ശിക്ഷാ ഇളവ് വരുമ്പോൾ അവർ രാഷ്ട്രീയ കൊലപാതകികളുമായി. തടവുകാരിൽ സൽസ്വഭാവികളെന്നു കാട്ടി 2262 പേരുടെ പട്ടികയാണു ജയിൽ എഡിജിപി അനിൽകാന്ത് കഴിഞ്ഞ നവംബറിൽ ശിക്ഷാ ഇളവിനു പരിഗണിക്കാൻ ആഭ്യന്തര വകുപ്പിനു കൈമാറിയത്. സുപ്രീം കോടതി മാനദണ്ഡപ്രകാരം ഇവരിൽനിന്നു 'യോഗ്യരായ'വരെ തിരഞ്ഞെടുക്കാൻ സർക്കാർ മൂന്നംഗ ഉപസമിതിയെയും നിയോഗിച്ചു. എന്നാൽ, തടവുകാരെ സംബന്ധിച്ച കോടതിവിധികൾ പരിശോധിക്കാതെയും രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയുമാണു സമിതി 1850 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്. നിയമവകുപ്പിൽനിന്നുള്ള സമിതി അംഗമാകട്ടെ അപകടത്തിൽപ്പെട്ടതിനാൽ ഇടയ്ക്കുവച്ചു സമിതി വിടുകയും ചെയ്തു.

പട്ടിക അതേപടി അംഗീകരിച്ച മന്ത്രിസഭ ഗവർണർക്കു ശുപാർശ കൈമാറി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ പി.സദാശിവത്തിന്റെ നിയമപരിശോധനയിലാണു പട്ടികയിൽ സംശയം മണത്തത്. ഇതോടെ ഫയൽ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചെങ്കിലും ഇതുവരെ നിയമോപദേശം തേടാൻ സർക്കാർ തയാറായിട്ടില്ല. പട്ടിക ഗവർണർ അപ്പടി അംഗീകരിച്ചിരുന്നെങ്കിൽ കൊടും ക്രിമിനലുകൾ വഴിവിട്ട ആനുകൂല്യത്തിലൂടെ ശിക്ഷ പൂർത്തിയാക്കാതെ ജയിൽ വിടുമായിരുന്നു. അതിനിടെ ഗവർണ്ണർ മടക്കിയ പട്ടിക വീണ്ടും തിരിച്ച് ഗവർണ്ണർക്ക് അയയ്ക്കാൻ നീക്കമുണ്ട്. രണ്ടാമതൊരിക്കൽ കൂടി അയച്ചാൽ ഗവർണ്ണർക്ക് അംഗീകരിക്കേണ്ടി വരും.

പട്ടികയിൽ ടിപി കേസിലെ 10 പ്രതികളുണ്ടെന്നാണ് സൂചന. എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ.ഷിനോജ് എന്നിവരാണ് ഇളവിനായി സമർപ്പിച്ച പട്ടികയിൽ ഉൾപ്പെട്ട ടിപി കേസിലെ കൊലയാളി സംഘം. കൂടാതെ ഗൂഢാലോചനയ്ക്കു ശിക്ഷിക്കപ്പെട്ട സിപിഐ(എം) നേതാക്കളായ പി.കെ.കുഞ്ഞനന്തൻ, കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജൻ എന്നിവരുമുണ്ട്. ടിപിയോടു രാഷ്ട്രീയ വൈരാഗ്യമുള്ളവരുടെ കൈയിലെ ആയുധമായാണു കൊലയാളി സംഘം പ്രവർത്തിച്ചതെന്നു വിധിയിൽ ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിയോഗിച്ച ഉപസമിതി കൃത്യമായി പരിശോധിച്ചിരുന്നെങ്കിൽ ഏഴംഗ കൊലയാളി സംഘം പട്ടികയിൽനിന്നു പുറത്താകുമായിരുന്നു.

ജയിൽ വകുപ്പു ശുപാർശ ചെയ്തതു സംസ്ഥാനത്തെ ജയിലുകളിലെ മൂവായിരത്തോളം ശിക്ഷാ തടവുകാരിൽ 2262 പേർക്കും ശിക്ഷായിളവു നൽകാൻ. പിന്നീടു സർക്കാർ രൂപീകരിച്ച മൂന്നംഗ സമിതിയാണ് ഇവരുടെ എണ്ണം 1850 ആയി കുറച്ചത്. ഇതു സംബന്ധിച്ച ശുപാർശ ഗവർണർ പി.സദാശിവം തിരിച്ചയയ്ക്കുകയും ചെയ്തു. അനർഹരായ തടവുകാർ പട്ടികയിലുണ്ടെന്നു കണ്ടെത്തിയാണു സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ഗവർണർ സർക്കാർ ശുപാർശ നിരസിച്ചത്. സംസ്ഥാന ജയിൽ മേധാവി ആർ. ശ്രീലേഖയാണ് ഈ കണക്കു പുറത്തു വിട്ടത്. നേരത്തെ തടവുകാർക്കു ശിക്ഷായിളവു നൽകാൻ സ്വീകരിച്ച മാനദണ്ഡ പ്രകാരമാണു ഇക്കുറിയും പട്ടിക തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. 2012,2011,2007 എന്നീ വർഷങ്ങളിലും സർക്കാർ തടവുകാർക്കു പ്രത്യേക ശിക്ഷായിളവു പ്രഖ്യാപിച്ചിരുന്നു.

2016 ൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്. ഇതിൽ കൊലപാതകം തൊഴിലാക്കിയവർ, വാടകക്കൊലയാളികൾ, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവർ, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവർ, ജയിൽ ഉദ്യോഗസ്ഥരെ കൊല ചെയ്തവർ, സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തവർ, 65 നു മേൽ പ്രായമുള്ളവരെ കൊല ചെയ്തവർ, ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടവർ, വിദേശികളായ തടവുകാർ എന്നിവരെയൊന്നും പരിഗണിക്കരുതെന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ മാനദണ്ഡ പ്രകാരമാണു 2262 തടവുകാരുടെ പട്ടിക സർക്കാരിനു നൽകിയതെന്നു ജയിൽ മേധാവി അറിയിച്ചു.

തുടർന്നു മൂന്നംഗ സമിതി ഇതു പരിശോധിച്ച് അർഹരെന്നു കണ്ടെത്തിയ 1850 തടവുകാരുടെ അന്തിമ പട്ടികയാണു സർക്കാരിനു നൽകിയത്. സർക്കാർ പ്രത്യേക ശിക്ഷായിളവു പ്രഖ്യാപിക്കുന്നതിലൂടെ 1850 തടവുകാർ ജയിൽ മോചിതരാകുമെന്ന വാർത്ത ശരിയല്ല. ചെറിയ കാലയളവിൽ ശിക്ഷിക്കപ്പെട്ടവരും ശിക്ഷ തീരാറായതുമായ നൂറോളം തടവുകാർ മോചിതരാകും. ലഹരി മരുന്നു കേസിലും ഗൂണ്ടാ പട്ടികയിലും ഉൾപ്പെട്ട തടവുകാർക്കും ശിക്ഷായിളവു നൽകുന്നു എന്ന രീതിയിലുള്ള വാർത്തയും ശരിയല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ കൊടി സുനി ഉൾപ്പെടെയുള്ളവർ പട്ടികയിൽ ഉണ്ടോ എന്ന് വ്യക്തമാക്കാൻ എഡിജിപിയും തയ്യാറാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP