Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിക്കാനും കൊല്ലാനും മടിയില്ലാത്ത അനുയായി വൃന്ദത്തിന്റെ വോട്ട് ബാങ്കിൽ കണ്ണ് നട്ട് രാഷ്ട്രീയക്കാർ ഗുർമീതിനെ നമിച്ചു; ക്രിമിനൽ കേസെടുത്തപ്പോൾ ചോദ്യം ചെയ്യലിന് അയച്ചത് ഡ്യൂപ്പിനെ; ഒടുവിൽ ലൈംഗിക പീഡനക്കേസിൽ കൈവിലങ്ങ് വീണപ്പോൾ ഒറ്റപ്പെട്ട് കരയാൻ വിധി; റോക്ക് സ്റ്റാർ ബാബ തഴച്ചുവളർന്നത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തണലിൽ

മരിക്കാനും കൊല്ലാനും മടിയില്ലാത്ത അനുയായി വൃന്ദത്തിന്റെ വോട്ട് ബാങ്കിൽ കണ്ണ് നട്ട് രാഷ്ട്രീയക്കാർ ഗുർമീതിനെ നമിച്ചു; ക്രിമിനൽ കേസെടുത്തപ്പോൾ ചോദ്യം ചെയ്യലിന് അയച്ചത് ഡ്യൂപ്പിനെ; ഒടുവിൽ ലൈംഗിക പീഡനക്കേസിൽ കൈവിലങ്ങ് വീണപ്പോൾ ഒറ്റപ്പെട്ട് കരയാൻ വിധി; റോക്ക് സ്റ്റാർ ബാബ തഴച്ചുവളർന്നത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തണലിൽ

മറുനാടൻ ഡസ്‌ക്‌

ചണ്ഡിഗഡ്: ഉത്തരേന്ത്യയിൽ തനിക്ക് വളരാൻ പാകത്തിൽ അജ്ഞതയുടെയും, അന്ധവിശ്വാസത്തിന്റെയും വളക്കൂറുള്ള മണ്ണുണ്ടെന്ന് വളരെ വേഗം തിരിച്ചറിഞ്ഞതോടെയാണ് ഗുർമീത് റാം റഹീം സിങ് പടർന്ന് പന്തലിച്ചത്.കേരളത്തിന്റെ മൊത്തം ജനസംഖ്യയേക്കാൾ വരുന്ന അനുയായി വൃന്ദത്തെ തന്റെ വാലാട്ടികളാക്കാൻ കഴിഞ്ഞതും അതുകൊണ്ട് തന്നെ. ദേരാ സച്ചാ സൗദയെ രാഷ്ട്രീയക്കാർ ഭയന്നതും, ഒപ്പം കൊണ്ടുനടന്നതും 

ഈ വലിയ ആൾക്കൂട്ടത്തിന്റെ വോട്ട് ബാങ്കിൽ കണ്ണുനട്ടാണെന്ന കാര്യത്തിലും സംശയം വേണ്ട.വിശ്വാസവും, ഭക്തിയും സമാസമം ചേർത്ത് രാജ്യ തലസ്ഥാനത്തിനടുത്തുള്ള രണ്ട് സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിച്ച ഗുർമീതിന് മുന്നിൽ രാഷ്ട്രീയ നേതാക്കൾ ഓച്ഛാനിച്ചുനിന്നത് കാരണം അറിയപ്പെടാതെ പോയത് ദേരായിലെ രാവണൻ കോട്ടയിൽ കെട്ടിപ്പെടുത്ത അനേകം ക്രിമിനൽ കഥകളാണ്.

ഗുർമീത് റാം റഹീം സിങ് രാഷ്ട്രീയമായി നിലവിൽ ബിജെപിയോടൊപ്പമാണെങ്കിലും നേരത്തേ കോൺഗ്രസിനൊപ്പമായിരുന്നു. രണ്ടു പ്രമുഖ പാർട്ടികളും ദേരാ സച്ചാ സൗദയുടെ വോട്ടു വാങ്ങിയിട്ടുണ്ട്. പഞ്ചാബിൽ അകാലിദൾ ആദ്യം ദേരയ്ക്ക് എതിരായിരുന്നുവെങ്കിലും അവരും പിന്നീടു സൗഹൃദത്തിലായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ദേര പരസ്യമായി ബിജെപിയെയാണ് പിന്തുണച്ചിരുന്നത്. ബിജെപിയെ ഹരിയാനയിൽ തിരിച്ചു വരാൻ സഹായിച്ചതിന് പിന്നിൽ ദേരയുടെ പിന്തുണയ്ക്ക് വലിയ പങ്കുണ്ട്. അതിനു മുമ്പ് ഹരിയാനയിൽ കോൺഗ്രസിനെയും ദേര പിന്തുണച്ചിരുന്നു. അതുകൊണ്ടു തന്നെ ഗുർമീതിന്റെ വളർച്ചയിൽ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പങ്കുണ്ട്.

പഞ്ചാബിൽ 2002 ലും 2007 ലും ദേരാ സച്ചാ സൗദ കോൺഗ്രസിനെയാണ് സഹായിച്ചത്. എന്നാൽ 2012ൽ നിയമസഭാ തിരഞ്ഞെടുപ്പിലും, 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവർ ബിജെപി -അകാലിദൾ സഖ്യത്തിന് പിന്തുണ നൽകുകയായിരുന്നു. ഇതിനിടെ ദേരാ സച്ചാ സൗദ സിഖ് മതത്തിനെതിരായ നിലപാടുകൾ സ്വീകരിക്കുകയും ദേരയുമായി സിഖ് മതവിശ്വാസികൾ പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തിരുന്ന ആദ്യഘട്ടത്തിൽ ഗുർമീതിനെയും അനുയായികളെയും കടുത്ത ശത്രുക്കളായാണ് അകാലിദൾ കണ്ടിരുന്നത്. ഈ ഘട്ടത്തിൽ അവരുമായി ഒരു തരത്തിലുമുള്ള സൗഹൃദത്തിനും അകാലിദൾ തയ്യാറായിരുന്നില്ല. എന്നാൽ, പിന്നീട് ഗുർമീതിന്റെ ശക്തി ബോധ്യപ്പെട്ട് വിലക്ക് അകാൽ തക്ത് നീക്കിയതോടെ അകാലിദൾ രഹസ്യമായി അവരുമായി അടുക്കാൻ തുടങ്ങിയിരുന്നു.

ഗുർമീത് റഹീം പ്രതിയായ ബലാത്സംഗക്കേസിൽ അന്വേഷണത്തിന്റെ തുടക്കം മുതൽ കണ്ടത് സിനിമയെ വെല്ലുന്ന നാടകീയതകളാണ്. സംഭവങ്ങൾ കേസിലേക്കെത്തിയ വഴികളും കേസ് നേരിടാൻ ഗുർമീത് നടത്തിയ നീക്കങ്ങളും ചോദ്യം ചെയ്യലിന് അപരനെ വിട്ടുകൊടുത്തത് മുതൽ ഉന്നതോദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള ഭീഷണിയും കീഴ്ജീവനക്കാരെ ഉപയോഗിച്ചുള്ള യാചനയും വരെ കേസ് ഇല്ലാതാക്കുന്നതിനായി പരീക്ഷിച്ചു.സിനിമയെ വെല്ലുന്ന രംഗങ്ങൾ വരുന്ന കേസ് 2002 ലായിരുന്നു സിബിഐക്ക് കൈമാറിയത്. ഡിസംബർ 12 ന് കേസ് രജിസ്റ്റർ ചെയ്ത അന്നു തന്നെ കേസ് അവസാനിപ്പിക്കാൻ മുതിർന്ന സിബിഐ ഉദ്യോഗസ്ഥരുടെ വിളിയെത്തി. തുടർന്ന് കേസിന്റെ പല ഘട്ടങ്ങളിലും രാഷ്ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായി. കേസ് മുമ്പോട്ടു പോകുമ്പോൾ ചോദ്യം ചെയ്യാൻ വിളിച്ചതിന് റാം റഹീം അയച്ചത് ഡ്യൂപ്പിനെയായിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ മർദ്ദനത്തിന്റെ അകമ്പടിയിൽ ആയതോടെ സത്യം തുറന്ന് പറഞ്ഞ് ഇയാൾ ഓടി രക്ഷപ്പെട്ടു.

രണ്ട് മുൻ വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയെന്നാണ് ഗുർമീതിനെതിരേ ഉയർന്ന ആരോപണം. ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് തുടങ്ങിയത്. സിർസയിലെ ദേരാ സച്ച സൗദാ ആസ്ഥാനത്ത് വനിതാ അനുയായികളെ െലെംഗികചൂഷണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് പഞ്ചാബ്-ഹരിയാന െഹെക്കോടതി ചീഫ് ജസ്റ്റീസിന് ഊമക്കത്ത് കിട്ടുകയായിരുന്നു. 2007 ജൂെലെയിൽ അംബാലക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ രണ്ടു വനിതാ അനുയായികളെ 1999 നും 2001 നും മധ്യേ െലെംഗികമായി ചൂഷണം ചെയ്തതിനെക്കുറിച്ച് പരാമർശിച്ചു.

തുടർന്ന് ഹൈക്കോടതി കൈമാറിയ കേസിൽ അന്വേഷണം നടത്തിയ സിബിഐയാണ് ഗുർമീത് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. കേസിൽ തന്റെ രാഷ്ട്രീയ സ്വാധീനം മുഴുവൻ ഉപയോഗിച്ചെങ്കിലും കേസുമായി സിബിഐ മുന്നോട്ട് തന്നെ പോയി. 2014 തെരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ഥാനാർത്ഥികളാണ് അനുഗ്രഹം തേടി അടുത്തെത്തിയത്. ഗുർമീതിന്റെ വാക്കിൽ വോട്ടു മറിയുമെന്ന് രാഷട്രീയ നേതാക്കൾക്ക് വിശ്വസിച്ചു.അതായിരുന്നു ഗുർമീതിന്റെ ഏറ്റവും വലിയ പിൻബലവും. കേസിൽ വിധി പറയുന്ന നാൾ, നിരോധനാജ്ഞ നിലനിൽക്കെ, പഞ്ച്കുല കോടതിയിലേക്ക് ഗുർമീത് 200 ലധികം കാറുകളുടെ അകമ്പടിയോടെ എത്തിയതും ഭരണകൂടത്തിന്റെ ഉദാസീന മനോഭാവത്തിന്റെ ഉത്തമഉദാഹരണമാണ്.

ഏതു വലിയ സംഭവം നടന്നാലും അതിലൊരു മലയാളിയുടെ സാന്നിധ്യമുണ്ടാകും. രാജ്യത്തെ ഇളക്കിമറിച്ച ഗുർമീത് റാം റഹീമിനെ പീഡനക്കേസിൽ അകത്താക്കിയതിനു പിന്നിലും ഒരു മലയാളിയുടെ കരസ്പർശമുണ്ട. കാസർഗോഡ് സ്വദേശി സിബിഐ ഉദ്യോഗസ്ഥനായ നാരായണനാണ് ആ തന്ത്രജ്ഞൻ. അക്കഥ ഇങ്ങനെ- സിബിഐ. ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറ്റവും വെല്ലുവിളി നേരിട്ട കേസാണു ഗുർമീതിന്റേതെന്നാണ് ഇപ്പോൾ ഡൽഹിയിൽ സ്ഥിരതാമസമാക്കിയ നാരായണന്റെ നിലപാട്. 2002 സെപ്റ്റംബറിലാണ് ആൾ െദെവത്തിനെതിരെയുള്ള ബലാത്സംഗ കേസ് പഞ്ചാബ് ഹരിയാന െഹെക്കോടതി സിബിഐയ്ക്കു െകെമാറിയത്. ആദ്യത്തെ അഞ്ചു വർഷക്കാലം ഒന്നും സംഭവിച്ചില്ല. ഉന്നതതല ഇടപെടലുകളുമായിരുന്നു കാരണം. ഇതോടെ കേസ് വീണ്ടും കോടതിയിലെത്തി. സ്വാധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന് നിയോഗിക്കാൻ കോടതി ഉത്തരവിട്ടു. അവസാനം അന്വേഷണം നാരായണന്റെ െകെകളിലെത്തി.

മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും വൻകിടക്കാരും സ്വാധീനങ്ങളുമായെത്തി. എല്ലാവരുടെയും ആവശ്യം അന്വേഷണവുമായി മുന്നോട്ടു പോകരുതെന്നായിരുന്നു. നേരിട്ടും ഗുർമീതിന്റെ ഭീഷണിയെത്തി. അന്വേഷണം ഏൽപ്പിച്ചത് കോടതിയാണെന്ന വിശ്വാസമാണു കരുത്തായതെന്നു നാരായണൻ പറയുന്നു. വർഷങ്ങളും നീണ്ട അന്വേഷണത്തിനിടയിൽ പരാതിക്കാരിയായ മുൻ ആശ്രമവാസിയെ നാരായണൻ കണ്ടെത്തി. അപ്പോഴേക്കും അവർ കുടുംബ ജീവിതത്തിലേക്ക് കടന്നിരുന്നു. പിതാവിനെപ്പോലെയാണു യുവതി നാരായണനെ കണ്ടത്. സമ്മർദങ്ങൾക്കിടെയിലും നാരായണനെ വിശ്വസിച്ചാണു യുവതി മജിസ്ട്രേറ്റിനു മുന്നിലെത്തി ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം മൊഴി നൽകിയത്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കൈയിലിട്ട് അമ്മാനമാടാൻ തന്റെ രാഷ്ട്രീയ സ്വാധീനവും, ആൾബലവും സഹായിക്കുമെന്ന രാം റഹീമിന്റെ ആത്മവിശ്വാസമാണ് കഴിഞ്ഞ ദിവസം ജുഡീഷ്യറി തകർത്തത്. ഒരു വ്യക്തിയും നിയമത്തിന് അതീതനല്ലെന്നും, നിയമ വാഴ്ച നാടിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നുമുള്ള കോടതിയുടെ ഉറച്ച നിലപാടിന് മുന്നിൽ ഗുർമീതിന്റെ ആൾമറകൾ തകരുകയായിരുന്നു. വന്മരമായി വളർന്നിട്ട് പൊടുന്നനെ നിലംപതിക്കുമ്പോഴുള്ള നിസ്സഹായതയുടെ നിലവിളിയാണ് ഇന്ന് കോടതിയിൽ കേട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP