Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മ നമ്മളെ കൂട്ടാതെ ഒരു...വാക്കുകൾ മുറിയുമ്പോൾ കുട്ടികൾ അമ്പരപ്പോടെ നോക്കും; അമ്മയ്‌ക്കെന്താ പറ്റീതെന്ന റിതുലിന്റെയും സിദ്ധാർഥിന്റെയും ചോദ്യത്തിൽ കുഴങ്ങി സജീഷ്; ആറാം വിവാഹ വാർഷികത്തിന് ആറുനാൾ അകലെ നിപാ വൈറസിന് നഴ്‌സ് ലിനി കീഴടങ്ങിയപ്പോൾ ആശ്വാസ വാക്കുകൾക്ക് ശബ്ദമില്ലാതെ വടകരക്കാർ

അമ്മ നമ്മളെ കൂട്ടാതെ ഒരു...വാക്കുകൾ മുറിയുമ്പോൾ കുട്ടികൾ അമ്പരപ്പോടെ നോക്കും; അമ്മയ്‌ക്കെന്താ പറ്റീതെന്ന റിതുലിന്റെയും സിദ്ധാർഥിന്റെയും ചോദ്യത്തിൽ കുഴങ്ങി സജീഷ്; ആറാം വിവാഹ വാർഷികത്തിന് ആറുനാൾ അകലെ നിപാ വൈറസിന് നഴ്‌സ് ലിനി കീഴടങ്ങിയപ്പോൾ ആശ്വാസ വാക്കുകൾക്ക് ശബ്ദമില്ലാതെ വടകരക്കാർ

മറുനാടൻ മലയാളി ബ്യൂറോ

വടകര: ഇത്തരം അവസരങ്ങളിൽ എന്തുപറയണമെന്നറിയില്ല. ആശ്വാസവാക്കുകൾ നിരർഥകമാകുന്നത് പോലെ.അമ്മയെവിടെയന്ന് ചോദിച്ചാൽ ഇത്തിരിപോന്ന കുഞ്ഞുങ്ങളോട് എന്തുസമാധാനം പറയും? നിപാ വൈറസ് ബാധിതരായ രോഗികളെ പരിചരിക്കുന്നതിടെ അവിചാരിതമായി മരണത്തിന് കീഴടങ്ങിയ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനിയുടെ ഭർത്താവ് സജീഷിനെ അലട്ടുന്ന ചോദ്യങ്ങളാവും ഇതെല്ലാം.

അമ്മയുടെ മുഖം ഒരുനോക്കുകാണാൻ പോലും പിഞ്ചുകുട്ടികൾക്ക് ആയില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അമ്മയും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും വെന്റിലേറ്ററിലായപ്പോൾ മുതൽ കാണാൻ കഴിഞ്ഞില്ല.ഭാര്യയുടെ രോഗവിവരമറിഞ്ഞ് ബഹ്‌റിനിലായിരുന്ന വടകര പുത്തൂർ സ്വദേശി സജീഷ് രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്.സജീഷിന് മാത്രമാണ് കൂട്ടുകാരിയെ അവസാനമായി ഒന്നുകാണാൻ കഴിഞ്ഞത്.നിപ വൈറസ് ബാധ പടരാതിരിക്കാൻ ബന്ധുക്കളുടെ സമ്മതത്തോടെ ആരോഗ്യവകുപ്പ് അധികൃതർ തന്നെ കോഴിക്കോട്ട് ലിനിയെ സംസ്‌കരിക്കുകയായിരുന്നു.. രാത്രി രണ്ട് മണിയോടെ മരിച്ച ലിനിയെ കോഴിക്കോട് വൈദ്യുതി ശ്മശാനത്തിൽ ഉടനടി സംസ്‌കരിക്കുകയായിരുന്നു. രാത്രി തന്നെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പൊടുന്നനെ സംസ്‌കരിച്ചത്.

ചെമ്പനോട പുതുശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാളാണ് ലിനി.ലിജിയും ലിഷിയുമാണ് സഹോദരങ്ങൾ. അഞ്ചുവയസുകാരനായ റിതുലും, രണ്ടുവയസുകാരൻ സിദ്ധാർഥും കാര്യങ്ങൾ ഒന്നുമറിയാതെ വീട്ടിൽ കഴിയുന്നു.സുരക്ഷാസംവിധാനങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വന്നതാണ് ലിനിയുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. എൻആർഎച്ച്എം മുഖേനയാണ് ഇവർക്ക് നിയമനം ലഭിച്ചിരുന്നത്. പിഎസ്ഇ വഴി നിയമിതരായ നഴ്സുമാരേക്കാൾ കുറഞ്ഞ ശമ്പളമായിരുന്നു അതിനാൽ ഇവർക്കും ലഭിച്ചിരുന്നത്.

നിപ്പ ബാധിച്ച് മരിച്ച സാബിത്ത് എന്ന രോഗിയെ ശുശ്രൂഷിച്ചിരുന്ന ലിനിയെ മരണം തേടിയെത്തിയത് അതേ രോഗം പടർന്നുപിടിച്ചാണ്. ഞായറാഴ്ച ലിനിയുടെ അമ്മയെയും പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ, നിപ്പ വൈറസ് ബാധയാണോയെ്‌ന് സ്ഥ്ിരീകരിച്ചിട്ടില്ല.

മാരകമായ പനിയാണെന്ന് അറിഞ്ഞിട്ടും അർപ്പണ ബുദ്ധിയോടെ രോഗീപരിചരണത്തിനായി സ്വയം സമർപ്പിച്ച ലിനിയെ സാമൂഹിക മാധ്യമങ്ങൾ വാഴ്‌ത്തിപ്പാടുകയാണ്. അതേസമയം, അമ്മയുടെ വിയോഗമൊന്നുമറിയാതെ മക്കളായ റിതുലും സിദ്ധാർഥും പതിവ് കളികളിൽ മുഴുകിയിരിക്കുകയാണ്.വല്യമ്മയോട് ഇടയ്ക്കിടെ തിരക്കും..അമ്മ എപ്പോഴാ ആശുപത്രീന്ന് വരികാ? അഞ്ചുവയസുകാരനായ റിതുലിനെ അച്ഛൻ സജീഷ് ചേർത്തുപിടിച്ച് കരഞ്ഞപ്പോൾ അവൻ ചോദിച്ചു..അച്ഛാ..അമ്മയ്‌ക്കെന്താ പറ്റിയത്? ചോദ്യത്തിനുള്ള മറുപടി മുഴുമിക്കാനാകാതെ സജീഷ് കുഴങ്ങി.

ലിനിക്ക് പനി കൂടിയതോടെയാണ് മനാമയിൽ അക്കൗണ്ടന്റായിരുന്ന സജീഷിനെ ബന്ധുക്കൾ നാട്ടിലെത്തച്ചത്. എന്നാൽ ഓരോ മണിക്കൂർ കഴിയുമ്പോഴും ലിനിയുടെ നില വഷളായി.ഏതോ വൈറസ് ആണെന്ന അധികൃതർക്ക് നേരത്തെ അറിവുണ്ടായിരുന്നതിനാൽ ആരേയും വെന്റിലേറ്ററിലേക്ക് കയറ്റിയിരുന്നുമില്ല. ഒരുതവണമാത്രം വെന്റിലേറ്ററിൽ കിടക്കുന്ന പ്രിയതമയെ ഒരുനോക്ക് കാണാൻ സതീഷിന് അവസരം ലഭിച്ചു.ആറാം വിവാഹ വാർഷികം ആഘോഷിക്കാൻ ഏതാനും ദിവസം ബാക്കി നിൽക്കെയായിരുന്നു, ലിനിയുടെ വിവാഹം. 2012 മെയ് 26 നായിരുന്നു ലിനിയെ സജീഷ് വിവാഹം ചെയ്തത്.

പതിവ് ഡ്യൂട്ടി ചെയ്യുമ്പോൾ ലിനി ഒരിക്കലും ഓർത്തിരിക്കില്ല വെറുമൊരു പനി തന്റെ കുടുംബത്തെ തീരാദുഃഖത്തിലാക്കുമെന്ന്. രോഗവുമായി ആശുപത്രിയിൽ വരുന്നവരെ സ്വന്തം അച്ഛനും അമ്മയുമായി കണ്ടു കൊണ്ടാണ് ഓരോ നഴ്സുമാരും ജോലിയിടുക്കുന്നത്, അതുകൊണ്ട് തന്നെ ഡോക്ടർമാരെക്കാൾ വൈറസ് പെട്ടന്ന് പിടിപെടുവാൻ നഴ്സുമാർക്ക് സാധ്യത കൂടുതലാണ്. സർക്കാർ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് വേണ്ടത്ര സംരക്ഷണം കൊടുക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിക്കുന്നതേയുള്ളു. നേരത്തെ കണ്ണൂർ കൊയിലി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ലിനി. ഒരു വർഷം മുമ്പാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിയമിതയായത്. കുറ്റ്യാടി സർക്കാർ സ്‌കൂളിലെ പഠനം പൂർ്ത്തിയാക്കിയ ശേഷം കോളാറിലെ പവൻ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലാണ് നഴ്‌സിങ് പഠിച്ചത്. യെനപോയ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും, നാരായൺ ഹൃദയാലയ ആശുപത്രിയിലും ജോലി നോക്കിയിട്ടുണ്ട് ലിനി.

ലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടൻ അനുവദിക്കുകയും കുടുംബത്തിലെ ഒരംഗത്തിനു ഗവണ്മെന്റ് ജോലി നൽകി സഹായിക്കണമെന്നും സർക്കാറിനോട് യുഎൻഎ ആവശ്യപ്പെട്ടിട്ടുണ്ട്. അവൾ അനശ്വര രക്തസാക്ഷിയാണെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ലിനയുടെ നിര്യാണത്തിൽ കുടുംബത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും ജാസ്മിൻ പറഞ്ഞു.

എല്ലാവരോടും അനുകമ്പയോടും സ്നേഹത്തോടെയും പെരുമാറുന്ന വ്യക്തിയായിരുന്നു ലിനിയെന്നാണ് സഹപ്രവർത്തകരും പറയുന്നത്. ലിനിയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് ഇവർ. അതേസമയം വൈറസ് ബാധ കൂടുതൽ ആളുകളിലേക്ക് പടർന്നിട്ടുണ്ടോ എന്ന ആശങ്കയും പേരാമ്പ്ര താലൂക്ക് ആശുപത്രിയെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. ലിനയുടെ ബന്ധുക്കളെയും നിരീക്ഷണത്തിലാണ്. അടുത്തിടപഴകിയവരുടെ രക്തസാമ്പിൾ അടക്കം ശേഖരിച്ച് പരിശോധന നടത്താനും രോഗം പടരുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP