Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മകന്റെ ഒറ്റ വോട്ടിന് ബിജെപിക്കാരിയായ അമ്മ തോറ്റെന്ന വാർത്ത പൊളിഞ്ഞു; ബിബിസി വരെ റിപ്പോർട്ട് ചെയ്ത വാർത്തയിലെ അമ്മയ്ക്ക് ലഭിച്ചത് മൂന്നാം സ്ഥാനമെന്ന് കണക്കുകൾ പറയുന്നു

മകന്റെ ഒറ്റ വോട്ടിന് ബിജെപിക്കാരിയായ അമ്മ തോറ്റെന്ന വാർത്ത പൊളിഞ്ഞു; ബിബിസി വരെ റിപ്പോർട്ട് ചെയ്ത വാർത്തയിലെ അമ്മയ്ക്ക് ലഭിച്ചത് മൂന്നാം സ്ഥാനമെന്ന് കണക്കുകൾ പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായ അമ്മയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത് മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ സ്വന്തം അമ്മയ്്ക്ക് എന്തുകൊണ്ട് വോട്ട് ചെയ്തില്ല എന്ന് വ്യക്തമാക്കി സർക്കാർ ഉദ്യോഗസ്ഥനായ മകൻ ഇട്ടെ ഫേസ്‌ബുക്ക് പോസ്റ്റ് വസ്തുതകൾ വിരുദ്ധമാണെന്ന് തെളിയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റാണ് വാസ്തവം പുറത്തുകൊണ്ടു വന്നത്. ഇതോടെ ഏറെ പ്രാധാന്യത്തോടെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വാർത്ത നൽകിയ ബിബിസി പോലും വെട്ടിലായി.

രാജേഷ് കുമാർ എന്ന സിവിൽ പൊലീസ് ഓഫീസറാണ് അമ്മയ്ക്ക് വോട്ട് ചെയ്യാത്തതിനാൽ ഒരു വോട്ടിന് പരാജയം രുചിച്ചത്. ഇതിന്റെ കര്യകാരണം വിശദീകരിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ പോലും വൈറലായി. ബിബിസിയിലായാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നത്. ഇതോടെ നടന്ന അന്വേഷണങ്ങളാണ് യാഥാർത്ഥ്യം പുറത്തു കൊണ്ടുവന്നത്. ഒറ്റ വോട്ടുകൊണ്ട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അമ്മ പരാജയപ്പെട്ടതിന്റെ സന്തോഷം പങ്കുവച്ചായിരുന്നു മകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥി തോൽവി രുചിച്ചത് ഒറ്റ വോട്ടിനായിരുന്നുവെന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ മകൻ രാജേഷ് കുമാറാണ് അമ്മയ്ക്ക് എതിരായി സിപിഐ(എം) സ്ഥാനാർത്ഥിക്ക് തപാൽവോട്ടു ചെയ്തത്.

തന്റെ ഒറ്റവോട്ടു കൊണ്ട് അമ്മ തോറ്റപ്പോൾ തനിക്ക് ഏറെ സന്തോഷമുണ്ടായെന്ന് പറഞ്ഞാണ് രാജേഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ബിജെപിയുടേത് സവർണ്ണ രാഷ്ട്രീയം ആണെന്നും സംവരണ വിഷയത്തിൽ തെറ്റായ നിലപാടാണെന്നും പറഞ്ഞു കൊണ്ടായിരുന്നു എന്തുകൊണ്ടാണ് അമ്മ തോറ്റതിൽ തനിക്ക് സന്തോഷിക്കുന്നത് എന്നാണ് രാജേഷ് വിശദീകരിക്കുന്നത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫലം അനുസരിച്ച് രാജേഷിന്റെ അമ്മയ്ക്കുള്ളത് മൂന്നാം സ്ഥാനം മാത്രമാണ്.

ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റനുസരിച്ച് ഒറ്റവോട്ടിന് പരാജയപ്പെട്ടത് രാജേഷിന്റെ അമ്മയും ബിജെപി സ്ഥാനാർത്ഥിയുമായ ജഗദമ്മയല്ല മറിച്ച് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ ചന്ദ്രികാ ഭായി ആയിരുന്നു . തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങൾ അനുസരിച്ച് സിപിഐ യുടെ സ്ഥാനാർത്ഥിക്ക് 359 വോട്ടും ചന്ദ്രികാ ഭായിക്ക് 358 വോട്ടും ജഗദമ്മയ്ക്ക് 353 വോട്ടുമാണ് ലഭിച്ചത്. ജഗദമ്മ തോറ്റത് ആറ് വോട്ടിനാണ്. തെറ്റ് മനസ്സിലാക്കിയ രാജേഷ് കുമാർ പിന്നീട് പോസ്റ്റ് തിരുത്തിയെങ്കിലും അമ്മയുടെ പരാജയത്തിന് തന്റെ വോട്ടും കാരണമായി എന്നാണ് കുറിച്ചിട്ടുള്ളത്. മകന്റെ ആദ്യ പോസ്റ്റിനോളം ഇത് ചർച്ച ചെയ്യപ്പെട്ടുമില്ല. ഒറ്റ വോട്ടിന് സിപിഐ(എം) സ്ഥാനാർത്ഥി ജയിച്ചപ്പോൾ തോറ്റത് തന്റെ അമ്മയാണെന്ന് കരുതിയതാണ് തെറ്റിധാരണാ ജനകമായ പോസ്റ്റിന് കാരണമെന്നാണ് സൂചന.

രാജേഷിന്റെ ആദ്യ പോസ്റ്റ് മലയാള മാദ്ധ്യമങ്ങളിലെല്ലാം വാർത്തയായിരുന്നു. ഇതിനിടെയാണ് ബിബിസിയിലും ഇത് വാർത്തയായത്. ബിഹാർ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സ്വന്തം അമ്മ ബിജെപി സ്ഥാനാർത്ഥിയായിരുന്നിട്ടും എന്തുകൊണ്ട് താൻ വോട്ടു ചെയ്തില്ലെന്ന് മകൻ വിശദീകരിച്ചത് വാർത്തയായത്. നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദർശനം തുടങ്ങുന്നതിന് മുന്നോടിയായാണ് ഈ വാർത്ത ബിബിസിയിൽ ഇടംപിടിച്ചത് എന്നതും ചർച്ചയായി. 'The man who refused to vote for his mother' എന്ന തലക്കെട്ടിൽ ബിബിസിയുടെ ട്രെൻഡിങ് ലിസ്റ്റിൽ തന്നെയാണ് ഈ വാർത്ത ഇടം പിടിച്ചതും.

നരേന്ദ്ര മോദിയുടെ ഗുജറാത്തിന്റെ അവസ്ഥയെ കുറിച്ചുമെല്ലാം രാജേഷ് കുമാർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ ബിബിസിയുടെ വാർത്തയിലും പ്രതിപാദിച്ചിരുന്നു. സിപിഐ(എം) പ്രവർത്തകർ ഈ പോസ്റ്റ് ആഘോഷമാക്കിയപ്പോൾ ബിജെപി പ്രവർത്തകരുടെ രൂക്ഷ വിമർശനത്തിനും ഇടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP