Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യേശുവിന്റെ നാമത്തിൽ ഇവളുടെ രണ്ടു വൃക്കകളും സുഖപ്പെടട്ടെ! ആശീർവാദം പാസ്റ്ററുടെ കൈകളിലൂടെ പ്രവഹിക്കുമ്പോൾ രോഗിയുടെ സഹായികൾ തെറിച്ചുപോകുന്നു; രോഗശാന്തി പ്രാർത്ഥനകളിലൂടെ ആയിരങ്ങളെ ആകർഷിച്ച ഹീലർ ബാബയ്ക്ക് എന്തുകൊണ്ട് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല?

യേശുവിന്റെ നാമത്തിൽ ഇവളുടെ രണ്ടു വൃക്കകളും സുഖപ്പെടട്ടെ! ആശീർവാദം പാസ്റ്ററുടെ കൈകളിലൂടെ പ്രവഹിക്കുമ്പോൾ രോഗിയുടെ സഹായികൾ തെറിച്ചുപോകുന്നു; രോഗശാന്തി പ്രാർത്ഥനകളിലൂടെ ആയിരങ്ങളെ ആകർഷിച്ച ഹീലർ ബാബയ്ക്ക് എന്തുകൊണ്ട് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല?

മറുനാടൻ ഡെസ്‌ക്‌

മുംബയ്: വസായിയിൽ 18 വർഷമായി ആശീർവാദ് പ്രാർത്ഥനാകേന്ദ്രമെന്ന പേരിൽ സ്ഥാപനം തുടങ്ങി രോഗശാന്തി ശുശ്രൂഷ നടത്തുകയും ആയിരക്കണക്കിന് വിശ്വാസികളായ ആരാധകരെ ആകർഷിക്കുകയും ചെയ്ത ഹീലർ ബാബയുടെ മരണത്തിന് കാരണമായത് വൃക്കരോഗങ്ങളും പ്രമേഹവുമെന്ന് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസ് രോഗശുശ്രൂഷ നടത്തുന്ന പ്രാർത്ഥനാ കേന്ദ്രത്തിനെതിരെ പൊലീസ് നടപടി ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയിൽ ചികിത്സതേടിയ ഹീലർ ബാബയെന്ന ഡോ. സെബാസ്റ്റ്യൻ മാർട്ടിൻ ഓഗസ്റ്റ് 17ന് വസായിയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഏതുരോഗത്തിനും രോഗശാന്തി ശുശ്രൂഷയിലൂടെ പരിഹാരമുണ്ടാക്കുമെന്ന പ്രചരണം നടത്തിയാണ് ഡോ. മാർട്ടിൻ സെബാസ്റ്റ്യൻ എന്ന പെന്തക്കോസ്ത് പാസ്റ്റർ മുംബയിൽ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചത്. വൃക്കരോഗംമുതൽ എയ്ഡ്‌സ് വരെ യേശുവിന്റെ നാമത്തിൽ സുഖപ്പെടുത്തിയെന്ന പ്രചരണത്തോടെ വൻ ജനപ്രീതിയാർജിച്ച പാസ്റ്റർ ഈ വർഷമാദ്യം ഫെബ്രുവരിയിൽ തനിക്കും സ്ഥാപനത്തിനുമെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെ അറസ്റ്റു ഭയന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിനുശേഷം നിരവധി രോഗങ്ങൾ അലട്ടിയിരുന്ന ഹീലർബാബ പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഈ മാസം പകുതിയോടെ മരണത്തിന് കീഴടങ്ങുന്നത്.

രോഗശാന്തി ശുശ്രൂഷയെന്ന പേരിൽ 18 വർഷമായി ആശീർവാദ് പ്രാർത്ഥനാ കേന്ദ്രം നടത്തുന്ന ഡോ. സെബാസ്റ്റ്യനും സ്ഥാപനത്തിനുമെതിരെ തുടക്കംമുതലേ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ദുർമന്ത്രവാദമാണ് പാസ്റ്റർ നടത്തുന്നതെന്ന ആക്ഷേപം പലതവണ ഉയർന്നെങ്കിലും ഹീലർബാബയുടെ വിശ്വാസികൾ അനുദിനം കൂടിവന്നു. യുട്യൂബിലും തന്റെ വെബ്‌സൈറ്റിലും ഇത്തരത്തിൽ നിരവധിപേരെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന വീഡിയോകൾ പ്രത്യക്ഷപ്പെട്ടതോടെ ആശീർവാദ് പ്രാർത്ഥനാ കേന്ദ്രത്തിന് ആരാധകർ പെരുകിപ്പെരുകി വന്നു.

രണ്ടു വൃക്കകളും തകർന്നുവെന്നും നട്ടെല്ലിന് ഗുരുതര ക്ഷതമാണെന്നും പറയുന്ന ഒരു സ്ത്രീയുടെ രോഗം പാസ്റ്റർ യേശുവിനെ വിളിച്ച് ഭേദമാക്കുന്ന വീഡിയോ ഇതിനിടെ വലിയ പ്രചാരം നേടി. ഒമ്പതുവർഷമായി നട്ടെല്ലിന് ക്ഷതമേറ്റിട്ടെന്നും ചികിത്സയിലൂടെ മാറിയില്ലെന്നും ഇതിനുപിന്നാലെ രണ്ടുവൃക്കകളും തകരാറിലായെന്നും ഇരുന്നാൽ എഴുന്നേൽക്കാൻപോലും ആകില്ലെന്നുമെല്ലാം സ്ത്രീ പറയുന്നു. പാസ്റ്ററുടെ രണ്ട് അനുയായികൾ താങ്ങിപ്പിടിച്ചാണ് ഇവരെ സ്റ്റേജിലെത്തിക്കുന്നതും പിടിച്ചുനിർത്തുന്നതും. ഇവരുടെ ഭർത്താവും കൂടെയുണ്ട്.

മുംബയിൽ സാന്താക്രൂസിൽ നിന്നുള്ള പുഷ്പ ദിവാകറിനെയും ഭർത്താവ് ദിവാകറിനെയും സ്റ്റേജിലെത്തിച്ച് വലിയൊരു സദസ്സിന് പരിചയപ്പെടുത്തുന്നതോടെയാണ് രോഗശാന്തി ശുശ്രൂഷയുടെ ആരംഭം. അപ്പോൾ നിനക്ക് നടക്കാൻ പറ്റില്ലേയെന്നും കിഡ്‌നി രണ്ടും തകരാറിലാണല്ലേയെന്നുമെല്ലാം പാസ്റ്റർ ഒരിക്കൽക്കൂടി ചോദിച്ച് ഉറപ്പുവരുത്തുന്നു.

ഇതോടെ പ്രാർത്ഥന തുടങ്ങുകയായി. സദസ്സിൽ ഇരിക്കുന്നവിശ്വാസികളെല്ലാം കൂട്ടത്തോടെ ഹല്ലേലൂയാ വിളികളുമായി എഴുന്നേൽക്കുന്നു. ഇതോടെ പാസ്റ്റർ വായുവിലുയർത്തിയ കൈകളുമായി യേശുവിനെ ആവാഹിച്ചു തുടങ്ങുന്നു. കൈകൾ രോഗിയുടെ നേരെ നീങ്ങുന്നതോടെ അവരെ പിടിച്ചിരുന്ന പാസ്റ്ററുടെ അനുയായികൾ തെറിച്ചുവീഴുന്നു.

ഇതുകണ്ട് കാണികൾ ഞെട്ടിത്തരിച്ചു നിൽക്കേ രോഗിയേയും നിലത്തുകിടത്തുന്നു. ദൈവത്തിന്റെ നാമത്തിൽ ഇവളുടെ രണ്ട് കിഡ്‌നികളും സുഖപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോടെ ആവേശം പാരമ്യത്തിലേക്ക്. കൈകൊട്ടിയും ആർപ്പുവിളിച്ചും വിശ്വാസികൾ. പുഷ്പയോട് എഴുന്നേൽക്കാൻ ആഹ്വാനം. പരസഹായമില്ലാതെ പുഷ്പ നടന്നുതുടങ്ങുന്നതോടെ സ്‌റ്റേജിൽ പാസ്റ്ററുടെ സഹായികൾ തുള്ളിച്ചാടുന്നു. പുഷ്പയുടെ നടത്തം ഓട്ടമായി മാറുന്നു. പിന്നീട് എല്ലാവരും ചേർന്നുള്ള ആനന്ദനൃത്തവും.

ഇത്തരത്തിൽ പാസ്റ്റർ രോഗശാന്തിവരുത്തിയ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്നത്. ആശീർവാദ് പ്രാർത്ഥനാ കേന്ദ്രത്തിന്റെ പേരിലുള്ള വെബ്‌സൈറ്റിലും ഇത്തരത്തിൽ രോഗശാന്തി നേടിയ നുറുകണക്കിന് വിശ്വാസികളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. കിഡ്‌നിരോഗങ്ങളും എയ്ഡ്‌സും നട്ടെല്ലിന് ക്ഷതവും പറ്റിയവരെപ്പറ്റിയെല്ലാമുള്ള വിവരങ്ങൾ. അനിതയെന്ന പെൺകുട്ടിയുടെ ക്ഷയരോഗം മാറ്റിയെന്ന പ്രചരണവും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

1985ലാണ് ഡോ. സെബാസ്റ്റ്യൻ മാർട്ടിൻ ക്രിസ്തുമതം സ്വീകരിക്കുന്നതും പിന്നീട് പാസ്റ്ററായി മാറുന്നതും. ഇക്കാലത്ത് കോളേജ് ലക്ചററായി പ്രവർത്തിച്ചിരുന്ന സെബാസ്റ്റ്യൻ പിന്നീട് പാസ്റ്ററാകുകയും ആശീർവാദ് പ്രാർത്ഥനാകേന്ദ്രം തുടങ്ങുകയുമായിരുന്നു. കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദവും നേടിയ മാർട്ടിൻ ശുശ്രൂഷാകേന്ദ്രം തുടങ്ങിയതോടെ ഇതിലേക്ക് പൂർണമായും പ്രവർത്തനമേഖല മാറ്റി. ഇതോടെയാണ് മാന്ത്രിക വൈദ്യനെന്നും അത്ഭുത ശുശ്രൂഷകനെന്നുമെല്ലാം സെബാസ്റ്റ്യൻ അറിയപ്പെട്ടു തുടങ്ങിയത്. ഇതോടെ വിദേശത്തും ഇന്ത്യയിലും നിരവധി അനുയായികളും ഈ രോഗശാന്തി ശുശ്രൂഷകന് ഉണ്ടായി.

ഈ വർഷം ആദ്യം മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി ഇദ്ദേഹത്തിനും ശുശ്രൂഷാ കേന്ദ്രത്തിനുമെതിരെ പരാതിയുമായി പൽഘർ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് പാസ്റ്ററുടെ പതനം തുടങ്ങുന്നത്. ഇതോടെ ദുർമന്ത്രവാദത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്യാൻ ശ്രമിച്ചെങ്കിലും നട്ടെല്ലിന് ചികിത്സതേടി ആശുപത്രിയിലെത്തിയതിനാൽ ഇതു നടന്നില്ല. ഇതിനുശേഷം ശുശ്രൂഷാകേന്ദത്തെപ്പറ്റി വാർത്തകളൊന്നും കാര്യമായി പുറത്തുവന്നതുമില്ല. ഇപ്പോൾ അദ്ദേഹം വസായിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടതായ വാർത്തകൾ പുറത്തുവരികയായിരുന്നു.

നിരവധി രോഗങ്ങൾ ശുശ്രൂഷിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെട്ട് സ്വയം ഹീലർ ബാബയായി വിശ്വാസികൾക്കുമുന്നിൽ അവതരിച്ച പാസ്റ്റർ ആദ്യം നട്ടെല്ലിന് ക്ഷതമേറ്റ് ആശുപത്രിയിലാകുകയും ഇപ്പോൾ പ്രമേഹരോഗം മൂർച്ഛിച്ച് മരിക്കുകയും ചെയ്തുവെന്ന വാർത്തകൾ വിശ്വസിക്കാനാകാതെ കഴിയുകയാണ് അനുയായികൾ. എന്താണ് മരണകാരണമെന്ന് ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാസ്റ്ററുടെ മരണശേഷവും അദ്ദേഹത്തിന്റെ അത്ഭുതങ്ങൾ വലിയതോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കൂടെ നിരവധി പേരുടെ രോഗങ്ങൾ ഇല്ലാതാക്കിയെന്ന് അവകാശപ്പെടുന്ന പാസ്റ്റർ രോഗങ്ങൾക്കു കീഴടങ്ങി മരണപ്പെട്ടുവെന്ന വാർത്തയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP