Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നല്ല നിലയിലുള്ള ഒമ്പത് മക്കൾക്ക് താനൊരു ഭാരമായതിനാലാണ് വീട്ടിൽ നിന്നും ഇറങ്ങിപോന്നതെന്ന് ആ അച്ഛൻ പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി; വിശപ്പിന്റെ വില അറിഞ്ഞ് വളർന്ന ഞാൻ അദ്ദേഹത്തെ ഷെൽറ്റർ ഹോമിലെത്തിച്ചു; സ്വന്തം അച്ഛനോട് പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹം ഇന്നും ഓരോരുത്തർക്കും പകുത്തുനൽകുന്നു; കാക്കിക്കുള്ളിലെ കരുണയുടെ തെളിനീരുറവയായ റീനാ ജീവൻ മറുനാടനോട് മനസ്സു തുറക്കുന്നു

നല്ല നിലയിലുള്ള ഒമ്പത് മക്കൾക്ക് താനൊരു ഭാരമായതിനാലാണ് വീട്ടിൽ നിന്നും ഇറങ്ങിപോന്നതെന്ന് ആ അച്ഛൻ പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി; വിശപ്പിന്റെ വില അറിഞ്ഞ് വളർന്ന ഞാൻ അദ്ദേഹത്തെ ഷെൽറ്റർ ഹോമിലെത്തിച്ചു; സ്വന്തം അച്ഛനോട് പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹം ഇന്നും ഓരോരുത്തർക്കും പകുത്തുനൽകുന്നു; കാക്കിക്കുള്ളിലെ കരുണയുടെ തെളിനീരുറവയായ റീനാ ജീവൻ മറുനാടനോട് മനസ്സു തുറക്കുന്നു

പീയൂഷ് ആർ

കൊച്ചി: പൊലീസെന്ന് കേട്ടാൽ വേഗം മനസ്സിലേക്ക് ഓടിവരുന്നത് അവർ ചെയ്യുന്ന ക്രൂരതകളുടെ ചിത്രമാണ്. വരാപ്പുഴയിൽ പൊലീസ് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവവുമൊക്കെയാകുമ്പോൾ പൊലീസിന് ക്രൂരതയുടെ മുഖമാണ് പൊതുജനങ്ങളുടെ ഉള്ളിൽ. എന്നാൽ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഒരു വനിതാ പൊലീസുകാരിയുണ്ട്. ഇവരുടെ പ്രവർത്തികൾ കണ്ടാൽ പൊലീസുകാർ ക്രൂരന്മാരാണ് എന്ന ചിന്ത ഇല്ലാതെയാകും. അവരുടെ മനസ്സിലും നന്മയുണ്ടെന്നും സ്നഹമുണ്ടെന്നും തിരിച്ചറിയും. അതേ ആരോരും തുണയില്ലാത്ത നിരാലംബർക്ക് തണലായി മാറുന്ന ഒരു കാരുണ്യ സ്പർശം. റീനാ ജീവൻ എന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ. പാലക്കാട് സ്വദേശിനിയായ റീന ഇപ്പോൾ എറണാകുളത്താണ് താമസം.

റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക സംരക്ഷണം ഒരുക്കിയാണ് റീന തന്റെ കർമ്മ മണ്ഡലം ധന്യമാക്കുന്നത്. കണ്ടാൽ അറപ്പുളവാക്കുന്നതും മുഷിഞ്ഞ് ദുർഗന്ധം വമിക്കുന്നതുമായ ഭിക്ഷക്കാരെയും മാനസിക നിലതെറ്റിയവരേയും കൈപിടിച്ച് ഷെൽട്ടർ ഹോമിലെത്തിച്ച് അവർക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയതുകൊടുക്കുകയാണ് റീന. ഒന്നര വർഷത്തിനിടയിൽ ഏകദേശം എഴുപത്തി അഞ്ചോളം പേർക്ക് സഹായ ഹസ്തം നൽകിയിട്ടുണ്ട് റീന. അലഞ്ഞു തിരിയുന്നവരെ തെരുവോരം മുരുകന്റെ ഷെൽട്ടർ ഹോമിലാണ് പാർപ്പിക്കുന്നത്. 2002 ൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ പൊലീസ് ജോലി ലഭിച്ചിട്ടും മുടങ്ങാതെ ചെയ്തു വരികയാണ്. ഇതിനിടയിൽ നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തുകയും ചെയ്തു.

കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ഇടയാക്കിയ സംഭവത്തെ റീന ഓർത്തെടുക്കുകയാണ്. '2002 ലാണ് എനിക്ക് പൊലീസിൽ ജോലി കിട്ടുന്നത്. അതിന് മുമ്പ് പാലക്കാട് മരുതറോഡ് പഞ്ചായത്തിൽ പ്രേരക്കായി ജോലി ചെയ്യുകയായിരുന്നു.ആ സമയം ജനങ്ങളോട് ഇടപഴുകാൻ ഒരുപാട് സമയം കിട്ടി. അപ്പോഴൊക്കെ പാവപ്പെട്ട ആളുകളുമായി കൂടുതൽ അടുക്കാനും അവരുടെ പ്രശ്നങ്ങൾ അറിയാനും കഴിഞ്ഞു. അതിനിടയ്ക്ക എനിക്ക് പൊലീസിൽ ജോലി കിട്ടി. കൂടുതൽ അവസരങ്ങൾ അതോടെ എനിക്ക് കിട്ടി.

2006 ൽ അച്ഛൻ മരിച്ചതോടെയാണ് അച്ഛൻ എന്ന ആ മഹാ സാഗരത്തിന്റെ കുറവ് എനിക്ക് മനസ്സിലായിതുടങ്ങിയത്. ഇതോടെ വാർധക്യത്തിലെത്തി അവശരായവരെ കണ്ടാൽ ആഹാരം വാങ്ങി നൽകിയെ വിടാറുള്ളൂ. അങ്ങനെ ഒരു ദിവസം മുഷിഞ്ഞ വേഷത്തിൽ മുഖത്ത് നല്ല ഐശ്വര്യമുള്ള ഒരു അച്ഛനെ കണ്ടു. ആഹാരം വാങ്ങി നൽകി വിവരങ്ങൾ ചോദിച്ചപ്പോൾ ഞെട്ടി. അഞ്ച് ആൺ മക്കളുൾപ്പെടെ ഒമ്പത് മക്കളുണ്ട്. അവരൊക്കെ നല്ല നിലയിലാണെന്നും അവർക്ക് താനൊരു ഭാരമായതിനാലുമാണ് വീട്ടിൽ നിന്നും ഇറങ്ങിപോരുന്നതെന്നും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞുപോയി. അവരെ ബന്ധപ്പെട്ട് തിരികെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞപ്പോൾ അത് വേണ്ടെന്ന് പറഞ്ഞു. പിന്നീട് അടുത്തുള്ള ഒരു ഷെൽട്ടർ ഹോമിലെത്തിച്ചു. അങ്ങനെയാണ് ആദ്യത്തെ ഓർമയിൽ നിൽക്കുന്ന ഒരു നല്ല പ്രവർത്തി.'

ഏറെ സോഷ്യൽ മീഡിയയിൽ റീനയെപറ്റി ചർച്ച ചെയ്ത സംഭവമായിരുന്നു ആന്തരികാവയവങ്ങൾ പുറത്തേക്ക് വന്ന് ചോര വാർന്നൊലിക്കുന്ന സ്ത്രീയെ രക്ഷപെടുത്തിയ സംഭവം. അതിങ്ങനെയാണ്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, രണ്ടു മാസങ്ങൾക്കു മുൻപ് അടിവയറ്റിൽ നിന്നും ആന്തരികാവയവങ്ങൾ പുറത്തേയ്ക്കു തള്ളി ചോര വാർന്ന് മരണാസന്നയായ ഒരു സ്ത്രീരൂപം. തിരക്കുകൾക്കിടയിൽ ആളുകൾ കണ്ടിട്ടും കണ്ണടച്ച് കടന്നു പോയി. പക്ഷേ, അവിടെ പകൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റീന നെഞ്ച് പൊള്ളിക്കുന്ന ഈ കാഴ്ച കണ്ട് ഓടിയെത്തി. കൂടെ ഉണ്ടായിരുന്ന പൊലീസുകാരിയും ഏതാനും യാത്രക്കാരും ഒപ്പം കൂടി. അവരെ വാരിയെടുത്ത് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.ലക്ഷ്മിഭായ് എന്ന അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയായിരുന്നു എത്. ബോംബെയിലെ കാമാട്ടിപൂരിലുള്ള ചുവന്ന തെരുവിൽ യൗവ്വനം ഹോമിച്ചവൾ. ഒടുവിൽ വൃദ്ധകാലത്ത് എല്ലും തോലുമായപ്പോൾ കർണ്ണാടകയിലെ ഏതോ ഒരു ക്ഷേത്രത്തിൽ ദേവദാസിയാവാൻ തല മുണ്ഡനം ചെയ്ത് ഉപേക്ഷിക്കപ്പെട്ടു. ജീവിതത്തിന്റെ തീരാദുരിതങ്ങൾ നീന്തി കടന്ന് ഓർമ്മ നഷ്ടപ്പെട്ട് വീണ്ടും തെരുവിലേയ്ക്ക്. അടിവയറ്റിൽ നിന്നും ഗർഭപാത്രം ഉൾപ്പെടെ പുറത്തേയ്ക്ക് തള്ളിയ നിലയിൽ എണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ മരണാസന്നയായി കിടക്കുമ്പോഴാണ് റീനാ എന്ന പൊലീസുകാരി രക്ഷകയായത്. രണ്ടരമാസക്കാലമായി വേദന തിന്നുന്ന അനാഥസ്ത്രീയെ ചുമലിനോട് ചേർത്ത് എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് മരുന്നുവെച്ചശേഷം കാക്കനാടുള്ള തെരുവോരം മുരുകന്റെ നേതൃത്വത്തിൽ നടത്തുന്ന തെരുവു വെളിച്ചം അഗതിമന്ദിരത്തിലേയ്ക്കും എത്തിക്കുകയായിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്തിരുന്നു.പിന്നീട് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം തലയുടെ ഒരു ഭാഗം മുഴുവൻ വ്രണമായി ചോര ഒലിപ്പിച്ച് നിൽക്കുന്ന വൃദ്ധനെ നോർത്ത് റെയിവേ സ്റ്റേഷനിലെ ഡ്യൂട്ടിക്കിടയിൽ പോലും റീന ഇയാളുടെ മുറിവുകൾ കഴുകി വൃത്തിയാക്കി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഡോക്ടറുടെ പരിചരണം ഉറപ്പുവരുത്തിയതിന് ശേഷം തെരുവോരം മുരുകനെ ഏൽപ്പിക്കുകയായിരുന്നു.

ഇപ്പോൾ എൺപതോളം നിരാലംബ ജീവിതങ്ങൾക്ക് കാക്കിക്കുള്ളിലെ ഈ കനിവ് വഴിവെളിച്ചമായിട്ടുണ്ട്.കൊച്ചി നഗരത്തിലെ വഴിയോരങ്ങളിൽ പഴന്തുണി ചുറ്റി പട്ടിണി കോലമായി മാറിയിട്ടുള്ള നിരവധി ദൈന്യരൂപങ്ങളെ ചേർത്ത് പിടിച്ച് ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ ഈ പൊലീസുകാരിയുടെ ഔദ്യോഗിക ജീവിതം ഒരിക്കലും തടസ്സമായിട്ടില്ല. ഇപ്പോൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസുകാരിയാണ്. ജീവിതത്തിന്റെ ദുരിതകാലത്ത് ഒറ്റപ്പെട്ടുപോയവരെ രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നതും അവർക്ക് പരിചരണം ഉറപ്പ് വരുത്തുന്നതും റീനയ്ക്ക് ഇന്ന് ജീവിത വ്രതമായിട്ടുണ്ട്. പാലക്കാട് കാരിയായ 'റീനാ' 2017 ജൂണിലാണ് എറണാകുളത്തേയ്ക്ക് സ്ഥലമാറ്റമായി എത്തുന്നത്. പലപ്പോഴും ജീവിതയാത്രയിൽ ഒറ്റപ്പെട്ടു പോകുന്നവരും അനാഥരുമെല്ലാം ദുരിതകാലങ്ങളിൽ വന്നെത്തുന്നത് റെയിൽവേ സ്റ്റേഷനുകളിലാണ്. ഇങ്ങനെ നിരന്തരം എത്തപ്പെടുന്ന പേരും അറിയാത്ത നിരവധി മനുഷ്യ ജീവിതങ്ങൾക്ക് നഗരത്തിൽ സഹായഹസ്തവുമായി ഈ പൊലീസുകാരി ജാഗ്രതയോടെ ജീവിക്കുന്നു.

ഇപ്പോൾ നഗരത്തിലെ പല കേന്ദ്രങ്ങളിൽ നിന്നും അഗതിമന്ദിരങ്ങളിൽ നിന്നും വിളി വരുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തക എന്ന റോളും ഈ പൊലീസുകാരി നിർവ്വഹിച്ചു പോരുന്നു. തന്റെ പിതാവിന്റെ മരണമാണ് ജീവിതത്തിൽ സഹജീവികളോട് കാരുണ്യവും മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുവാനും പ്രാപ്തയാക്കിയതെന്ന് റീന പറയുന്നു. മാനസികമായി വെല്ലുവിളി നേരിടുന്ന ആളുകളാണ് അധികവും അനാഥരായെത്തുന്നത്. പരസ്പര ബന്ധമില്ലാതെ സംസാരിച്ചു ട്രെയിനിലെത്തിയ ഒരു സ്ത്രീയെ ഒരിക്കൽ കണ്ടു. പിന്നീടാണറിയുന്നത് അവർ പ്രഗത്ഭയായ ഒരു ഡോക്ടറായിരുന്നുവെന്ന്. റെയിൽവേ സ്റ്റേഷനിൽ മുഷിഞ്ഞവസ്ത്രങ്ങളുമായി പനിച്ചുകിടന്ന, ഇംഗ്ലീഷ് കവിതാശകലങ്ങൾ അബോധത്തിലും ചൊല്ലിക്കിടന്ന യുവാവ്, തന്റെ കുഞ്ഞിനെ അന്വേഷിച്ചെത്തിയ കാലിനു സ്വാധീനം നഷ്ടപ്പെട്ട സ്ത്രീ അവരെയൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഇങ്ങനെ കണ്ടെത്തുന്ന ആളുകളെ തെരുവോരം മുരുകനെയാണ് ഏൽപ്പിക്കുന്നത്. എറണാകുളത്ത് ബിസിനസ്സുകാരനായ ഭർത്താവ് ജീവൻ ഭാര്യയുടെ ഈ സേവന തൃക്ഷ്ണയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നത്.

സഹജീവികളോടുള്ള സഹതാപമാണോ ഇത്തരം പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്ന ചോദ്യത്തിന്ഒരിക്കലും സഹതാപമല്ല സ്നേഹമാണ്, സ്നഹം ഉള്ളതുകൊണ്ടാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത്. ദൈവം നമുക്ക് ജീവിക്കാനുള്ളത് തരുന്നുണ്ട്. അതിൽ നിന്നും കുറച്ച് എടുത്ത് മറ്റുള്ളവർക്ക് സഹായിക്കുന്നു അത്രമാത്രം എന്നാണ് റീനയ്ക്ക് പറയാനുള്ളത്. എംവി ഹൈറ്റ്സ് 7 ബി.എ കമ്പനിപ്പടി ആലുവയിലാണ് റീനയും ഭർത്താവ് ജീവനും താമസം. പൊലീസ് അസോസിയേഷനും റെയിൽവേയും റീനയുടെ പ്രവർത്തികളെ ആദരിച്ചിട്ടുണ്ട്. സൗത്ത് റെയിൽവേ പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും പൂർണ്ണ പിൻതുണയുമായി റീനയ്ക്കൊപ്പം തന്നെയുണ്ട്. കാക്കിക്കുള്ളിൽ കരുണയുടെ തെളി നീരൊഴുക്കി ഇനിയും തെരുവിലലയുന്നവർക്ക് സ്വാന്ത്വനമേകാൻ റീന കൊച്ചിയിൽ തന്നെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP