Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപിന്റെ സമർത്ഥമായ നീക്കങ്ങൾ അവസാനിപ്പിക്കുന്നത് തിയേറ്റർ ഉടമകളുടെ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യം; ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ കൈ ഉയർത്തി ലിബർട്ടി ബഷീർ നഷ്ടപ്പെടുത്തിയത് കക്ഷത്തിൽ ഇരിക്കുന്നത് കൂടി; സിനിമാ മേഖലയെ ഒരു പതിറ്റാണ്ട് കൈവെള്ളയിൽ നിയന്ത്രിച്ച ഒറ്റയാന്റെ ഹുങ്ക് ചരിത്രമാകുമ്പോൾ

ദിലീപിന്റെ സമർത്ഥമായ നീക്കങ്ങൾ അവസാനിപ്പിക്കുന്നത് തിയേറ്റർ ഉടമകളുടെ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യം; ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ കൈ ഉയർത്തി ലിബർട്ടി ബഷീർ നഷ്ടപ്പെടുത്തിയത് കക്ഷത്തിൽ ഇരിക്കുന്നത് കൂടി; സിനിമാ മേഖലയെ ഒരു പതിറ്റാണ്ട് കൈവെള്ളയിൽ നിയന്ത്രിച്ച ഒറ്റയാന്റെ ഹുങ്ക് ചരിത്രമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ തൊഴിലാളികളുടെ സംരക്ഷണത്തിന് തുടങ്ങിയതായിരുന്നു മാക്ട. പിന്നീട് അത് വിനയന്റെ നേതൃത്വത്തിലെത്തി. ഇതോടെ തൊഴിലാളി സംരക്ഷണത്തിന്റെ പേരിൽ സമരങ്ങൾ സജീവമായി. ഇതോടെ എന്തിനും ഏതിനും ഷൂട്ടിങ് മുടങ്ങുന്ന അവസ്ഥ. ഈ സമയത്ത് ഏവരും ഒരുമിച്ച് ഫെഫ്കയെന്ന സംഘടനയ്ക്ക് രൂപം നൽകി. സൂപ്പർതാരങ്ങളുടെ ആശിർവാദത്തോടെയായിരുന്നു ഇത്. പിന്നീട് മാക്ടയെന്ന സംഘടനയുടെ ആധിപത്യം മലയാള സിനിമയിൽ അവസാനിച്ചു. ഇതിന് സമാനമായിരുന്നു ഇപ്പോഴത്തെ നീക്കങ്ങളും. ഇവിടെ നേതൃത്വം നൽകാൻ ജനപ്രിയ നായകൻ തന്നെ എത്തി. പിണക്കങ്ങളെല്ലാം മറന്ന് മോഹൻലാലും മമ്മൂട്ടിയും ഒക്കെ നീക്കത്തെ പിന്തുണച്ചു. ഇതോടെ ലിബർട്ടി ബഷീറെന്ന അതികായകൻ തകർന്നടിഞ്ഞു.

കോടികളുടെ മുതൽമുടക്കിലാണ് ഓരോ സിനിമയും നിർമ്മിച്ചത്. ഇത് തിയേറ്ററിലെത്തുമ്പോൾ കളക്ഷൻ 40 ശതമാനം തിയേറ്ററുകൾക്ക് കിട്ടും. തിയേറ്ററുകൾ കെട്ടുകയെന്നത് മാത്രമാണ് ചെലവ്. അവിടുത്തെ ജീവനക്കാർക്ക് ശമ്പളവും നൽകണം. സിനിമയുടെ പരസ്യവും മറ്റെല്ലാം വിതരണക്കാരും നിർമ്മാതാക്കളും. അതായത് നിർമ്മാണ പ്രക്രിയ മുതൽ എല്ലാം നിർമ്മാതാവും വിതരണക്കാരും ചെയ്യും. തിയേറ്റർ കൊടുക്കുന്നയാൾക്ക് പ്രേക്ഷകൻ കൊടുക്കുന്നതിന്റെ 40ശതമാനം കിട്ടും. ബാക്കി അറുപത് ശതമാനം കൊണ്ട് പിടിച്ചു നിൽക്കാനാവാത്ത പല നിർമ്മാതാക്കളും ആത്മഹത്യയുടെ വക്കിൽ പോലും എത്തി. ഇതിനിടെയാണ് സിനിമയ്ക്ക് പുതു ജീവൻ നൽകി പുലിമുരുകൻ എത്തിയത്. ഈ സിനിമ 150 കോടി കളക്റ്റ് ചെയ്ത വാർത്തകൾ വായിച്ച് ലിബർട്ടി ബഷീർ അന്തം വിട്ടു. ഇതോടെ പുതിയ നിബന്ധന വന്നു. ഞങ്ങൾക്കും വേണം പകുതി കളക്ഷൻ.

ഇത് അംഗീകരിച്ചാൽ മുടക്ക് മുതൽ പോലും തിരിച്ചു കിട്ടില്ലെന്ന് സിനിമാ നിർമ്മതാക്കൾ തിരിച്ചറിഞ്ഞു. ക്രിസ്മസ് കളക്ഷൻ ആഗ്രഹിക്കുന്ന നിർമ്മാതാക്കൾ വഴങ്ങുമെന്ന് കരുതി സമര പ്രഖ്യാപനം നടത്തി. നോട്ട് നിരോധനത്തിൽ ഉഴലുന്ന സർക്കാർ ഖജനാവിലേക്കുള്ള ഉൽസവകാലത്തെ നികുതി വേണ്ടെന്ന് വയ്ക്കില്ലെന്നും കരുതി. അതുകൊണ്ട് തന്നെ അമ്പത് ശതമാനം കിട്ടിയില്ലെങ്കിലും 45 എങ്കിലും കിട്ടുമെന്ന് ലിബർട്ടി ബഷീർ കരുതി. ഇവിടെയാണ് അടി തെറ്റിയത്. കിട്ടുന്നത് കിട്ടട്ടേയെന്ന ആലോചനയിൽ പ്രഖ്യാപിച്ച സമരം അക്ഷരാർത്ഥത്തിൽ ലിബർട്ടി ബഷീറിനെ ആരുമല്ലാതെയാക്കി. ഇനി ലിബർട്ടി ബഷീറിന് മലയാള സിനിമയിൽ പഴയ പ്രതാപിമില്ല. സർക്കാരും സിനിമാ മേഖലയും ചേർന്ന് കരുത്ത് വെട്ടിയെടുത്തിരിക്കുന്നു. പത്തുകൊല്ലം മുമ്പാണ് ലിബർട്ടി ബഷീർ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തലപ്പത്ത് എത്തിയത്. അതിന് രണ്ട് കൊല്ല മുമ്പ് ചെറിയ പദവയിലൂടെ സംഘടനയിലെത്തി. പ്രസിഡന്റായതോടെ സംഘടനയെ മൊത്തത്തിൽ വിഴുങ്ങുകയായിരുന്നു ഈ തലശ്ശേരിക്കാരൻ.

ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ താൻ കൂടതൽ കരുത്തനാകുമെന്നായിരുന്നു ലിബർട്ടി ബഷീറിന്റെ കണക്ക് കൂട്ടൽ. തലശ്ശേരി കേന്ദ്രീകരിച്ചായിരുന്നു ലിബർട്ടി ബഷീറിന്റെ ആസ്ഥാനം. ഇവിടെയാണ് തിയേറ്ററുകളും ഉള്ളത്. എ ക്ലാസ് തിയേറ്ററുകൾക്ക് വേണ്ടി ബി ക്ലാസ് തിയേറ്ററുകളെ തകർത്തു. വൈഡ് റിലീസിംഗിന് പാരവച്ചു തോൽപ്പിച്ചു. ഗണേശ് കുമാർ കൊണ്ടു വന്ന ആധുനിക വൽക്കരണവും അട്ടിമറിച്ചു. ഇതെല്ലാം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ചായിരുന്നു ലിബർട്ടി ബഷീർ സമർത്ഥമായി തകർത്തത്. ഇതെല്ലാം തിയേറ്റർ ഉടമകൾക്ക് കൈനഷ്ടം ഉണ്ടാക്കുന്ന തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളിൽ എ ക്ലാസ് തിയേറ്ററുകൾ ലിബർട്ടി ബഷീറിനെ അനുകൂലിച്ചു. അതുകൊണ്ട് തന്നെ ഒറ്റ പ്രസ്താവനയിലൂടെ സിനിമാ മേഖലയെ നിശ്ചലമാക്കാൻ ഈ തലശ്ശേരിക്കാരന് കഴിഞ്ഞു. നാക്കിന്റെ കരുത്ത് തന്നെയായിരുന്നു പ്രധാന ആയുധം.

അതുകൊണ്ട് തന്നെ ലിബർട്ടി ബഷീർ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വില്ലനായി. പലപ്പോഴും ലിബർട്ടി ബഷീറിന്റെ കരുത്ത് കുറയ്ക്കാനുള്ള നീക്കം പലരും നടത്തി. എന്നാൽ ഒന്നും സംഭവിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് സിനിമാ മന്ത്രിയായിരുന്ന കെബി ഗണേശ് കുമാർ ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നത് ലിബർട്ടി ബഷീറിനെ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ വിവാദങ്ങളിൽ കുടുങ്ങി ഗണേശ് മന്ത്രിസ്ഥാനം രാജിവച്ചതോടെ വീണ്ടും സിനിമയുടെ നിയന്ത്രണം ലിബർട്ടി ബഷീറിന്റെ കൈയിലെത്തി. വലിയ പ്രതിസന്ധികളെയാണ് സിനിമാ മേഖല കുറച്ചു കാലമായി നേരിട്ടത്. എന്നാൽ പുലിമുരുകന് എത്തിയത് പുതുപ്രതീക്ഷയായി. ഇതിന്റെ ആശ്വാസത്തിൽ ക്രിസ്മസ് റിലീസിന് മലയാള സിനിമ മുന്നോട്ട് പോയപ്പോഴായിരുന്നു ലിബർട്ടി ബഷീറിന്റെ സമര പ്രഖ്യാപനം. എന്തിനായിരുന്നു സമരമെന്ന് ആർക്കും മനസ്സിലായില്ല. ന്യായവും ഏവരും തള്ളി. അപ്പോഴും ലിബർട്ടി ബഷീറിനെ തള്ളിപ്പറയാനുള്ള ചങ്കൂറ്റം മറ്റ് തിയേറ്റർ ഉടമകൾ കാട്ടിയില്ല.

നേതൃത്വം ഏറ്റെടുക്കാൻ ആളില്ലാത്തതായിരുന്നു പ്രശ്‌നം. ലിബർട്ടി ബഷീർ എന്നും സിനിമയിലെ തിരുവനന്തപുരം ലോബിയെയായിരുന്നു ലക്ഷ്യമിട്ടത്. നിർമ്മാതാവ് സുരേഷ് കുമാറിനെ ലക്ഷ്യമിട്ടായിരുന്നു വിമർശനമെല്ലാം. ഇത് മനസ്സിലാക്കി കൂടിയാണ് കൊച്ചിയിൽ നിന്നുള്ള ദിലീപ് കരുനീക്കങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്. എല്ലാ പിന്തുണയുമായി സുരേഷ് കുമാർ ഒപ്പം നിന്നു. ഇതോടെ കാവ്യയുമായുള്ള വിവാഹമുണ്ടാക്കിയ പൊല്ലാപ്പുകൾ ദിലീപിനെ വിട്ടൊഴിഞ്ഞു. മോഹൻലാലും മമ്മൂട്ടിയും പോലും ദിലീപിന് കൈയടിയുമായെത്തി. അങ്ങനെ കൊച്ചി-തിരുവനന്തപുരം ലോബികൾ ഒരുമിച്ചു. ലിബർട്ടി ബഷീർ അടിതെറ്റി വീണു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കരുത്ത് പൂർണ്ണമായും ചോർത്തിയായിരുന്നു ദിലീപ് പ്രതിസന്ധി പരിഹരിച്ചത്. നടനിൽ നിന്ന് നിർമ്മാതാവിലൂടെ തിയേറ്റർ ഉടമയായി മാറിയ ദിലീപിന്റെ കരുനീക്കത്തിന്റെ വിജയം.

കേരളത്തിൽ ഇനി തിയേറ്ററുകൾ അടച്ചിടുന്ന അവസ്ഥ ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നീക്കത്തിന്റെ നായകൻ താൻ തന്നെയാണെന്ന് ദിലീപ് പ്രഖ്യാപിക്കുകയു ംചെയ്തു. നിർമ്മാതാക്കളുമായുണ്ടാക്കിയ ധാരണ അനുസരിച്ച് ഇതിനുള്ള സൗകര്യം തിയേറ്റർ ഉടമകൾ ഒരുക്കിയേ പറ്റൂ. പുതിയ സംഘടനയ്ക്ക് നല്ല ഉദ്ദേശ്യം മാത്രമേയുള്ളൂ-ദിലീപ് പറഞ്ഞു. വിതരണക്കാരന്റെയും നിർമ്മാതാവിന്റെയും തിയേറ്റർ ഉടമയുടെയും വിഷമങ്ങൾ നന്നായി മനസ്സിലാവുന്ന ആളാണ് ഞാൻ. കാരണം ഞാനിപ്പോൾ ഒരു അഭിനേതാവ് മാത്രമല്ല, നിർമ്മാതാവും വിതരണക്കാരനും ഇപ്പോൾ ഒരു തിയേറ്റ ഉടമയുമാണ്. ഞാൻ കള്ളപ്പണം കൊണ്ടാണ് തിയേറ്റർ ഉണ്ടാക്കിയതെന്ന് ചിലർ പറയുന്നത് കേട്ടു. ഞാൻ അതിന് മറുപടി പറയാൻ നിന്നില്ല. എൺപത് ശതമാനം ലോണെടുത്താണ് ഞാൻ തിയേറ്റർ നിർമ്മിച്ചത്. ഈ സീസണിൽ സർക്കാറിനും തിയേറ്ററുടമകൾക്കും നിർമ്മാതാക്കൾക്കും ലഭിക്കേണ്ട ലാഭമാണ് സിനിമാ സമരത്തിന്റെ പേരിൽ നഷ്ടമായിരിക്കുന്നതെന്നും ദിലീപ് പറയുന്നു.

ഈ വാക്കുകളിൽ ഒളിഞ്ഞിരുന്ന തന്ത്രമാണ് ലിബർട്ടി ബഷീറിനെ തകർക്കാൻ ദിലീപ് ഉപയോഗിച്ചത്. നിരവധി തിയേറ്ററുകളുടെ പ്രവർത്തനം ലോൺ എടുത്ത് തന്നെയായിരുന്നു സുഗമമായി മുന്നോട്ട് പോയത്. ലിബർട്ടി ബഷീറിന് ഇത്തരം പ്രശ്‌നമൊന്നുമില്ല. അതുകൊണ്ട് ലിബർട്ടി ബഷീറിന്റെ താൽപ്പര്യങ്ങൾക്ക് നിന്നുകൊടുക്കാൻ കഴിയില്ലെന്ന ദിലീപിന്റെ വാദം മറ്റുള്ളവരും അംഗീകരിച്ചു. ഇടത് സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഒപ്പം കൂട്ടി. കാവ്യയുമായുള്ള കല്ല്യാണത്തിന് ഇന്നസെന്റ് എത്തിയിരുന്നില്ല. ഈ പിണക്കം മാറ്റാനും ഈ അവസരം ഉപയോഗിച്ചു. അങ്ങനെ അമ്മയുടെ പ്രസിഡന്റ് ദിലീപിന്റെ തന്ത്രങ്ങൾക്ക് സഹായവുമായെത്തി. മുഖ്യമന്ത്രിയെ കൊണ്ട് കടുത്ത നിലപാട് പ്രഖ്യാപിച്ചു. അങ്ങനെ സർ്ക്കാരിൽ നിന്ന് സഹായോ വേണ്ട മുത്തൂറ്റ് ഗ്രൂപ്പും മറ്റും ലിബർട്ടി ബഷീറിനെ കൈവിട്ടു.

തലശ്ശേരിക്കാരനായ ലിബർട്ടി ബഷീറിന് സിപിഐ(എം) പിന്തുണ ആവോളമുണ്ടെന്ന തോന്നലാണ് ദിലീപും കൂട്ടരും തകർത്തെറിഞ്ഞത്. സിനിമാ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യ നിലപാട് എടുത്തു. സമരം തുടങ്ങിയപ്പോൾ തന്നെ മന്ത്രി എകെ ബാലൻ യോഗം വിളിച്ചു. എന്നാൽ മന്ത്രിമാരെ കളിയാക്കുന്ന തരത്തിൽ ലിബർട്ടി ബഷീർ നിലപാട് എടുത്തപ്പോൾ ബാലന്റെ നീക്കങ്ങൾ പൊളിഞ്ഞു. ഇത് മുഖ്യമന്ത്രിയെ ബാലൻ അറിയിക്കുകയും ചെയ്തു. ഇതോടെ ലിബർട്ടി ബഷീറിനെ അടുപ്പിക്കേണ്ടതില്ലെന്ന തീരുമാനം പിണറായി എടുത്തു. സിനമാക്കാരെയെല്ലാം ഒരു കുടക്കീഴിൽ നിർത്താൻ ഇന്നസെന്റിനോട് ആവശ്യപ്പെട്ടതും മുഖ്യമന്ത്രിയായിരുന്നു. ഈ കൂട്ടായ്മയുടെ നേതാവായി ദിലീപെത്തിയതോടെ തളർന്നത് ലിബർട്ടി ബഷീറായിരുന്നു. സർക്കാരുമായി അടുത്ത് നിൽക്കുന്ന എല്ലാവരും കളം മാറി. പിണറായിയുമായി തെറ്റി തലശ്ശേരിയിൽ പിടിച്ചു നിൽക്കാനാവില്ലെ ബോധമെത്തിയപ്പോൾ സിനിമാ സമരം പിൻവലിച്ചു.

ഇതോടെ ലിബർട്ടി ബഷീറിന്റെ ആധിപത്യവും അവസാനിക്കുന്നു. പടം ഓടാൻ തിയേറ്റർ തരില്ലെന്ന വീമ്പു പറച്ചിൽ ഇനി അവസാനിക്കും. ഇതിന് വേണ്ടി കൂടിയാണ് നിർമ്മതാക്കളും സാങ്കേതിക പ്രവർത്തകരും നടന്മാരും എല്ലാം ചേർന്ന് ഒറ്റമനസ്സോടെ പുതിയ സംഘടനയുണ്ടാക്കുന്നത്. ഇനി സർക്കാരും ലിബർട്ടി ബഷീറിന്റെ സംഘടനയ്ക്ക് വലിയ പ്രാധാന്യം നൽകില്ല. ഇതിന് വേണ്ടി കൂടിയാണ് തിയേറ്റർ ഉടമകളുടെ സംഘടനയെ പിളർത്തിയത്. നിലവിൽ 300 ഓളം തിയേറ്ററുകൾ മറുകണ്ടം ചാടി. അത് ഇനിയും ഉയരും. ഇതോടെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ ലിബർട്ടി ബഷീറിന്റെ തിയേറ്ററുകൾ മാത്രമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP