Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലസ്ഥാനം സംഘർഷ ഭൂമിയായത് മേധാവിത്വം കൈവിട്ട് പോകാതിരിക്കാൻ സിപിഎമ്മും ആധിപത്യം പിടിച്ചെടുക്കാൻ ബിജെപിയും ശ്രമം ശക്തമാക്കിയതോടെ; സിപിഎമ്മിന്റെ പല പഴയ ഗുണ്ടകളും ഇപ്പോൾ ബിജെപിക്ക് സ്വന്തം; എല്ലായിടങ്ങളിലും കോൺഗ്രസ് പിന്നോട്ട് പോയപ്പോൾ തിരുവനന്തപുരം വളരുന്നത് കണ്ണൂർ മോഡലിലേക്ക്

തലസ്ഥാനം സംഘർഷ ഭൂമിയായത് മേധാവിത്വം കൈവിട്ട് പോകാതിരിക്കാൻ സിപിഎമ്മും ആധിപത്യം പിടിച്ചെടുക്കാൻ ബിജെപിയും ശ്രമം ശക്തമാക്കിയതോടെ; സിപിഎമ്മിന്റെ പല പഴയ ഗുണ്ടകളും ഇപ്പോൾ ബിജെപിക്ക് സ്വന്തം; എല്ലായിടങ്ങളിലും കോൺഗ്രസ് പിന്നോട്ട് പോയപ്പോൾ തിരുവനന്തപുരം വളരുന്നത് കണ്ണൂർ മോഡലിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പല്ലും നഖവും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്നതാണ് കണ്ണൂർ ശൈലി. ഇവിടെ സിപിഎമ്മും ബിജെപിയും പരസ്പരം പോരടിക്കുന്നു. വിട്ടുകൊടുക്കാനാവത്ത തോൽക്കാൻ മനസ്സില്ലാത്ത ഇടപെടലുകളാണ് കണ്ണൂർ രാഷ്ട്രീയത്തെ കൊലക്കളമാക്കുന്നത്. ഈ മാതൃക തിരുവനന്തപുരത്തെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരിനെക്കാൽ ഭീതി ജനകമായ അന്തരീക്ഷം തിരുവനന്തപുരത്തുണ്ടാകുമെന്നാണ് വിലിയിരുത്തൽ.

കണ്ണൂരിൽ രാഷ്ട്രീയ പോര് മാത്രമേ ഉള്ളൂ. തെരഞ്ഞെടുപ്പിലെ മത്സരം കോൺഗ്രസും സിപിഎമ്മും തമ്മിലാണ്. എന്നാൽ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിലും സിപിഎമ്മും ബിജെപിയും നേർക്കു നേർത്തുന്നു. തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം സിപിഎമ്മിനാണെങ്കിൽ പ്രതിപക്ഷത്ത് ബിജെപിയാണ്. കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള പോരാണ് തിരുവനന്തപുരത്തിന്റെ സംഘർഷത്തിന്റെ അടിസ്ഥാന പ്രശ്‌നം. എങ്ങനേയും വേരുറപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ സിപിഎമ്മും തിരിച്ചടിയിലൂടെ ആധിപത്യം നിലനിർത്താൻ ശ്രമിക്കുന്നു. വരും ദിവസങ്ങളിൽ ഇത് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ പൊലീസ് കരുതലുകൾ ശക്തമാക്കും. കോൺഗ്രസിന്റെ പിന്നോട്ട് പോക്കാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും വിലിയിരുത്തലുണ്ട്.

തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമോയെന്ന ഭയം സിപിഎമ്മിനെയും എങ്ങനെയും മുന്നിലെത്തുക എന്ന ആഗ്രഹം ബിജെപിയെയും സംഘർഷത്തിലേക്ക് എത്തിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പു മുതൽ തലസ്ഥാനത്തു വേരുറപ്പിക്കാൻ ബിജെപിക്കു വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. ആദ്യം കാര്യമായി കണ്ടില്ലെങ്കിലും കോൺഗ്രസ് സംഘടനാപരമായി ദുർബലമാണെന്ന തിരിച്ചറിവു തിരഞ്ഞെടുപ്പു ഫലത്തോടെ സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിച്ചു. പ്രത്യേകിച്ചു ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രണ്ടാമതായി എത്തി. പിന്നെ നേമത്ത് ജയിച്ചു. അതിനു പിന്നാലെയാണു കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ പിൻബലത്തോടെ ബിജെപി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പു തുടങ്ങിയത്. അതിനിടെയാണ് ഇടിത്തീ പോലെ മെഡിക്കൽ കോഴ വിവാദം ബിജെപി നേതൃത്വത്തിന്റെ തലയിൽ പതിച്ചത്. പിന്നീടായിരുന്നു എംജി കോളജിലും ഐരാണിമുട്ടം കോളജിലും നെടുമങ്ങാട്ടും കാട്ടാക്കടയിലുമൊക്കെ എസ്എഫ്‌ഐഎബിവിപി തർക്കവും സി.പി.എം ബിജെപി ഉരസലും. ഇതെല്ലാം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു.

കോഴ വിവാദത്തിൽനിന്നു ജനശ്രദ്ധ തിരിക്കാൻ സംഘർഷമാണു നല്ലവഴിയെന്നു ബിജെപിആർഎസ്എസ് നേതൃത്വത്തിലെ ഒരു വിഭാഗവും ഭരണത്തണലിൽ അലസമായി കഴിയുന്ന പാർട്ടി യന്ത്രം ചലിപ്പിക്കാനും അണികളെ ഊർജ്വസലമാക്കാനും അടിക്കു തിരിച്ചടി എന്ന തന്ത്രം പയറ്റാൻ സിപിഎമ്മിലെ ഒരു വിഭാഗവും കരുക്കൾ നീക്കിയെന്നു കരുതന്നവരുമുണ്ട്. അതോടെയാണു താഴെത്തട്ടിലെ അടിക്കു പകരമായി നേതാക്കളുടെ വീടും കാറും ലക്ഷ്യമാക്കി തിരിച്ചടി തുടങ്ങിയത്. കോഴ വിവാദത്തിൽനിന്നു വഴിതിരിച്ചുവിടാനുള്ള ബിജെപി തന്ത്രത്തിൽ വീഴരുതെന്ന നിർദ്ദേശം സി.പി.എം താഴെത്തട്ടിൽ നൽകിയിട്ടുണ്ട്. ഇത് താഴെ തട്ടിലെ സിപിഎമ്മുകാർ അംഗീകരിക്കുന്നില്ല. തിരുവനന്തപുരത്ത് സിപിഎമ്മിൽ നിന്ന് നിരവധി പേർ ബിജെപിയിൽ ചേരുന്നുണ്ട്. സിപിഎമ്മിന്റെ ഗുണ്ടാ മുഖമായിരുന്നു ഇവരിൽ പലരും. ഇതും സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നുണ്ട്. ബിജെപിയിൽ നിന്ന് പ്രവർത്തകരെ മറു കണ്ടം ചാടിക്കാനും സി.പി.എം ശ്രമിക്കുന്നു. അങ്ങനെ എല്ലാ തലത്തിലും സംഘർഷം വ്യാപകമാണ്.

ബിജെപി.-സി.പി.എം. സംഘർഷത്തിനിടെ തിരുവനന്തപുരത്ത് രണ്ടുദിവസത്തിനിടെ ആക്രമിക്കപ്പെട്ടത് 20 വീടുകൾ. ഇരുവിഭാഗത്തിന്റെയും പാർട്ടി ഓഫീസുകളിലും കൗൺസിലർമാരുടെ വീടുകളിലും വ്യാപക ആക്രമണം ഉണ്ടായി. ചാല, കളിപ്പാൻകുളം, ആറ്റുകാൽ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാത്രി പ്രധാനമായും സംഘർഷമുണ്ടായത്. കോർപ്പറേഷൻ കൗൺസിലറും ഡിവൈഎഫ്ഐ. നേതാവുമായ ഐ.പി. ബിനു, കൗൺസിലർ റസിയ, ബിജെപി. കൗൺസിലർമാരായ ബീന, കെ.പി. രമേഷ്, സി.പി.എം. ചാല ഏരിയാസെക്രട്ടറി എസ്.എ. സുന്ദർ തുടങ്ങിയവരുടെ വീടുകൾക്കുനേരേയാണ് ആക്രമണമുണ്ടായത്. ഡിവൈഎഫ്ഐ. ചാല ഏരിയാസെക്രട്ടറി ഉണ്ണിക്ക് മർദനമേറ്റു. സംഘർഷങ്ങളെത്തുടർന്ന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് കർശനസുരക്ഷ ഏർപ്പെടുത്തി. കനത്ത പൊലീസ് സുരക്ഷയിലാണു നഗരം. മൂന്നു ദിവസത്തേക്കു നഗരത്തിൽ പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പുലർച്ചെയാണ് ബിജെപി. ആസ്ഥാനം ആക്രമിച്ചത്. ബൈക്കിലെത്തിയ സംഘത്തെ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസുകാരൻ പ്രഥ്യുഞ്ജയകുമാർ തടഞ്ഞു. അക്രമികൾ വന്ന ബൈക്കിന്റെ നമ്പർ ശേഖരിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ബിനുവിന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചു. പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം എസ്.ഐ. അക്രമം തടയാനോ പ്രതികളെ പിടികൂടാനോ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഈസമയം മറ്റ് പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. പതിനഞ്ചുമിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. പരിക്കേറ്റ പ്രഥ്യുഞ്ജയകുമാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് നേതൃത്വം നൽകിയത് ഡിവൈഎഫ് ഐ നേതാവും കൗൺസിലറുമായ ഐപി ബിനുവായിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെ നേതാക്കൾ ഈ സമയത്ത് ഓഫിസിലുണ്ടായിരുന്നു. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെ പുലർച്ചെ മൂന്നരയോടെയാണ് അക്രമമുണ്ടായത്. രാവിലെ അഞ്ചരയോടെ ആയുർവേദ കോളജിനു സമീപമുള്ള എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. ബിജെപി ഓഫിസിനു മുന്നിൽ കാവൽ നിന്ന കെഎപി അഞ്ച് ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നീ പൊലീസുകാരെയാണ് അക്രമം തടയാൻ ശ്രമിക്കാതിരുന്നതിനു സസ്‌പെൻഡ് ചെയ്തത്. ബിജെപി. ഓഫീസ് ആക്രമിച്ചവർക്കെതിരേ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർചെയ്തു. സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ, കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണൽ കെ.ഇ. ബൈജു എന്നിവർ സ്ഥലത്തെത്തി. കഴിഞ്ഞ സെപ്റ്റംബറിലും ബിജെപി. സംസ്ഥാന കാര്യാലയത്തിനുനേരേ ബോംബെറിഞ്ഞിരുന്നു.

തലസ്ഥാന നഗരത്തിൽ രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നതായി ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ. വ്യാഴാഴ്ച രാത്രി ഒൻപതു മണിക്കു തന്നെ പൊലീസിനു രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. പാർട്ടി ഓഫിസുകൾക്കും നേതാക്കൾക്കും നേരെ ആക്രമണ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടെന്നു മുഹമ്മദ് യാസിൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണു പാർട്ടി ഓഫിസുകൾക്കു പൊലീസ് സംരക്ഷണം ഒരുക്കിയത്. സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ തുടർസംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. ജാഗ്രത പുലർത്താൻ ഉത്തരമേഖല എഡിജിപിക്കും തൃശൂർ റേഞ്ച് ഐജിക്കും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മുഹമ്മദ് യാസിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP