Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട വികെ രാജഗോപാലിനെ ശബരിമല ലെയ്സൺ ഓഫീസറാക്കി നിയമിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്: രാജഗോപാൽ ബിജെപി ആർഎസ്എസ് അനുഭാവിയെന്ന് പാർട്ടിക്കാർ: അണികളിലും നേതാക്കളിലും പ്രതിഷേധം ശക്തമായപ്പോൾ നിയമനം റദ്ദാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്: ദേവസ്വം നിയമനങ്ങളിൽ പത്മകുമാർ ഇഷ്ടക്കാരെ തിരുകുന്നോ?

മുഖ്യമന്ത്രിയെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട വികെ രാജഗോപാലിനെ ശബരിമല ലെയ്സൺ ഓഫീസറാക്കി നിയമിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്: രാജഗോപാൽ ബിജെപി ആർഎസ്എസ് അനുഭാവിയെന്ന് പാർട്ടിക്കാർ: അണികളിലും നേതാക്കളിലും പ്രതിഷേധം ശക്തമായപ്പോൾ നിയമനം റദ്ദാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്: ദേവസ്വം നിയമനങ്ങളിൽ പത്മകുമാർ ഇഷ്ടക്കാരെ തിരുകുന്നോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കടുത്ത ആർഎസ്എസ് ബിജെപി അനുഭാവിയും ഹൈന്ദവ സംഘടനകളുടെ നേതാവുമായിരുന്ന വികെ രാജഗോപാലിനെ ശബരിമല ലെയ്സൺ ഓഫീസർ ആയി നിയമിച്ചു കൊണ്ടുള്ള തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവലിച്ചു. സിപിഎം അണികളിലും നേതൃത്വത്തിലുമുണ്ടായ കടുത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിച്ചിരിക്കുന്നത്. സിപിഎം ജില്ലാ നേതൃത്വം ഇയാളെ ഒഴിവാക്കാൻ പത്മകുമാറിന് കർശന നിർദ്ദേശം നൽകിയതോടെ ദേവസ്വം ബോർഡ് പ്രസിഡന്റിന് വഴങ്ങേണ്ടി വരികയായിരുന്നു. ഇഷ്ടക്കാരെ പാർട്ടിയും പദവിയും ഒന്നും നോക്കാതെ നിയമിക്കാനുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കുതിപ്പിന് കൂടിയാണ് കടിഞ്ഞാൺ വീണിരിക്കുന്നത്.

ശബരിമല ലെയ്സൺ ഓഫീസറായി റാന്നി സ്വദേശി വികെ രാജഗോപാലിനെ നിയമിച്ചത് രണ്ടാഴ്ച മുമ്പാണ്. ആരും ഈ വിവരം അറിഞ്ഞിരുന്നില്ല. സർക്കാരും, പാർട്ടിയും അറിഞ്ഞാണോ രാജഗോപാലിന്റെ നിയമനം എന്ന് വ്യക്തമാക്കണമെന്ന് അന്ന് തന്നെ ആവശ്യം ഉയർന്നിരുന്നു. ഗ്രാമസേവകൻ ആയി സർക്കാർ സർവീസിൽ നിന്നും വിരമിച്ച രാജഗോപാലൻ നായർ, അയ്യപ്പ സേവാസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, കേരള ഹിന്ദു മത പാഠശാല അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും, ചെറുകോൽപ്പുഴ ഹിന്ദു മഹാമണ്ഡലം ഭാരവാഹിയും ആണ്. കടുത്ത ആർഎസ്എസ്-ബിജെപി അനുഭാവിയായിട്ടാണ് അറിയപ്പെടുന്നത്. കുമ്മനം രാജശേഖരന്റെ നോമിനിയായിട്ടാണ് രാജഗോപാലനെ നിയമിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു.

ഫേസ് ബുക്കിലൂടെ നിരവധി വർഗീയ പോസ്റ്റുകൾ രാജഗോപാലൻ ഷെയർ ചെയ്തുവെന്നും പാർട്ടി നേതാക്കൾ ആരോപിച്ചിരുന്നു. മെയ് 10ന് മുസ്ലിം സമുദായം നോമ്പ് തുടങ്ങുന്ന സമയത്ത് കെഎസ്ആർടിസി നോമ്പ് നിസ്‌കാരത്തിനായി അവസരം നൽകിയപ്പോൾ മുഖ്യമന്ത്രിയെ കളിയാക്കിയും രാജഗോപാൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. രൂക്ഷമായ ആരോപണങ്ങളാണ് പത്മകുമാറിനും പാർട്ടിക്കും എതിരേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

പാർട്ടി പതാക ശവപ്പെട്ടിയിൽ പൊതിഞ്ഞു കത്തിക്കുകയും, പിണറായിയുടെ കോലം കത്തിക്കുകയും ചെയ്ത ആളുകൾ ആണ് ഇപ്പോൾ പാർട്ടിയുടെ ബന്ധുക്കൾ. ഇത്തരം ആളുകളെ നിയമിക്കുന്നത് ശബരിമലയിൽ സവർണ്ണ മേധാവിത്വം കൈയടക്കുന്നതിന്റെ ഭാഗം ആയിട്ടാണ്. പിന്നോക്ക വിഭാഗങ്ങളോട് അയിത്തം കല്പിക്കുന്ന രാജഗോപാലൻ നായർ ശബരിമലയിൽ ലെയ്സൺ ഓഫീസർ ആയതോെട ശബരിമലയിൽ ദർശനത്തിനു എത്തുന്ന പിന്നോക്ക അധഃസ്ഥിത നേതാക്കളുടെ ഗതി അധോഗതി ആയി മാറുന്നുവെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പ്രചരിച്ചിരുന്നു.

എട്ടു വർഷം മുൻപ് ദേവസ്വം ബോർഡ് നിർത്തലാക്കിയ തസ്തികയാണ് ലെയ്സൺ ഓഫീസർ. അതാണ് പുനഃസ്ഥാപിച്ച് രാജഗോപാലൻ നായരെ നിയമിച്ചത്. ശബരിമലയിൽ വിഐപികളെ പ്രത്യേകം പരിഗണന നൽകി ദർശനം നടത്താൻ വ്യാപകമായി പണം ഈടാക്കുകയും, താമസ സൗകര്യത്തിനായി കൈക്കൂലി വാങ്ങുകയും ചെയ്യുന്നുവെന്ന് പരാതി ഉയർന്നപ്പോഴാണ് ഈ തസ്തിക നിർത്തലാക്കിയത്. നിലവിൽ ശബരിമലയിലും, പമ്പയിലും പിആർഓയും ഇൻഫർമേഷൻ ഓഫീസുകളും ഉണ്ടെന്നിരിക്കേ ഇരിക്കെ ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത് വ്യാപകമായ അഴിമതിക്ക് കളം ഒരുക്കാൻ വേണ്ടി മാത്രം ആണെന്നും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നു. ദേവസ്വം ബോർഡ് പ്രസിഡന്റിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു രാജഗേപാലൻ നായരുടെ നിയമനം.

സിപിഎം ജില്ലാ കമ്മിറ്റിയോ, റാന്നി ഏരിയ കമ്മിറ്റിയോ, ജില്ലാ സെക്രട്ടേറിയേറ്റോ നിയമനത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി പത്മകുമാർ വന്നതിനു ശേഷം സർക്കാരും, പാർട്ടിയും ആയി യാതൊരു ബന്ധവും ഇല്ലാത്ത തരത്തിൽ പിന്നോക്ക അധഃസ്ഥിത വിഭാഗങ്ങളെ മനപ്പൂർവം ഒഴുവാക്കുന്ന തരത്തിൽ ഉള്ള പ്രവത്തനങ്ങൾ ആണ് നടക്കുന്നതെന്നും സോഷ്യൽ മീഡിയയിലൂടെ സഖാക്കൾ പ്രതികരിച്ചു. ഇതേപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യം കൂടി ഉയർന്നതോടെയാണ് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പത്മകുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടത്. തക്കതായ മറുപടി നൽകാൻ പത്മകുമാറിന് കഴിയാതെ വന്നതോടെ ലെയ്സൺ ഓഫീസർ നിയമനം റദ്ദാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP