Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്തിമ റിപ്പോർട്ട് മയപ്പെടുത്താൻ അനുമപയ്ക്ക് മേൽ കടുത്ത സമ്മർദ്ദം; അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറയാതെ മുഖ്യമന്ത്രി എം വി ജയരാജനെ സമാന്തര അന്വേഷണത്തിന് ചുമതലപ്പെടുത്തി; കളക്ടറുടെ അന്വേഷണത്തിന്റെ മേൽ മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും കണ്ണ്; സർക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ എങ്ങും കരുതൽ; പണക്കൊഴുപ്പിൽ ഘടകകക്ഷികളെ നിയന്ത്രണത്തിൽ നിർത്താൻ ഉറച്ച് കുവൈറ്റ് ചാണ്ടിയും

അന്തിമ റിപ്പോർട്ട് മയപ്പെടുത്താൻ അനുമപയ്ക്ക് മേൽ കടുത്ത സമ്മർദ്ദം; അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറയാതെ മുഖ്യമന്ത്രി എം വി ജയരാജനെ സമാന്തര അന്വേഷണത്തിന് ചുമതലപ്പെടുത്തി; കളക്ടറുടെ അന്വേഷണത്തിന്റെ മേൽ മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും കണ്ണ്; സർക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ എങ്ങും കരുതൽ; പണക്കൊഴുപ്പിൽ ഘടകകക്ഷികളെ നിയന്ത്രണത്തിൽ നിർത്താൻ ഉറച്ച് കുവൈറ്റ് ചാണ്ടിയും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടു കലക്ടർ നടത്തുന്ന അന്വേഷണത്തിൽ അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ ഇടത് മുന്നണിയുടെ മുൻ കരുതൽ. പ്രതിപക്ഷ പാർട്ടികളും സമരം വാക്കുകളിൽ മാത്രം ഒതുക്കുകയാണ്. അഴിമതിക്കെതിരെ ആഞ്ഞടിക്കുന്ന ഇടതു പക്ഷത്തെ ഘടകകക്ഷികൾക്കും മിണ്ടാട്ടമില്ല. എല്ലാവരും സ്വന്തം മന്ത്രിയെ ആരോപണങ്ങളിൽ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. പിണറായി വിജയൻ അധികാരത്തിലെത്തി ഒന്നര വർഷത്തിനിടെ രണ്ട് മന്ത്രിമാർ രാജിവച്ചു. ഇനിയൊരു മന്ത്രിയേയും ആരോപണ വിധേയനായി രാജിവയ്ക്കാൻ അനുവദിക്കരുതെന്നാണ് സി.പി.എം നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ചാണ്ടി രാജി വയ്ക്കുന്നതിനോട് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ആലപ്പുഴയിലെ കൈയേറ്റങ്ങളിൽ തോമസ് ചാണ്ടിക്ക് യാതൊരു പരിക്കും ഉണ്ടാകില്ല.

മന്ത്രിയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കളക്ടർ അനുപമ നടത്തുന്ന അന്വേഷണം നിർണ്ണായകമാണ്. അതുകൊണ്ട് കൂടിയാണ് കളക്ടറുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസും റവന്യു വകുപ്പും നിരീക്ഷണത്തിന് സംവിധാനം ഒരുക്കുന്നത്. തങ്ങൾ ഉദ്ദേശിച്ച രീതിയിലല്ല കലക്ടറുടെ അന്വേഷണം മുന്നോട്ടുപോകുന്നത് എന്നതിനാലാണു റവന്യു വകുപ്പിന്റെ നിരീക്ഷണം. അനുപമയെ സ്വാധീനിക്കാനും കാര്യങ്ങൾ ചാണ്ടിക്ക് അനുകൂലമാക്കാനും ശ്രമം നടക്കുന്നുണ്ട്. അതിനിടെ ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ പരിശോധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവ പൊളിറ്റിക്കൽ സെക്രട്ടറി എം വി ജയരാജനു കൈമാറി. നിയമോപദേശം സ്വീകരിക്കുക, നിയമലംഘനങ്ങളുടെ നിജസ്ഥിതി അറിയുക, തോമസ് ചാണ്ടിയുടെ വാദങ്ങളുടെയും കൈവശമുള്ള രേഖകളുടെയും സാധുത പരിശോധിക്കുക എന്നീ ചുമതലകളാണു നൽകിയിരിക്കുന്നത്. കളക്ടറുടെ റിപ്പോർട്ട് എതിരായാലും മന്ത്രിയെ രക്ഷിക്കാനുള്ള സൂചനകൾ ഈ അന്വേഷണത്തിലൂടെ ഒപ്പിച്ചെടുക്കാനെന്നാണ് സൂചന.

വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. അനൗദ്യേഗിക അന്വേഷണം തുടരുന്നതിനാലാണു മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നാണു സൂചന. മൂന്നാമതൊരു മന്ത്രിക്കെതിരെ കൂടി ആരോപണം വന്ന സാഹചര്യത്തിൽ പാർട്ടിയിലും മുന്നണിയിലും ചർച്ചയ്ക്കും സർക്കാർ ഏജൻസികളുടെ അന്വേഷണത്തിനും ഒപ്പം സ്വയം പഠിക്കുക എന്നതാണു മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. കലക്ടറുടെ റിപ്പോർട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം വഴിമാറിയോ എന്ന സംശയം റവന്യു വകുപ്പിൽ ശക്തമാണ്. കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിനു ശേഷം സമഗ്രമായ അന്വേഷത്തിനു സമിതിയെ വയ്ക്കാനായിരുന്നു റവന്യു വകുപ്പിന്റെ ഉദ്ദേശ്യം. സ്റ്റാറ്റസ് റിപ്പോർട്ടിനു പകരം ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച കലക്ടർ, തെളിവെടുപ്പ് അടക്കമുള്ള തുടർനടപടിയിലേക്കു പോയതോടെ ചില സൂചനകൾ സർക്കാരിന് കിട്ടി. ഇതോടെയാണ് ബദൽ സംവിധാനങ്ങളെത്തിയത്.

ഇന്നു രണ്ടിനു കലക്ടർ ടി.വി.അനുപമ നടത്തുന്ന തെളിവെടുപ്പിനായി ഒരുക്കിയ രേഖകൾ തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചു. ലേക് പാലസ് റിസോർട്ടിൽ നിന്ന് ഇന്നലെ കൊച്ചിക്കു പോയ തോമസ് ചാണ്ടി ഇന്നു തിരുവനന്തപുരത്തെത്തും. ലേക് പാലസ് റിസോർട്ട് നടത്തുന്ന വാട്ടർ വേൾഡ് ടൂറിസം കമ്പനി ഡയറക്ടർ മാത്യു ജോസഫ് മാപ്പിളശേരി തെളിവെടുപ്പിൽ ഹാജരാകും. അഭിഭാഷകൻ, ഓരോ മേഖലയിലെയും വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രേഖകൾ തയാറാക്കി. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട നെൽവയൽ പരിവർത്തനം നടത്തിയതു സംബന്ധിച്ചു മാത്രമാണു തെളിവെടുപ്പ്. റോഡിനു സമീപത്തെ 60 സെന്റ് പാർക്കിങ് ഗ്രൗണ്ട് നികത്തിയതാണു പ്രധാന ലംഘനമായി നോട്ടിസിലുള്ളത്. ഈ ഭാഗം പണ്ടു മുതലേ നികന്നു കിടന്നതാണ് എന്നു തെളിയിക്കാൻ വനം വകുപ്പിൽ നിന്ന് അവിടെ നിൽക്കുന്ന വൃക്ഷങ്ങളുടെ പഴക്കം അടക്കമുള്ള രേഖകൾ സജ്ജമാക്കിയിട്ടുണ്ട്. അങ്ങനെ സർക്കാരിലെ എല്ലാ വകുപ്പുകളും തോമസ് ചാണ്ടിക്ക് വേണ്ടി ഉണർന്നു പ്രവർത്തിക്കുന്നു.

ആക്ഷേപങ്ങൾക്കുള്ള വിശദീകരണം രേഖകൾ സഹിതം എൽഡിഎഫിന്റെ പ്രധാന നേതാക്കൾക്കു നൽകാനാണ് ചാണ്ടിയുടെ ക്യാംപ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാംഗങ്ങൾക്കും ഈ രേഖകൾ കൈമാറും. ഇതിനിടെ എൻസിപിയിൽ ഇതിനിടെ തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തമാണ്. പരാതികൾ ഇമെയിലായി കേന്ദ്ര നേതൃത്വത്തിനു പ്രവഹിക്കുകയാണ്. കേന്ദ്രസംസ്ഥാന നേതൃത്വത്തിലുള്ള സ്വാധീനംകൊണ്ട് ഇതിനെ മറികടക്കാനാവുമെന്ന പ്രതീക്ഷയാണു തോമസ് ചാണ്ടിക്കുള്ളത്. തോമസ് ചാണ്ടി, സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ, എ.കെ.ശശീന്ദ്രൻ എംഎൽഎ എന്നിവരോട് 29നു ഡൽഹിയിലെത്താൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശരദ് പവാർ ഇവരോടു സംസാരിക്കുമെന്നാണു വിവരം. തോമസ് ചാണ്ടിക്ക് വേണ്ടിയാണ് ഇതെന്നും സൂചനയുണ്ട്.

അതിനിടെ മന്ത്രിക്കെതിരെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പ്രോസിക്യൂഷൻ നടപടി ആരംഭിക്കുന്നതിന് നെൽവയൽ തണ്ണീർത്തട നിയമം 12(1) അനുശാസിക്കുംവിധം റവന്യു ഡിവിഷനൽ ഓഫിസറെ ചുമതലപ്പെടുത്തി ഉത്തരവു നൽകണമെന്നു റവന്യുമന്ത്രിക്കു നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനുവേണ്ടി പാർക്കിങ് സ്ഥലം നിർമ്മിച്ചതു കായൽ നികത്തിയാണെന്നു കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കയ്യേറ്റം സ്ഥിരീകരിച്ചതായും ഒരു മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനം നഗ്‌നമായ നിയമലംഘനം നടത്തി സർക്കാർ ഭൂമി കയ്യേറിയതു ന്യായീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ പ്രസ്താവനയ്ക്ക് അപ്പുറമുള്ള ഇടപെടലൊന്നും ചെന്നിത്തലയോ പ്രതിപക്ഷമോ നടത്തുന്നില്ല. ബിജെപിയും പേരിന് വേണ്ടി മാത്രമായി പ്രതിഷേധം ഒതുക്കി.

ഭൂമി കൈയേറ്റത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രാഥമിക തെളിവുണ്ടെന്ന് ഏവരും പറഞ്ഞിട്ടും ആരും വേണ്ട വിധത്തിൽ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കേരളത്തിലെ എല്ലാ പാർട്ടികളുടേയും മന്ത്രിയാണ് തോമസ് ചാണ്ടിയെന്ന പ്രവാസിയെന്ന വാദം ശരിവയ്ക്കുന്ന മൗനം. വി എസ് അച്യുതാനന്ദൻ ഇറക്കിയ പ്രസ്താവന മാത്രമാണ് വേറിട്ടത്. ഭൂമി ഇടപാടുകൾ സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് അനൗദ്യോഗികമായി മുഖ്യമന്ത്രി നേരിട്ടു രേഖകൾ പരിശോധിച്ചത്. മന്ത്രി തോമസ് ചാണ്ടിയെ നേരിട്ടു വിളിച്ച് എല്ലാ രേഖകളും എത്തിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ലേക് പാലസ് റിസോർട്ട്, ലേക് പാലസിനു സമീപത്തുള്ള സീറോ ജെട്ടിവലിയകുളം റോഡ് എന്നിവയുടെ നിർമ്മാണ രേഖകൾ, റിസോർട്ടിനു മുന്നിലെ കായലിൽ ബോയകൾ സ്ഥാപിച്ചതിന്റെ അനുമതി രേഖകൾ, മാർത്താണ്ഡം കായലിന്റെ ഉടമസ്ഥതയും ഭൂമിയും സംബന്ധിച്ച രേഖകൾ, മാത്തൂർ ദേവസ്വം ഭൂമിയുടെ കൈമാറ്റ രേഖകൾ എന്നിവയാണു മുഖ്യമന്ത്രി പരിശോധിച്ചത്. കലക്ടർ നടത്തുന്ന ഹിയറിങ്ങിനു മുന്നോടിയായാണു ചർച്ച നടത്തിയതെന്നാണു വിശദീകരണം.

ലേക് പാലസ് റിസോർട്ടിന്റെ നിർമ്മാണം, സമീപത്തെ റോഡ് നിർമ്മാണം, മാർത്താണ്ഡം കായൽ നികത്തൽ, കായലിൽ ബോയ സ്ഥാപിക്കൽ, മാത്തൂർ ഭൂമി ഇടപാട് തുടങ്ങി പല ആരോപണങ്ങൾ ഉണ്ടെങ്കിലും റിസോർട്ടിനു സമീപത്തെ റോഡിനരികെ 60 സെന്റ് സ്ഥലം നികത്തിയതു സംബന്ധിച്ചു മാത്രമാണു നാളെ തെളിവെടുപ്പു നടത്തുന്നത്. എല്ലാ വിഷയങ്ങളും അന്വേഷിച്ച് ഒരുമിച്ച് റിപ്പോർട്ട് നൽകിയാൽ മതിയെന്നു റവന്യു വകുപ്പ് നിർദ്ദേശം നൽകിയെങ്കിലും നിലം നികത്തൽ സംബന്ധിച്ചു മാത്രമാണു കലക്ടർ ഇടക്കാല റിപ്പോർട്ട് നൽകിയത്. കലക്ടർക്കു പൂർണവും വിപുലവുമായ അധികാരം നൽകുന്ന നെൽവയൽതണ്ണീർത്തട നിയമം ഉപയോഗിച്ചാണു തെളിവെടുപ്പിനു വിളിച്ചിരിക്കുന്നത്. ലേക് പാലസിന്റെ ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടർക്കാണു തെളിവെടുപ്പിനുള്ള നോട്ടിസ് നൽകിയിട്ടുള്ളത്. ഉടമ മന്ത്രി തോമസ് ചാണ്ടിയാണെങ്കിലും മാനേജിങ് ഡയറക്ടർ ബന്ധുവായ ജോൺ ജോസഫാണ്.

റിസോർട്ടും ഭൂമിയും അനുബന്ധ വസ്തുക്കളും ഡയറക്ടർ ജോസ് മാത്യു മാപ്പിളശേരിയുടെ പേരിലുള്ളതാണ്. അതിനിടെ ദേവസ്വം അവകാശം ഉന്നയിച്ച മാത്തൂർ ഭൂമി വിൽപന സംബന്ധിച്ച്, തനിക്കു ഭൂമി കൈമാറിയയാളെ അടക്കം വിളിച്ചുവരുത്തിയാണു രേഖകളുടെ നിജസ്ഥിതി തോമസ് ചാണ്ടി ഉറപ്പുവരുത്തിയെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP