Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് ചാണ്ടിയുടെ റിസോർട്ടിന് സമീപം കനാലിന്റെ ഗതി മാറ്റിയെന്ന് കലക്ടറുടെ റിപ്പോർട്ട്; റോഡിനായി നിലം നികത്തിയത് ക്രിമിനൽ പ്രവൃത്തി; കേസെടുക്കാതിരിക്കാൻ ഉന്നത സമ്മർദ്ദം ശക്തം; ചാണ്ടിയുടെ ചെലവിൽ പൂർവസ്ഥിതിയിലാക്കമെന്ന പരിഹാര മാർഗ്ഗം നിർദേശിച്ച് സിപിഎമ്മിലെ ഉന്നത നേതാക്കൾ; ലേക് പാലസിൽ ആരോഗ്യവകുപ്പു നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തി

തോമസ് ചാണ്ടിയുടെ റിസോർട്ടിന് സമീപം കനാലിന്റെ ഗതി മാറ്റിയെന്ന് കലക്ടറുടെ റിപ്പോർട്ട്; റോഡിനായി നിലം നികത്തിയത് ക്രിമിനൽ പ്രവൃത്തി; കേസെടുക്കാതിരിക്കാൻ ഉന്നത സമ്മർദ്ദം ശക്തം; ചാണ്ടിയുടെ ചെലവിൽ പൂർവസ്ഥിതിയിലാക്കമെന്ന പരിഹാര മാർഗ്ഗം നിർദേശിച്ച് സിപിഎമ്മിലെ ഉന്നത നേതാക്കൾ; ലേക് പാലസിൽ ആരോഗ്യവകുപ്പു നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ വിവാദമായ ലേക് പാലസ് റിസോർട്ടിന് വേണ്ടി ചട്ടങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയെന്ന വിവരങ്ങളാണ പുറത്തുവരുന്നത്. തോമസ് ചാണ്ടി നിലം നികത്തിയാണു റിസോർട്ടിലേക്കു റോഡും പാർക്കിങ് സ്ഥലവും നിർമ്മിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇത് തെളിഞ്ഞാൽ ക്രിമിനൽ കുറ്റമാവുമെന്നു റവന്യു വകുപ്പ് ഉന്നതർ വ്യക്തമാക്കുന്നു. അതിനിടെ നിലം നികത്തലിന്റെ പേരിൽ കലക്ടർ പരാതി നൽകുന്നത് ഒഴിവാക്കാനുള്ള സമ്മർദവും ശക്തം. ജനങ്ങൾക്കു കൂടി ഉപകാരപ്പെടുന്നതാണു റോഡ് എന്ന നിലയിൽ അതു നിലനിർത്തി പാർക്കിങ് സ്ഥലം മാത്രം തോമസ് ചാണ്ടിയുടെ ചെലവിൽ പൂർവസ്ഥിതിയിലാക്കാൻ നിർദേശിക്കണമെന്ന സമ്മർദമാണ് ഇപ്പോൾ സിപിഎമ്മിലെ ചില ഉന്നതർ റവന്യുവകുപ്പിൽ ചെലുത്തുന്നത്.

ഇതു മുൻകൂട്ടി കണ്ടാണു നിലം നികത്തിയെന്നു തെളിഞ്ഞാൽ സ്വന്തം ചെലവിൽ മണ്ണുമാറ്റി പൂർവ സ്ഥിതിയിലാക്കാമെന്ന് ഇന്നലെ തോമസ് ചാണ്ടി പ്രതികരിച്ചത്. കെട്ടിത്തിരിച്ചു റിസോർട്ടിനു സമീപം കായൽ കയ്യേറിയിരുന്നത് ഇപ്പോൾ തുറന്നു കൊടുത്തിട്ടുണ്ട്. നിലം നികത്തിയാണു റോഡും പാർക്കിങ് സ്ഥലവും നിർമ്മിച്ചിരിക്കുന്നതെന്നാണു കലക്ടറുടെ റിപ്പോർട്ട്. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണിത്. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം.

വിശദ അന്വേഷണം വേണമെന്നാണു കലക്ടറുടെ നിലപാട്. നിലം നികത്തിയതാണെന്നു ബോധ്യപ്പെട്ടാൽ റോഡും പാർക്കിങ് സ്ഥലവും പൂർവസ്ഥിതിയിലാക്കാനോ കേസെടുക്കാനോ നിർദേശിക്കാം. ലേക്ക് പാലസ് റിസോർട്ടിനു സമീപം കനാലിന്റെ ഗതി മാറ്റിയതായും ജില്ലാ കലക്ടറുടെ റിപ്പോർട്ടുണ്ട്. റോഡുനിർമ്മാണത്തിന്റെ ഭാഗമായി നിലം നികത്തിയതിനാലാണു കനാലിന്റെ ഗതി മാറ്റിയത്. ഇതിനു ജലവിഭവ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല.

റിസോർട്ടിലേക്കു നിർമ്മിച്ച റോഡിന്റെ സമീപം പാർക്കിങ് സ്ഥലത്തിനായി 60 സെന്റോളം ഭൂമി നികത്തിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളിൽ അടുത്തകാലത്താണു നിലം നികത്തിയതെന്നു വ്യക്തമാണ്. ഈ ഭൂമി സ്വകാര്യ വ്യക്തിയുടേതാണോ പുറമ്പോക്കാണോ എന്നു കണ്ടെത്തിയിട്ടില്ല. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ട് നിർമ്മാണം, റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണം എന്നിവ സംബന്ധിച്ചാണു കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.

എന്നാൽ റിസോർട്ട്, റോഡ് എന്നിവ നിൽക്കുന്ന ഭൂമി ഡേറ്റാ ബാങ്കിൽ പെടുന്നുണ്ടോ എന്നു വ്യക്തമല്ല. ഡേറ്റാ ബാങ്കിൽ പെടുന്ന സ്ഥലമാണെങ്കിൽ നെൽവയൽ തണ്ണീർത്തട നിയമപ്രകാരം ക്രിമിനൽ നടപടിയെടുക്കും. റിസോർട്ടിനു സമീപം ഹാർബർ എൻജിനീയറിങ് വകുപ്പ് നിർമ്മിക്കുന്ന റോഡിന്റെ ഉടമസ്ഥത സംബന്ധിച്ചും റിപ്പോർട്ട് വ്യക്തമല്ല. നഗരസഭയുടെ ആസ്തി രജിസ്റ്റർ പരിശോധിച്ചു റോഡിന്റെ ഉടമസ്ഥത വ്യക്തമാക്കണം.

നഗരസഭ ഏറ്റെടുത്തതാണെങ്കിലും റോഡിന്റെ ഘടനയും നീളവും വീതിയും മാറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കും. റോഡ് നഗരസഭ ഏറ്റെടുത്തിട്ടില്ലെങ്കിൽ എംപി ഫണ്ടും എംഎൽഎ ഫണ്ടും സർക്കാർ വിഹിതവും ചെലവഴിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തും. അനധികൃതമായി ഫണ്ട് അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണത്തിനാണു നീക്കം.

അതിനിടെ, തോമസ് ചാണ്ടിയുടെ വീടിനു സമീപം നെടുമുടി മാത്തൂർ ദേവസ്വം വക 34 ഏക്കർ ഭൂമി മന്ത്രി തോമസ് ചാണ്ടി കയ്യേറിയെന്ന പരാതി അന്വേഷിക്കാൻ ലാൻഡ് ബോർഡ് സെക്രട്ടറി സി.എ.ലതയെ ചുമതലപ്പെടുത്തി. ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ചു ദേവസ്വം അധികൃതരുടെ പരാതിയിൽ മൂന്നര വർഷമായി ലാൻഡ് ട്രിബ്യൂണലിൽ കേസ് നടക്കുന്നു. ഇതിനിടെയാണു ദേവസ്വം സർക്കാരിനു പരാതി നൽകിയത്.

1998 വരെ ദേവസ്വമാണ് ഈ ഭൂമിക്കു കരം അടച്ചിരുന്നത്. പിന്നീടു കരം സ്വീകരിച്ചില്ല. പോൾ ഫ്രാൻസിസ് എന്ന വ്യക്തി വ്യാജരേഖ ചമച്ചു മൂന്നു വ്യക്തികളുടെ പേരിലേക്ക് ഇതു മാറ്റിയെന്നാണ് ആക്ഷേപം. അഞ്ചു പേരുകളിൽ പട്ടയവും സമ്പാദിച്ചു. ഈ സ്ഥലം തോമസ് ചാണ്ടിയും കുടുംബവും പിന്നീടു സ്വന്തമാക്കിയെന്നാണു പരാതി. മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിൽ ആരോഗ്യവകുപ്പു നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തിക്കുന്നില്ലെന്നും ഭക്ഷണാവശിഷ്ടങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനമില്ലെന്നുമാണു കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ കരാറടിസ്ഥാനത്തിൽ പുറത്തേക്കു നൽകുന്നുവെന്നാണു റിസോർട്ട് ജീവനക്കാർ നൽകിയ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP