Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ യജമാനന്റെ സ്വാധീനത്തിൽ നിങ്ങളെഴുതുന്ന ദുഷിപ്പിൽ എന്റെ മാനം നഷ്ടപ്പെട്ടിട്ടില്ല; ഒന്നോർക്കുക കാലവും സത്യവും നിങ്ങൾക്കു മാപ്പുതരില്ല; മാദ്ധ്യമ വേട്ടയാടലിനെതിരെ പെരിയാറിലെ മാലിന്യത്തിനെതിരെ നടപടിയെടുത്ത ഒരുദ്യോഗസ്ഥൻ പ്രതികരിക്കുമ്പോൾ

നിങ്ങളുടെ യജമാനന്റെ സ്വാധീനത്തിൽ നിങ്ങളെഴുതുന്ന ദുഷിപ്പിൽ എന്റെ മാനം നഷ്ടപ്പെട്ടിട്ടില്ല; ഒന്നോർക്കുക കാലവും സത്യവും നിങ്ങൾക്കു മാപ്പുതരില്ല; മാദ്ധ്യമ വേട്ടയാടലിനെതിരെ പെരിയാറിലെ മാലിന്യത്തിനെതിരെ നടപടിയെടുത്ത ഒരുദ്യോഗസ്ഥൻ പ്രതികരിക്കുമ്പോൾ

അർജുൻ സി വനജ്

കൊച്ചി: 'ഒന്നു മനസ്സിലാക്കുക, ഞാൻ എളിയ നിലയിൽനിന്ന് കഷ്ടപ്പെട്ട് പഠിച്ചുവളർന്നവനാണ്. സ്വാധീനങ്ങൾക്കു വഴങ്ങി ഓച്ചാനിച്ചു നിൽക്കാൻ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. എന്റെ മനസാക്ഷിയും. നിങ്ങളുടെ യജമാനന്റെ സ്വാധീനത്തിൽ നിങ്ങളെഴുതുന്ന ദുഷിപ്പിൽ എന്റെ മാനം നഷ്ടപ്പെട്ടിട്ടില്ല. ഒന്നോർക്കുക കാലവും സത്യവും നിങ്ങൾക്കു മാപ്പുതരില്ല'- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥൻ ചില മാദ്ധ്യമങ്ങൾക്കെഴുതിയ തുറന്ന കത്തിലെ ചില വരികളാണിത്. മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയൺമെന്റ് എൻജിനീയർ എംപി. തൃദീപ് കുമാറാണ് തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ നൽകുന്നതിൽ പ്രതിഷേധിച്ച് ചില പത്രാധിപന്മാർക്ക് കത്തെഴുതിയത്.

ഏലൂരിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ പെരിയാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നത് വാർത്തകളിൽ പലതവണ ഇടംപിടിച്ചതാണ്. എന്നാൽ, നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരുവർഷമായി മലിനീകരണ നിയന്ത്രണ ബോർഡ് ചില നടപടികളെടുക്കുന്നുണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ മുഖംനോക്കാതെയാണ് തൃദീപ് കുമാറിന്റെ നടപടി. പലതവണ തൃദീപ് കുമാറിനെ സ്ഥലം മാറ്റാൻ ശ്രമിച്ചതാണ് വൻകിട കമ്പനികൾ.

എന്നാൽ പിടി തോമസ് എംഎൽഎയുടെ പിന്തുണ ഈ ഉദ്യോഗസ്ഥന് കൂടുതൽ ധൈര്യം പകർന്നുനൽകി. എറണാകുളത്ത് എൻവയറോൺമെന്റ് എഞ്ചിനീയർ ആയി എത്തി ഒരു വർഷം പിന്നിടുമ്പോൾ താൻ അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ച് തൃദീപ് കുമാർ മറുനാടൻ മലയാളിയോട് തുറന്നുപറഞ്ഞു.

തുറന്ന കത്തിന്റെ അടിസ്ഥാനം..?

ചെറുതും വലുതുമായ 250 ലധികം കമ്പനികളാണ് എന്റെ പെരിയാറിന്റെ തീരത്ത് പ്രവർത്തിച്ചവരുന്നത്. ചെറിയ കമ്പനികൾ നടത്തുന്ന ചെറിയ നിയമലഘനം പോലും വാർത്തയാകും, ഉദ്യോഗസ്ഥർ വലിയ പിഴകളിടുകയും ചെയ്യും. എന്നാൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും വലിയ കമ്പനികളെ തൊടാൻ ഭയയ്ക്കുകയാണ്. ഇതിന് കാരണങ്ങൾ പലതാണ്. മേലുദ്യോഗസ്ഥരുടെ ഭീഷണിയാണ് പ്രധാനം. പിന്നെ സ്ഥലം മാറ്റം, ആരോപണങ്ങൾ അങ്ങനെ പലതും. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതെല്ലാം നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ഞാൻ.

സിഎംആർഎൽ വലിയ രീതിയിൽ പെരിയാറിനെ മലനീകരിക്കുന്ന സ്ഥാപനമാണ്. എന്നാൽ സിഎംആർഎൽ പെരിയാറിനെ മലിനപ്പെടുത്തുന്നില്ലെന്ന് താൻ പറഞ്ഞതായി ഒക്ടോബർ 14 ന് കേരളകൗമുദിയും മംഗളവും പ്രസിദ്ധീകരിച്ചു. വാർത്ത ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ തിരുത്ത് നൽകാൻ ഞാൻ ആവശ്യപ്പെട്ടതാണ് എന്നാൽ അവർ നൽകിയില്ല. എറണാകുളം ജില്ലാ വികസമിതിയിൽ ഈ വാർത്ത ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ എന്നെ ചോദ്യം ചെയ്തു.

ഇതോടെ കാര്യങ്ങളെല്ലാം സമിതിക്ക് മുന്നിൽ ഞാൻ വിശദീകരിച്ചു. കാര്യങ്ങൾ വ്യക്തതവന്നപ്പോൾ പിടി തോമസ് എംഎൽഎ അടക്കമുള്ളവർ ഏകകണ്ഠേന പിന്തുണ നൽകി. ഇത് സംബന്ധിച്ച് ഇപ്പോൾ വിജിലൻസ് അന്വേഷിച്ച് വരുകയാണ്. ഈ സാഹചര്യത്തിലാണ് പത്രാധിപന്മാർക്ക് ഇങ്ങനെയൊരു കത്ത് എഴുതേണ്ടിവന്നത്.

മാദ്ധ്യമങ്ങളുടെ വേട്ടയാടൽ..?

വൻകിടക്കാർക്കായി എന്ത് നിയമവിരുദ്ധപ്രവർത്തനവും ചെയ്യാൻ മത്സരിച്ചുകൊണ്ടിരിക്കുകയാണ് ചില ഉന്നത ഉദ്യോഗസ്ഥർ. അവിടെ ധാർമികതയ്ക്കും മനസാക്ഷിക്കുമൊന്നും വിലയില്ല. കഴിഞ്ഞ ഡിസംബറിൽ വിജിലൻസ് മേധാവി മലയാള മനോരമയിൽ എഴുതിയ ഒരു ലേഖനത്തിൽ തന്നെക്കുറിച്ച് പരാമർശിച്ചു, ഇതോടെ, എന്നെ ശത്രുവായി കണ്ടവരുടെ ശത്രുക്കളുടെ പട്ടികയിൽ അദ്ദേഹവും കയറിപ്പറ്റി., താൻ അദ്ദേഹത്തെ വരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രചരിപ്പിച്ചു. പിന്നീട് കലാകൗമുദി ജേക്കബ് തോമസിനെക്കുറിച്ച് എഴുതിയ ലേഖനത്തിൽ ഇത് വിവരിച്ചു. തന്നെ വേട്ടയാടി മലനീകരണം നടത്തുന്ന കമ്പനികൾക്ക് ഒത്താശ ചെയ്യാൻ എങ്ങനെയാണ് കേരളകൗമുദിക്കും, കലാകൗമുദിക്കും മംഗളത്തിനും കഴിയുന്നത് എന്നതാണ് എന്റെ ചോദ്യം. ട്രേഡ് യൂണിയനുകളുടെ ഭാഗത്തുനിന്നുംം വലിയ വേട്ടയാടലാണ് ഉണ്ടായത്. അവർ തൊഴിലാളികളുടെ ജോലി പോകുന്നത് മാത്രമേ മുഖ്യപ്രശ്നമായി കാണുന്നുള്ളു. നാളത്തെ തലമുറയ്ക്ക നമ്മൾ കൈമാറേണ്ട പ്രകൃതി മലിനമാകുന്നതിൽ അവർക്ക് പ്രശ്നമില്ല.

കൊച്ചിയിലെ ഒരുവർഷത്തെ അനുഭവങ്ങൾ..?

20 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഏറ്റവുമധികം മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോയതുകൊച്ചിയിലെ ഈ ഒരുവർഷത്തിലാണ്. സംസ്ഥാന മലനീകരണ നിയന്ത്രണ ബോർഡ് ചെയർമാനടക്കമുള്ള ഹെഡ് ഓഫീസിലെ ഉന്നതരുടെ നിരന്തരമായ മാനസിക പീഡനങ്ങളാണ് ഇക്കലയളവിൽ ഏൽക്കേണ്ടി വന്നത്. സിഎംആർഎലിനെതിരെ വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയപ്പോൾ, കത്ത് നൽകിയ എനിക്കെതിരെ അന്വേഷണം നടത്താനാണ് ബോർഡ് ചെയർമാൻ തുനിഞ്ഞത്. ഇതിനായി മൂന്നംഗ സമിതിയേയും നിയോഗിച്ചു.

പെരിയാറിന്റെ തീരത്തെ സ്ത്രീലക്ഷമി പേപ്പേഴ്സ് ഫുൾ പ്രൊഡക്ഷൻ നടത്തുകയാണെങ്കിൽ ഒരു ദിവസം 90,000 ലിറ്റർ മലിനജലമാണ് പെരിയാറിലേക്ക് ഒഴുക്കുക. ഇത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടാണ് ഞാൻ വിശദീകരണം ആവശ്യപ്പെട്ടത്. മഴവെള്ളം മാത്രമേ പെരിയാറിലേക്ക ഒഴുക്കാവൂ എന്നാണ് കമ്പനിക്കുള്ള നിർദ്ദേശം. എന്നാൽ പച്ചയും ചുവപ്പും കലർന്ന രാസമലിനജലമാണ് ഇവർ ഒഴുക്കുന്നത്. ഇതിനെതിരെ വിശദീകരണം ആവശ്യപ്പെട്ടപ്പോഴും തനിക്ക് തിക്താനുഭവം ഉണ്ടായി.

തന്റെ നടപടിയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും സ്വന്തം വരുതിക്കാക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ ഭാഗത്തുനിന്നും പൊതു ജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വ്യക്തിജീവിതം..?

കൊല്ലം ടികെഎം എഞ്ചിനീയറിംങ്ങ് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും, കൊൽക്കത്തയിലെ ജാദാപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ ടെക്നോളജിയിൽ എംടെക്കും കഴിഞ്ഞ ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത തൃദീപ് കുമാർ കൊല്ലം സ്വദേശിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ വയനാട്, ആലപ്പുഴ ജില്ല ഓഫീസുകളിലും തുരുവനന്തപുരം ഹെഡ് ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ കളമശ്ശേരിയിൽ താമസിച്ചുവരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP