Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂരങ്ങളുടെ പൂരത്തിന് കേളികൊട്ടുയർത്തി നാളെ സാമ്പിൾ വെടിക്കെട്ട്; ഉറക്കമൊഴിക്കാൻ പൂരപ്രേമികൾ തയ്യാറെടുക്കുമ്പോൾ പകിട്ട് കുറയ്ക്കാൻ ഘടകപൂര കമ്മിറ്റികൾക്ക് വിഹിതം നിഷേധിച്ച് സർക്കാരും ടൂറിസം പ്രമോഷൻ കൗൺസിലും ദേവസ്വങ്ങളും; വടക്കുനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന് കൊടുത്തതിലെ പടലപ്പിണക്കങ്ങൾ കൂടിയായതോടെ തൃശൂർ പൂരനടത്തിപ്പിൽ ആശങ്കകളേറുന്നു

പൂരങ്ങളുടെ പൂരത്തിന് കേളികൊട്ടുയർത്തി നാളെ സാമ്പിൾ വെടിക്കെട്ട്; ഉറക്കമൊഴിക്കാൻ പൂരപ്രേമികൾ തയ്യാറെടുക്കുമ്പോൾ പകിട്ട് കുറയ്ക്കാൻ ഘടകപൂര കമ്മിറ്റികൾക്ക് വിഹിതം നിഷേധിച്ച് സർക്കാരും ടൂറിസം പ്രമോഷൻ കൗൺസിലും ദേവസ്വങ്ങളും; വടക്കുനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന് കൊടുത്തതിലെ പടലപ്പിണക്കങ്ങൾ കൂടിയായതോടെ തൃശൂർ പൂരനടത്തിപ്പിൽ ആശങ്കകളേറുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നാളെ സാമ്പിൾ വെടിക്കെട്ട്. തൃശൂർ പൂരത്തിന്റെ പ്രധാന നാഡിയും ഞരമ്പുമായ എട്ടു ഘടക പൂര കമ്മിറ്റിക്കും ഉത്സവ വിഹിതം കൊടുക്കാതെ ദേവസ്വങ്ങളും സർക്കാരും ജില്ല ടൂറിസം അധികൃതരും പൂരത്തിന്റെ പകിട്ട് കുറയ്ക്കുന്നു. രണ്ടു പത്മശ്രീ മേനോന്മാരും ചേരി തിരിഞ്ഞ് മത്സര രംഗത്തെന്നും പൂരപ്രേമികൾ. പൂരത്തിന് ഇനി നാലു നാൾ. സാമ്പിൾ വെടിക്കെട്ട് പെയ്‌തൊഴിയുന്നതോടെ തൃശൂർ ഉറങ്ങില്ല. മുപ്പത്താറു മണിക്കൂർ തൃശൂരിൽ സപ്ത വർണ്ണങ്ങളും സഹസ്ര ശബ്ദങ്ങളും ജനമഹാസമുദ്രത്തെ ആനന്ദത്തിൽ ആറാടിക്കും. സർവ്വ മാധ്യമങ്ങളും ആറാടി തിമിർക്കുന്ന തൃശൂർ പൂരം ഒരിക്കൽകൂടി ചരിത്രത്തിലേക്ക് ചേക്കേറും.

തൃശൂർ പൂരത്തെ പൂരങ്ങളുടെ പൂരമാക്കുന്നത് ഘടക പൂരങ്ങളാണ്. എട്ടു ഘടക പൂരങ്ങൾ ഒന്നൊന്നായി കൂടിച്ചേരുമ്പോഴാണ് ചരിത്രമാവുന്ന മഹാ തൃശൂർപൂരം ഉണ്ടാവുന്നത്. ഘടക പൂരങ്ങളുടെ നടത്തിപ്പിലേക്കായി ഏകദേശം മൂന്നുലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സർക്കാർ ഗ്രാന്റായി കിട്ടുന്ന ഏകദേശം ഒരു ലക്ഷം രൂപ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വക ഒരു ലക്ഷം രൂപ കൂടാതെ പൂരം എക്‌സിബിഷൻ കമ്മറ്റി വക ഏകദേശം ഒരു ലക്ഷം രൂപ. പൂരത്തലേന്നായിട്ടും ഈ തുക കൊടുക്കാൻ ദേവസ്വങ്ങളോ സർക്കാരോ ജില്ലാ ടൂറിസം അധികൃതരോ ഇനിയും തയ്യാറായിട്ടില്ല. ഈ ഘടക പൂരങ്ങളുടെ നടത്തിപ്പുകാരാണ് ഇപ്പോൾ ചില്ലിക്കാശില്ലാതെ വഴിയാധാരമാക്കപ്പെട്ടിരിക്കുന്നത്.

വെയിലേൽക്കാതെ വടക്കുംനാഥനിൽ എത്തുന്ന കണിമംഗലം ശാസ്താവ്, വഴിനീളെ പറകൾ ഏറ്റുവാങ്ങിക്കൊണ്ട് വടക്കുംനാഥനിൽ എത്തുന്ന അയ്യന്തോൾ ഭഗവതി, അയ്യന്തോൾ ഭഗവതിയുടെ അനുജത്തിയായെത്തുന്ന ചെമ്പൂക്കാവ് ഭഗവതി, യാഗഭൂമിയിൽ നിന്നെത്തുന്ന ലാലൂർ കാർത്യായനി ദേവി, തെക്കേ ഗോപുരനട തള്ളിത്തുറക്കാനെത്തുന്ന കുറ്റൂർ നയൂതലക്കാവ് ദേവി, ചൂരൽക്കാടുകൾ വാണിരുന്ന ചൂരക്കോട്ടുകാവ് ദേവി, ശങ്കരാചാര്യ സ്മരണയുമായെത്തുന്ന പനമുക്കുംപിള്ളി ശാസ്താവ്, പരശുരാമപ്പഴമയുമായെത്തുന്ന പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി എന്നിങ്ങനെ എട്ടു ഘടകപൂരങ്ങളാണ് മഹാ തൃശൂർ പൂരമായി പരിണമിക്കുന്നത്.

സർക്കാരിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സഹായധനത്തിനു പുറമേ, തൃശൂർ പൂരം നടത്തിപ്പിലെ പ്രധാന വരുമാനം പൂരം എക്‌സിബിഷൻ വഴി കിട്ടുന്ന കോടികളുടെ വരുമാനമാണ്. മുൻ വർഷത്തെ കണക്കെടുത്താൽ മൊത്തം നാല് കോടിയിലേറെയാണ് വരുമാനം. ഇതിൽ പൂരം നടത്തിപ്പിലേക്കായി ചെലവാകുന്നത് ഓരോ കോടി മാത്രം. ബാക്കി രണ്ടു കോടിയും കൊണ്ടുപോകുന്നത് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിന് കിട്ടുന്നത് കേവലം നാൽപ്പതു ലക്ഷം മാത്രം. വടക്കുംനാഥ ക്ഷേത്ര നിത്യവൃത്തിക്കുപോലും ഈ തുക തികയുന്നില്ലെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ എന്നത്തേയും പരാതി.

ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ഘടക പൂരങ്ങളുടെ നടത്തിപ്പിലേക്കായി കൊടുക്കേണ്ടുന്ന ഏകദേശം മൂന്നു ലക്ഷം രൂപയുടെ പേരിൽ കോലാഹലങ്ങൾ. മുൻ വർഷങ്ങളുടെ പൂരക്കണക്ക് ഇനിയും ഘടക പൂര കമ്മറ്റികൾ സമർപ്പിച്ചിട്ടില്ലെന്നും ചിലരെങ്കിലും സമർപ്പിക്കപ്പെട്ട കണക്കുകൾ ദേവസ്വങ്ങൾക്ക് സ്വീകാര്യമല്ലെന്നുമുള്ള പ്രത്യേക സാഹചര്യങ്ങളിലാണ് ഘടക പൂരങ്ങൾക്കുള്ള ഫണ്ട് മുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അനുവദിച്ച തുക പൂരം കഴിഞ്ഞു ഒരു വർഷമായിട്ടും കിട്ടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൊച്ചിൻ ദേവസ്വം ബോർഡിനുള്ള ഇടതുപക്ഷ സാന്നിദ്ധ്യവും സ്വാധീനവും പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നുണ്ട്. പത്മശ്രീ സി.കെ. മേനോന് കൊച്ചിൻ ദേവസ്വം ബോർഡിന്മേലുള്ള മേൽക്കോയ്മയും പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നുണ്ടെന്നും പറയപ്പെടുന്നു. വടക്കുംനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന് വിട്ടുകൊടുത്തതുമായി സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.

അതേസമയം തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളിൽ സ്വീകാര്യതയും പിടിമുറുക്കവും മേൽക്കോയ്മയുമുള്ള പത്മശ്രീ സുന്ദർ മേനോന്റെ സാന്നിദ്ധ്യം എതിരാളിയായ പത്മശ്രീ സി.കെ. മേനോനെ പ്രതിരോധത്തിലാക്കുന്നുമുണ്ട്. രണ്ടു മേനോന്മാർ തമ്മിലുള്ള വ്യക്തിപരമായ കോടതി വ്യവഹാരങ്ങൾ ക്രിമിനൽ കേസ്സുകൾ വരെ എത്തിനിൽക്കുകയാണ്. പത്മശ്രീ സുന്ദർ മേനോനെ തൃശൂരിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ നിന്ന് പുകച്ചു ചാടിക്കുകയാണ് നേരത്തെ ദേവസ്വം നഷ്ടപ്പെട്ട പത്മശ്രീ സി.കെ. മേനോന്റെ ലക്ഷ്യമെന്നും പറയപ്പെടുന്നു.

അതേസമയം വടക്കുംനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന് കൊടുത്തതിൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളിലെന്നപോലെ ഘടക പൂരങ്ങളുടെ കമ്മറ്റികളിലും ഇഷ്ടാനിഷ്ടങ്ങൾ നിലനിൽക്കുന്നുമുണ്ട്. രണ്ടു പത്മശ്രീ മേനോന്മാരുടെയും പിൻബലത്തിൽ വിജിലൻസിലും കോടതിയിലും ഇതുസംബന്ധിച്ച പൊതുതാൽപ്പര്യ ഹരജികളുടെ എണ്ണം കൂടിക്കൂടി വരികയാണ്. രാഷ്ട്രീയാധിപത്യവും പണാധിപത്യവും മത്സരിക്കുന്ന സാഹചര്യത്തിലാണ് ചില ഘടക പൂരങ്ങളുടെ കമ്മിറ്റികളോടുള്ള അസംതൃപ്തി രൂപപ്പെട്ടതും പൂരം നടത്തിപ്പിന്നായുള്ള ഫണ്ട് തടഞ്ഞതെന്നും ആരോപണമുണ്ട്.

തൃശൂർ പൂരത്തിന് ഒരു മതേതര സ്വഭാവമുള്ളതുകൊണ്ട് ഹൈന്ദവർ ആരുംതന്നെ ഇതിനോട് പ്രതികരിക്കുന്നില്ലെന്നതാണ്. സത്യം. അതേസമയം സിപിഐ. കാർ പ്രധാനമായും കൃഷിമന്ത്രി വി എസ്. സുനിൽകുമാർ തൃശൂരിൽ തന്റെ സർവ്വാധിപത്യം ഉറപ്പിക്കുന്നതിലെ അസ്വാരസ്യവും തെല്ലൊരു അസൂയയും സിപിഎമ്മിന് ഉണ്ടെന്നതും പ്രശ്‌നങ്ങൾക്ക് പിന്നിലുണ്ടെന്നും പരക്കെ കരുതപ്പെടുന്നു.

കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിൽ വിരുന്നെത്തുന്ന തൃശൂർ പൂരം ലോകത്തിന്റെ മുഴുവൻ മനസ്സും ആത്മാവും കീഴടക്കിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP