Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൃശൂർ പൂരത്തിന് ആടയാഭാരണങ്ങളാൽ എഴുന്നള്ളുന്നത് മുപ്പത്‌ ആനകൾ; നെഹ്റു പാർക്കിലെ ഉരുക്കാന അനാഥനും; ശിൽപ്പത്തിന് നീതി കിട്ടാൻ നിയമപോരാട്ടത്തിന് ശിൽപ്പിയും

തൃശൂർ പൂരത്തിന് ആടയാഭാരണങ്ങളാൽ എഴുന്നള്ളുന്നത് മുപ്പത്‌ ആനകൾ; നെഹ്റു പാർക്കിലെ ഉരുക്കാന അനാഥനും; ശിൽപ്പത്തിന് നീതി കിട്ടാൻ നിയമപോരാട്ടത്തിന് ശിൽപ്പിയും

മറുനാടൻ മലയാളി ബ്യുറോ

തൃശൂർ: ആനകളുടെ ഉത്സവ നഗരിയായ തൃശൂരിൽ ഭരണാധികാരികളുടെ അനാസ്ഥ മൂലം ഒരു ആന അനാഥമാക്കപ്പെടുന്നു. തൃശൂർ കോർപ്പറേഷൻ ഏഴര ലക്ഷം വിലയിട്ട ഒരു ഉരുക്കാന തുരുമ്പെടുത്തും വേട്ടാളൻ കൂടുകൂട്ടിയും നശിക്കുന്നു. തൃശൂർ പൂരത്തിന് ആടയാഭാരണങ്ങളാൽ 30 ആനകൾ മുത്തുക്കുടകളാൽ എഴുന്നെള്ളിക്കുമ്പോഴും ഈ ആന ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടികൾക്ക് സെൽഫി എടുക്കാൻ മാത്രമായി തൃശൂർ നെഹ്റു പാർക്കിൽ അനുദിനം ഇല്ലാതാവുന്നു.

തൃശൂരിലെ കുട്ടികളുടെ പ്രിയപ്പെട്ട ഇടമായ നെഹ്രു പാർക്കിൽ 2015-ലാണ് ഈ ഉരുക്കാനയെ തൃശൂർ കോർപ്പറേഷൻ നടയിരുത്തിയത്. നെഹ്രു പാർക്കിന്റെ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി തൃശൂരിന്റെ സ്വന്തം ശിൽപ്പിയും ബഹുമുഖ പ്രതിഭയുമായ സി.ജി. പ്രിൻസാണ് ഈ ഉരുക്കാനയുടെ തച്ചൻ.

1200 കിലോ ഭാരമുള്ള ഈ ഉരുക്കാന നിർമ്മിക്കപ്പെട്ടത് തനി ഉരുക്കിൽ തന്നെ. 10.3 അടി ഉയരമുള്ള ഈ ആനയുടെ തുമ്പിക്കൈ 16.5 അടിയോളം പൊക്കത്തിൽ വെള്ളം ചീറ്റും. ബഹുവർണ്ണ വെളിച്ചം ഓളം വെട്ടുന്ന ജലാശയത്തിൽ നിൽക്കുന്ന ഈ ആനയുടെ തുമ്പിക്കയ്യിൽ നിന്ന് വർണ്ണ മഴ പെയ്തിറങ്ങുന്ന മനോഹര കാഴ്‌ച്ച കുട്ടികൾക്കും മുതിർന്നവർക്കും തൃശൂരിലെ ഉത്സവക്കാഴ്‌ച്ച തന്നെയായിരുന്നു.

ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയ്ക്കാണ് ഈ ആന ശിൽപ്പം നിർമ്മിക്കാൻ തൃശൂർ കോർപ്പറേഷൻ അധികൃതർ കോർപ്പറേഷൻ വക കരാറുകാരന് കൊടുത്തതെന്നറിയുന്നു. കോർപ്പറേഷന്റെ തന്നെ തിരുമുറ്റത്ത് ആനശിൽപ്പം സ്ഥാപിക്കാനായിരുന്നു ആദ്യ പ്ലാൻ. പിന്നീടാണ് ശിൽപ്പം കുട്ടികളുടെ നെഹ്രു പാർക്കിലേയ്ക്ക് മാറ്റി സ്ഥാപിക്കാൻ കോർപ്പറേഷൻ അധികൃതർ തീരുമാനിച്ചത്.

ആനശിൽപ്പത്തിന്റെ ഈ കൂടുമാറ്റം നിർമ്മാണ ചെലവ് കൂട്ടുകയായിരുന്നു. അവസാനം കരാറുകാരനുവേണ്ടി ശിൽപ്പം പൂർത്തിയാവുമ്പോൾ നിർമ്മാണ ചെലവ് ഏഴര ലക്ഷത്തിലേയ്ക്ക് ഉയർന്നു. അന്നത്തെ കോർപ്പറേഷൻ മേയറായ രാജൻ പല്ലൻ ഔദ്യോഗികമായി ഈ ആനശിൽപ്പത്തെ പൊതുജന മദ്ധ്യേ നടയിരുത്തുമ്പോൾ ഈ തുക ശിൽപ്പിക്ക് കൊടുക്കാൻ ഉത്തരവിടുകയും ചെയ്തതാണ്.

എന്നാൽ ശിൽപ്പം കോർപ്പറേഷൻ സ്വന്തമാക്കിയതോടെ ആദ്യം ശിൽപ്പിയും പിന്നീട് ശിൽപ്പവും അനാഥമാക്കപ്പെടുകയായിരുന്നു. ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയ്ക്ക് തുടക്കത്തിൽ വിലയിട്ട ഈ ആനയുടെ ശിൽപ്പിയായ സി.ജി.പ്രിൻസിന് കിട്ടിയത് പക്ഷെ ആറേകാൽ ലക്ഷം രൂപ മാത്രം. ഏകദേശം മൂന്നു വർഷമായി ഈ ആന ശിൽപ്പി തൃശൂർ കോർപ്പറേഷൻ കയറിയിറങ്ങാൻ തുടങ്ങിയിട്ട്. രേഖാമൂലമുള്ള കരാർ പണവും കൊടുത്തില്ല പൊതുജന മദ്ധ്യേ പ്രഖ്യാപിച്ച പണവും ഈ ശിൽപ്പിക്ക് അധികൃതർ കൊടുക്കുന്നില്ല. ശിൽപ്പവും ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ശിൽപ്പത്തിന്റെ അടിസ്ഥാന നിർമ്മിതികളെല്ലാം തന്നെ കേടുവന്നുകഴിഞ്ഞു. സമീപ ഭാവിയിൽ ഈ ശിൽപ്പം തന്നെ ഇവിടെയുണ്ടാവാൻ സാധ്യതയില്ല.

ഇപ്പോൾ കോർപ്പറേഷൻ പറയുന്നത് ഈ ആന നിർമ്മാണവുമായി ബന്ധപ്പെട്ട ഫയൽ ക്ലോസ് ചെയ്തുവെന്നാണ്. ഇനി ആനയുടെ ശിൽപ്പം കൂടി ഇല്ലാതായാൽ കോർപ്പറേഷൻ അധികൃതർക്ക് ഒന്നും പേടിക്കാനില്ല. എല്ലാം ഇല്ലാതായാൽ പിന്നെ ശിൽപ്പിക്ക് പണം കൊടുക്കേണ്ടതില്ലല്ലോ എന്നാണ് കോർപ്പറേഷന്റെ കോർപ്പറേറ്റ് ബുദ്ധി.

എന്നാൽ ശിൽപ്പിയെ ഇല്ലാതാക്കാൻ കോർപ്പറേഷന് കഴിയില്ലെന്നാണ് ശിൽപ്പിയായ സി.ജി. പ്രിൻസ് പറയുന്നത്. സി.ജി. പ്രിൻസ് കേവലം ഒരു ശിൽപ്പി മാത്രമല്ല. പ്രിൻസ് കവിയാണ്, ചിത്രകാരനാണ്, ചലച്ചിത്ര നിർമ്മാതാവാണ്, നാടക പ്രവർത്തകനാണ് സർവ്വോപരി തൃശൂരിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ശിൽപ്പിക്കും ശിൽപ്പത്തിനും നീതി ലഭ്യമാക്കാൻ വിജിലൻസ് കോടതിക്കും രാജ്യത്തെ നീതിന്യായ സ്ഥാപനങ്ങൾക്കും കഴിയുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ ശിൽപ്പി സി.ജി.പ്രിൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP