Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പട്ടി കയറി കിടക്കുന്ന സീറ്റുകളും തുപ്പലൊലിപ്പിച്ച വെയിറ്റിങ് റൂമുകളും ഓർമ്മയാകുന്നു; സ്‌റ്റേഷനുകളിൽ കാത്തിരിക്കുന്നവർക്ക് മണിക്കൂറിന് 25 രൂപ നൽകിയാൽ എസി റൂമിൽ ഇരുന്ന് വിശ്രമിക്കുകയും വൃത്തിയുള്ള ടോയിലറ്റുകളിൽ കയറി കുളിച്ച് ഫ്രെഷാവുകയും ചെയ്യാം; ഇന്ത്യൻ റെയിൽ വേ അടിമുടി മാറുന്നത് ഇങ്ങനെ: തൃശൂരിൽ നിന്നും ചില കാഴ്ചകൾ

പട്ടി കയറി കിടക്കുന്ന സീറ്റുകളും തുപ്പലൊലിപ്പിച്ച വെയിറ്റിങ് റൂമുകളും ഓർമ്മയാകുന്നു; സ്‌റ്റേഷനുകളിൽ കാത്തിരിക്കുന്നവർക്ക് മണിക്കൂറിന് 25 രൂപ നൽകിയാൽ എസി റൂമിൽ ഇരുന്ന് വിശ്രമിക്കുകയും വൃത്തിയുള്ള ടോയിലറ്റുകളിൽ കയറി കുളിച്ച് ഫ്രെഷാവുകയും ചെയ്യാം; ഇന്ത്യൻ റെയിൽ വേ അടിമുടി മാറുന്നത് ഇങ്ങനെ: തൃശൂരിൽ നിന്നും ചില കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഇന്ത്യൻ റെയിൽവേ മുഖം മാറ്റുകയാണ്. അടിസ്ഥാന സൗകര്യ വികസനാണ് പ്രധാനം. പരമാവധി സൗകര്യങ്ങൾ യാത്രികർക്ക് ഒരുക്കുക. പണം നൽകി സേവനം ഉറപ്പാക്കുന്ന മാതൃക. വൃത്തിയും ശുചിയുമുള്ള പരിസരമാണ് ലക്ഷ്യം. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് തൃശൂരിലെ റെയിൽവേ സ്റ്റേഷൻ. എല്ലാ അർത്ഥത്തിലും എ ക്ലാസ് സ്റ്റേഷനായി മുഖം മാറ്റുകയാണ് ഇവിടം.

പുതിയ വെയിറ്റിങ് റൂമുകളാണ് വികസനത്തിൽ പുതു മാതൃകയാകുന്നത്. എസിയാണ് റൂം. വിശ്രമിക്കാൻ എല്ലാ സൗകര്യങ്ങളുമുണ്ട്. അത്യാധുനിക സംവിധാനവുമായി ശുചി മുറി. കുളിമുറിയും മുഖം മിനുക്കിയത് തന്നെ. ഇവിടെ കയറുന്ന ആർക്കും നിരാശയുണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് റെയിൽവേ. ഒരു മണിക്കൂർ ഈ മുറി ഉപയോഗിക്കാൻ യാത്രക്കാർ ഇരുപത്തിയഞ്ച് രൂപ നൽകണം. ടിക്കറ്റുള്ള ആർക്കും പാൻ നമ്പർ കൊടുത്ത് ഈ റൂം ഉപയോഗിക്കാം. വായിക്കാൻ പത്രങ്ങളും മാഗസീനും ഇവിടെയുണ്ട്. കുട്ടികളുമായെത്തുന്നവർക്ക് മുലപ്പാൽ കൊടുക്കാനുള്ള പ്രത്യേക മുറി. കുട്ടികൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങൾ-ഇങ്ങനെ എല്ലാമുണ്ട്. ടിവി കാണാനും സൗകര്യമുണ്ട്. മൊബൈലുകൾക്കും ലാപ്‌ടോപ്പുകൾക്കും ചാർജ്ജ് ചെയ്യാനും പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നു.

റെയിൽവേ യാത്രിക്കർക്ക് മാത്രമേ ഈ സംവിധാനം ഉപയോഗിക്കാനാവൂ. ഒറ്റ ദിവസ യാത്രയ്ക്ക് ട്രെയിനിൽ തൃശൂരിലെത്തുന്നവർക്ക് പുറത്ത് മുറിയെടുക്കാതെ തന്നെ പ്രാഥമിക കൃത്യങ്ങളും മറ്റും ചെയ്യാം. വൃത്തിയുള്ള പരിസരമാണ് ഹൈലൈറ്റ്. രാജ്യത്തെ വൃത്തിയില്ലാത്ത റെയിൽവേ സ്റ്റേഷനെന്ന റിപ്പോർട്ട് ചെയ്യപ്പെട്ട തൃശൂർ റെയിൽവേ സ്റ്റേഷനെ വൃത്തിയുള്ളതാക്കാനുള്ള നടപടികളാണ് ഫലം കാണുന്നത്. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചാണ് നവീകരണത്തിന് തുടക്കം കുറിച്ചത്. ഇതാണ് മുഖം മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പുതിയ വെയിറ്റിങ് കേന്ദ്രവും ഇതിന്റെ ഭാഗമായിരുന്നു. കുടുംബ ശ്രീയ്ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. തൃശൂരിൽ 9 പേരെയാണ് കുടുംബ ശ്രീ ഇതിനായി നിയോഗിച്ചിട്ടുള്ളത്. വരുമാനത്തിന്റെ എൺപത് ശതമാനം കുടുംബശ്രീയ്ക്കാണ്. ബാക്കി റെയിൽവേയ്ക്കും.

റെയിൽവേ സ്റ്റേഷൻ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ വൈഫൈ സൗകര്യം നേരത്തെ ഏർപ്പെടുത്തിയിരുന്നു. യാത്രക്കാർക്ക് ആദ്യ ഒരുമണിക്കൂറിൽ മുഴുവൻ വേഗതയിലും തുടർന്ന് നിയന്ത്രിതവേഗതയിലും സ്റ്റേഷനിൽ ഇന്റർനെറ്റ് സൗകര്യം സൗജന്യമായി ഉപയോഗിക്കാനാകും. ഫോണിൽ വൈഫൈ ഓണാക്കിയാൽ ഫോണിലേക്ക് ഒരു കോഡ് നമ്പർ അയച്ചുകിട്ടും. ഇത് ഉപയോഗിച്ച് വൈഫൈ ഉപയോഗിച്ചു തുടങ്ങാമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം മേൽപ്പാലത്തിലേയ്ക്ക് കയറുവാനുള്ള എസ്‌കലേറ്റർ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ചികിത്സാസൗകര്യങ്ങളോടു കൂടിയ മെഡിക്കൽ സ്റ്റോറും വൈകാതെ പ്ലാറ്റ്‌ഫോമിൽ പ്രവർത്തനമാരംഭിക്കും. ഇത് കേരളത്തിലെ മറ്റ് സ്റ്റേഷനുകളിലേക്കും ഇപ്പോൾ വ്യാപിപ്പിച്ചിട്ടുണ്ട്. പ്ലാറ്റ് ഫോമിലേക്ക് പോകാൻ എസ്‌കലേറ്ററും ലിഫ്റ്റുമെല്ലാം ഇവിടെ തയ്യാറായി കഴിഞ്ഞു.

ഒരു കാലത്ത് ഏറ്റവും മോശം സ്‌റ്റേഷനായിരുന്നു തൃശൂർ. നവീകരണത്തിന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവേ അധികാരികളും മുന്നിട്ടിറങ്ങി. റെയിൽവേ സ്റ്റേഷന്റെ മെയിൽ കവാടത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാനുള്ള ബോക്സ് സ്ഥാപിച്ചു. ഇതിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് മേലധികാരികൾക്ക് നൽകി. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള എ വൺ സ്റ്റേഷനാക്കി ഉയർത്താനുള്ള എല്ലാ നടപടികൾക്കായിരുന്നു അങ്ങനെ തുടക്കമായത്. എ വൺ സ്റ്റേഷനായിട്ടും യാത്രക്കാരുടെ എണ്ണത്തിൽ കൂടുതലായിട്ടും പരിമിതമായ സൗകര്യങ്ങളാണ് തൃശൂരിൽ ഉണ്ടായിരുന്നത്.

ഇവിടെയെത്തുന്ന യാത്രക്കാർക്ക് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് സാധനങ്ങൾ കടത്താൻ ട്രാക്ക് ചാടി കടക്കേണ്ട ഗതികേട് പോലും ഉണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് റെയിൽവേ മന്ത്രാലയം അടിയന്തര ഇടപെടലുകൾ നടത്തിയത്. ഇതോടെ പട്ടി കയറി കിടക്കുന്ന സീറ്റുകളും തുപ്പിയൊലിപ്പിച്ച വെയിറ്റിങ് റൂമുകളും ഓർമ്മയാകുകയാണ് ഇവിടെ. കുടുംബശ്രീയെ ചുമതല ഏൽപ്പിച്ചതോടെ എല്ലാം വൃത്തിയും വെടിപ്പുമായെന്ന് യാത്രക്കാരും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP