Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വസ്തനെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ മന്ത്രിയുടെ തന്ത്രം; ഇതുവരെ കാണാതിരുന്ന ജനകീയ പ്രശ്‌നം കാണാൻ  ഇപ്പോൾ അടൂർ പ്രകാശ് കണ്ണു തുറന്നു; തുടിയുരിളിപ്പാറയിലെ വിവാദ പാറമടയ്ക്ക് സ്റ്റോപ്പ് മെമോ നൽകി

വിശ്വസ്തനെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ മന്ത്രിയുടെ തന്ത്രം; ഇതുവരെ കാണാതിരുന്ന ജനകീയ പ്രശ്‌നം കാണാൻ  ഇപ്പോൾ അടൂർ പ്രകാശ് കണ്ണു തുറന്നു; തുടിയുരിളിപ്പാറയിലെ വിവാദ പാറമടയ്ക്ക് സ്റ്റോപ്പ് മെമോ നൽകി

കോന്നി: തന്ത്രങ്ങൾ മന്ത്രി അടൂർ പ്രകാശിനെ ആരും പഠിപ്പിക്കണ്ട കാര്യമില്ല. കാറ്റുള്ളപ്പോൾ കാര്യം സാധിക്കാൻ അദ്ദേഹത്തിന് നന്നായി അറിയാം. അത്തരമൊരു നാടകമാണ് മന്ത്രി മണ്ഡലമായ കോന്നിയിൽ അരങ്ങേറുന്നത്. പ്രമാടം പഞ്ചായത്ത് 14-ാം വാർഡിൽ വി. കോട്ടയം ഗ്രാമത്തിന്റെ കാവൽമലയായ തുടിയുരുളിപ്പാറ കൈയേറി മന്ത്രിയുടെ അടുത്തയാളായ അമ്പാടി സദാനന്ദൻ എന്ന ക്രഷർ യൂണിറ്റ് ഉടമ പൊട്ടിച്ചു മദിക്കാൻ തുടങ്ങിയിട്ട് വർഷം പലതായി. പരിസ്ഥിതിയെ തകർക്കുകയും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന പാറഖനനത്തിനെതിരേ നാട്ടുകാർ സമരം തുടങ്ങിയിട്ട് നാളുകൾ പലതായി. അന്നൊന്നും പ്രതികരിക്കാതിരുന്ന മന്ത്രിയും അദ്ദേഹത്തിന്റെ വകുപ്പും ഇപ്പോൾ തൃക്കണ്ണ് തുറന്നിരിക്കുകയാണ്.

പാറമടയ്ക്കും ക്രഷർ യൂണിറ്റിനും നോട്ടീസ് നൽകി. കൈയേറ്റഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് നോട്ടീസിൽ പറയുന്നു. അതിന് കാരണവുമുണ്ട്. വിവാദ ക്രഷർ യൂണിറ്റ് സ്ഥിതി ചെയ്യുന്ന 14-ാം വാർഡിൽ ഇത്തവണ മത്സരിക്കുന്നത് അടൂർ പ്രകാശിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ റോബിൻ പീറ്ററാണ്. ജയിച്ചാൽ പ്രമാടം പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം റോബിന് കിട്ടും. പിന്നെ നാട്ടുകാരെ സുഖിപ്പിക്കാതെ പറ്റില്ലല്ലോ.

തുടിയുരുളിപ്പാറയും സമീപത്തെ റവന്യൂ വനഭൂമിയും കൈയേറി പാറ പൊട്ടിക്കുന്ന ക്രഷർ യൂണിറ്റ് ഉടമയോട് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് കോന്നി തഹസിൽദാരാണ് നോട്ടീസ് നൽകിയത്. അടൂർ ആർ.ഡി.ഒ നേരിട്ടെത്തി ക്രഷർ യൂണിറ്റിനെതിരേ സമരം നടത്തുന്ന നാട്ടുകാരെ സമാധാനിപ്പിക്കുകയും ചെയ്തു.

വി. കോട്ടയം ഗ്രാമരക്ഷാ സമിതി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് സർവേ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അമ്പാടി ഗ്രാനൈറ്റ്‌സ്, ക്രഷർ യൂണിറ്റ് ഉടമ വനഭൂമിയും റവന്യൂഭൂമിയും കൈയേറുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് രക്ഷാസമിതി കോടതിയെ സമീപിച്ചത്. തുടർന്ന് നടത്തിയ സർവേയിൽ രണ്ട് ഏക്കറോളം സർക്കാർ പുറമ്പോക്ക് ക്രഷർ യൂണിറ്റ് ഉടമ കൈയേറിയതായി കണ്ടെത്തിയിരുന്നു. സർവേ റിപ്പോർട്ട് റവന്യൂ വകുപ്പിനും മന്ത്രിക്കും ജില്ലാ കലക്ടർക്കും കൈമാറിയെങ്കിലും തുടർ നടപടി വൈകിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗ്രാമരക്ഷാസമിതിയും വനിതാ സമിതിയും കുട്ടിപ്പട്ടാളവും സമരം ശക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച പെൺകരുത്തിൻ സമരകാഹളം എന്നു പേരിട്ട് വനിതകളും കുട്ടികളും ചേർന്നു നടത്തിയ സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠനാണ് ഉദ്ഘാടനം ചെയ്തത്.

സമരം ശക്തമാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടു പോകുമെന്നു കണ്ട് റവന്യൂമന്ത്രി അടൂർ പ്രകാശ് ഇടപെട്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിനിടെ ഗ്രാമരക്ഷാ സമിതിയുടെ സമരം ശക്തമായാൽ റോബിൻ പീറ്ററിന്റെ വോട്ടുകളെ അതു പ്രതികൂലമായി ബാധിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഇപ്പോൾ ഇങ്ങനെ ഒരു സാഹസത്തിന് റവന്യൂ വകുപ്പ് ഒരുങ്ങിയിരിക്കുന്നത്. അമ്പാടി ക്രഷർ യൂണിറ്റിനെതിരായി നാട്ടുകാർ നടത്തുന്ന സമരത്തോട് മുഖം തിരിച്ചു നിന്നയാളാണ് മന്ത്രി അടൂർ പ്രകാശ്. നാട്ടുകാർ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും അവർക്ക് അനുകൂലമായി ഒരു വാക്കു പോലും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മാത്രമല്ല, റവന്യു വകുപ്പ് നിസംഗഭാവം പുലർത്തുകയുമായിരുന്നു. സർവേയിൽ കൈയേറ്റം വ്യക്തമായിട്ടും, നാട്ടുകാർ പല തവണ പരാതി നൽകിയിട്ടും ജില്ലാ കലക്ടർ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥർ ആ വഴിക്ക് ചെന്നിട്ടില്ല.

ഇന്നലെ ഉച്ചയ്ക്കാണ് തഹസിൽദാർ നേരിട്ടെത്തി ക്രഷർ യൂണിറ്റ് ഉടമയ്ക്ക് നോട്ടീസ് നൽകിയത്. യൂണിറ്റിനു വേണ്ടി രണ്ടേക്കറോളം വനം-റവന്യൂ ഭൂമി കൈയേറിയിട്ടുണ്ടെന്നും അടിയന്തിരമായി ഇവിടെ നിന്ന് ഒഴിയണമെന്നുമാണ് നോട്ടീസിലുള്ളത്. ക്രഷർ യൂണിറ്റിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് വനഭൂമിയിലും ഡീസൽ പ്ലാന്റ് റവന്യുഭൂമിയിലുമാണ്. ഇതിന് പുറമേ ഏക്കർ കണക്കിന് കൃഷിഭൂമിയിൽ ക്രഷർ ഉൽപന്നങ്ങൾ സംഭരിച്ചു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് ക്രഷർ ഉൽപന്നങ്ങൾ മാത്രം വിൽക്കാനാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, അനുവാദമില്ലാതെ പാറക്കല്ലും വിൽക്കുന്നുണ്ട്.

തഹസീൽദാർ പോയതിന് തൊട്ടുപിന്നാലെ വൈകിട്ട് അഞ്ചരയോടെയാണ് അടൂർ ആർ.ഡി.ഓ സമരമുഖത്ത് എത്തിയത്. സമരക്കാരുമായി ചർച്ച നടത്തിയ ഇദ്ദേഹം ഇന്നു മുതൽ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നതല്ലെന്നും നാളെ ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കുന്നതാണെന്നും അറിയിച്ചു. ആർ.ഡി.ഒയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് സമരം താൽക്കാലികമായി നിർത്തി വച്ചു. കലക്ടർ എത്തി ഉചിതമായ നടപടി എടുത്തില്ലെങ്കിൽ സമരം ശക്തമായി തുടരുമെന്നും നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സമരക്കാരെ അടക്കി നിർത്തുക എന്ന ലക്ഷ്യമാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അതിനുശേഷം ക്രഷർ യൂണിറ്റ് വീണ്ടും പ്രവർത്തനം തുടങ്ങും. ഇതിനായി മന്ത്രിയുടെ ഓഫീസും ക്രഷർ ഉടമയും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP