Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തണ്ടർബോൾട്ടുകാർ രൂപേഷിന്റെ ചിത്രം ആദ്യമായി കണ്ടത് ഇന്നലെ; ദൗത്യസംഘം പിന്തുടർന്നത് കേരള പൊലീസിനെ അറിയിക്കാതെ; രൂപേഷിനെതിരായ കേരളത്തിലെ കേസുകൾ ജാമ്യം കിട്ടുംവിധം ദുർബലമെന്ന് പൊലീസിന് ആശങ്ക

തണ്ടർബോൾട്ടുകാർ രൂപേഷിന്റെ ചിത്രം ആദ്യമായി കണ്ടത് ഇന്നലെ; ദൗത്യസംഘം പിന്തുടർന്നത് കേരള പൊലീസിനെ അറിയിക്കാതെ; രൂപേഷിനെതിരായ കേരളത്തിലെ കേസുകൾ ജാമ്യം കിട്ടുംവിധം ദുർബലമെന്ന് പൊലീസിന് ആശങ്ക

തിരുവനന്തപുരം: രൂപേഷിന്റെയും ഭാര്യ ഷൈനയുടേയും അറസ്‌റ്റോടെ കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി പൂർണമായും ഇല്ലാതാകുമെന്ന ആശ്വാസത്തിലാണ് സംസ്ഥാന സർക്കാരും പൊലീസും. പക്ഷേ വയനാട്ടിൽ ഉണ്ടായിരുന്ന രൂപേഷിനെയും സംഘത്തേയും കേരളപൊലീസിനെ അറിയിക്കാതെ ദൗത്യസംഘം പിന്തുടർന്ന ശേഷം പിടികൂടിയതെന്തിനെന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഈ ചോദ്യത്തെ 'എല്ലാം കേരള പൊലീസിന്റെ അറിവോടെയും സഹകരണത്തോടെയുമാണ് നടന്നത്'' എന്ന മറുപടിയിലൂടെ ഇല്ലാതാക്കാനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രമം. കേരളത്തിൽ വച്ചു പിടികൂടിയാൽ തുടർനടപടികൾക്കു കേരളപൊലീസിന്റെ സഹകരണമെങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ദൗത്യസേനയ്ക്ക് ആശങ്കയുണ്ടായിരുന്നുവത്രേ.

കേരള പൊലീസിന്റെ ആത്മാർത്ഥതയില്ലായ്മയും നിസഹകരണവും പലതവണ മനസിലാക്കിയതുകൊണ്ടാണ് തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക പൊലീസ് സംഘം ചേർന്നു നടത്തിയ ഓപ്പറേഷിൽനിന്ന് നമ്മുടെ പൊലീസിനെ ഒഴിവാക്കിയതെന്ന് സൂചനയുണ്ട്. കേരളത്തിൽ മാവോയിസ്റ്റുകൾക്ക് വേരുറപ്പിക്കാൻ കഴിയില്ലെന്ന ശക്തമായ വിശ്വാസമാണ് കേരളപൊലീസിന്റെ ആത്മാർത്ഥതക്കുറവിനു കാരണമെന്ന് പൊലീസിൽ ചില ഉന്നതർ വ്യക്തമാക്കുന്നു.

കേരളത്തിലുൾപ്പെടെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാക്കുമെന്ന് കേന്ദ്രഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ഇവിടെയും ഒരു ദൗത്യസേന രൂപീകരിക്കാൻ സർക്കാർ ആലോചിച്ചത്. പ്രത്യേക ദൗത്യസേന രൂപീകരിക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഎസ്ജി മോഡലിൽ രൂപീകരിച്ച കേരള പൊലീസിന്റെ കമാൻഡോ വിഭാഗമായ ഇന്ത്യൻ റിസർവ്ഡ് ബറ്റാലിയനെ 'തണ്ടർബോൾട്ട്' എന്ന പ്രത്യേക സംഘമാക്കി മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിച്ചത്.

എന്നാൽ അഞ്ഞൂറിലേറെ അംഗങ്ങളുള്ള തണ്ടർബോൾട്ടിൽ ആരും ഇതുവരെ രൂപേഷിന്റെ ചിത്രംപോലും കണ്ടിട്ടില്ലത്രേ. ചൊവ്വാഴ്ച പത്രങ്ങളിലൂടെയാണ് അവർ രൂപേഷിനെയും ഷൈനയേയും കാണുന്നത്. ഏഴുവർഷം മുമ്പാണ് രൂപേഷ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുന്നത്. അതിനുശേഷം കേരളത്തിൽ മാവോയിസ്റ്റ് ശല്യം കുറഞ്ഞു. 2013-ൽ കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകൾ ചേർന്നു രൂപീകരിച്ച 'മാവോവാദി മേഖലാ സമിതി'യുടെ പ്രവർത്തനം വയനാട്ടിലേക്ക് വ്യാപിപ്പിച്ചതോടെയാണ് രൂപേഷ് വീണ്ടും നോട്ടപ്പുള്ളിയായത്. പക്ഷേ തണ്ടർബോൾട്ടിനെ മാവോയിസ്റ്റ് ദൗത്യത്തിനു വിനിയോഗിക്കുമ്പോൾ 'രൂപേഷ്' എന്നൊരു ടാർജറ്റ് അവർക്ക് നൽകിയില്ല. ദേബേഷ്‌കുമാർ ബെഹ്‌റ ഐപിഎസിന്റെയും ശങ്കർ റെഡ്ഡി ഐപിഎസിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങൾക്കാണ് രൂപേഷിനെ കണ്ടെത്താനുള്ള ചുമതല നൽകിയത്. മിടുക്കന്മാരായ ഐപിഎസ് ഓഫീസർമാരായിട്ടും ഇവരുടെ സംഘത്തെപ്പോലും അറിയിക്കാതെ അന്യസംസ്ഥാന പൊലീസ് രൂപേഷിനെയും കൊണ്ടുപോയി.

അത് സൗകര്യമായെന്നു കരുതുന്ന കേരള പൊലീസ് ഇവിടത്തെ കേസുകളിലെ വിചാരണകളിൽനിന്ന് ഒഴിവാക്കാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. കേരളത്തിൽ രജിസ്റ്റർചെയ്ത കേസുകളിൽനിന്ന് രൂപേഷിനും സംഘത്തിനും എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. കാരണം, നിലമ്പൂർ ട്രെയിൻ അട്ടിമറിശ്രമക്കേസുൾപ്പെടെയുള്ള കേസുകളിൽ രൂപേഷിന്റെ പങ്കിനു വ്യക്തമായ തെളിവു കിട്ടാത്തതിനാൽ പല കേസുകളും ദുർബലമാണെന്നറിയുന്നു. ജാമ്യത്തലൂടെ പുറത്തിറങ്ങിയാൽ വീണ്ടും അവർ സംസ്ഥാനത്ത് വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നുമുള്ള വിലയിരുത്തലിലാണ് കേരള പൊലീസ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെ 'പീപ്പിൾസ് വാർ' ഗ്രൂപ്പിലെ നേതാവായ രൂപേഷിനെ മറ്റുസംസ്ഥാനങ്ങളിലെ രാജ്യദ്രോഹക്കുറ്റങ്ങളിൽപെടുത്തട്ടെയെന്നാണ് കേരളപൊലീസ് ആഗ്രഹിക്കുന്നത്.

അതേസമയം രൂപേഷിനെതിരെ വയനാട്ടിൽ 13 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനിൽ ആറു കേസുകളാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുനെല്ലിയിൽ മൂന്ന്, തലപ്പുഴയിൽ ഒന്ന്, പടിഞ്ഞാറത്തറയിൽ ഒന്ന് മേപ്പാടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഒന്ന് എന്നിങ്ങനെയാണ് കേസുള്ളത്. രാജ്യദ്രോഹം വളർത്തുന്ന ലഘുലേഖ വിതരണം റിസോർട്ട് ആക്രമണം, പൊലീസുകാരന്റെ വീട്ടിൽ കയറിയുള്ള ആക്രമണം, ആദിവാസി കോളനിയിൽ കയറിയുള്ള തീവ്രവാദ പ്രവർത്തനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

രൂപേഷ് പിടിയിലായെങ്കിലും കുഞ്ഞോം വനത്തിൽ ഇവരുടെ സംഘാംഗങ്ങൾ ഉണ്ടെന്നു തന്നെയാണ് ദൗത്യസേനയുടെ നിഗമനം.
മാവോവാദികൾക്കായി കർണാടകയിലും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങി പരിശോധനകൾ ശക്തമാക്കി. വയനാട് അതിർത്തിയിലെ കുട്ട അങ്ങാടിയിലും പരിസരത്തുമാണ് ഒന്നേകാൽ കോടി രൂപ ഇനാം പ്രഖ്യാപിച്ച് മാവോവാദികളെ പൊലീസ് തിരയുന്നത്. സിപിഐ. മാവോവാദി സെൻട്രൽ കമ്മിറ്റിയംഗം ബാഗ്ലൂർ സ്വദേശി കുപ്പുദേവരാജിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം നൽകാൻ കർണാടക സർക്കാർ തീരുമാനം.

ഇയാൾക്കൊപ്പം രമേഷ്, രായണ്ണ, ബാലാജി, ജോഗേഷ്, യോഗേഷ്, മൂർത്തി എന്നിവരുടെ ലുക്ക്ഔട്ട് നോട്ടീസും വ്യാപകമായി പതിച്ചിട്ടുണ്ട്. വയനാട് അതിർത്തി പങ്കിടുന്ന കേരള, കർണാടക, തമിഴ്‌നാട് വനത്തിൽ ഇവർ തമ്പടിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് കർണാടക ദൗത്യ സേന. കുപ്പുദേവരാജിനായി മഹാരാഷ്ട്ര സർക്കാർ 60 ലക്ഷവും ഛത്തീസ്‌ഗഢ് സർക്കാർ 40 ലക്ഷവും ജാർഖണ്ഡ് സർക്കാർ 12 ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. .

മാവോവാദി നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും അറസ്റ്റിന്റെ പശ്ചാത്തലത്തിൽ മാവേലിക്കര മേഖലയിൽ പൊലീസിലെ വിവിധ വിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കി. പൊലീസ് ഇന്റലിജൻസ് വിഭാഗം മാവേലിക്കര, കുറത്തികാട്, വള്ളികുന്നം പൊലീസ് സ്‌റ്റേഷൻ അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മാവോവാദികൾ പലവട്ടം സാന്നിധ്യമറിയിച്ച പ്രദേശമാണിത്.

2012 ഡിസംബർ 30ന് മാവേലിക്കരയിലെ ലോഡ്ജിൽ രഹസ്യയോഗം ചേരവെ മാവോവാദികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാങ്കാംകുഴി സ്വദേശി രാജേഷ് മാധവന്റെ നേതൃത്വത്തിലായിരുന്നു യോഗം. മാവോയിസ്റ്റ് അനുകൂല സംഘടനയെന്ന് കരുതപ്പെടുന്ന ആർ.ഡി.എഫിന്റെ വിദ്യാർത്ഥി സംഘടന രൂപവത്കരിക്കാൻ അന്നുചേർന്ന യോഗത്തിൽ രൂപേഷിന്റെയും ഷൈനയുടെയും മക്കളായ ആമിയും സവേരയും പങ്കെടുത്തിരുന്നു. ദേശീയ കുറ്റാന്വേഷണ ഏജൻസി ഏറ്റെടുത്ത കേസ്സിൽ രണ്ടാഴ്ച മുമ്പ് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ. കോടതിയിൽ കുറ്റപത്രം നൽകിയിട്ടുണ്ട്.

മാവേലിക്കരയിലെ മാവോവാദി സാന്നിധ്യം വെളിപ്പെട്ടതിന് ശേഷം പലതവണ തഴക്കര, വഴുവാടി, ഇറവങ്കര, മാങ്കാംകുഴി, കുറത്തികാട് ഭാഗങ്ങളിൽ മാവോവാദികളെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പൊലീസ് ഇതേപ്പറ്റി അന്വേഷിച്ചെങ്കിലും ഇതിനു പിന്നിലുള്ളവരെ പിടികൂടാൻ കഴിഞ്ഞില്ല. മാവോവാദികൾക്ക് വേരുകൾ ഉണ്ടെന്ന് സംശയിക്കുന്ന മാവേലിക്കര താലൂക്കിലെ ചില കോളനികൾ കേന്ദ്രീകരിച്ച് പൊലീസ് പ്രദേശവാസികളുടെ യോഗം വിളിച്ചു ചേർക്കുകയും ബോധവത്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്തിരുന്നു.
മാവോവാദികളുടെ അറസ്റ്റ് വിവരം പുറത്തുവന്ന തിങ്കളാഴ്ച രാത്രി താലൂക്കിലെ വിവിധ മേഖലകളിൽ പൊലീസ് പട്രോളിങ്ങും നടത്തി. അറസ്റ്റിൽ പ്രതിഷേധിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുമെന്ന നിഗമനത്തിലായിരുന്നു ഇത്. മാവോവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP