Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുമതി പത്രത്തിൽ ഒപ്പോ ക്യൂആർ കോഡോ ഇല്ല; മെയിലിൽ കിട്ടിയെന്ന വാദം പരിശോധിക്കാൻ തീരുമാനം; മറ്റക്കര ടോംസ് കോളേജ് പ്രവർത്തിക്കുന്നത് വ്യാജ അഫിലിയേഷൻ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ: കോളേജ് അടച്ചുപൂട്ടേണ്ടി വരുമെന്ന് സൂചന

അനുമതി പത്രത്തിൽ ഒപ്പോ ക്യൂആർ കോഡോ ഇല്ല; മെയിലിൽ കിട്ടിയെന്ന വാദം പരിശോധിക്കാൻ തീരുമാനം; മറ്റക്കര ടോംസ് കോളേജ് പ്രവർത്തിക്കുന്നത് വ്യാജ അഫിലിയേഷൻ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ: കോളേജ് അടച്ചുപൂട്ടേണ്ടി വരുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മറ്റക്കര ടോംസ് കോളേജ് പ്രവർത്തിക്കുന്നത് വ്യാജ അഫിലിയേഷൻ സർട്ടിഫിക്കറ്റ് നേടിയാണെന്ന് കണ്ടെത്തി. ടോംസ് കോളേജിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ച സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. അനുമതിയില്ലാതെയാണ് കോളേജ് പ്രവർത്തിക്കുന്നതെന്നാണ് പ്രധാന കണ്ടെത്തൽ. ഇതോടെ ടോംസ് കോളേജ് അടച്ചു പൂട്ടേണ്ടി വരുമെന്നും വ്യക്തമായി. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥി വിഷ്ണുവിന്റെ മരണത്തോടെയാണ് ഈ വിഷയവും ചർച്ചയായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ മറുനാടൻ പുറത്തുകൊണ്ടു വന്നു. ഇതേ തുടർന്നാണ് അന്വേഷണം തുടങ്ങിത്.

സാങ്കേതിക സർവ്വകലാശാല രജിസ്ട്രാർക്ക് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്താനായത്. മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ടോംസ് കോളേജിന് 2016-17 വർഷത്തെ അഫിലിയേഷൻ നൽകുന്നത് സംബന്ധിച്ച് സർവ്വകലാശാല തീരുമാനമെടുത്തിരുന്നില്ല. അതിനാൽ അനുമതി നൽകിയിരുന്നുമില്ല. എന്നാൽ തങ്ങൾക്ക് രജിസ്ട്രാറുടെ പേരിൽ അനുമതിപത്രം ലഭിച്ചതായും സർവ്വകാശാല ഇമെയിലിൽ അയച്ചുതരികയായിരുന്നെന്നും കോളേജ് അധികൃതർ പറയുന്നു. എന്നാൽ ഈ അനുമതി പത്രത്തിൽ ഒപ്പോ ക്യൂആർ കോഡോ ഇല്ല. അതുകൊണ്ടുതന്നെ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ അഫിലിയേഷൻ അപേക്ഷ സംബന്ധിച്ച ഫയൽ കണ്ടിട്ടില്ലെന്ന് സാങ്കേതിക സർവ്വകലാശാല രജിസ്ട്രാർ പറയുന്നു. ഉന്നത ഇടപെടൽ ഉണ്ടായതിനെ തുടർന്ന് സർവ്വകലാശാലയുടെ അക്കാദമിക് വിഭാഗത്തിൽനിന്ന് അനധികൃതമായി ഇത്തരമൊരു അനുമതിപത്രം നൽകിയതാണെന്നാണ് കരുതുന്നത്. സർവ്വകലാശാലയുടെ ഇ-ഗവേണിങ് സംവിധാനത്തിൽ ഗുരുതരമായ പാളിച്ച ഉണ്ടായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക സർവ്വകലാശാലയിൽനിന്ന് വ്യാജ അനുമതിപത്രം നേടിയാണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായതിനെ തുടർന്ന് രണ്ട് സർവ്വകലാശാല അസി രജിസ്ട്രാർക്കും അക്കദമിക് ഡയറക്ടർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ടോം ജോസ്. അതുകൊണ്ട് തന്നെ വലത് സർക്കാരിന്റെ കാലത്ത് ഇവിടെ ഉയർന്ന പരാതികളൊന്നും പുറംലോകത്ത് എത്തിയില്ല. ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് എത്തുകയും ചെയ്തു. അതിനിടെ വിദ്യാർത്ഥി പീഡനം ആരോപിക്കപ്പെട്ട മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളേജുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന് ഉമ്മൻ ചാണ്ടി പറയുകയും ചെയ്തു. തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയിൽ അവിടുത്തെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവർക്കും അറിയാം. ചെറിയ പരിപാടികളിൽപോലും താൻ പങ്കെടുക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.

മറ്റക്കര ടോംസ് കോളേജിനെതിരെ എട്ട് വർഷം മുമ്പും വിദ്യാർത്ഥി പ്രക്ഷോഭം നടന്നിരുന്നു. അന്ന് ഉമ്മൻ ചാണ്ടി കോളേജിലെത്തി പ്രശ്ന പരിഹാര ചർച്ച നടത്തിയിരുന്നു. അതിന് ശേഷം കോളജിനെതിരായ അന്വേഷണം ഉമ്മൻ ചാണ്ടി സർക്കാർ അട്ടിറിച്ചതായി റിപ്പോർട്ടുകളുണ്ടായി. കോളജ് ഡയറക്ടർ ടോംസ് ജോസഫ് വിദ്യാർത്ഥി പീഡനവും സാമ്പത്തിക തട്ടിപ്പും നടത്തിയതായി സിബിസിഐഡി കണ്ടെത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്. വിദ്യാർത്ഥികളെ മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ ടോംസ് ജോസഫിനെതിരെ വനിതാ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു. വനിതാ കമ്മീഷൻ അന്വേഷണത്തിലും സിബിസിഐഡിയുടേതിന് സമാന കണ്ടെത്തലുകളാണുള്ളത്. 2011ൽ അന്വേഷണം പൂർത്തിയായിട്ടും സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് ടോംസിനെതിരായ നടപടികൾ നിലച്ചത്.

ഈ വിഷയം മംഗളവും കേരള കൗമുദിയുമെല്ലാം വാർത്തയാക്കി. പരമ്പര എഴുതാനും തുടങ്ങി. എന്നാൽ എല്ലാം പത്രത്തിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. മറ്റക്കര കോളേജ് ഉടമ ടോംസ് ജോസഫിന്റെ ഇടപെടൽ തന്നെയായിരുന്നു ഇതിന് കാരണം. കോളേജിന്റെ പരസ്യം ഉറപ്പായതോടെ പത്രങ്ങൾ വിദ്യാർത്ഥി പ്രശ്നങ്ങൾ മറക്കുകയായിരുന്നു. ഇതാണ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നത്. എന്നാൽ സോഷ്യൽ മീഡിയയുടെ കാലത്ത് നിലവിൽ പ്രശ്നങ്ങൾ ആർക്കും മൂടിവയ്ക്കാനാകില്ല-എസ് എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾ പ്രതീക്ഷയോടെ പറയുന്നു. ഇത് തന്നെയാണ് വ്യാജ അഫിലിയേഷൻ ഉൾപ്പെടെയുള്ള കള്ളക്കളികൾ പുറത്തുവരാൻ കാരണമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP