Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്നാർ തൊഴിലാളി രോഷത്തിൽ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയത് സിപിഐയുടെ തൊഴിലാളി യൂണിയൻ; രണ്ടാമത്തെ നഷ്ടം കോൺഗ്രസിന്; സിപിഎമ്മിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഓട്ടോ തൊഴിലാളികളുടെ ബലത്തിൽ; തല്ല് കിട്ടിയിട്ടും നേട്ടം ഉണ്ടാക്കാനാവാത്ത നിരാശയിൽ ബിജെപിയും

മൂന്നാർ തൊഴിലാളി രോഷത്തിൽ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയത് സിപിഐയുടെ തൊഴിലാളി യൂണിയൻ; രണ്ടാമത്തെ നഷ്ടം കോൺഗ്രസിന്; സിപിഎമ്മിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഓട്ടോ തൊഴിലാളികളുടെ ബലത്തിൽ; തല്ല് കിട്ടിയിട്ടും നേട്ടം ഉണ്ടാക്കാനാവാത്ത നിരാശയിൽ ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തിയ സമരം ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള സംഘടനാ സമരമുറ എന്നതിലപ്പുറം തൊഴിലാളികളുടെ രക്തം കൊണ്ട് തടിച്ചു കൊഴുത്ത രാഷ്ട്രീയ സംഘടനകൾക്കെതിരെയുള്ള തൊഴിലാളികളുടെ അവജ്ഞ കൂടിയാണ് മറനീക്കി പുറത്ത് വന്നത്. എന്നാൽ സമരത്തെ കുറിച്ചുള്ള പല മാദ്ധ്യമ റിപ്പോർട്ടുകളും ചെന്നെത്തുന്നത് സമരം സിപിഎമ്മിന് എതിരെ മാത്രമാണെന്ന് നിലയിലാണ്. മറ്റു തൊഴിലാളി സംഘടനകളെക്കാൾ സമരപോർമുഖത്ത് നിന്ന് പ്രത്യക്ഷമായും പരോക്ഷമായും കുറച്ച് മാത്രം നഷ്ടം ഉണ്ടാക്കിയ പാർട്ടിയാണ് സിപിഐ(എം) എന്നതാണ് യാഥാർഥ്യം. മൂന്നാറിലെ തോട്ടം മേഖലയുടെ 'ഗതി'നിർണയിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന സംഘടനകളായിരുന്നു എ.ഐ.ടി.യു.സിയും ഐൻടിയുസിയും.

കാലങ്ങളായി ഈ സംഘടനകളോടുള്ള തങ്ങളുടെ എതിർപ്പ് ഉരുൾപൊട്ടിയപ്പോൾ ഒലിച്ചു പോയത് ഈ രണ്ടു സംഘടനകളുടേയും നേതാക്കാന്മാരുടെ തലയെടുപ്പായിരുന്നു. അറുപത് വർഷമായി തോട്ടം മേഖലയുടെ മുടിചൂടാമന്നനായിരുന്ന സി.എ.കുര്യൻ എന്ന നേതാവിന്റെ കാൽക്കീഴിലെ മണ്ണ് സമരത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോയപ്പോൾ, എ.കെ.മണി എന്ന് കോൺഗ്രസ് നേതാവിനും തൊഴിലാളി സമരത്തിനു മുന്നിൽ പകച്ചു നിൽക്കാനെ കഴിഞ്ഞുള്ളൂ എന്നതാണ് യാഥാർഥ്യം. അതേസമയം തോട്ടം മേഖലയുടെ അമരം സ്വപ്‌നം കണ്ട് സമരത്തിന് തുടക്കത്തിൽ ചൂടും ചൂരും നൽകിയ ബിജെപി പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടാണ് സമരം മറ്റു സംഘടനകൾ ഏറ്റെടുത്തത്. സമരത്തിന്റെ ചൂട് ബിജെപി പ്രാദേശിക നേതൃത്വം മനസിലാക്കിയെങ്കിലും സംസ്ഥാന നേതൃത്വം പിൻവലിച്ചഞ്ഞതാണ് തല്ല് കിട്ടിയിട്ടും നേട്ടം ഉണ്ടാക്കാനാകാതെ ബിജെപിക്ക് വലിയേണ്ടി വന്നത്.

മെയ് പകുതിയിൽ കണ്ണൻദേവൻ സൈലന്റ് വാലി ഡിവിഷനിൽ അധികജോലി ചെയ്യണമെന്ന കമ്പനി നിലപാടിനെ എതിർത്താണ് തോട്ടം തൊഴിലാളികൾ ആദ്യം കമ്പനിക്കെതിരെ ആദ്യം തിരിഞ്ഞത്. കൊളുന്തു നുള്ളാതെ തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചതോടെ കമ്പനി സിപിഐ, സിപിഐ(എം), കോൺഗ്രസ് യൂണിയനുകളുടെ സഹായത്തോടെ തൊഴിലാളികളെ അനുനയിപ്പിച്ച് ജോലിക്ക് കയറ്റിയെങ്കിലും എതിർപ്പിന്റെ നെരിപ്പോട് മനസിൽ സൂക്ഷിച്ചാണ് തൊഴിലാളികൾ ജോലിക്ക് കയറിയത്. അതിനുശേഷം ഓഗസ്റ്റിൽ 10 ശതമാനം ബോണസ് കമ്പനി പ്രഖ്യാപിച്ചെങ്കിലും അതിനു വഴങ്ങാതെ വീണ്ടും സമരത്തിന്റെ പാതയിലേക്ക് തൊഴിലാളികൾ തിരിഞ്ഞു.

അവരെ കമ്പനി നിശ്ചയിച്ച ബോണസ് വാങ്ങാൻ നിർബന്ധിച്ച യൂണിയൻ നേതാക്കളും. എന്നാൽ തോട്ടം മേഖലയിൽ കൊടികുത്തി വാണ നേതാക്കന്മാരുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്നതിനു പകരം സെപ്റ്റംബർ രണ്ടിന് നടന്ന പണിമുടക്കിനോടനുബന്ധിച്ച് നടന്ന തൊഴിലാളി സംഘടനകളുടെ വിശദീകരണയോഗത്തിലേക്ക് നൂറോളം സ്ത്രീകൾ മുദ്രാവാക്യങ്ങളുമായി എത്തി. അഭിവാദ്യമർപ്പിക്കാൻ എത്തിയതാണെന്ന് തെറ്റിദ്ധരിച്ച നേതാക്കൾക്ക,് തങ്ങളുടെ കാൽചുവട്ടിലെ മണ്ണിളക്കാൻ ആ മുദ്രാവാക്യങ്ങൾക്ക് കരുത്തുണ്ടെന്ന് അന്ന് ചിന്തിച്ചില്ല. പ്രമുഖ യൂണിയനുകൾ തൊഴിലാളികളെ മറക്കുന്നുവെന്ന് തോന്നിയപ്പോഴാണ് തൊഴിലാളികൾ സജീവമായി സമരത്തെ കുറിച്ച് ആലോചിക്കുന്നത്.

സമരത്തിന് ഒരു രാഷ്ട്രീയ പിൻബലം വേണമെന്ന സാഹചര്യത്തിലാണ് തൊഴിലാളികൾ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ സഹായം തേടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ നാലിന് കണ്ണൻ ദേവൻ റീജിയണൽ ഓഫീസുകളിലേക്കും ഡിവിഷണൽ ഓഫീസുകളിലേക്കും ബിജെപി നേതൃത്വത്തിൽ പ്രകടനം നടത്തുകയും ചെയ്തു. ഒരുപാട് സമരങ്ങൾ സംഘടിപ്പിക്കുകയും പൊളിക്കുകയും ചെയ്ത മറ്റു തൊഴിലാളി യൂണിയനുകൾക്ക് പ്രശ്‌നത്തിന്റെ ഗൗരവം മനസിലായതോടെ പ്രകടനത്തിന് നേതൃത്വം നൽകിയ ബിജെപിയെ ഒഴിവാക്കാനുള്ള ശ്രമം എ.ഐ.ടി.യു.സി, ഐൻ.ടി.യു.സി സംഘടനകളുടെ ശ്രമം അടിയിൽ കലാശിച്ചു.

അടി കിട്ടിയാലും വേണ്ടിയില്ല സമരത്തിന്റെ ക്രെഡിറ്റ് നേടാമെന്ന ബിജെപി പ്രാദേശികനേതൃത്വത്തിന്റെ ചരട് വലികൾക്ക് കത്തി വച്ചത് പാർട്ടി സംസ്ഥാന നേതൃത്വം തന്നെയാണ്. സമരത്തിന്റെ ഗൗരവം മനസിലാക്കാതെ സംസ്ഥാന നേതൃത്വം മൂന്നാറിലെ ബിജെപി സമരനേതാക്കളെ തഴഞ്ഞപ്പോൾ മൂന്നാർ സമരം കൊണ്ട് പാർട്ടിപ്രവർത്തകർക്ക് അടി കൊണ്ടത് മാത്രം മിച്ചം. സമരത്തിന് തുടക്കം കുറിച്ച ബിജെപിക്ക സമരനേട്ടത്തിന്റെ ഒരുഗുണവും രാഷ്ട്രീയമായി ലഭിക്കാതെ പോയതിന്റെ കാരണം സംസ്ഥാന നേതൃത്വത്തിന് തോട്ടം മേഖലയുടെ സംഘടിത ശക്തിയെ വിശ്വസിക്കാഞ്ഞതു കൊണ്ടാണ്.

സിപിഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയാണ് തോട്ടംമേഖലയെ വർഷങ്ങളായി നിയന്ത്രിച്ചിരുന്നത്. എ.ഐ.ടി.യു.സി നേതാവ് സി.എ.കുര്യന്റെ അലിഖിത നിയമങ്ങൾ വാ പൊത്തി കേട്ടിരുന്ന തൊഴിലാളികൾ യൂണിയനും തനിക്കുമെതിരെ തിരിയുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ മൂന്നാറിലെ സമരം സി.എ. കുര്യൻ എന്ന നേതാവിനപ്പുറം എ.ഐ.ടി.യു.സിയുടെ വിശ്വാസ്യതയെയാണ് തൊഴിലാളികൾ ചോദ്യം ചെയ്തത്. മൂന്നാർ സമരത്തിൽ മാദ്ധ്യമങ്ങൾ സിപിഎമ്മിനെതിരെ വാർത്തകൾ കൊടുക്കുമ്പോൾ ശരിക്കും പണികിട്ടിയത് സിപിഐക്കാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ നേതാക്കൾ ആരും എത്താതിരുന്നപ്പോൾ ബിജി മോൾ എംഎ‍ൽഎയ്ക്ക് മാത്രമാണ് സമരമുഖത്തിലേക്ക് എത്താൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

തൊഴിലാളികളെ അഭിമുഖീകരിക്കാൻ കഴിയാത്ത ഒരു യൂണിയനും അതിന്റെ മാതൃസംഘടനയ്ക്കും രാഷ്ട്രീയത്തിലുള്ള സ്ഥാനം വളരെ പിന്നിലാണെന്ന് സിപിഐ ഇതിനോടകം മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. കൂടാതെ തോട്ടം മേഖലയിൽ വി എസ് എന്ന ജനകീയ നേതാവിന്റെ ഇടപെടലിലൂടെ തോട്ടം മേഖലയിലെ സിപിഐ ലായങ്ങളിൽ സിപിഎമ്മിന് വേരുകൾ ആഴ്‌ത്താനുള്ള സുവർണാവസരം കൂടിയാണ് സമരം തുറന്ന് കൊടുത്തത്. സമരത്തെ ഒതുക്കി തീർക്കാനുള്ള യൂണിയൻ ശ്രമങ്ങൾ പരാജയത്തിലെത്തിയപ്പോഴും, സമരസമിതി രൂപീകരിക്കാനുള്ള യൂണിയൻ നേതാക്കന്മാരുടെ ശ്രമങ്ങൾ തുടക്കത്തിൽ തന്നെ പരാജയപ്പെട്ടതിലൂടെയും മൂന്നാർ മുന്നോട്ട് വയ്ക്കുന്ന സന്ദേശമിതാണ്.

തൊഴിലാളികൾക്ക് ഒപ്പമില്ലാത്ത യൂണിയനെയും നേതാക്കളെയും തങ്ങൾക്ക് ഒപ്പമില്ല എന്ന വ്യക്തമായ സന്ദേശമാണ് നൽകിയത്. നേതാക്കന്മാരില്ലാത്ത സമരത്തെ ഇനിയും പ്രോൽസാഹിപ്പിച്ചാൽ വരുംനാളുകളിൽ തോട്ടം മേഖലയുടെ അധീശത്വം തങ്ങളിൽ നിന്ന് പൊയ്‌പോകുമോ എന്ന പേടിയാണ് സമരത്തിന് മുമ്പും പിമ്പും മാവോയിസ്റ്റ് പരിവേഷം നൽകാൻ യൂണിയനുകൾ ശ്രമിച്ചത്. മൂന്നാറിൽ സി.പിഐ.എമ്മിന് പിടിച്ചു നിൽക്കാനായത് ഓട്ടോത്തൊഴിലാളികളുടെ പിൻബലത്തിലാണെന്ന നിർണായക വസ്തുത മറക്കാനാവില്ല. ഒപ്പം വി എസ്ിന്റെ പ്രത്യക്ഷ സാന്നിധ്യവും. തോട്ടം തൊഴിലാളികൾക്കിടയിലേക്ക് പാർട്ടിയെ ആഴത്തിൽ വേരോടിക്കാൻ പറ്റിയ സമയം ആണെന്ന് സിപിഐ(എം) നേതൃത്വം മനസിലാക്കി ഭാവിയിലേക്കുള്ള കരുക്കൾ നീക്കുന്നതിനിടയിലാണ് സിഐടി.യു സെക്രട്ടറി സഹദേവൻ സമരത്തിനെതിരെ തിരിഞ്ഞത്. കൈയിൽ കിട്ടിയ അവസരം തകരും എന്ന് മനസിലാക്കിയാണ് സഹദേവന കൊണ്ട് മിനുട്ടുകൾക്കുള്ളിൽ പ്രസ്താവന തിരുത്തിച്ചതും സമരത്തെ നേതാക്കൾ ഒറ്റക്കെട്ടായി അനുകൂലിച്ചതും.

സിപിഐയ്ക്ക് ഒപ്പം തൊഴിലാളികളുടെ ഇടയിൽ നിന്ന സംഘടനയായിരുന്നു ഐ,എൻ.ടി.യു.സി. സിപിഐയ്ക്ക് സി.എ കുര്യൻ എന്ന പോലെ എ.കെ മണിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് മൂന്നാറിൽ സംഘടനയെ വളർത്തിയത്. വളർന്നത് സംഘടന മാത്രമാണെന്ന തിരിച്ചറിവിൽ തൊഴിലാളികൾ എത്തിയപ്പോൾ സംഘടനയുടെ അഡ്രസ് പോലും മൂന്നാറിൽ കീറിപ്പോയി. ഈ വികാരത്തള്ളിച്ചയിലാണ് ജോയ്‌സ് ജോർജ് എംപിയെ പോലും ആദ്യം സമരക്കാർ എതിർത്തത്. അരുവിക്കരയിൽ സകല എംഎ‍ൽഎമാരും മന്ത്രിമാരും ദിവസങ്ങളോളം കെട്ടികിടന്നിട്ടും മൂന്നാറിലെ 'പെമ്പിളൈ സമര' ത്തിന് അഭിവാദ്യമർപ്പിക്കാനോ, ഐക്യദാർഢ്യമർപ്പിക്കാനോ ആരും എത്തിയില്ല എന്നതിന്റെ പ്രധാന കാരണം തൊഴിലാളികളെ എങ്ങനെ നേരിടും എന്ന ആശയക്കുഴപ്പം തന്നെയായിരുന്നു. അതിനു കാരണം മൂന്നാറിലെ ഐ.എൻ.ടി.യു.സി സംഘടനയുടെ പ്രവർത്തന മികവ് കൊണ്ടാണ്.

ആരും ചെന്നില്ലെങ്കിൽ എന്ത് കരുതുമെന്ന് കരുതിയാണ് വനിതാ മന്ത്രി ജയലക്ഷ്മിയെ മൂന്നാറിലേക്ക് പറഞ്ഞയച്ചത്. സമരത്തിന്റെ തുടക്കത്തിൽ ലോക്കൗട്ട് പ്രഖ്യാപിച്ച് തൊഴിലാളികളെ വരുതിയിലാക്കാൻ പോലും കമ്പനിയെ രഹസ്യമായി ഉപദേശിച്ച നേതാക്കളുള്ള സംഘടനകളോട് തൊഴിലാളികൾ കാണിച്ച് മര്യാദ ഓർക്കുന്നത് നല്ലതായിരിക്കും. ആവശ്യങ്ങളിൽ ഉറച്ച് നിന്ന്, നേതാക്കന്മാരില്ലാതെ മുദ്രാവാക്യങ്ങൾ ഉയർത്തി രാഷ്ട്രീയ സംഘടനകളുടെ പ്രഭാവത്തെ മണിക്കൂറുകൾക്കുള്ളിൽ നിഷ്പ്രഭമാക്കിയ ഏഴായിരത്തിലധികം അംഗങ്ങളുള്ള ഒരു കൂട്ടായ്മയെ പാർട്ടികൾക്ക് ഒരു ഓർമപ്പെടുത്തെലായി മാറി കഴിഞ്ഞു എന്നതാണ് യഥാർഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP