Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി കോട്ടയായ മുടക്കോഴി മലയിൽ വെച്ച് കൊടി സുനിയെയും കൂട്ടരെയും പിടികൂടിയ ഷൗക്കത്തലി ഇടതു സർക്കാർ അധികാരത്തിലെത്തും മുമ്പ് എൻഎഐയിൽ കയറിക്കൂടി; 51 വെട്ടിന്റെ കഥ ഇടയ്ക്കിടെ ചർച്ച ചെയ്ത് മാധ്യമങ്ങളും നേതാക്കളും; പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ജയിൽ ഭരണം നടത്തുന്നത് ചന്ദ്രശേഖരന്റെ കൊലയാളികൾ; കുഞ്ഞനന്തന് തോന്നിയതു പോലെ പരോൾ നൽകി ഒത്താശ ചെയ്ത് സർക്കാറും; ടി.പി. കൊല്ലപ്പെട്ടിട്ട് ആറ് വർഷം തികയുമ്പോഴും ഗൂഢാലോചനക്കാർ കാണാമറയത്ത് തന്നെ

പാർട്ടി കോട്ടയായ മുടക്കോഴി മലയിൽ വെച്ച് കൊടി സുനിയെയും കൂട്ടരെയും പിടികൂടിയ ഷൗക്കത്തലി ഇടതു സർക്കാർ അധികാരത്തിലെത്തും മുമ്പ് എൻഎഐയിൽ കയറിക്കൂടി; 51 വെട്ടിന്റെ കഥ ഇടയ്ക്കിടെ ചർച്ച ചെയ്ത് മാധ്യമങ്ങളും നേതാക്കളും; പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ജയിൽ ഭരണം നടത്തുന്നത് ചന്ദ്രശേഖരന്റെ കൊലയാളികൾ; കുഞ്ഞനന്തന് തോന്നിയതു പോലെ പരോൾ നൽകി ഒത്താശ ചെയ്ത് സർക്കാറും; ടി.പി. കൊല്ലപ്പെട്ടിട്ട് ആറ് വർഷം തികയുമ്പോഴും ഗൂഢാലോചനക്കാർ കാണാമറയത്ത് തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 2012 മാർച്ച് നാല്. രാത്രി പത്തുമണി കഴിഞ്ഞതോടെ ടിവി ചാനലുകളിൽ ഫ്‌ളാഷ് ന്യൂസ് വന്നുതുടങ്ങി.വടകരയ്ക്കടുത്ത് വള്ളിക്കോട് വച്ച് അജ്ഞാത സംഘം ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നു.ബൈക്കിൽ സഞ്ചരിച്ച ചന്ദ്രശേഖരനെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം ബോബെറിഞ്ഞും 51 വെട്ട് വെട്ടിയും നിർജ്ജീവമാക്കി.പ്രത്യയശാസ്ത്ര വ്യതിയാനങ്ങളുടെ പേരിൽ 2009 ൽ സിപിഎം വിട്ട ടിപിയെ ആശയങ്ങൾ കൊണ്ട് നേരിടാനായിരുന്നില്ല എതിരാളികൾക്ക് ഇഷ്ടം. അവർ അക്രമത്തിന്റെ പാതയാണ് സ്വീകരിച്ചത്.ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മിൽ നിന്ന് ആർഎംപി പിടിച്ചെടുത്തതോടെ ടിപിയുടെ നാളുകൾ എണ്ണപ്പെട്ടു. ഗൂഢാലോചനയുടെ വേരുകൾ ആഴ്ന്നിറങ്ങി. എങ്ങനെയും ഈ മാർഗ്ഗം മുടക്കിയെ നീക്കം ചെയ്യാൻ!

ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടർന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവർത്തകർ സിപിഎം വിട്ട് വിമതപ്രവർത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതർ ടിപിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും പാർട്ടി കരുതിയതിലും സ്വാധീനം മേഖലയിൽ അവർക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാർട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകൾ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.

മേഖലയിൽ അടിക്കടിയുണ്ടായ ആർഎംപി-സിപിഎം സംഘർഷങ്ങൾ കൂടിയായതോടെ ചന്ദ്രശേഖരനോടും ആർഎംപിയോടുമുള്ള സിപിഎം വൈര്യം വർധിച്ചു. ഇത്തരമൊരു സംഘർഷത്തിനിടെ പാർട്ടി നേതാവ് പി.മോഹനന് മർദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് എത്തി. ആ തീരുമാനം ക്വട്ടേഷൻ സംഘം നടപ്പാക്കുകയും ചെയ്തു.

കേസിന്റെ ഗൗരവം മനസ്സിലാക്കിയ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.എഡിജിപി വിൻസന്റ്.എം. പോളായിരുന്നു കേസന്വേഷണത്തിന്റെ തലവൻ.എഐജി അനൂപ് കുരുവിള ജോൺ, ക്രെംബ്രാഞ്ച് ഡിവൈഎസ്‌പി സന്തോഷ്.കെ.വി, തലശേരി ഡിവൈഎസ്‌പി ഷൗക്കത്തലി, വടകര ഡിവൈഎസ്‌പി, ജോസി ചെറിയാൻ, കുറ്റ്യാടി സിഐ പി.വി. ബെന്നി എന്നിവരെ ഉ്രൾപ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചു.

കൊലയാളികളെ വലയിലാക്കിയത് ഇങ്ങനെ:

കൊലയാളി സംഘത്തിൽ ആദ്യം പിടികൂടിയത് അണ്ണൻ സുജിത്തിനെ. ഡിവൈഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൊസൂരിൽ നിന്ന് സുജിത്തിനെ അറസ്റ്റ് ചെയ്തതിനെ പിന്നാലെ, ടി.കെ.രജീഷും പിടിയിലായി. ടി.കെ. രജീഷ് മുംബൈയിൽ ഉണ്ടെന്നറിഞ്ഞ് പൊലീസ് സംഘം അവിടെയെത്തിയപ്പോൾ രജീഷ് അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. വിവിധ പൊലീസ് സംഘാംഗങ്ങൾ, മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിലേക്കു പോയി. അവസാനം മഹരാഷ്ട്ര ഗോവ അതിർത്തിലെ ഒരു ഗ്രാമത്തിലെ ബേക്കറിൽ നിന്നും പൊലീസ് സംഘം രജീഷിനെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി എം.സി. അനൂപ് ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായി.എന്നാൽ, കൊടിസുനി, കിർമാണി മനോജ്, മുഹമ്മദ് ഷാഫി എന്നീ പ്രതികളെ സാഹസികമായി മുടക്കോഴി മലയിൽ നിന്ന് പിടികൂടിയത് പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലായി മാറി. അന്നത്തെ ആഭ്യന്തര് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ ഓപ്പറേഷനെ കുറിച്ച് തന്റെ ടിപി വധം സത്യാന്വേഷണ രേഖകൾ എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെ:

'മുടക്കൂഴി എന്ന സ്ഥലത്ത് ചില പ്രതികൾ ഒളിവിൽ താമസിക്കുന്നു എന്ന വിവരം പൊലീസിന് ലഭിച്ചു. മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ ഒരു പാർട്ടിഗ്രാമമാണ് മുടക്കൂഴി. അവിടേക്ക് ഏത് അപരിചിതമായ വാഹനം ചെന്നാലും അവ സൂക്ഷ്മമായ നിരീക്ഷണത്തിലായിരിക്കും. പക്ഷേ അവിടെയൊരു കരിങ്കൽ പാറയുള്ളതിനാൽ ലോറികൾക്ക് താരതമ്യേന സുരക്ഷിതമായി മുടക്കൂഴിമലയിലൂടെ യാത്രചെയ്യാം. 2012 ജൂലൈ 13ാം തിയതി രാത്രി ഡിവൈഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം വരുന്ന പൊലീസ് സംഘം ഒരു ലോറിയിൽ മാഹിയിൽ നിന്നും പുറപ്പെട്ടു.

മുടക്കൂഴിയിൽ ലോറി നിർത്തി ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും വേഷത്തിൽ അവർ മൂന്നരകിലോമീറ്റർ നടന്ന് മലമുകളിലെത്തി. ഒളിവിൽ താമസിക്കുന്നവർക്ക് കാവൽക്കാരായി പ്രവർത്തിച്ചിട്ടുള്ള ഒരാളെ വഴികാട്ടാനായി അവർ കൂടെ കൂട്ടിയിരുന്നു. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. വെളുപ്പിനെ മൂന്നുമണിയോടെ കുളക്കോഴി മലയുടെ മുകളിലെത്തി. അവിടെ ഒരു ഷെഡ്ഡ് കെട്ടിയായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. ചുറ്റുപാടുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി രണ്ടുപേർ സ്ഥിരം കാവൽക്കാരായുണ്ടായിരുന്നു. കിർമ്മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി എന്നീ മൂന്നു പ്രതികൾ അവിടെയുണ്ടായിരുന്നു. കനത്ത മഴയായതിനാൽ കാവൽക്കാരായി നിയോഗിച്ചവരും ഷെഡിലായിരുന്നു. ആൾപ്പെരുമാറ്റം കേട്ട് ചാടിയുണർന്നവർക്ക് വന്നിരിക്കുന്നത് പൊലീസ് സംഘമാണെന്നു മനസിലായി. പെട്ടെന്ന് അവർ ചെറുത്തുനിൽക്കാൻ ശ്രമിച്ചു. അവരുടെ കൈയിൽ തോക്കും മറ്റു മാരകയുധങ്ങളുമുണ്ടായിരുന്നു. പക്ഷേ പൊലീസ് സംഘം വളരെ വേഗം അവരെ കീഴ്പ്പെടുത്തി. ഈ അസമയത്ത് ഇത്തരം സാഹസികമായ ഒരു ഓപ്പറേഷൻ പൊലീസിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചിരുന്ില്ലെന്ന് വ്യക്തമായിരുന്നു. തിരികെ ലോറിയിൽത്തന്നെ പൊലീസ് സംഘം മാഹിയിലെത്തി.

ഇങ്ങനെ അതീവ സാഹസികമായി സ്വന്തം ജീവൻ പോലും പണയം വച്ചാണ് അന്വേഷണസംഘം പ്രതികളെ പിടിച്ചത്. പ്രധാന പ്രതികളെല്ലാം പൊലീസ് പിടിയിലായതോടെ കൊലപാതക സംഘത്തിലുണ്ടായിരുന്ന അവസാനത്തെ പ്രതിയായ ഷിനോജും മറ്റൊരു പ്രതിയായ രജികാന്തനോടൊപ്പം വടകര മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ രഹസ്യ കേന്ദ്രങ്ങളിലായിരുന്നു ഷിനോജ് ഒളിവിൽ കഴിഞ്ഞിരുന്നത്. ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയുടെ പ്രധാന ആസൂത്രകൻ എന്ന് പൊലീസ് കണ്ടെത്തിയിരുന്ന സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്ദനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം ഊർജ്ജിതമായതോടെ മൈസൂർ, ബംഗളൂരു, ബൽഗാം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുഞ്ഞനന്ദൻ ജൂലൈ 23ന് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. കൊലയാളി സംഘത്തിന് ഇന്നോവ കാർ വാടകയ്ക്കെടുത്തു നൽകിയ വാഴപ്പടച്ചി റഫീഖ് പലയിടത്തും കറങ്ങിനടന്ന് ഒളിവിൽ കഴിഞ്ഞതിനു ശേഷം 12ാം തിയതി ഒരു ഭ്രാന്തനെപ്പോലെ വടകരയിലെ അന്വേഷണസംഘത്തിന്റെ ഓഫീസിലെത്തി സ്വയം കീഴടങ്ങി.'

ഡിവൈഎസ്‌പി ഷൗക്കത്തലി

ടി പി വധക്കേസ് പ്രതികളെ നിശ്ശബ്ദമായ ഓപ്പറേഷനിലൂടെ പിടികൂടിയതോടെയാണ് ഷൗക്കത്തലി എന്ന സമർത്ഥനായ പൊലീസ് ഉദ്യോഗസ്ഥനെ കേരളം മനസിലാക്കുന്നത്. അതോടെ ഷൗക്കത്തലി രാഷ്ട്രീയക്കാരുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ ശത്രുവാകുകയും ചെയ്തു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരിക്കാനാണ് കേരള പൊലീസിലെ സീനിയർ ഡിവൈഎസ്‌പിയായിരിക്കെ എൻഐഎയിൽ അഡീഷണൽ സൂപ്രണ്ടായി ചേക്കേറിയത്. പിന്നീട് സംസ്ഥാന പൊലീസ് എസ്‌പിയായി പ്രമോഷൻ നൽകിയതോടെ എൻഐഎയിലും എസ്‌പിയായി.
കനകമലയിലെ ഐഎസ് ബന്ധം വെളിച്ചത്തുകൊണ്ടുവന്നതും അറസ്റ്റിലേക്ക് നയിച്ചതും ഷൗക്കത്തലിയുടെ എൻഐഎയിലെ സുപ്രധാന നേട്ടമായി എണ്ണാം.

1995ലെ എസ്ഐ ബാച്ചിൽ ഒന്നാം റാങ്കുകാരനായിരുന്നു ഷൗക്കത്തലി. ടി പി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് ഇദ്ദേഹം എൻഐഎയിൽ എത്തിയത്. 2012 ജൂലൈ 14നാണ് മുടക്കോഴി മലയിൽ വച്ച് ടിപി വധക്കേസിലെ കൊലയാളി സംഘത്തെ ഇദ്ദേഹം കുരുക്കിയത്. കൊടി സുനിയെയും സംഘത്തെയും മലയിൽ വച്ച് അതിസാഹസികമായാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച ലംബു പ്രദീപിനെ കുടുക്കിയത്, ടി കെ രജീഷിനെ തേടി മുംബൈയിലേക്ക് യാത്ര ചെയ്തത്, പി മോഹനനെ അറസ്റ്റ് ചെയ്തത് എല്ലാം ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. ഇതിൽ പി മോഹനന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. മോഹനനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ സിപിഎം നേതാവ് എംവി ജയരാജൻ ഷൗക്കത്തലിയെ ഓഫീസിലെത്തി അസഭ്യം പറഞ്ഞതെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.

ടി പി വധക്കേസോടെ സിപിഎമ്മിന്റെ ശത്രുവായി മാറിയ ഷൗക്കത്തലി ഭരണം മാറിവരുമ്പോൾ തന്റെ നില പരുങ്ങലിലാകുമെന്ന് മനസിലാക്കിയാണ് കിട്ടിയ അവസരത്തിൽ എൻഐഎയിലേക്ക് ഡെപ്യൂട്ടേഷൻ നേടി പോയത്. അതേസമയം പ്രൊമോഷൻ സമയത്ത് ഷൗക്കത്തലിയുടെ പേര് കണ്ട എൽഡിഎഫ് സർക്കാർ അത് തടഞ്ഞു വയ്ക്കാനാണ് ശ്രമിച്ചത്.

ടിപി കേസ് പ്രതികളുടെ പരോൾ വിവാദം

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളിൽ ടി.പി കേസ് പ്രതികൾക്ക് ഒരുമിച്ച് പരോൾ ലഭിച്ചത് വിവാദമായിരുന്നു. കൊലപാതകങ്ങൾ തമ്മിലുള്ള സമാനത കണക്കിലെടുക്കുമ്പോൾ സിപിഎമ്മിന്റെ കൊലപാതകിസംഘം തന്നെയാണ് ഷുഹൈബിനെയും വധിച്ചതെന്നാണ് വ്യക്തമാകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ടി.പി വധക്കേസ് പ്രതികളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശം ഉന്നയിക്കുന്നതിനിടെ കേസിലെ രണ്ടുപ്രതികളെ പൂജപ്പുരയിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

കുഞ്ഞനന്തന് ശിക്ഷയിളവ് നൽകാൻ നീക്കം

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന് ശിക്ഷയിൽ ഇളവിന് നീക്കം നടന്നത് വിവാദമായി. 70 വയസ്സ് കഴിഞ്ഞ തടവുകാർക്കുള്ള ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയായിരുന്നു ശിക്ഷയിളവിന് നീക്കം. ശിക്ഷയിളവ് നൽകുന്നതു സംബന്ധിച്ച് ജയിൽ ഉപദേശക സമിതി പൊലീസ് റിപ്പോർട്ട് തേടുകയും ചെയ്തു. ശിക്ഷയിളവ് തീരുമാനിക്കുംമുമ്പ് ഇരയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം തേടണമെന്നാണ് ചട്ടം. കുഞ്ഞനന്തന് ശിക്ഷയിളവ് നൽകുന്നതിനെ അംഗീകരിക്കില്ലെന്ന മൊഴിയാണ് രമ നൽകിയത്.

കേസിൽ 13ാം പ്രതിയാണ് പി.കെ. കുഞ്ഞനന്തൻ. കുഞ്ഞനന്തൻ ഉൾപ്പെടെ 11 പ്രതികളെ 2014 ജനുവരി 28നാണ് കോടതി ശിക്ഷിച്ചത്. ഗൂഢാലോചന കുറ്റമാണ് കുഞ്ഞനന്തനെതിരെ ചുമത്തിയിട്ടുള്ളത്. ശിക്ഷിക്കപ്പെട്ടതിന് ശേഷവും, പാനൂർ മേഖലയിൽ സിപിഎമ്മിലെ പ്രമുഖനായ കുഞ്ഞനന്തൻ നിരപരാധിയാണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾക്കുള്ളത്. കുഞ്ഞനന്തനെ പാർട്ടി ഏരിയ കമ്മിറ്റിയംഗമായി നിലനിർത്തുകയും ചെയ്തു.

കുഞ്ഞനന്തൻ അടക്കമുള്ള ടി.പി കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷയിളവ് നൽകാനുള്ള നീക്കം നേരത്തേ വിവാദമായിരുന്നു. ടി.പി കേസ് പ്രതികളുൾപ്പെട്ട പട്ടിക ഗവർണർ മടക്കുകയായിരുന്നു. അതിനു പിന്നാലെയാണ് പ്രായാധിക്യത്തിന്റെ ആനുകൂല്യത്തിൽ കുഞ്ഞനന്തനെയും ഉൾപ്പെടുത്തിയത്.എന്നാൽ, ഈ നീക്കം ഫലിച്ചില്ല.

കുഞ്ഞനന്തന് പരോളുകളുടെ പെരുന്നാൾ

പിണറായി സർക്കാരിന്റെ കാലത്ത്, കുഞ്ഞനന്തന് 20 മാസത്തിനിടെ 15 തവണയായി പരോൾ അനുവദിച്ചത് 193 ദിവസമാണ്. സർക്കാർ അധികാരത്തിൽ വന്ന് 2016 മെയ് മുതൽ 2018 ജനുവരി വെര ഏകദേശം എല്ലാ മാസവും പരോൾ കിട്ടിയെന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയത്. കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽവാസക്കാലത്ത് നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മറ്റിയിൽ നിലനിർത്തി. ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിലെത്തി ഏരിയ സമ്മേളനത്തിൽ പങ്കെടുത്തു.

2016 മേയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ ഇടതു സർക്കാർ ജൂണിലും ആഗസ്തിലും മൂന്നു തവണയായി കുഞ്ഞനന്തന് 38 ദിവസമാണ് പരോൾ നൽകിയത്. 2016 ൽ മാത്രം പരോൾ കിട്ടിയത് 79 ദിവസം. 2017 ൽ ഇത് 98 ദിവസമായി. ഏഴു തവണ സാധാരണ പരോളും എട്ടു തവണ അടിയന്തര അവധിയുമാണ് കിട്ടിയത്. ഭാര്യയുടെ ചികിത്സ, കുടുംബത്തിനൊപ്പം കഴിയാൻ എന്നീ രണ്ടു കാരണങ്ങൾ മാറി മാറി കാണിച്ചാണ് 193 ദിവസത്തെ പരോൾ നൽകിയത്.

പ്രതികളുടെ കഞ്ചാവ് വിൽപന

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്കെതിരെ സഹതടവുകാരുടെ പരാതിയും ഈ വർഷമാദ്യം ഉയർന്നു. പ്രതി ജയിലിൽ തടവുകാരെ മർദിക്കുന്നതായായാിരുന്നു പരാതി. ജയിലിനുള്ളിലെ പരാതിപെട്ടിയിൽ നിന്നും പേര് വെയ്ക്കാതെ മനുഷ്യവകാശ കമ്മീഷന് അയച്ച കത്തിലാണ് പരാതിയുള്ളത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എംസി അനൂപിനെതിരെയാണ് പരാതിയുമായി സഹ തടവുകാർ രംഗത്ത് എത്തിയിരിക്കുന്നത്.

ജയിലിനുള്ളിൽ ബീഡിയും കഞ്ചാവും എത്തിക്കാൻ സഹായിക്കാത്ത തടവുകാരെ അനൂപ് മർദിക്കുന്നുവെന്നും രാഷ്ട്രീയ സ്വാധീനത്താൽ ജയിലിലെ മേസ്തിരി സ്ഥാനം അനർഹമായി നേടിയെടുത്തതായും മനുഷ്യാവകാശ കമ്മീഷനിൽ അയച്ച പരാതിയിൽ പറഞ്ഞു.ജയിലിൽ നിന്നും പുറം പണിക്ക് പോകുന്നവരോട് മദ്യവും, കഞ്ചാവും, ബീഡിയും എത്തിക്കാൻ ആവശ്യപ്പെടും. ഇതിന് വഴങ്ങാത്തവരെ അനൂപ് ക്രൂരമായി മർദിക്കുന്നുവെന്നും ഇത്തരത്തിൽ മർദിച്ച രണ്ട് പേർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളെജിൽ ചികിത്സയിലാണെന്നും പരാതിയിലുണ്ട്.

അനൂപ് ജയിലിൽ കഞ്ചാവ് വിൽക്കുന്നു എന്നും പരാതിയിൽ പറയുന്നു. വിൽപന മാസ വരുമാനം 50,000 രൂപ വരെ. ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതി എം.സി.അനൂപാണു ജയിലിൽ പത്തിരട്ടി വിലയ്ക്ക് ലഹരി വിറ്റ് 'ബിസിനസു'കാരനായി വിലസുകയാണെന്നും പരാതിയിൽ പറയുന്നു.

ടിപി ചന്ദ്രശേഖരൻ വധക്കേസും സിബിഐയും

ടിപി ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. 2012ൽ ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ കുറ്റക്കാർ എന്ന് കണ്ടെത്താൻ ആയില്ലെന്നും ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു.

കേസ് ഏറ്റെടുത്ത് അന്വേഷിക്കാൻ സാധിക്കില്ലെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ. രമ നൽകിയ ഹർജിയിലാണ് സർക്കാാർ നിലപാട് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP