Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വസ്തനായ ദാസനെ തൊട്ടത് പിടിച്ചില്ല; സ്പോർട്സ് ലോട്ടറിയിലെ അന്വേഷണ റിപ്പോർട്ട് കളി കാര്യമാക്കി; മേഴ്‌സിക്കുട്ടി അമ്മയ്ക്കും കടകംപള്ളിക്കുമെതിരെ വിട്ടൂവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനവും ചൊടിപ്പിച്ചു; ഇനി മുഖ്യമന്ത്രിയും വിജിലൻസ് ഡയറക്ടറും രണ്ട് വഴിക്ക്; ജേക്കബ് തോമസിന് ചുവപ്പുകാർഡ് കാട്ടാനൊരുങ്ങി പിണറായി

വിശ്വസ്തനായ ദാസനെ തൊട്ടത് പിടിച്ചില്ല; സ്പോർട്സ് ലോട്ടറിയിലെ അന്വേഷണ റിപ്പോർട്ട് കളി കാര്യമാക്കി; മേഴ്‌സിക്കുട്ടി അമ്മയ്ക്കും കടകംപള്ളിക്കുമെതിരെ വിട്ടൂവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനവും ചൊടിപ്പിച്ചു; ഇനി മുഖ്യമന്ത്രിയും വിജിലൻസ് ഡയറക്ടറും രണ്ട് വഴിക്ക്; ജേക്കബ് തോമസിന് ചുവപ്പുകാർഡ് കാട്ടാനൊരുങ്ങി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസിന് വേഗത പോരെന്ന് വി എസ് അച്യുതാനന്ദൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ചില തീരുമാനങ്ങൾ വിജിലൻസ് ഡയറക്ടർ എടുത്തു. ഭരണകക്ഷിയിലെ ചില നേതാക്കൾ 18ഓളം കേസുകൾ ഒതുക്കാൻ കള്ളക്കളി നടത്തിയതിന് പിന്നാലെയായിരുന്നു വി എസ് രംഗത്ത് എത്തിയതെന്നും സൂചനയുണ്ടായിരുന്നു. ജേക്കബ് തോമസിനെ പ്രകോപിപ്പിച്ചുള്ള വിഎസിന്റ പ്രസ്താവന ഫലം കണ്ടു. തനിക്ക് പഴി കേൾക്കാൻ വയ്യെന്നും അഴിമതിക്കേസുകളിൽ അന്വേഷണം വേഗത്തിലാക്കുമെന്നും ജേക്കബ് തോമസും അറിയിക്കേണ്ട വരെ അറിയിച്ചു. ലോ അക്കാദമിയിലെ ഭൂമിയിലും ഇടപെടലുണ്ടാകുമെന്ന് തുറന്നു പറഞ്ഞു. ഇതിനൊപ്പമാണ് സ്പോർട്സ് കൗൺസിൽ അഴിമതിയിൽ ഉറച്ച തീരുമാനം ജേക്കബ് തോമസ് എടുത്തത്. ഇതോടെയാണ് വിജിലൻസ് ഡയറക്ടറുടെ പദവിയിൽ നിന്നും ജേക്കബ് തോമസിനെ നീക്കാനുള്ള ഫയൽ നീക്കം മുഖ്യമന്ത്രിയുടെ ഓഫീസും നൽകിയത്.

തുറമുഖ വകുപ്പിലെ ഡ്രജിങ് അഴിമതിയിൽ പലവട്ടം ജേക്കബ് തോമസ് മതിയായ വിശദീകരണം നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രി തൃപ്തനുമായിരുന്നു. ധനകാര്യവകുപ്പിന്റെ അന്വേഷണ കണ്ടെത്തലുകളെ എതിർക്കുകയും ചെയ്തു. എന്നാൽ സ്പോർട്സ് ലോട്ടറിയിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കം ജേക്കബ് തോമസിനെ കണ്ണിലെ കരടാക്കി. പിണറായി വിജയന്റെ വിശ്വസ്തനായ അനുയായിയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ടിപി ദാസൻ. ദാസനെ കേസിൽ കുടുക്കരുതെന്നും ദാസന്റെ നിലപാടിനാകണം കേസ് അന്വേഷണത്തിന് മുൻഗണ നൽകേണ്ടതെന്നുമായിരുന്നു വിജിലൻസിനോടുള്ള ആവശ്യം. എന്നാൽ എഫ് ഐ ആർ ഇടാനുള്ള കാരണങ്ങൾ ഉണ്ടെന്ന് ജേക്കബ് തോമസും നിലപാട് എടുത്തു.

മന്ത്രിമാരായ മേഴ്‌സിക്കുട്ടി അമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരായ ആരോപണങ്ങളും വിജിലൻസിന്റെ പരിഗണനയിലാണ്. ഈ കേസുകളിൽ മന്ത്രിമാർക്കെതിരെ എഫ് ഐ ആർ ഇട്ടാൽ സർക്കാരിന്റെ പ്രതിസന്ധി ഇരട്ടിയാകും. ഇത് കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ നീക്കാൻ പിണറായിയുടെ ഓഫീസ് തന്നെ ഇടപെടൽ തുടങ്ങിയത്. അഴിമതിക്കേസിൽ ഒരു ഉന്നതനേയും ഇനി രക്ഷിക്കില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഈ സാഹചര്യത്തെ ഫലപ്രദമായി ഐഎഎസ് ലോബിയും ഉപയോഗിക്കുകയായിരുന്നു. ഇതോടെയാണ് ഡ്രജിംഗിലെ അഴിമതി വീണ്ടും ചർച്ചയാക്കാനും ജേക്കബ് തോമസിനെ സംശയ നിഴലിലാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലിൽ അന്വേഷണം വേണമെന്ന് തന്നെയാകും ഡിജിപിയുടെ നിലപാട്. അന്വേഷണം പ്രഖ്യാപിച്ചാൽ ജേക്കബ് തോമസ് സ്വയം സ്ഥാനം ഒഴിയുമെന്നും ഏതിർ ചേരി കണക്കുകൂട്ടുന്നു. സ്പോർട്സ് ലോട്ടറിയിൽ ദാസനെതിരായ അന്വേഷണം തന്നെയാണ് ഇതിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

അഴിമതി ആരോപണം നേരിടുന്ന ദാസനെ തലപ്പത്തേക്ക് കൊണ്ടുവരുന്നതിൽ സിപിഎമ്മിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നു. എന്നാൽ പിണറായി വിജയന്റ് ഉറച്ച പിന്തുണയുമായാണ് കോഴിക്കോട്ടെ മുൻ മേയർ തൽസ്ഥാനത്ത് എത്തിയത്. വിജിലൻസ് എഫ് ഐ ആർ നൽകിയതോടെ തൽസ്ഥാനത്ത് നിന്ന് ദാസനെ മാറ്റേണ്ടതുമുണ്ട്. ഈ സാഹചര്യത്തിൽ ജേക്കബ് തോമസും ഇനി വിജിലൻസ് ഡയറക്ടറായി വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റി നിർത്തണമെന്ന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പൊടിതട്ടിയെടുത്തത് ഈ സാഹചര്യത്തിലാണ്. വിഷയത്തിൽ പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം അവസാനമാണ് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച ഫയലെത്തിയത്. എന്നാൽ ലോട്ടറി കേസിലെ വിഷയം വന്നതോടെയാണ് പ്രോസിക്യൂഷൻ ഡയറക്ടറുടെ അഭിപ്രായം തേടി ഫയൽ അയച്ചതെന്നാണ് സൂചന. ഇതിൽ നിന്ന് പ്രകോപനം സ്പോർട്സ് ലോട്ടറി അന്വേഷണമാണെന്ന് വ്യക്തവുമാണ്.

അതിനിടെ ലോട്ടറിയിലൂടെ സ്പോർട്സ് കൗൺസിലിന് വൻ ബാദ്ധ്യതയുണ്ടായെന്ന വിജിലൻസ് കണ്ടെത്തൽ ശുദ്ധ അസംബന്ധമാണെന്ന് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ പ്രതികരിക്കുകയും ചെയ്തു. ലോട്ടറി വിറ്റതിലൂടെ കിട്ടിയ എല്ലാ പൈസയും സർക്കാറിൽ അടച്ചിട്ടുണ്ട്. ഇതിനുള്ള എല്ലാ കണക്കുകളും കൗൺസിലിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറിയിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ നടത്തിപ്പ് ഏജൻസി മാത്രമാണ്. ജില്ലാ കൗൺസിലുകളും സ്പോർട്സ് അസോസിയേഷനുകളും വഴി വിദേശത്തേക്കുൾപ്പെടെ ലോട്ടറി വിറ്റഴിക്കുകയായിരുന്നു. ആ വകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ചില ജില്ലാ കൗൺസിലുകൾ, ചില അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് പണം ഇങ്ങോട്ടാണ് കിട്ടാനുള്ളത്. അത് ഈടാക്കുന്ന നടപടി നടക്കുകയാണിപ്പോൾ. ദാസൻ വ്യക്തമാക്കി.

അഴിമതി നടന്നതായി പറയപ്പെടുന്ന തന്റെ ടേം കഴിഞ്ഞ് ഇപ്പോൾ വീണ്ടും സ്ഥാനത്ത് തിരിച്ചെത്തിയപ്പോഴും കണക്കുകളിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി കണ്ടിട്ടില്ല. അഴിമതി നടന്നതായി ഓഡിറ്റ് റിപ്പോർട്ടുണ്ടായിരുന്നെങ്കിൽ അന്നുതന്നെ പരിശോധിക്കാമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഈ നിലപാട് തന്നെയാണ് വിജിലൻസിന് മുന്നിലും ദാസൻ പറഞ്ഞത്. എന്നിട്ടും ഇത് മുഖവിലയ്‌ക്കെടുത്തില്ല. മറിച്ച് സ്പോർട്സ് ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ സമർപ്പിക്കുകയായിരുന്നുയ പ്രാഥമികാന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടത്തെിയത് സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച കോടതിയിൽ വിജിലൻസ് സമർപ്പിച്ചിരുന്നു. സ്പോർട്സ് കൗൺസിൽ സെക്രട്ടറിയും ഐഎഫ് എസ് ഉദ്യോഗസ്ഥനുമായി തെഗിയാണ് രണ്ടാം പ്രതി. മുഖ്യമന്ത്രിയുടെ വിശ്വസ്തനെ കേസിൽ പ്രതിയാക്കിയതോടെ ജേക്കബ് തോമസിനോട് പിണറായി തീർത്തും ദേഷ്യത്തിലായി.

കായികമേഖലയുടെ വികസനത്തിന് 400 കോടി സമാഹരിക്കുക എന്ന ലക്ഷ്യവുമായി 2006 നവംബറിലാണ് സ്പോർട്സ് ലോട്ടറി നടത്തിയത്. എന്നാൽ, ഇതിൽനിന്ന് ഒരു രൂപപോലും കായിക വികസനത്തിന് വിനിയോഗിക്കാൻ ലഭിച്ചിട്ടില്‌ളെന്നും ഭാവനാശൂന്യവും വികലവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നടപടികളിലൂടെ വൻ ബാധ്യതയാണ് സ്പോർട്സ് കൗൺസിലിനുണ്ടായതെന്നുമാണ് വിജിലൻസ് കണ്ടത്തെൽ. സ്പോർട്സ് ലോട്ടറിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ടിനെ പൂർണമായും ശരിവെക്കുന്നതാണ് വിജിലൻസ് നിരീക്ഷണം. ലോട്ടറിയിലൂടെ കോടികളുടെ ഇടപാടാണ് നടന്നതെന്നും ഇതുസംബന്ധിച്ച കൃത്യമായ രേഖയോ കണക്കുകളോ സൂക്ഷിക്കാഞ്ഞത് സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തിരുന്നവരുടെ വീഴ്ചയാണെന്നും എഫ്.ഐ.ആറിൽ പറയുന്നു.

പ്രമുഖ വ്യവസായി സി.കെ. മേനോൻ 25 ലക്ഷം രൂപ ലോട്ടറിക്ക് നൽകിയിരുന്നു. അദ്ദേഹത്തിനുള്ള 25,000 ടിക്കറ്റുകൾ കൗൺസിലിൽ സൂക്ഷിച്ചിരുന്നു എന്നാണ് രേഖകളിലുള്ളത്. എന്നാൽ, അന്വേഷണത്തിൽ സി.കെ. മേനോൻ ഈ ടിക്കറ്റുകൾ കൈപ്പറ്റിയതായി കൗൺസിൽ രേഖയിലില്ല. ഇതുവഴി കമ്മിഷൻ ഇനത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അഞ്ചുലക്ഷം രൂപ സംബന്ധിച്ചും അവ്യക്തത തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പി. ദാസനുവേണ്ടി ഗൾഫ് മേഖലയിൽ ടിക്കറ്റ് വിറ്റഴിച്ച പി.പി. ഖാലിദിന് നോൺപ്‌ളാൻ ഫണ്ടിൽനിന്നും വിമാനക്കൂലിയായി 75,440 രൂപ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

മുൻ കായികമന്ത്രി ഇ.പി. ജയരാജനുമായുള്ള അഭിപ്രായഭിന്നത മൂലം അഞ്ജു ബോബി ജോർജ് സ്ഥാനം ഒഴിഞ്ഞതിനത്തെുടർന്ന് കഴിഞ്ഞ ജൂലൈ 23നാണ് ടി.പി. ദാസൻ വീണ്ടും പ്രസിഡന്റായത്. സ്പോർട്സ് കൗൺസിലിലെ അഴിമതിയിൽ കഴിഞ്ഞ ജൂലൈ 14നാണ് ഡയറക്ടർ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP