Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർഷങ്ങളായുള്ള ആവശ്യത്തിന് അംഗീകാരം; ട്രാൻസ്‌ജെൻഡേഴ്‌സിന് സംസ്ഥാന സർക്കാർ തിരിച്ചറിയൽ കാർഡ് നൽകും; പ്രത്യേക അവകാശങ്ങൾ പിന്നാലെ; മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പരിഗണന കേരളം നൽകുന്നുവെന്ന് ഭിന്നലിംഗ സമൂഹം

വർഷങ്ങളായുള്ള ആവശ്യത്തിന് അംഗീകാരം; ട്രാൻസ്‌ജെൻഡേഴ്‌സിന് സംസ്ഥാന സർക്കാർ തിരിച്ചറിയൽ കാർഡ് നൽകും; പ്രത്യേക അവകാശങ്ങൾ പിന്നാലെ; മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പരിഗണന കേരളം നൽകുന്നുവെന്ന് ഭിന്നലിംഗ സമൂഹം

തിരുവനന്തപുരം: ലിംഗ അസമത്വത്തിന്റെ പേരിൽ എന്നും പൊതുസമൂഹം പുറത്തുനിർത്തുന്ന ഭിന്നലിംഗക്കാർക്ക് കേരളത്തിൽ കൂടുതൽ അംഗീകാരം നൽകാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.

മറ്റു സംസ്ഥാനങ്ങളിൽ ഭിക്ഷക്കാരായും ലൈംഗിക തൊഴിലാളികളായും അരാജകജീവിതം നയിക്കുന്ന ഇത്തരക്കാരെ ആൺ- പെൺ സമൂഹത്തിനോടൊപ്പം മുഖ്യധാരയിൽ ഇടം നൽകാനാണ് സർക്കാർ നീക്കം. സാമൂഹ്യനീതിവകുപ്പാണ് ഭിന്നലിംഗക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത്. ജില്ലാ ട്രാൻസ്‌ജെൻഡർ സ്‌ക്രീനിങ് സമിതിയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. ആദ്യഘട്ടത്തിനായി 2.10 ലക്ഷം രൂപ ചെലവഴിക്കാൻ ഭരണാനുമതിയായി.

കേരളത്തിൽ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും കൂടുതൽ പദ്ധതികൾ രൂപീകരിക്കുമെന്ന് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സ്വന്തം വീട്ടിൽനിന്നുപോലും ആട്ടിയകറ്റപ്പെട്ട് മറ്റു സംസ്ഥാനങ്ങളിൽ ലൈംഗിക തൊഴിലാളികളായി നരകജീവിതം നയിക്കുന്ന ആയിരത്തോളം മലയാളി ഭിന്നലിംഗക്കാരുണ്ട്. ഇവരെ നാട്ടിലെത്തിച്ച് മാന്യമായ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ ബജറ്റ്. ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായുള്ളതാണ് തിരിച്ചറിയൽ കാർഡ് പദ്ധതിയും. വിവിധ പദ്ധതികളുടെ തുടക്കമെന്ന നിലയിൽ 10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.

ആനുകൂല്യങ്ങൾക്ക് അർഹരായവരെ തെരഞ്ഞെടുക്കുന്നതിന് ഒരോ ജില്ലയിലും കളക്ടർ അധ്യക്ഷനായുള്ള 'ട്രാൻസ്‌ജെൻഡർ സ്‌ക്രീനിങ് സമിതികൾ' ഉടൻ രൂപീകരിക്കും. ഭിന്നലിംഗക്കാരുടെ പ്രതിനിധികളും ഈ സമിതിയിൽ അംഗങ്ങളായിരിക്കും. ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതിക്കും സാമൂഹ്യനീതിവകുപ്പ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇതിനു പുറമേ തൊഴിൽപരിശിലനം നൽകാനുള്ള തയ്യാറെടുപ്പിലാണ് വകുപ്പ്. സാക്ഷരതാ മിഷൻ ട്രാൻസ്‌ജെൻഡേഴ്‌സിനായി തുടർവിദ്യാഭ്യാസ പദ്ധതിയും ആവിഷ്‌കരിച്ചു.

21-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ട്രാൻസ്‌ജെൻഡേഴ്‌സിന് സർക്കാർ പ്രത്യേക പരിഗണന നൽകിയിരുന്നു. ജെൻഡർ ബെൻഡർ വിഭാഗത്തിൽ പ്രത്യേക സിനിമകൾ പ്രദർശിപ്പിച്ചും ഉദ്ഘാടനവേദിയിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേകം ഇടം നൽകിയും സർക്കാർ അവരെ പരിഗണിച്ചു. ചലച്ചിത്രമേളയിലൂടെ ട്രാൻജൻഡേഴ്‌സ് തരംഗമായിരുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും തങ്ങൾക്ക് ഇത്രയും സ്വാതന്ത്ര്യം പൊതുസമൂഹത്തിൽ ലഭിക്കുന്നില്ലെന്ന് അവർ തുറന്നു സമ്മതിക്കുന്നുണ്ട്.

ട്രാൻസ്ജൻഡേഴ്‌സ് പോളിസിയുടെ ഭാഗമായി നടത്തിയ സർവേ പ്രകാരം നാലായിരം ട്രാൻസ്‌ജെൻഡേഴ്‌സ് സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. കാലങ്ങളായുള്ള ആവശ്യമാണ് തങ്ങൾക്കായി തിരിച്ചറിയൽ കാർഡ് ലഭ്യമാക്കണമെന്നുള്ളത്. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് തിരിച്ചറിയൽ കാർഡ് സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. പുരുഷ, സ്ത്രീ വിഭാഗങ്ങളെ പോലെ തങ്ങളുടെ സ്വത്വം വെളിപ്പെടുത്താൻ സഹായകരമാകും തിരിച്ചറിയൽ കാർഡ് എന്നവർ കരുതുന്നു.

പൊതുസ്വീകാര്യതയുടെയും അംഗീകാരത്തിന്റെയും അടയാളം കൂടിയാണ് ട്രാൻസ്‌ജെൻഡറുകൾക്ക് തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP