Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ധതയെ സ്വരമാധുരിയിലൂടെ തോൽപിച്ച വൈക്കം വിജയലക്ഷ്മിയുടെ കണ്ണിൽ കാഴ്ചയുടെ തിളക്കം; കണ്ണുകളിൽ വെളിച്ചമെത്തുന്നുവെന്നും നിഴലുപോലെ എന്തോ കാണാമെന്നും വ്യക്തമാക്കി ഗായിക; മുപ്പത്തഞ്ചാംവയസ്സിൽ വിവാഹത്തിന് ഒരുങ്ങുന്നതിനിടെ മലയാളത്തിന്റെ പൂങ്കുയിലിന് കാഴ്ചയുടെ ഇരട്ടിമധുരമെത്തുന്നത് ഹോമിയോ ചികിത്സയിലൂടെ

അന്ധതയെ സ്വരമാധുരിയിലൂടെ തോൽപിച്ച വൈക്കം വിജയലക്ഷ്മിയുടെ കണ്ണിൽ കാഴ്ചയുടെ തിളക്കം; കണ്ണുകളിൽ വെളിച്ചമെത്തുന്നുവെന്നും നിഴലുപോലെ എന്തോ കാണാമെന്നും വ്യക്തമാക്കി ഗായിക; മുപ്പത്തഞ്ചാംവയസ്സിൽ വിവാഹത്തിന് ഒരുങ്ങുന്നതിനിടെ മലയാളത്തിന്റെ പൂങ്കുയിലിന് കാഴ്ചയുടെ ഇരട്ടിമധുരമെത്തുന്നത് ഹോമിയോ ചികിത്സയിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മധുരമായ ശബ്ദം നൽകിയ ഈ പെൺകുട്ടിയുടെ കണ്ണുകൾക്ക് ദൈവമെന്തേ വെളിച്ചം നൽകാതിരുന്നതെന്ന് വൈക്കംവിജയലക്ഷ്മിയെ പറ്റി കേട്ടവരെല്ലാം ഒരിക്കലെങ്കിലും ചിന്തിച്ചിരിക്കും. ശ്രുതിമധുരിമകൊണ്ട് മലയാളക്കരയുടെ മനസ്സു കീഴടക്കിയ ആ അന്ധഗായികയുടെ കണ്ണിലേക്ക് ഇതാ വെളിച്ചമെത്തുന്നു. അടുത്തകാലത്ത് ആരംഭിച്ച ചികിത്സയുടെ ഫലമായി തന്റെ കണ്ണിലെ ഇരുട്ട് മാറിത്തുടങ്ങിയെന്ന് ഗായികതന്നെ വെളിപ്പെടുത്തുകയാണിപ്പോൾ.

ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ശരിയാണെന്ന് വൈക്കം വിജയലക്ഷ്മി തന്നെ സ്ഥിരീകരിക്കുന്നു. വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിക്കുവാൻ നടത്തുന്ന ചികിത്സകൾ ഫലം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നും വെളിച്ചമെന്തെന്ന് വിജയലക്ഷ്മി അറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നും അവരുടെ അമ്മയും വ്യക്തമാക്കി.

'വെളിച്ചം കൂടുതൽ കണ്ടുതുടങ്ങിയിരിക്കുന്നു' വിജയലക്ഷ്മി പറഞ്ഞു. 'നിഴലു പോലെ എന്തോ കാണുന്നുണ്ട്. വ്യക്തമല്ല അതെന്താണെന്ന്.' ഇക്കാര്യത്തെ പറ്റി അന്വേഷിച്ചപ്പോൾ വിജയലക്ഷ്മി പ്രതികരിച്ചതിങ്ങനെയാണെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ടിൽ പറയുന്നു. തന്റെ ഭാവിയും മറ്റും പ്രവചിച്ച പെരിങ്ങോട് ശങ്കരനാരായണൻ തിരുമേനിയിലൂടെയാണ് ഇത്തരമൊരു ചികിത്സയെപറ്റി അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞതുപോലെയെല്ലാം തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്നുമാണ് ഗായിക പറയുന്നത്. സിനിമയിൽ പാടുമെന്നും ദേശീയ അവാർഡ് കിട്ടുമെന്നും 35-ാം വയസ്സിൽ മാംഗല്യമുണ്ടാകുമെന്നും വടക്കു നിന്നൊരാളായിരിക്കും വരൻ എന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹം തന്നെയാണ് മാട്രിമോണിയലിൽ എന്റെ പരസ്യം കൊടുത്തത്. എല്ലാം അതുപോലെ തന്നെ സംഭവിച്ചു. തിരുമേനിയുടെ ഭാര്യ ജയജ്യോതി ഹോമിയോ ഡോക്ടറാണ്. അവർ പറഞ്ഞറിഞ്ഞതാണ് ഈ ചികിത്സാ രീതി തുടങ്ങിയത്. എല്ലാം അദ്ദേഹത്തിന്റെ പ്രാർത്ഥനയാണ്. !!ഞങ്ങൾ രണ്ടിടത്താണെങ്കിലും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കും. പണ്ട് ഇടതു കണ്ണിലൂടെ മാത്രമേ വെളിച്ചം അറിയാനായിരുന്നുള്ളൂ. ഇപ്പോൾ വലതു കണ്ണിലും അത് അറിയാനാകും.'- വിജയലക്ഷ്മി പറയുന്നു.

നിഴലു പോലെ വിജയലക്ഷ്മിക്കൊപ്പമുള്ള അമ്മയും ഈ മാറ്റം സ്ഥിരീകരിക്കുന്നുണ്ട്. 'പണ്ട് നടന്നു പോകുന്ന വഴിയിൽ ആരെങ്കിലും നിന്നാൽ അവൾക്ക് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അവളുടെ അടുത്ത് നമ്മൾ ചെന്നു നിന്നാലും വഴിയിൽ തടസ്സമുണ്ടെങ്കിലുമൊക്കെ അവൾക്കറിയാം. അവിടേക്കവൾ നോക്കുന്നുമുണ്ട്.' അമ്മ പറയുന്നു.

തലച്ചോറിലെ ഞരമ്പിനു സംഭവിച്ച തകരാറാണ് വിജയലക്ഷ്മിക്കു കാഴ്ചയില്ലാതാക്കിയത്. പ്രസവ സമയം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്നും അതിനിടയിൽ സംഭവിച്ച പ്രശ്‌നമാണ് കുട്ടിയുടെ കാഴ്ച തകരാറിലാക്കിയതെന്നുമാണ് മുമ്പ് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്.

ഇപ്പോൾ ഹോമിയോ ചികിത്സയാണ് വിജയലക്ഷ്മിക്കു ചെയ്യുന്നത്. ഇപ്പോൾ നല്ല വ്യത്യാസമുണ്ട്. കോട്ടയത്തുള്ള സ്പന്ദന എന്ന ആശുപത്രിയിലാണ് ചികിത്സ. നൂറു ഘട്ടങ്ങളിലായിട്ടാണ് മരുന്നു കഴിക്കേണ്ടത്. ഇപ്പോൾ പത്തു ഘട്ടമായി. ഒരു മാസം ഒരു ഘട്ടം എന്ന നിലയ്ക്ക്. ശരിയാകും എന്നാണ് അവരുടെ നിഗമനം. ദൈവത്തിനു നന്ദി പറയുന്നു, പ്രാർത്ഥിക്കുന്നു. - അമ്മ പറഞ്ഞു.

തൃശ്ശൂർ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാർച്ച് 29ന് രാവിലെ 9നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. സന്തോഷ് ഹോട്ടൽ മാനേജ്‌മെന്റ് പഠനശേഷം ബഹ്‌റൈനിൽ ജോലി ചെയ്തുവരുന്നു.'മാതൃഭൂമി'യിൽ നൽകിയ വിവാഹപരസ്യത്തിലൂടെ വന്ന ആലോചനയിൽനിന്നാണ് വരനെ കണ്ടെത്തിയത്. കാഴ്ചയ്ക്ക് വൈകല്യമുള്ള വൈക്കം സ്വദേശിനിയായ ഗായികയ്ക്ക് വരനെ തേടുന്നുവെന്ന പരസ്യം കണ്ട് നിരവധി ആലോചനകൾ വന്നിരുന്നു.

അപേക്ഷകരിൽ നിന്ന് ഭക്തനും സംഗീതപ്രേമിയുമായ സന്തോഷിനെ വിജയലക്ഷ്മിയും കുടുംബവും വരാനാക്കാൻ തീരുമാനിക്കുകയായിരുന്നു. പീപ്പിൾ ചാനലിന്റെ പുരസ്‌കാര ദാന ചടങ്ങിനിടയിലാണ് വിവാഹക്കാര്യം ഗായിക ആദ്യം വെളിപ്പെടുത്തിയത്. വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. മമ്മൂട്ടിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് വിജയലക്ഷ്മി സംഗീതാസ്വാദകരെ കീഴടക്കിയത്. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയിലേക്കു മാറ്റി പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി. സെല്ലുലോയ്ഡ് എന്ന കമൽ ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ ആദ്യ സിനിമാ ഗാനം. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ആദരം നേടി.

തൊട്ടടുത്ത വർഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽ വരെ പാടി തെന്നിന്ത്യയിൽ പ്രശസ്തയായി. 1981 ഒക്ടോബർ ഏഴിന് ജനിച്ച, വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളർന്നത്. ഇപ്പോൾ മലയാളത്തിന്റെ പൂങ്കുയിലിന് കാഴ്ച ഒരു അനുഗ്രഹമായി വന്നെത്തുന്നതോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവർക്ക് അത് ഇരട്ടി മധുരവുമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP