Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആകെ കയ്യിലുള്ളത് 1520 രൂപ! സ്വന്തമായി ഭൂമിയോ വീടോ കാറോ ഇല്ല; ഫേസ്‌ബുക്കോ ഇന്റർനെറ്റ് കണക്ഷൻ പോലും സ്വന്തമായില്ല; ജീവിച്ചു പോകുന്നത് ഭാര്യയുടെ ചെലവുകൊണ്ട്; റേഞ്ച് റോവറും ഔഡിയുമായി പാർട്ടി സെക്രട്ടറിമാരുടെ മക്കൾ നാട്ടിലും വിദേശത്തും അടിച്ചുപൊളിക്കുന്ന നാട്ടിൽ ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ജീവിതം ഇങ്ങനെ: കോടിയേരിക്ക് പാഠമായി മണിക് സർക്കാറിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്

ആകെ കയ്യിലുള്ളത് 1520 രൂപ! സ്വന്തമായി ഭൂമിയോ വീടോ കാറോ ഇല്ല; ഫേസ്‌ബുക്കോ ഇന്റർനെറ്റ് കണക്ഷൻ പോലും സ്വന്തമായില്ല; ജീവിച്ചു പോകുന്നത് ഭാര്യയുടെ ചെലവുകൊണ്ട്; റേഞ്ച് റോവറും ഔഡിയുമായി പാർട്ടി സെക്രട്ടറിമാരുടെ മക്കൾ നാട്ടിലും വിദേശത്തും അടിച്ചുപൊളിക്കുന്ന നാട്ടിൽ ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ജീവിതം ഇങ്ങനെ: കോടിയേരിക്ക് പാഠമായി മണിക് സർക്കാറിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്ക്

അഗർത്തല: കേരളത്തേക്കാൾ മികച്ച ഭരണമാണ് ത്രിപുരയിൽ മണിക് സർക്കാറിന്റേതെന്ന് അടുത്തിടെ സിപിഎം അഖേലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. പാർട്ടി നയങ്ങളിൽ നിന്നും വഴുതിമാറി ആഡംബരത്തിൽ ജീവിക്കുന്ന കേരള നേതാക്കളിൽ നിന്നും എന്തുകൊണ്ടും വ്യത്യസ്തൻ തന്നെയാണ് ത്രിപുരയിലെ മണിക്് സർക്കാർ എന്ന മുഖ്യമന്ത്രി. രാഷ്ട്രീയമെന്നാൽ വ്യക്തി ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാനും സ്വത്തുക്കൾ വെട്ടിപ്പിടിക്കാനു മാത്രമാണെന്ന് ധരിക്കുന്നവർക്കിടയിൽ വ്യത്യസ്തനാണ് അദ്ദേഹം.

ഒരു ജോലിയുമില്ലാത്ത കോടിയേരി ബാലകൃഷ്ണന്റെ മക്കൾ കോടികൾ വെട്ടിപ്പിടിക്കുമ്പോൾ മണിക് സർക്കാറിന്റെ മക്കൾ അക്കൂട്ടത്തിലില്ല. കോടിയേരിയുടെ മക്കൾ ഓഡിയിലും റേഞ്ച് റോവറിലും ചുറ്റഇക്കറങ്ങുമ്പോഴാണ് മണിക് സർക്കാർ വ്യത്യസ്തനാകുന്നത്. എന്നും ജനങ്ങൾക്കും നാട്ടുകാർക്കുമൊപ്പം കഴിയുകയാണ് മണിക് സർക്കാർ. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാണ് മണിക് സർക്കാർ.

അഞ്ച് തവണ ത്രിപുരയിലെ മുഖ്യമന്ത്രിയായ മണിക് സർക്കാർ തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുമ്പോൾ അദ്ദഹത്തിന്റെ കൈവശമുള്ളത് ആകെ 1520 രൂപ മാത്രമാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കെവെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് ബാലൻസായി ഉള്ളതാവട്ടെ വെറും 2410 രൂപ അറുപത് പൈസയും. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ സ്വത്തിന്റെ എണ്ണം കൂടുന്ന മന്ത്രിമാർക്കിടയിൽ അദ്ദേഹം വ്യത്യസ്തനാകുന്നത് കുറഞ്ഞ സമ്പത്തിന്റെ പേരിലാണ്. 2013ലെ തെരഞ്ഞടുപ്പിൽ ജനവിധി തേടുമ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കുറവാണ് നിലവിലെ ബാങ്ക് ബാലൻസ്. അന്ന് 9,720 രൂപ 38 പൈസയായിരുന്നു ബാങ്ക് ബാലൻസായി ഉണ്ടായിരുന്നത്.

ആറാം തവണയും ജനവിധി തേടുന്ന മണിക് സർക്കാർ 1998 മുതൽ ത്രിപുരയുടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുകയാണ്. അറുപത്തിയൊൻപതുകാരനായ മണിക് സർക്കാർ മുഖ്യമന്ത്രി എന്ന നിലയിൽ ശമ്പളം കൈപ്പറ്റുന്നല്ലിന്നെതും പാർട്ടി മാസം തോറും നൽകുന്ന പതിനായിരം രൂപയാണ് ജീവിത ചെലവായി സ്വീകരിക്കുന്നതും.

ഭാര്യയുടെ പക്കൽ പത്ത് ലക്ഷം രൂപയുടെ ഡിപ്പോസിറ്റുകളു 20 ഗ്രാം സ്വർണവും

ധൻപൂർ മണ്ഡലത്തെയാണ് മണിക്് സർക്കാർ പ്രതിനിധാനം ചെയ്യുന്നത്. നാമനിർദ്ദേശക പട്ടികയിൽ ഭാര്യയുടെ സ്വത്ത് വിവരവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ ചെലവിലാണ് മുഖ്യമന്ത്രി ജീവിക്കുന്നതെന്ന് പറഞ്ഞാൽ അതിലും തെറ്റില്ല. കേന്ദ്രഗവൺമെന്റ് ജീവനക്കാരിയായ പാഞ്ചാലിയുടെ പക്കൽ 20, 140 രൂപയാണ് കാശായി ഉള്ളത്. കൂടാതെ 1,24,101 രൂപയുടെയും 86,473 രൂപയുടെയും രണ്ട് ബാക്ക് അക്കൗണ്ടുകളുമുണ്ട്. ഇത് കൂടാതെ മൂന്ന് ഫിക്‌സഡ് ഡിപ്പോസിറ്റുകളും മുഖ്യമന്ത്രിയുടെ ഭാര്യക്കുണ്ട്. രണ്ട് ലക്ഷം, 5 ലക്ഷം, 2.25 ലക്ഷം എന്നിങ്ങനെയാണ് ഫിക്‌സഡ് ഡിപ്പോസിറ്റുകളിലെ തുക. ഇത് കൂടാതെ 20 ഗ്രാം സ്വർണവും ത്രിപുര മുഖ്യമന്ത്രിയുടെ ഭാര്യക്കുണ്ട്.

മണിക് സർക്കാറിന് സ്വന്തമായുള്ളത് 432 സ്‌ക്വയർഫീറ്റ് ടിൻ ഷീറ്റ് അടിച്ച വീടാണ്. അതിന്റെ ഇപ്പോഴത്തെ മാർക്കറ്റ് വില 2,20,000 രൂപയേ വരികയുള്ളൂ. അമ്മ അഞ്ജലി സർക്കാരിൽ നിന്ന് ലഭിച്ചതാണത്. മുഖ്യമന്ത്രി എന്ന നിലയിൽ കിട്ടുന്ന ശമ്പളം പൂർണമായും പാർട്ടിക്ക് നൽകിയിരിക്കുകയാണ് മണിക് സർക്കാർ. പാർട്ടി പ്രതിമാസം 5000 രൂപ അലവൻസ് നൽകും. അതും ഭാര്യയുടെ പെൻഷനും കൊണ്ടാണ് കുടുംബം കഴിയുന്നത്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുര മുഖ്യമന്ത്രിക്കാണ്. ഈ ശമ്പളം വർധിപ്പിക്കാൻ മണിക് സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഒന്നര പതിറ്റാണ്ട് മുഖ്യമന്ത്രി പദത്തിലിരുന്നിട്ടും അഴിമതി എന്ന വാക്ക് മണിക് സർക്കാരിന്റെ പേരിനൊപ്പം ചേർത്തു പറയാൻ പ്രതിപക്ഷത്തെ ഒരു പാർട്ടിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

ഔദ്യാഗിക കാറിൽ ചുവപ്പുലൈറ്റ് വെക്കില്ല, സ്വന്തമായി വസ്ത്രം കഴുകുന്ന മുഖ്യമന്ത്രി

ബംഗാളിൽ തകർന്നടിയുകയും കേരളത്തിൽ ഒന്നിടവിട്ട് അധികാരത്തിൽ വരികയും ചെയ്യുമ്പോഴും ത്രിപുര എന്നും ചുവപ്പുകോട്ടയായി നിലനിൽക്കുകയായിരുന്നു. യാതൊരു ഉലച്ചിലും തട്ടാതെ ത്രിപുരയിൽ വീണ്ടും വിജയക്കൊടി നാട്ടാൻ കഴിഞ്ഞതു ഈ 69കാരന്റെ നേട്ടമാണ്. 1998ൽ ത്രിപുരയിൽ മുഖ്യമന്ത്രി പദമേറ്റ മണിക് സർക്കാർ പിന്നീട് മുഖ്യമന്ത്രി കസേരയിൽ നിന്നും എഴുനേറ്റിട്ടില്ല.

1949 ജനുവരി 22ന് ത്രിപുരയിലെ രാധാ കിഷോർ പുരിലാണ് മണിക് സർക്കാർ ജനിച്ചത്. അഗർത്തലയിലെ മഹാരാജ ബിർ ബിക്രം കോളജിൽ നിന്നു 1971ൽ കൊമേഴ്‌സിൽ ബിരുദമെടുത്തു. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ വന്നത്. ത്രിപുരയിലെ കോൺഗ്രസ് സർക്കാരിനെതിരെ അറുപതുകളുടെ നടുവിൽ നടന്ന സമരത്തിൽ നിർണായക പങ്കു വഹിച്ചു. 1968ലാണ് സിപിഎമ്മിൽ അംഗമായത്. എസ്.എഫ്.ഐയുടെ കോളജ് യൂനിയൻ സെക്രട്ടറി, സ്റ്റേറ്റ് സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.

കോൺഗ്രസ് സർക്കാരിനെ മാറ്റി സിപിഎം സർക്കാരിനെ കൊണ്ടു വരുന്നതിൽ മുന്നണി പോരാളിയായി. 1972ൽ ത്രിപുരയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അംഗമായി. 1985ൽ കേന്ദ്ര കമ്മിറ്റി അംഗവും 1998ൽ പൊളിറ്റ് ബ്യൂറോ അംഗവുമായി. 1980ലാണ് സംസ്ഥാന നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1998ൽ ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സ്വന്തമായി വീടോ കാറോ ബാങ്ക് ബാലൻസോ ഇല്ലാത്ത ഏക മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2013ൽ നാലാം തവണ മുഖ്യമന്ത്രിയാകുമ്പോഴും മണിക് സർക്കാരിന് ഒരു മാറ്റവുമില്ല.

കാലത്ത് എഴുന്നേറ്റാൽ മുഖ്യമന്ത്രിയുടെ ആദ്യ ജോലി തന്റെ വസ്ത്രങ്ങൾ കഴുകലാണ്. ഔദ്യാഗിക കാറിൽ ചുവപ്പുലൈറ്റ് വെക്കാതെ സഞ്ചരിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് അദ്ദേഹം. ഭാര്യ പഞ്ചാലി ഔദ്യാഗിക വാഹനത്തിൽ കയറാറില്ല. അവർ പുറത്തു പോകുന്നത് റിക്ഷയിലോ അല്ലെങ്കിൽ കാൽനടയായോ വാടക കാറിലോ മറ്റോ ആണ്.

തീവ്രവാദികളുടെയും പറുദീസയായിരുന്ന സംസ്ഥാനത്തെ സമാധാനത്തിലേക്ക് നയിച്ച മുഖ്യൻ

ഒരുകാലത്ത് ത്രിപുര ഭീകരരുടെയും തീവ്രവാദികളുടെയും പറുദീസയായിരുന്നു. എന്നാൽ, ഇന്ന് കുറ്റകൃത്യങ്ങൾ കേട്ടുകേൾവിപോലുമില്ലാത്ത കാര്യമായി. എന്നാൽ, മണിക് സർക്കാർ എന്ന മുഖ്യമന്ത്രി ആ നാടിനെ സമാധാനത്തിലേക്ക് നയിച്ചു. ഭരണപരമായ നേട്ടങ്ങളും വികസനപ്രവർത്തനങ്ങളുമാണ് ഇന്ന് ത്രിപുരയെ വാർത്തകളിലെത്തിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് നേതാവ് എന്നാൽ എന്തായിരിക്കണമെന്ന് നമ്മുടെ നാട്ടിലെ നേതാക്കൾ അദ്ദേഹത്തെ കണ്ടു പഠിക്കണം.

സായുധ സേനയ്ക്കുണ്ടായിരുന്ന പ്രത്യേക അധികാരങ്ങൾ (അഫ്സ്പ) ത്രിപുരയിൽനിന്ന് നീക്കിയത്. ക്രമസമാധാന നിലയിലും കാര്യമായി മാറ്റമുണ്ട്ായി. കൊലപാതകമോ തട്ടിക്കൊണ്ടുപോകലോ ആക്രമണങ്ങളോ തീവ്രവാദപ്രവർത്തനമോ ഏറ്റുമുട്ടലുകളോ ഇല്ലെന്നത് മറ്റൊരു നേതാവിനും പറയാനില്ലാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിപോലും ത്രിപുരയിലെ ക്രമസമാധാന പ്രവർത്തനത്തെ പ്രശംസിച്ചിരുന്നു. ത്രിപുരയിൽ ജനജീവിതം ദുസ്സഹമാക്കിയിരുന്ന നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ പ്രവർത്തനം ഇല്ലാതാക്കിയതാണ് കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി ത്രിപുരയെ മാറ്റാൻ സഹായകമാക്കിയത്. ഇപ്പോൾ, വെറും 80-ഓളം പ്രവർത്തകർമാത്രമാണ് എൻ.എൽ.എഫ്.ടിക്കുള്ളത്. അവരുടെ പക്കലുള്ള ആയുധശേഖം നൂറോളം മാത്രവും.

ബിജെപിക്ക് വെല്ലുവിളിയായി മണിക് സർക്കാറിന്റെ ജനപ്രീതി

ഇത്തവണത്തെ തിരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായി ത്രിപുര പിടിക്കാനുള്ള റിഹേഴ്്‌സൽ കൂടിയായിട്ടാണ് ത്രിപുര തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും രണ്ട് ശതമാനം വോട്ടുകൾ മാത്രം നേടിയ ബിജെപി ഒരു ദിവസം നേരം വെളുത്തപ്പോൾ പ്രതിപക്ഷമായി മാറിയത് വരാൻ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തുന്നവരുമുണ്ട്. കൂറുമാറ്റവും നിയമസഭാംഗങ്ങളെ വിലയ്‌ക്കെടുത്തുമായിരുന്നു ബിജെപിയുടെ പുതിയ കരുനീക്കം.

രാജ്യത്തെ നിലവിലുള്ള രണ്ട് കമ്മ്യൂണിസ്റ്റ് സർക്കാരുകളെ തകർക്കാൻ ബിജെപി ശ്രമം നടത്തുമ്‌ബോൾ ത്രിപുരയിൽ ഭരണമാറ്റം അസാധ്യമാണെന്നാണ് സിപിഎം പറയുന്നത്. സാധാരണക്കാരനായി സൈക്കിൾ യാത്രയും റിക്ഷാ യാത്രയുമായി രാജ്യത്തെ എറ്റവും ലളിത ജീവിതം നയിക്കുന്ന മുഖ്യമന്ത്രി മണിക് സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നതാണ് സിപിഎമ്മിന്റെ ശക്തി. മണിക് സർക്കാരിനെ പോലെ ലളിത ജീവിതം നയിക്കുന്നവരാണ് ത്രിപുരയിലെ ഭൂരിഭാഗം നേതാക്കളും. അറുപതംഗ നിയമസഭയിൽ 50 സീറ്റുമായാണ് കഴിഞ്ഞതവണ സിപിഎം അധികാരത്തിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP