Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് കിലോ സ്വർണം കടത്തിയത് മലദ്വാരത്തിൽ കടത്തി ശരീരത്തിൽ ഒളിപ്പിച്ച്; എക്‌സ്‌റേ കണ്ണിൽ പതിയാതെ പോയ കള്ളക്കടത്ത് പൊക്കിയത് ഇൻഫോർമർ വിവരം നൽകിയതിനാൽ; പിടിച്ചിട്ടും അളവ് തികയാത്തതിനാൽ വീണ്ടും പരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സൂചന

മൂന്ന് കിലോ സ്വർണം കടത്തിയത് മലദ്വാരത്തിൽ കടത്തി ശരീരത്തിൽ ഒളിപ്പിച്ച്; എക്‌സ്‌റേ കണ്ണിൽ പതിയാതെ പോയ കള്ളക്കടത്ത് പൊക്കിയത് ഇൻഫോർമർ വിവരം നൽകിയതിനാൽ; പിടിച്ചിട്ടും അളവ് തികയാത്തതിനാൽ വീണ്ടും പരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിംഗപ്പൂരിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസിൽ ഒരുകോടി രൂപയുടെ സ്വർണം കടത്തിയ 14 തമിഴ്‌നാട് സ്വദേശികൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരും സംശയ നിഴലിൽ. 3.30 കിലോഗ്രാം സ്വർണം കഷണങ്ങളാക്കി സെല്ലോടേപ്പിൽ പൊതിഞ്ഞ് മലദ്വാരത്തിൽവച്ചാണ് കൊണ്ടുവന്നത്. സ്വർണം കടത്തുന്നതിന്റെ വ്യക്തമായ ചിത്രം ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇവരെ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നിട്ടും സ്വർണ്ണമൊന്നുമില്ലെന്നായിരുന്നു നിഗമനം. എന്നാൽ വിവരം നൽകിയ ആൾ താൻ പറഞ്ഞത് ശരിയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ കള്ളി പൊളിയുകയായിരുന്നു.

അത്യാധുനിക മെറ്റൽ ഡിക്ടറ്റർ ഇല്ലാത്തതുകാരണം എക്‌സറേ എടുത്താണ് ഇത്തരം കള്ളത്തരങ്ങൾ കണ്ടെത്തുന്നത്. എന്നാൽ മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം എക്‌സ്‌റേ പരിശോധനയിലും കണ്ടില്ല. ഇതിന് പിന്നിൽ കൈക്കൂലിയുണ്ടോയെന്നാണ് സംശയം. തെറ്റായ പരിശോധനാ റിപ്പോർട്ട് നൽകി കള്ളക്കടത്തുകാരെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നാണ് ആരോപണം. എക്‌സ്‌റേ പരിശോധനാ ഫലത്തിന് ശേഷവും ഇവരെ വിട്ടയ്ക്കാൻ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ദേഹ പരിശോധന നടത്തി. അങ്ങനെയാണ് സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. പതിനാല് പേരിൽ നിന്ന് 3.30 കിലോ സ്വർണ്ണമാണ് പിടികൂടിയത്. 100 മുതൽ 250 വരെ ഗ്രാം തൂക്കമുള്ള കഷ്ണങ്ങളായാണ് പതിനാല് പേരും ഇവ ശരീരത്തിൽ കയറ്റിയത്.

20 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള സ്വർണ്ണമാണ് ഓരോരുത്തരുടേയും കൈയിൽ നിന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തെതുടർന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാത്രിയെത്തിയ വിമാനത്തിൽ രിശോധന നടത്തിയാണ് സ്വർണം പിടികൂടിയത്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. കള്ളക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് ഇത്തരം വിവരങ്ങൾ ചോർന്ന് കിട്ടാൻ കാരണമാകുന്നത്. അങ്ങനെ വളരെ വ്യക്തമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നിട്ടും ആദ്യ ഘട്ടത്തിൽ ഒന്നും കണ്ടെത്തനായില്ല. ഈ പ്രതികളെ രക്ഷിക്കാൻ ബോധപൂർവ്വമായ ഇടപെടൽ നടന്നുവെന്നാണ് സൂചന. മെറ്റൽ ഡിക്ടറ്റർ പോലുള്ള ഉപകരണങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കാത്തതും കള്ളക്കടത്തുകാരെ രക്ഷിക്കാനാണെന്നാണ് ആരോപണം.

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണ കടത്തിന് ഒത്താശ ചെയ്യുന്ന ലോബി തന്നെയുണ്ടെന്നാണ് സൂചന. നെടുമ്പാശ്ശേരിയിലും ഈ മാഫിയ സജീവമാണ്. എന്നാൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ പ്രത്യേക ശ്രദ്ധപതിച്ചതോടെ സ്വർണ്ണകടത്തുകാരുടെ താവളമായി തിരുവനന്തപുരം മാറുകയാണ്. ശ്രീലങ്കൻ എയർവേയ്‌സിൽ സ്വർണ്ണകടത്തുണ്ടെന്ന വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തിയിരുന്നു. ചെറു സംഘങ്ങളായി തിരിഞ്ഞ് വിമാനത്താവളത്തിന്റെ പലഭാഗങ്ങളിൽ നിലയുറപ്പിച്ചു. അങ്ങനെയാണ് പതിനാല് തമിഴരിലേക്ക് അന്വേഷണം നീണ്ടത്. ടെർമിനലിനിൽ നിന്ന് പരിശോധന പൂർത്തിയാക്കി ഒറ്റയ്‌ക്കൊറ്റയ്ക്ക് പുറത്തേക്ക് വരുമ്പോഴായിരുന്നു പിടികൂടിയത്. ഇത്രയും സ്വർണം ഒളിപ്പിച്ചിട്ടും എങ്ങനെ പരിശോധനകളിൽ കണ്ടെത്തിയില്ലെന്ന ചോദ്യമാണ് ഇതോടെ സജീവമാകുന്നത്.

അത്യാധുനിക സംവിധാനങ്ങളുടെ കുറവാണ് ഇതിന് കാരണമെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. എന്നാൽ സ്വർണ്ണക്കടത്തിന്റെ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർക്കും രഹസ്യകേന്ദ്രങ്ങൾ നൽകിയിരുന്നു. എന്നിട്ടും ജാഗ്രതയുണ്ടായില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് ഒത്തുകളിയെന്ന ആരോപണം ഉയരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP