Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാന നഗരത്തിലെ നിയമങ്ങൾ പോത്തീസിനു ബാധകമല്ലേ? സമ്പൂർണ പ്ലാസ്റ്റിക് നിരോധിത നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നു പിടിച്ചെടുത്തത് നാലു ടൺ പ്ലാസ്റ്റിക്; നഗരശുചിത്വത്തിനും പൊതുജനാരോഗ്യത്തിനും ഹാനികരമായ നടപടികൾ ആരു ചെയ്താലും അംഗീകരിക്കില്ലെന്നു മേയർ വി.കെ. പ്രശാന്ത്; നിയമ നടപടികളും പിഴയും പരിഗണനയിൽ

തലസ്ഥാന നഗരത്തിലെ നിയമങ്ങൾ പോത്തീസിനു ബാധകമല്ലേ? സമ്പൂർണ പ്ലാസ്റ്റിക് നിരോധിത നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നു പിടിച്ചെടുത്തത് നാലു ടൺ പ്ലാസ്റ്റിക്; നഗരശുചിത്വത്തിനും പൊതുജനാരോഗ്യത്തിനും ഹാനികരമായ നടപടികൾ ആരു ചെയ്താലും അംഗീകരിക്കില്ലെന്നു മേയർ വി.കെ. പ്രശാന്ത്; നിയമ നടപടികളും പിഴയും പരിഗണനയിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്തെ വ്യാപാര സ്ഥാപനമായ പോത്തീസ് ഷോപ്പിങ് കോംപ്ലക്സിൽ നിന്നും നാല് ടൺ പ്ലാസ്റ്റിക് പിടിച്ചെടുത്തു. നഗരസഭ സമ്പൂർണമായി പ്ലാസ്റ്റിക് നിരോധിച്ചിട്ടും പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പോത്തീസിൽ വ്യാപകമായി തുടരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ ഇന്ന് റെയ്ഡ് നടത്തിയത്. നഗരസഭയുടെ ആരോഗ്യ വിഭാഗം സൂപ്പർവൈസർമാരായ അജയകുമാർ ധർമ്മപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനം മുതൽ തലസ്ഥാന നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നും പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കണമെന്നും നഗരസഭ നിർദ്ദേശിച്ചിരുന്നു. വ്യാപകമായ പ്രചരണങ്ങൾ നൽകിയും പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ നടത്തിയുമാണ് പദ്ധതി നടപ്പിലാക്കാൻ മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ നഗരസഭ ഒരുങ്ങിയത്. പദ്ധതി നടപ്പിലാക്കുന്തിന് മുൻപായി ഇതിന്റെ പരിപാടികൾ ആലോചിക്കുന്നതിനായി ജനുവരിയിൽ വ്യാപാരി വ്യവസായികളേയും മാധ്യമ പ്രവർത്തകരേയുമുൾപ്പെടുത്തി പദ്ധതി നടപ്പിലാക്കാനായി വേണ്ട തയ്യാറെടുപ്പുകളെ കുറിച്ച് ചർച്ചകളും സംഘടിപ്പിച്ചിരുന്നു.

പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് പോത്തീസിനും നഗരസഭ നിർദ്ദേശം നല്കിയിരുന്നതായി മേയർ വി.കെ. പ്രശാന്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് നിരോധനമെന്ന നഗരസഭയുടെ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയും പിന്നീട് ചുവട് മാറ്റുകയായിരുന്നു. പ്ലാസ്റ്റിക് നിരോധനം അപ്രായോഗികമാണെന്നും പ്ലാസ്റ്റിക് നിരോധനം സ്റ്റേ ചെയ്യണമെന്നും കാണിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ ഈ ആവശ്യം ഹൈക്കോടതി തള്ളി. മനുഷ്യന്റെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നതും ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി.

പോത്തീസിൽ നിന്നും പ്ലാസ്റ്റിക് പിടിച്ചെടുത്തതിൽ എന്തു തുടർനടപടിയാണ് വേണ്ടതെന്ന് നഗരസഭ ആലോചിച്ച് തീരുമാനിക്കുമെന്നും പിഴ ചുമത്തുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യുമെന്നും മേയർ പറഞ്ഞു. മുൻപ് തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കാത്തതിനും പോത്തീസിൽ നഗരസഭാ അധികൃതർ മിന്നൽ പരിശോധന നടത്തിയിരുന്നു. പോത്തീസിലെ ജീവനക്കാർക്ക് താമസിക്കാനൊരുക്കിയിട്ടുള്ള സ്ഥലത്തു വേണ്ടത്ര സൗകര്യങ്ങളില്ലെന്നും നഗരസഭ കണ്ടെത്തിയിരുന്നു.

തലസ്ഥാന നഗരത്തിലെ മാലിന്യ സംസ്‌കരണത്തിന് പ്ലാസ്റ്റിക് നിരോധനം അത്യാവശ്യമാണെന്നു കണ്ടായിരുന്നു നഗരസഭയുടെ നടപടി. നഗരത്തിൽ വർധിച്ചു വരുന്ന മാലിന്യത്തിന് ഒരു ശാശ്വത പരിഹാരമെന്നോണമാണ് മനുഷ്യന് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാൻനഗരസഭ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മാജിക് ഷോ ഉൾപ്പടെയുള്ള പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഒരു കാരണവശാലും അനുമതി നൽകില്ലെന്നും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഏത് പ്രമുഖ സ്ഥാപനമായാലും നടപടിയുണ്ടാകുമെന്നും മേയർ കൂട്ടിച്ചേർത്തു.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങൾക്കും പ്ലാസ്റ്റിക് ഉപയോഗിക്കുകയോ പ്ലാസ്റ്റിക് കവറുകൾ നൽകുകയോ ചെയ്യരുതെന്നും അറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ ബാഗുകൾ സൗജന്യമായി നൽകാൻ കഴിയാതെ വന്നതും പേപ്പർ ബാഗുകൾ പെട്ടെന്ന് കേടുപാട് വരുന്നതും കാരണം ഒരു വിഭാഗം വ്യാപാരികൾ വീണ്ടും പ്ലാസ്റ്റിക് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. നഗരസഭാ ഉദ്യോഗസ്ഥർ തന്നെ നടത്തിയ രഹസ്യ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പിടികൂടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP