Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുന്ന് ഇടിച്ചു നിരത്തുന്ന ജെസിബി പിടിച്ചെടുക്കേണ്ടത് പൊലീസിന്റെ പണിയല്ല! മണൽ ലോറികളെ വെറുതെ വിടണം; പാറമടകളിലെ പരിശോധനയും വേണ്ട; വയർലസിലൂടെ എസ് പി പറഞ്ഞത് കേട്ട് ഞെട്ടി പൊലീസുകാർ; തിരുവനന്തപുരം റൂറലിൽ വാഴുന്നത് മണൽ-ക്വാറി മാഫിയകൾ തന്നെ

കുന്ന് ഇടിച്ചു നിരത്തുന്ന ജെസിബി പിടിച്ചെടുക്കേണ്ടത് പൊലീസിന്റെ പണിയല്ല! മണൽ ലോറികളെ വെറുതെ വിടണം; പാറമടകളിലെ പരിശോധനയും വേണ്ട; വയർലസിലൂടെ എസ് പി പറഞ്ഞത് കേട്ട് ഞെട്ടി പൊലീസുകാർ; തിരുവനന്തപുരം റൂറലിൽ വാഴുന്നത് മണൽ-ക്വാറി മാഫിയകൾ തന്നെ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം.മൂന്നാഴ്ച മുൻപാണ് രാവിലെ എസ് ഐ മുതൽ ഡി വൈ എസ് പി മാർ വരെയുള്ളവരുമായി നടത്തിയ വയർലെസ് സംഭാഷണത്തിൽ പൊലീസ് ഇനി മുതൽ മണൽ ലോറികൾ പിടിക്കരുതെന്നും ക്വാറികളിൽ പോയി പരിശോധന നടത്തരുതെന്നും തിരുവനന്തപുരം റൂറൽ പൊലീസ് സുപ്രണ്ടന്റ് അശോക് കുമാർ നിർദ്ദേശം നൽകിയത്.

കുന്ന് ഇടിച്ചു നിരത്തുന്ന ജെ സി ബി കൾ പിടിച്ചെടുക്കാൻ പാടില്ലന്നും പൊലീസിന്റെ പണി അതല്ലന്നും റവന്യു വകുപ്പ് അത് നോക്കി കൊള്ളുമെന്നും എസ് പി വയർലെസിലൂടെ പറഞ്ഞു. ഇത് കേട്ട് ഞെട്ടിയ എസ് ഐ മാരും സി ഐ മാരും ഡി വൈ എസ് പിമാരും മണൽ-മണ്ണ് മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കാനാകാതെ ആശയക്കുഴപ്പത്തിലുമാണ്. ഇതിന് ശേഷം നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചില സി ഐ മാർ വ്യക്തത ആവിശ്യപ്പെട്ടെങ്കിലും പറഞ്ഞത് അനുസരിക്കാനായിരുന്നു എസ് പി യുടെ നിർദ്ദേശം.

എസ് പി യുടെ നിർദ്ദേശം വന്നതിന് ശേഷം തിരുവനന്തപുരം റൂറൽ പൊലീസിന് കീഴിൽ മണൽ കടത്തി വരുന്ന വണ്ടികൾ പിടിക്കാതെയായി. ക്വാറികളിൽ പരിശോധനക്ക് പൊലീസ് പോകുന്നില്ല. ഇതു മനസിലാക്കി മണൽ മാഫിയ പിടിമുറുക്കിയിരിക്കയാണ് ആറ്റിങ്ങൽ, കിളിമാനൂർ, വെമ്പായം, പാലോട്, വിതുര,നെടുമങ്ങാട്,കാട്ടാക്കട, അമ്പൂരി, പാറശാല, നെയ്യാറ്റികര,പൂവ്വാർ മേഖലകളിൽ. അനധികൃത മണൽ വണ്ടികൾ ദിനവും ചീറി പാഞ്ഞിട്ടും നടപടി എടുക്കാനാവാത നോക്കി നിൽക്കുകയാണ് പൊലീസ്.

ആറ്റിങ്ങൽ പൊലീസ് സബ്ഡിവിഷന് കീഴിൽ അനധികൃത മണൽ വണ്ടി പൊലീസ് പിടിച്ച് കേസാക്കുകയും രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടും വാഹനം വിട്ടു നൽകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എസ് പി യുടെ പുതിയ നടപടി എന്ന് ആരോപണമുണ്ട്. എസ് പി ക്ക് പിന്നിൽ ഭരണ പക്ഷത്തെ ജില്ലയിലെ പ്രമുഖന്റെ സമ്മർദ്ദം ഉണ്ടെന്നാണ് വിവരം. ജില്ലയിൽ പൊലീസുകാരുടെ സ്ഥലംമാറ്റവും സ്ഥാന കയറ്റവും അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്ന ഇദ്ദേഹത്തിന് മണൽ ലോബിയുമായും ക്വാറി ഉടമകളുമായും ഉള്ള ബന്ധം നാട്ടിൽ പാട്ടാണ്. ഈ ഉന്നതന്റെ താല്പര്യപ്രകാരംമാണ് മുൻ എസ് പി ഷെഫിൻ അഹമ്മദ് എ ഐ ജി യായി പ്രമോഷൻ ലഭിച്ചു പോയപ്പോൾ കൺഫേംഡ് ഐ പി എസു കാരനായ അശോക് കുമാറിനെ തിരുവനന്തപുരം റൂറലിൽ നിയമിച്ചത്.

നിലവിൽ മൈനിങ് ആൻഡ് മിനറൽസ് ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ നിയമം അനുസരിച്ചു തന്നെ എസ് ഐ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പാസില്ലാതെ അനധികൃതമായി മണൽ കടത്തുന്ന വണ്ടികൾ പിടിച്ചെടുക്കാം. തുടർന്ന് ഈ വണ്ടികൾ മഹസർ സഹിതം ജില്ലാ കളക്ടർക്കോ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോ കൈമാറാവുന്നതാണ്. എസ് പി യുടെ കർശന നിർദ്ദേശം നിൽക്കുന്നതുകൊണ്ടു തന്നെ ഈ നിയമം അനുസരിച്ചു പോലും മണൽമാഫിയെ തടയാൻ പൊലീസിന് ആകുന്നില്ല. കൂടാതെ എസ് പി യുടെ വാക്കുകൾ വേദ വാക്യമാക്കി ഒരു വിഭാഗം പൊലീസുകാർ മണൽ മാഫിയയ്ക്കും ക്വാറി മുതലാളിമാർക്കും കുടപിടിക്കാനും തുടങ്ങി.

ഇതിനിടയിൽ എസ് പി അശോക് കുമാറിന്റെ വിവാദ വയർലെസ് സന്ദേശത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച പൊലീസ് ഓഫീസർമാർക്ക് റൂറൽ എസ് പി ആഫീസിൽ നിന്ന് ലഭിച്ച മറുപടി ഡി ജി പി യുടെ ഉത്തരവ് പ്രകാരമാണ് ഇത്തരം ഒരു സന്ദേശം ലഭിച്ചത് എന്നായിരുന്നു. എന്നാൽ ഇങ്ങനെയൊരു ഉത്തരവിനെപ്പെറ്റി മറ്റു ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരറിവും ഇല്ല. അതേ സമയം എസ് പി യുടെ വിവാദ വയർലെസ് സന്ദേശത്തിനെതിരെ സേനയിൽ അമർഷം പുകയുകയാണ്. വിഷയം ചില സി ഐ മാർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP