Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആയിരത്തിലേറെ മെഡിക്കൽ സീറ്റിലേക്ക് കോച്ചിങ്ങിന്റെ പേരിൽ കൊയ്യുന്നത് കോടികൾ; അഞ്ചാംക്‌ളാസു മുതൽ പരിശീലനം തുടങ്ങുമ്പോൾ നടക്കുന്നതു കൊടിയ ചൂഷണം; പ്രധാന കേന്ദ്രങ്ങളും എക്‌സറ്റെൻഷൻ സെന്ററുകളുമായി മധ്യകേരളത്തിലെ സ്‌കൂളുകൾ പടർന്നു വിലസുന്നു; നീറ്റ് വന്നതോടെ ഉത്തരേന്ത്യൻ പരിശീലനത്തിനു മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ കേരളത്തിലെ വമ്പന്മാർ  

ആയിരത്തിലേറെ മെഡിക്കൽ സീറ്റിലേക്ക് കോച്ചിങ്ങിന്റെ പേരിൽ കൊയ്യുന്നത് കോടികൾ; അഞ്ചാംക്‌ളാസു മുതൽ പരിശീലനം തുടങ്ങുമ്പോൾ നടക്കുന്നതു കൊടിയ ചൂഷണം; പ്രധാന കേന്ദ്രങ്ങളും എക്‌സറ്റെൻഷൻ സെന്ററുകളുമായി മധ്യകേരളത്തിലെ സ്‌കൂളുകൾ പടർന്നു വിലസുന്നു; നീറ്റ് വന്നതോടെ ഉത്തരേന്ത്യൻ പരിശീലനത്തിനു മുമ്പിൽ പിടിച്ചു നിൽക്കാനാവാതെ കേരളത്തിലെ വമ്പന്മാർ   

കോട്ടയം : കൊച്ചിയിൽ കഴിഞ്ഞ ദിവസം മെഡിക്കൽ എൻട്രൻസിന്റെ പേരിൽ നടന്ന തട്ടിപ്പോടെ പുറത്തുവരുന്നത് കോടികൾ കൊയ്യുന്ന കേരളത്തിന്റെ മെഡിക്കൽ- എൻജിനീയറിങ് പരീശിലനത്തിന്റെ കാണാപ്പുറങ്ങൾ. ചൂഷണവും മാനസിക പീഡനവും മാനസികസമ്മർദമുണ്ടാക്കുന്ന വിഷാദരോഗവും നിറഞ്ഞ രംഗമാണിവിടം.

പല കേന്ദ്രങ്ങളിലും ദീർഘകാല കോഴ്സിന് പഠിക്കുന്നവർ ജീവനൊടുക്കിയ സംഭവങ്ങളുണ്ട്. കുട്ടികളെ ഡോക്ടറാക്കാൻ എത്ര പണം മുടക്കാനും കഷ്ടപ്പാടുകൾ സഹിക്കാനും മാതാപിതാക്കൾക്കു മടിയില്ലെന്ന് ഈ രംഗത്തെ ചൂഷകർക്കു നല്ലവണ്ണമറിയാം. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ സർക്കാരുകളോ അതിന് ചുമതലയുള്ള സർക്കാർ ഏജൻസികളോ ശ്രമിക്കുന്നില്ലെന്നതാണ് പരിതാപരം.

ഈ മേഖലയിലെ എല്ലാ ചൂഷണത്തിനും മറപിടിക്കുന്നത് പത്രങ്ങളിൽ നൽകുന്ന കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളാണ്. അതുകൊണ്ടു മുഖ്യധാരാ മാധ്യമങ്ങൾ ഈ രംഗത്ത് അടിക്കടിയുണ്ടാകുന്ന കൊടിയ മനുഷ്യാവകാശലംഘനങ്ങൾ വാർത്തയാക്കാറില്ല. അഞ്ചാം ക്ളാസുമുതൽ ഫൗണ്ടേഷൻ കോഴ്സ് എന്ന ഓമനപ്പേരിൽ തുടങ്ങുന്ന പരിശീലനം. ഇൻസ്റ്റിറ്റിയുട്ടുകളിൽ ഒതുങ്ങി നിന്ന പരീശിലനത്തിന് ഇപ്പോൾ സിബിഎസ്ഇ സ്‌കൂളുകളും മേച്ചിൽപുറങ്ങൾ ആക്കിയിരിക്കുകയാണ്. കോട്ടയം, കൊച്ചി മേഖലകളിലെ മിക്ക സിബിഎസ്ഇ സ്‌കൂളുകളിലും പ്രശസ്ത എൻട്രൻസ് പരീശീലന കേന്ദ്രങ്ങളുടെ എക്സറ്റെൻഷൻ സെന്ററുകളാകുന്നു. പത്താം ക്ളാസിലെത്തുമ്പോൾ ആരംഭിക്കുന്ന വിശ്രമമില്ലാത്ത പരിശീലനമാണ് ഇവിടെ.

പ്രതിവർഷം ഒന്നരലക്ഷത്തോളം കുട്ടികളാണ് ഇങ്ങനെ മെഡിക്കൽ പ്രവേശനത്തിന് മാത്രം സ്‌കൂൾ ക്ളാസുകളിലും വാരാന്തദിനങ്ങളിലെ പരീശിലനങ്ങളിലും പങ്കെടുക്കുന്നത്. ഇതിനു പുറമേ എൻട്രൻസ് പരീക്ഷ എഴുതി പരാജയപ്പെട്ടവർക്കായുള്ള റിപ്പീറ്റർ ബാച്ചുകളിലായി പ്രതീക്ഷയോടെ പഠിച്ചു പിരിമുറുക്കത്തോടെ കഴിയുന്നവരും നിരവധിയാണ്.

കേരളത്തിൽ എംബിബിഎസിന് ആകെയുള്ളത് 1250 സർക്കാർ സീറ്റ്. സ്വകാര്യ മേഖലയിൽ 1600. സ്വകാര്യമേഖലയിലെ സർക്കാർ ഫീസ് വാങ്ങുന്ന സീറ്റ് ഉൾപ്പെടെ ആകെ കുറഞ്ഞ ഫീസിൽ പഠിക്കാൻ കേരളത്തിൽ അവസരം കിട്ടുന്നത് വെറും 1500 ഓളം കുട്ടികൾക്ക് മാത്രം. അതായത് സംവരണമില്ലാതെ മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിന് 2000 നുള്ളിൽ റാങ്ക് വന്നാൽ മാത്രമേ മെഡിക്കൽ സീറ്റ് കിട്ടൂ എന്നർഥം.

ഇതിലേക്കായാണ് ലക്ഷങ്ങൾ വാങ്ങിയുള്ള പരിശീലനം. തുറിച്ചു നോക്കുന്ന ഈ യാഥാർഥ്യങ്ങളുടെ മേൽ ആകർഷകമായ പരസ്യങ്ങളുടെ മായാവലയം സൃഷ്ടിച്ച് കുട്ടികളെ ഈയാംപാറ്റകളെ പോലെ ആകർഷിക്കുന്നു. വെറും ആയിരം സീറ്റിലൊന്നിൽ കയറിപ്പറ്റാനാണു റെഗുലറും റിപ്പീറ്റർ ബാച്ചുകളിലുമായി ഒരു ലക്ഷത്തിലേറെ കൂട്ടികൾ ജീവിതം ഹോമിക്കുന്നത്. ഇതിൽ പകുതിയും റിപ്പീറ്റർമാരാണ്. അതായത് പ്ളസ്ടു കഴിഞ്ഞ് എംബിബിഎസും ബിഡിഎസും മാത്രം ലക്ഷ്യമിട്ട് അഹോരാത്രം പഠിക്കുന്നവർ.

റിപ്പീറ്റേഴ്സ് ബാച്ചിൽ അക്കോമഡേഷൻ അടക്കം ഒന്നരലക്ഷം രൂപയോളമാണ് മധ്യകേരളത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ വാങ്ങുന്നത്. കുട്ടികളെ കുത്തി നിറച്ച ക്‌ളാസ് റുമുകളാണ് അധികവും. അൻപതുകുട്ടികളാണ് ശരാശരി. അദ്ധ്യാപകർക്ക് ക്ളാസെടുക്കുന്നത് എളുപ്പമാക്കാൻ കോളർ മൈക്ക് ഉൾപ്പെടെ നൽകിയാണ് പഠനം. രാവിലെ എട്ടരമുതൽ വൈകുന്നേരം അഞ്ചുമണിവരെയുള്ള ക്ളാസുകൾ. ആകെയുള്ളത് ഉച്ചയ്ക്ക് അരമണിക്കൂർ ബ്രേക്ക്. ഇടയ്ക്കിടെ നടത്തുന്ന ക്ളാസ് ടെസ്റ്റുകളുടെ ഫലം എസ്എംഎസായി രക്ഷിതാക്കൾക്ക് നൽകുന്നതിനാൽ അവരും ഹാപ്പി.

നേരത്തേ സംസ്ഥാന എൻട്രൻസ് പരീക്ഷ മാത്രമായിരുന്നു ചാകര. അതു ദേശീയ എൻട്രൻസായ നീറ്റായി മാറിയതോടെ പരീശീലന കേന്ദ്രങ്ങൾക്ക് സാധ്യതയേറി. ഇതോടെയാണ് അഞ്ചാം ക്ളാസുമുതലുള്ള പരീശീലനത്തിന് പാഠ്യപദ്ധതിക്ക് രൂപം നൽകിയത്. അതായത് സിബിഎസ്ഇ സ്‌കൂളുകളിൽ പഠനത്തിനൊപ്പം എൻട്രൻസ് പരിശീലനവും. പന്ത്രണ്ടാം തരം വരെ ഏഴുവർഷത്തേക്കുള്ള ഫൗണ്ടേഷൻ ക്ളാസ്. അതായത് ഏഴുവർഷത്തേക്ക് എൻട്രൻസ് സ്ഥാപനങ്ങൾക്ക് സ്ഥിരവരുമാനം. അതും ലക്ഷങ്ങൾ. ഈ ആശയം കോട്ടയത്തിന്റെ സംഭാവനയാണ്.

കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലും, മാന്നാനത്തും, ചങ്ങനാശേരിയിലും, എല്ലാം ഇത്തരത്തിലുള്ള എൻട്രൻസ് എക്സ്ടെൻഷൻ സെന്ററുകളായ സ്‌കുളുകൾ അനവധിയാണ്. കുട്ടികളിൽനിന്നു വാങ്ങുന്ന ഫീസിന്റെ ഒരു ഭാഗം എൻട്രൻസ് സ്ഥാപനങ്ങൾക്കാണ്. കുട്ടികളിൽനിന്നു കൊള്ളഫീസ് ഈടാക്കാൻ പറ്റുമെന്നു മാത്രമല്ല, ഇതിന്റെ പേരിൽ സ്‌കൂളിനു പേരു കിട്ടുകയും കനത്ത ഡൊണേഷൻ ഈടാക്കുകയും ചെയ്യാം. പാലായാണ് കോട്ടയത്തെ എൻട്രൻസ് പരീശീലന ഹബ്ബ്. ഈ സ്ഥാപനത്തിന് ജില്ലയിൽ നിരവധി ഉപകേന്ദ്രങ്ങളും ഉണ്ട്. കേരളത്തിൽ ഏറ്റവും കുടുതൽ വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കുന്നത് ഈ സ്ഥാപനത്തിൽ നിന്നാണ്. കിടിലൻ പരസ്യങ്ങളിലൂടെ ഈ രംഗത്തെ ഒന്നാം നിരക്കാരാണെന്ന വരുത്താൻ കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം കേന്ദ്രമായാണ് കേരളത്തിലെ പ്രവേശന പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ തുടക്കം. പിന്നീട് ഈ വിദ്യാഭ്യാസ കച്ചവടത്തിന്റെ അനന്ത സാധ്യതകൾ മനസിലാക്കിയതോടെ മധ്യകേരളത്തിലേക്ക് പറിച്ചു നട്ടു. റബറിന്റെ നാട്ടിൽ എൻട്രൻസ് പരീശീലനത്തിന് പുതിയ മാനമായി. കണ്ണടച്ചു തുറക്കും മുമ്പ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ബഹുനില മന്ദിരങ്ങളായി മാറി. ഏറ്റവും ലാഭകരമായ ബിസിനസാണ് ഇത്. എൻട്രൻസ് പരീക്ഷാഫലം വരുമ്പോൾ ടോപ്പേഴ്സിന്റെ അവകാശവാദവുമായി പത്രത്താളുകളിൽ ബഹുവർണ പരസ്യം നൽകും. പരസ്യം നൽകുന്ന ഒരോ സ്ഥാപനവും പതിനായിരക്കണക്കിന് കൂട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. ഇതിൽ മിടുക്കരായവർ കുറച്ചുപേർക്ക് പ്രവേശനം കിട്ടും.

ഇവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തിയാണ് അടുത്ത വർഷത്തേക്കുള്ള പ്രവേശനോത്സവത്തിന് വഴിയൊരുക്കുന്നത്. എൻജിനീയറിംഗിനും ഇത്തരത്തിലുള്ള ദീർഘകാല പ്രവേശന പരീക്ഷാകോഴ്സുകൾ ഉണ്ടെങ്കിലും സ്വാശ്രയ കോളജുകളുടെ വരവോടെ സീറ്റുകൾ അധികമായതോടെ ഇതിന് കുട്ടികൾ കുറവാണ്. ഇതോടെ ദേശീയ പരീക്ഷയായ ഐഐടിഇ/ ജെഇഇ പരീശിലനത്തിന് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. എന്നാൽ ദേശീയ തലത്തിൽ ഐഐടിഇ, എൻഐടി, കൂടാതെ കേന്ദ്ര സർവകലാശാലകൾ ഇവയിലായി ഏറെ സീറ്റുകൾ ഉള്ളതിനാൽ ഈ പരീശീലനത്തിന് സാധ്യതയേറെ.

മെഡിക്കൽ അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റ് വന്നതോടെ കേരളത്തിലെ പല പരിശീലന സ്ഥാപനങ്ങളും വെട്ടിലായി. ഈ രംഗത്ത് മുൻനിരയിലുള്ള ദേശീയ തലത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളോട് മത്സരിക്കാനുള്ള കഴിവില്ലായ്മയാണ് കാരണം. നീറ്റിന്റെ ആദ്യപരീക്ഷ നടന്ന കഴിഞ്ഞവർഷം മധ്യകേരളത്തിലെ മുൻനിര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രില്യൻസ് മങ്ങി. പതിനായിരക്കണക്കിനു പേർ പഠിക്കുന്ന കേരളത്തിലെ എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ മെഡിക്കൽപ്രവേശനം കിട്ടിയവർ വിരലിലെണ്ണാവുന്നവർ മാത്രമായി. റാങ്ക് ജേതാക്കളുടെയും ടോപ്പേഴ്സിന്റെയും നിര കുറഞ്ഞു.

എന്നാലെന്താ, കുട്ടികളിൽ ഭൂരിപക്ഷത്തെയും റിപ്പീറ്റേഴ്സാക്കി അഡീഷണൽ ബാച്ച് തുടങ്ങി. പോരെ പൂരം. ദേശീയ പ്രവേശന പരീക്ഷകൾക്ക് അനുയോജ്യമായ തലത്തിലുള്ള പരീശീലനം നൽകുന്നതിൽ ഉത്തരേന്ത്യൻ സ്ഥാപനങ്ങളോട് കിടപിടിക്കാൻ കഴിയാത്തതാണ് പരാജയത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നീറ്റ് വന്നതോടെ ഉത്തരേന്ത്യയിലെ പ്രധാന സ്ഥാപനം എറണാകുളത്തിന് പുറമേ കോട്ടയത്തേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രൊഫഷണലിസത്തിൽ ഊന്നിയ പരീശീലനമാണ് ഉത്തരേന്ത്യൻ സ്ഥാപനങ്ങൾ മുൻതൂക്കം നൽകുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.

ഒരു ഉത്തരത്തെ ആസ്പദമാക്കി വരാൻ സാധ്യതയുള്ള എല്ലാ ചോദ്യങ്ങളെക്കുറിച്ചും ദേശീയ സ്ഥാപനങ്ങൾ പഠിപ്പിക്കുമ്പോൾ ഇവിടെ പരമ്പരാഗത രീതിയാണെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. വിരമിച്ച കോളജ് അദ്ധ്യാപകരാണ് മിക്ക സ്ഥാപനങ്ങളിലെയും പ്രധാന ട്യൂട്ടേഴ്സ്. ഇവർക്ക് കാലാനുസ്യത പരീശിലനം ഇല്ലാത്തതിനാൽ പുതിയ പ്രവണതകളിലേക്ക് ആഴത്തിൽ ഇറങ്ങാനാവുന്നില്ലെന്നാണ് പ്രധാന ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത്. പരീശിലനത്തിനായി ഒരു അദ്ധ്യാപക ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. പരീശീലനത്തിനുള്ള കഴിവ് പലപ്പോഴും മാനദണ്ഡമാക്കാറില്ലത്രെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP