Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ ആദ്യ ആറുവരി തുരങ്ക പാതയാകാൻ ഒരുങ്ങുന്ന കുതിരാൻ വയനാട്ടുകാരെയും മോഹിപ്പിക്കുന്നു; വയനാട് -കോഴിക്കോട് തുരങ്ക പാതയെ കുറിച്ചുള്ള ചർച്ചകൾ സജീവം; പദ്ധതിയെ കുറിച്ച് പഠിക്കാൻ മന്ത്രി ജി സുധാകരൻ നേരിട്ടെത്തി; പച്ചക്കൊടി കിട്ടുമെന്ന പ്രതീക്ഷയോടെ മലയോര ജനത

കേരളത്തിലെ ആദ്യ ആറുവരി തുരങ്ക പാതയാകാൻ ഒരുങ്ങുന്ന കുതിരാൻ വയനാട്ടുകാരെയും മോഹിപ്പിക്കുന്നു; വയനാട് -കോഴിക്കോട് തുരങ്ക പാതയെ കുറിച്ചുള്ള ചർച്ചകൾ സജീവം; പദ്ധതിയെ കുറിച്ച് പഠിക്കാൻ മന്ത്രി ജി സുധാകരൻ നേരിട്ടെത്തി; പച്ചക്കൊടി കിട്ടുമെന്ന പ്രതീക്ഷയോടെ മലയോര ജനത

കോഴിക്കോട്: കേരളത്തിന്റെ ആദ്യ തുരങ്കപാതയെന്ന നേട്ടത്തിലേക്കെത്താൻ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയ്ക്ക് ഇനി ഡിസംബർ വരെ  കാത്തിരുന്നാൽ മതി. ദേശീയപാത 47ൽ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. തൃശൂർപാലക്കാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കുതിരാന്മല തുരന്ന് രണ്ട് തുരങ്ക പാതകളാണ് പൂർത്തിയാകുന്നത്. മണ്ണുത്തി വടക്കഞ്ചേരി 30 കിലോമീറ്റർ റോഡിൽ മൂന്നുവരിപ്പാതകൾ ഉൾക്കൊള്ളുന്ന രണ്ടു തുരങ്കങ്ങളും മാർച്ച് അവസാനത്തോടെ പൂർത്തിയാകും. 915 മീറ്റർ ദൈർഘ്യമുള്ള ആദ്യ തുരങ്കത്തിന്റെ പണി ഈമാസം പൂർത്തിയാകും.

മുന്നൂറോളം തൊഴിലാളികൾ രാവും പകലും ജോലി ചെയ്യുന്ന തുരങ്കത്തിന്റെ നിർമ്മാണച്ചുമതല പ്രഗതി എഞ്ചിനിയറിങ് ആൻഡ് റെയിൽ പ്രോജക്ട് എന്ന കമ്പനിക്കാണ്. സമാന്തരമായ 24 മീറ്റർ ഇടദൂരത്തിലാണ് ഇരുതുരങ്കങ്ങളും പോകുന്നത്. പാറതുരന്ന മുകൾ ഭാഗത്തും
വശങ്ങളിലും ഇടിവുണ്ടാകാതിരിക്കാൻ സ്റ്റീൽപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റിങ് നടത്തുന്നുണ്ട്. ഇരു തുരങ്കപാതകളേയും പരസ്പരം ബന്ധിപ്പിക്കാൻ 300 മീറ്റർ ഇടവിട്ട് ചെറുപാതകളുണ്ട്. ഒരു തുരങ്കത്തിൽ തടസ്സമുണ്ടായാൽ വാഹനങ്ങൾ തിരിച്ചു വിടാനാണിത്. 100 കോടി രൂപയാണ് തുരങ്ക നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. 2010ൽ കരാറായ റോഡിന് 2013ൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായെങ്കിലും കമ്പനിയുടെ അനാസ്ഥയെത്തുടർന്ന് പണി മുടങ്ങുകയും ഏറെ നീണ്ടു പോകുകയും ചെയ്തു. യുഡിഎഫ് ഭരണകാലത്ത് ഇതിനായി ഒന്നും ചെയ്തില്ല. എംപിമാരായ പി കെ ബിജുവും സി എൻ ജയദേവനും പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും കേന്ദ്രമന്ത്രിയെ കണ്ട് സമ്മർദം ചെലുത്തുകയും ചെയ്തതിനെത്തുടർന്നാണ് പണി പുനരാരംഭിച്ചത്.

കുതിരാന്മലയിലെ തുരങ്കപാതയോട് സഹകരിച്ച പരിസ്ഥിതിവാദികൾ ഒന്നു മനസുവച്ചാൽ യാഥാർത്ഥ്യമാകുന്ന മറ്റൊരു തുരങ്കപാതയുണ്ട്. അത് കേരളത്തിലെ പ്രധാന ചുരമായ താമരശേരിയിലാണ്. വയനാട്-കോഴിക്കോട് റൂട്ടിലെ ദൈർഘ്യമേറിയ ഈ ചുരം പ്രകൃതി സ്‌നേഹികൾക്ക് എന്നും കൗതുകമായിരിക്കാം. പക്ഷേ വയനാട്-കോഴിക്കോട് നിവാസികൾക്ക് അത്രയ്ക്ക് സുഖകരമല്ല ഈ ചുരംകടക്കൽ. പ്രത്യേകിച്ച് വയനാടുകാർക്ക്. അപ്പുറവും, ഇപ്പുറവും രണ്ടുസംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഈ ജില്ലയ്ക്ക്, ആശുപത്രി, വ്യാപാരം, ട്രെയിൻ, ബസ് ഗതാഗതം തുടങ്ങിയ പ്രധാനാവശ്യങ്ങൾക്ക് ഏക ആശ്രയം കോഴിക്കോട് ആണ്. ചുരംകടന്ന് ബസിൽ കോഴിക്കോട്ട് എത്തണമെങ്കിൽ മൂന്ന് മണിക്കൂർ യാത്ര ചെയ്യണം. കാറിലോ, ജീപ്പിലോ ആണെങ്കിൽ രണ്ടര മണിക്കൂറിനുള്ളിൽ എത്താം.

മഴയോ, മലയിടിച്ചിലോ വന്നാൽ ചുരം കടക്കുക പ്രയാസമാകും. റോഡ് തകർന്നും, വാഹനങ്ങൾ കുടുങ്ങിയും മണിക്കൂറുകളോളം കിടക്കേണ്ടിവരുന്നവരാണ് ഇരു ജില്ലയിലേയും സ്ഥിരം യാത്രക്കാർ. ഈ ദുരിതം അവസാനിപ്പിക്കാൻ ഒരു തുരങ്കപാത വേണമെന്ന ആവശ്യം ജനങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പക്ഷേ, പ്രകൃതിസ്‌നേഹികൾ വാളെടുക്കുമെന്നതിനാൽ മുൻ സർക്കാരുകളൊന്നും അതിന് ഒരുങ്ങിയിട്ടില്ല. പക്ഷേ ഈ എൽഡിഎഫ് സർക്കാരിൽ ഒരാൾ അതിന് ഇറങ്ങിപ്പുറപ്പെട്ടുകഴിഞ്ഞു. അതു വേറെയാരുമല്ല, അഴിമതിക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിച്ച് കൈയടി നേടുന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ തന്നെ.

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ചുരങ്ങളില്ലാതെ സഞ്ചരിക്കാൻ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സുരക്ഷിതമായ ഒരു പാതയൊരുക്കാൻ മന്ത്രിതന്നെ മുന്നിട്ടിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് സന്ദർശിച്ച അദ്ദേഹം ഉദ്യോഗസ്ഥരുമായി വയനാട് ചുരം സന്ദർശിച്ചു.
തുരങ്കപാത നിർമ്മിക്കാൻ സാധ്യത കൽപ്പിക്കുന്ന സ്വർഗ്ഗം കുന്നിനു സമീപമുള്ള മറിപ്പുഴയിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആദ്യമായി ഒരു മന്ത്രി ഈ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനെത്തുന്നുവെന്ന വാർത്തയറിഞ്ഞ നാട്ടുകാരും അവിടെയെത്തി. എത്രയും പെട്ടന്ന് ഗൗരവമായ ഒരു സാധ്യതാ പരിശോധനയും റിപ്പോർട്ടും ലഭ്യമാക്കാൻ ജി സുധാകരൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തതോടെ തങ്ങളുടെ സ്വപ്നങ്ങൾക്ക് ജീവൻ വയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ് താമരശ്ശേരി ചുരം എന്നറിയപ്പെടുന്ന വയനാട് ചുരം. ഇതു ദേശീയപാത 212 ന്റെ ഭാഗമാണ് താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ ഒമ്പത് ഹെയർപിൻ വളവുകളുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ മുകളിലുള്ള പാത ബ്രിട്ടീഷുകാർ കുതിരസവാരി ചെയ്യാൻവേണ്ടി നിർമ്മിച്ചതാണ്. പിന്നീട് വാഹന ഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP