Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപരിചിതന് വൃക്ക ദാനം ചെയ്തു കട്ടപ്പനയിലെ ബസ് ഉടമ പയസ്; മരുമകന് ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ നന്ദിയർപ്പിച്ച് ജയന്തിയും വൃക്ക നൽകി; ഓട്ടോ ഡ്രൈവർ അനിലും ഒരിക്കൽ മാറ്റിവച്ച കിഡ്‌നി ശരീരം നിരസിച്ചതിൽ ഹതാശനായ നിതിനും പയസിന്റെ നന്മയിൽ വീണ്ടും ജീവിതത്തിലേക്ക്

അപരിചിതന് വൃക്ക ദാനം ചെയ്തു കട്ടപ്പനയിലെ ബസ് ഉടമ പയസ്; മരുമകന് ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ നന്ദിയർപ്പിച്ച് ജയന്തിയും വൃക്ക നൽകി; ഓട്ടോ ഡ്രൈവർ അനിലും ഒരിക്കൽ മാറ്റിവച്ച കിഡ്‌നി ശരീരം നിരസിച്ചതിൽ ഹതാശനായ നിതിനും പയസിന്റെ നന്മയിൽ വീണ്ടും ജീവിതത്തിലേക്ക്

ഇടുക്കി: അപരിചിതനു വൃക്ക പകുത്തു നൽകി കട്ടപ്പനയിലെ ബസ് ഉടമ നന്മയുടെ പുതുവഴി കാട്ടി. പ്രതിഫലേച്ഛയില്ലാതെ മരുമകനു വൃക്ക നല്ല മനസിനു പകരം നൽകാൻ മറ്റൊന്നുമില്ലെന്ന തിരിച്ചറിവിൽ അമ്മായിയമ്മ തന്റെ വൃക്കകളിലൊന്ന് മറ്റാരാൾക്ക് ദാനം ചെയ്തു നന്ദിയർപ്പിച്ചു. കട്ടപ്പന മേഖലയിൽ സർവീസ് നടത്തുന്ന അമ്മു ബസിന്റെ പാർട്ണറും ഡ്രൈവറുമായ കുന്നേൽ പയസുകുട്ടി ജോൺ എന്ന 45കാരനാണ് ജീവന്റെ വിലയറിഞ്ഞ് തന്റെ വൃക്കകളിലൊന്ന് തൃശൂർ സ്വദേശി ഇളവള്ളി പൊടിയാട പി. എൻ എന്ന സമപ്രായക്കാരന് ദാനം നൽകിയത്. ഇതിൽനിന്നും പ്രചോദനമുൾക്കൊണ്ട അനിലിന്റെ ഭാര്യാമാതാവ് ജയന്തി തന്റെ വൃക്കകളിലൊന്ന് തൃശൂർ സദേശി നിതിനെന്ന യുവാവിന് നൽകുകയായിരുന്നു.

ഗുഡ്‌നെസ് ടി. വിയിലെ ജീവൻ പകുത്ത് നൽകിയവർ എന്ന പരിപാടിയാണ് വൃക്കദാനത്തിന് പയസിനെ പ്രേരിപ്പിച്ചത്. വൃക്കദാനത്തിന്റെ മഹത്വമറിഞ്ഞ പയസ് തന്റെ വൃക്കയും ദാനം ചെയ്യാമെന്നു ഒരു വർഷം മുമ്പ് കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മലിനെ അറിയിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമെടുത്ത തീരുമാനത്തെ പയസിന്റെ ഭാര്യ സിസിയും മക്കളായ അജിത്തും ബേസിലും എതിർത്തു. എന്നാൽ വൃക്കദാനത്തിലൂടെ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നു പയസ് അവരെ ബോധ്യപ്പെടുത്തിയതോടെ അവരും സമ്മതംമൂളി. പിന്നീട് കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു മാർച്ച് 10ന് സമ്മതപത്രം നൽകി. ഏപ്രിൽ 21നാണ് കിഡ്‌നി ഫൗണ്ടേഷൻ നിർദ്ദേശിച്ച അനിലിനായി തന്റെ ഇടതുവൃക്ക നൽകിയത്. ഓട്ടോഡ്രൈവറായ അനിൽ നിർധനകുടുംബാംഗവും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. എട്ട് ലക്ഷത്തോളം രൂപയായിരുന്നു വൃക്ക മാറ്റിവയ്ക്കലിന് വേണ്ടിവന്നത്. നാട്ടുകാരാണ് ഇതിനുള്ള പണം സമാഹരിച്ചു നൽകിയത്. അനിലിന്റെ ജീവൻ രക്ഷപെടുത്തിയ പയസിനോടുള്ള സ്‌നേഹവും നന്ദിയും അനിലിന്റെ വീട്ടുകാരിലും വൃക്കദാനത്തിന് പ്രചോദനമായി.

ഭാര്യാമാതാവ് ജയന്തിയാണ് തന്റെ വൃക്കകളിലൊന്ന് മറ്റൊരാളുടെ ജീവൻ നിലനിർത്താൻ ദാനം ചെയ്യാൻ മുന്നോട്ടുവന്നത്. ഒരിക്കൽ വൃക്ക മാറ്റിവച്ചു പരാജയപ്പെട്ട തൃശൂർ സ്വദേശി നിതിനാണ് ജയന്തിയുടെ വൃക്ക നൽകിയത്. നേരത്തെ സ്വന്തം അമ്മയുടെ വൃക്ക നിതിന് നൽകിയെങ്കിലും ശരീരം തിരസ്‌കരിച്ചതോടെ നിരാശനായി കഴിഞ്ഞ നിതിന് ജയന്തിയുടെ നന്മ ഭാഗ്യമായി. നിതിന്റെ ചികിത്സയ്ക്കാവശ്യമായ 12 ലക്ഷം രൂപയും നാട്ടുകാരുടെ ഉദാരമനസുകൊണ്ട് സ്വരൂപിച്ചതാണ്.
കട്ടപ്പന സെന്റ് ജോർജ് പള്ളിയിലെ മുൻ കൈക്കാരനായ പയസ് മതാധ്യാപകൻകൂടിയാണ്. പയസിന് മൂന്നു മാസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നും ഇത്തരം പ്രവൃത്തികൾക്ക് സമൂഹം തയാറാകണമെന്നും പയസ് പറഞ്ഞു. പയസും അനിലും നിതിനും സുഖമായിരിക്കുന്നുവെന്നും കിഡ്‌നി ഫൗണ്ടേഷൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP