Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിനിയുടെ മക്കളുടെ പഠനം ഏറ്റെടുത്ത് അബുദാബി മലയാളി യുവതികൾ; മിക്ക രാജ്യങ്ങളിലും പ്രവാസികൾ പണപ്പിരിവിൽ; സർക്കാർ സഹായത്തിൽ പ്രഖ്യാപനം ഇന്നുണ്ടായേക്കും; നിപ്പയുടെ ബലിയാടായി തീർന്ന പേരാമ്പ്രയിലെ നഴ്സിന്റെ കുടുംബത്തെ തേടി സഹായ ഹസ്തങ്ങൾ

ലിനിയുടെ മക്കളുടെ പഠനം ഏറ്റെടുത്ത് അബുദാബി മലയാളി യുവതികൾ; മിക്ക രാജ്യങ്ങളിലും പ്രവാസികൾ പണപ്പിരിവിൽ; സർക്കാർ സഹായത്തിൽ പ്രഖ്യാപനം ഇന്നുണ്ടായേക്കും; നിപ്പയുടെ ബലിയാടായി തീർന്ന പേരാമ്പ്രയിലെ നഴ്സിന്റെ കുടുംബത്തെ തേടി സഹായ ഹസ്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: നിപ്പാ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനി അവസാനമായി ഭർത്താവിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തു വായിച്ച് കണ്ണു കലങ്ങാത്തവർ കുറവായിരിക്കും ഭർത്താവിനോടും മക്കളോടുമുള്ള കരുതൽ നിറയുന്ന ആ കത്ത് അക്ഷരാർത്ഥത്തിൽ ഉള്ളലയ്ക്കുന്നതായിരുന്നു. മരണം മുന്നിൽകണ്ടുള്ള യാത്രപറയലായിരുന്നു അതു. അമ്മയെന്ന നിലയിൽ മക്കളെ വിട്ടുപിരിയേണ്ടി വന്ന വേദന മുഴുവൻ ഉൾക്കൊള്ളുന്ന ആ കത്ത് വായിച്ച് ഹൃദയം കലങ്ങിയ രണ്ട് യുവതികൾ ലിനിയുടെ പറക്കമുറ്റാത്ത മക്കളുടെ പഠനചെലവ് ഏറ്റെടുത്തു.

പാലക്കാട് നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ അമരക്കാരായ യുവതികലാണ് ലിനിയുടെ മക്കളുടെ പഠനച്ചെലവ് വഹിക്കാൻ തയ്യാരായി രംഗത്തെത്തിയത്. പറക്കമുറ്റാത്ത ലിനിയുടെ മക്കളായ രണ്ട് വയസ്സുകാരൻ സിദ്ധാർഥിന്റേയും അഞ്ചു വയസ്സുകാരൻ ഋതുലിന്റെയും ഈ അധ്യായന വർഷം മുതൽ പ്രഫഷനൽ വിദ്യാഭ്യാസമോ, ബിരുദാനന്തര ബിരുദമോ വരെയുള്ള സമ്പൂർണ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചത്.

അബുദാബിയിൽ താമസിക്കുന്ന ജ്യോതി പാലാട്ട്, ശാന്തി പ്രമോദ് എന്നിവരാണ് ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികളുടെ സമ്പൂർണ വിദ്യാഭ്യാസ ചെലവുകൾ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വഹിക്കുന്നതിനെ സംബന്ധിച്ചുള്ള ഔദ്യോഗികമായ രേഖകൾ ഉടൻ ലിനിയുടെ കുടുംബത്തിന് അധികൃതർ കൈമാറും.

'ആതുരശുശ്രൂഷയ്ക്ക് വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തിയ ലിനിയെ ഓരോ മലയാളിയും അഭിമാനത്തോടെ എന്നും ഓർക്കും. ലിനി തന്റെ കുടുംബത്തിന് വേണ്ടി എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിലും മറ്റും ഇന്നലെ വായിക്കാനിടയായി. അമ്മയുടെ വിയോഗം പോലും തിരിച്ചറിയാൻ പ്രായമായിട്ടില്ലാത്ത ആ കുട്ടികൾ ഒരു കുറവും കൂടാതെ വളരണം എന്നതിനാലാണ് ഇങ്ങനൊരു തീരുമാനമെന്ന്' ജ്യോതി പാലാട്ട് അറിയിച്ചു. നിപ്പാ വൈറസിനെ കുറിച്ച് ഒരു നാടിനെ മുഴുവൻ ബോധവാന്മാരാക്കിയിട്ടാണ് ലിനി യാത്ര പറഞ്ഞത്. തന്റെ ആരോഗ്യം പോലും കണക്കിലെടുക്കാതെ കർമ്മനിരതയായിരുന്ന ലിനിക്കും അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതിരുന്ന ആ മക്കൾക്കുള്ള ഒരു താങ്ങും കരുതലുമായാണ് ഞങ്ങൾ ഇതിനെ കാണുന്നതെന്ന് ശാന്തി പ്രമോദും പറഞ്ഞു.

അതേസമയം ലിനിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായം നൽകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ സഹായം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. വിവിധ പ്രവാസി സംഘടനകൾ ലിനിയുടെ കുടുംബത്തെ സഹായിക്കാൻ പിരിവു നടത്തുന്നുണ്ട്. ലോകം മുഴുവനുള്ള നഴ്‌സിങ് സമൂഹം അവൾക്കുണ്ടായ ദുരന്തത്തിൽ ദുഃഖിതയാണ്. അതുകൊണ്ടു കന്നെ പറക്കമുറ്റാത്ത ആ കുഞ്ഞുങ്ങൾക്ക് സഹായം എത്തിക്കാൻ വെമ്പൽ കൊള്ളുകയാണ് നഴ്‌സിങ് സമൂഹം. അതേസമയം ഈ പിരിവുകളിൽ എത്രകണ്ട് ആ കുടുംബത്തിലേക്ക് എത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

മക്കളെ തനിച്ചാക്കരുത് എന്നായിരുന്നു ലിനിയുടെ ആഗ്രഹം. ഭാര്യയുടെ ആഗ്രഹം പോലെ ഇനിയുള്ള കാലം മക്കൾക്ക് വേണ്ടി ജീവിക്കാനാണ് സജീഷിന്റെ തീരുമാനം. പനി മൂർച്ഛിച്ച് കിടപ്പിലാകും മുമ്പ് ഭാര്യ തന്നെ വിളിച്ചു സംസാരിച്ച വിവവരും സജീഷ് മാധ്യമങ്ങളോട് പങ്കുവെച്ചു. കിടപ്പിലാകും മുമ്പ് ചെറിയ പനിയുണ്ടായിട്ടും അത് കണക്കിലെടുക്കാതെ ലീന ജോലിക്ക് പോയെന്നും ഭർത്താവ് വ്യക്തമാക്കി. ഈ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി എങ്ങനെ താൻ വിദേശത്തു കഴിയുമെന്നും സജീഷ് വേദനയോടെ ചോദിക്കുന്നു.

സ്വയം ജീവൻ ബലിയർപ്പിച്ച് രോഗികളെ ശുശ്രൂശിച്ച ലിനിയുടെ കുടുംബത്തിലെ അത്താണിയാണ് മരണത്തോടെ ഇല്ലാതായത്. അമ്മയും അയൽവാസിയും ഇപ്പോഴും രോഗബാധയേറ്റ് ആശുപത്രിയിലാണ്. താലൂക്കാശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതിനാൽ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ല. അതിനാൽ സ്പെഷ്യൽ ഉത്തരവ് പ്രകാരം ലിനിയുടെ കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണം എന്ന ആവശ്യമാണ് സർക്കാറിനു മുന്നിൽ ഉയരുന്നത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയിൽ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയിൽ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. ചെമ്പനോട പരേതനായ നാണുവിന്റെയും രാധയുടേയും മകളാണ് ലിനി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ വെന്റിലേറ്ററിലായിരുന്നതിനാൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും അമ്മയെ ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP