Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയേട്ടന് കൊടുക്കാൻ കൊണ്ടുപോകുന്നത് 30 കിലോ മാതളം; ബാംഗ്ലൂരിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ബാബുപാറയിൽ പറയുന്നത് താനും പിണറായി വിജയേട്ടനുമൊക്കെ ഒരു കുടുംബം പോലെയെന്ന്; ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗത്തിന്റെ സോളാർ മോഡൽ തട്ടിപ്പ് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞെന്ന് വ്യവസായി എൻ.എസ്. ഗണേശ്; കിട്ടിയ അവസരത്തിൽ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി യുഡിഎഫ്

വിജയേട്ടന് കൊടുക്കാൻ കൊണ്ടുപോകുന്നത് 30 കിലോ മാതളം; ബാംഗ്ലൂരിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ബാബുപാറയിൽ പറയുന്നത് താനും പിണറായി വിജയേട്ടനുമൊക്കെ ഒരു കുടുംബം പോലെയെന്ന്; ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗത്തിന്റെ സോളാർ മോഡൽ തട്ടിപ്പ് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞെന്ന് വ്യവസായി എൻ.എസ്. ഗണേശ്; കിട്ടിയ അവസരത്തിൽ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി യുഡിഎഫ്

അരുൺ ജയകുമാർ

തിരുവനന്തപുരം: ബെംഗളൂരുവിൽ കിഡ്‌നാപ്പിങ് കേസിൽ അറസ്റ്റിലായ പത്തനംതിട്ട തുമ്പമൺ സ്വദേശി ബാബു പാറയിൽ എന്ന ജോസഫ് സാം തന്റെ ബിസിനസ് കാര്യസാധ്യത്തിനായി നിരന്തരം ഉപയോഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര്. പിണറായിയുടെ പേര് ആവശ്യത്തിനും,അനാവശ്യത്തിനും ഇയാൾ പ്രയോഗിക്കുമായിരുന്നുവെന്ന് ബാബുപാറയിൽ കിഡ്‌നാപ്പ് ചെയ്ത ബിസിനസ് പങ്കാളി എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ, പിണറായി വിജയൻ, തന്റെ പേര് പറഞ്ഞ് മുതലെടുപ്പിന് വരുന്ന അവതാരങ്ങളെ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.ബെംഗളൂരുവിൽ നിന്ന് എൻ.എസ്.ഗണേശിന്റെ വാക്കുകളിലൂടെ തെളിയുന്നതും അത്തരമൊരു അവതാരത്തിന്റെ കഥയാണ്.

സുഹൃത്തുക്കൾക്കൊപ്പം രസിച്ചിരിക്കുമ്പോൾ തന്റെ സ്വാധീനബലവും, കഴിവും ബോദ്ധ്യപ്പെടുത്താൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുക ബാബു പാറയിലിന് ഹരമാണെന്ന് ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.മുഖ്യമന്ത്രിയെ തനിക്കറിയാം എന്നും എന്താണ് തന്റെ ബലമെന്നും കൂട്ടുകാരെ കാണിക്കാനുള്ള പൊങ്ങച്ച പ്രകടനമാണിത്. ഞാൻ അപ്പോൾ ബാബുവിനോട് പറയും:'നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞ് നടന്നാൽ പിടിച്ച് അകത്തിടും എന്ന്. അപ്പോൾ ബാബു നൽകിയ മറുപടി ഞങ്ങളൊക്കെ ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നായിരുന്നു. പലപ്പോഴും പല രാഷ്ട്രീയക്കാരെയാണ് ഇയാൾ വിവിധ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നത്.'

ബെംഗളൂരുവിൽ മാതളക്കൃഷിക്കായി പാട്ടത്തിനെടുത്ത 70 ഏക്കർ വിജയേട്ടന്റേതാണെന്നാണ് എല്ലാവരോടും ഇയാൾ പറയുക. അന്വേഷണവുമായി ചെല്ലുന്ന ആളുകളോട് സ്ഥലം കേരള മുഖ്യമന്ത്രിയുടേതാണെന്നും പറയും. വിളവെടുപ്പാകുമ്പോൾ മുഖ്യമന്ത്രിക്ക് സമ്മാനമായി മാതളം അയയ്ക്കുന്ന പതിവും ഇയാൾക്കുണ്ടെന്ന് എൻ.എസ്.ഗണേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.നാട്ടിൽ ചെല്ലുമ്പോൾ വിജയേട്ടന് കൊടുക്കാൻ കുറച്ച് മാതളം കൂടി കൊണ്ട് പോകണം എന്ന് പറഞ്ഞ് ഫാമിൽ നിന്നും മാസവും 30 കിലോയൊക്കെ കൊണ്ട് പോകുമായിരുന്നു. ഇനി ഫാമിൽ ഇല്ലെങ്കിൽ പുറത്ത് നിന്നും വാങ്ങിയിട്ട് അത് ഫാമിലേതാണെന്ന് പറഞ്ഞ് കൊണ്ട് പോകുമായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സഹായിക്കണം എന്ന് അപേക്ഷിച്ച് ബാംഗ്ലൂരിലെത്തിയ ഇയാളെ മാതള കൃഷിയുടെ കൂട്ട് കച്ചവടത്തിൽ പങ്കാളിയാക്കിയ ശേഷം പിന്നീട് ഗുണ്ടകളെ ഉപയോഗിച്ച് മൊത്തത്തിൽ വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു ബാബു പാറയിൽ. തന്റെ തട്ടിപ്പുകൾക്ക് ഇയാൾ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയുടെ പേരും. ഇങ്ങനെയൊരു തട്ടിപ്പിന്റെ വാർത്തകൾ പുറത്ത് വന്നതോടെ സോളാറിന് സമാനമായ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന.

ബാബു പാറയിൽ നടത്തിയ തട്ടിപ്പുകളെ കുറിച്ച് ഗണേശൻ പറയുന്നത് ഇങ്ങനെ: രണ്ടര വർഷം മുൻപാണ് ബാബു പാറയിൽ ആദ്യമായ് ബാംഗ്ലൂരിലെത്തുന്നത്. വന്ന് കഴിഞ്ഞപ്പോൾ കൃഷി ചെയ്യാൻ എന്തെങ്കിലും സഹായം വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. സ്ഥലം പാട്ടത്തിന് എടുത്താണ് ചെയ്തത്. ആറ് വർഷങ്ങൾക്ക് മുൻപ് എറണാകുളത്തെ ഒരു സുഹൃത്ത് വഴിയാണ് ഇയാളെ പരിചയപ്പെടുന്നത്. എനിക്ക് അവിടെ മൈനിങ്ങ് ബിസിനസാണ്.

വാഴകൃഷി ചെയ്യാൻ കുറച്ച് സ്ഥലം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഇയാൾ പറഞ്#ിരുന്നു. അങ്ങനെയാണെങ്കിൽ വാഴകൃഷിയെക്കാൾ നല്ലത് മാതള കൃഷിയാണെന്നും മൈനിങ്ങ് നടക്കുന്ന സ്ഥലങ്ങളിൽ മാതളത്തിന് നല്ല വിളവ് കിട്ടുമെന്ന് പറഞ്ഞ് കൊടുക്കുകയും പിന്നീട് ഞാനും കർണാടക സ്വദേശിയായ രാജണ്ണ എന്നയാളും ബാബുവും ചേർന്ന് സ്ഥലം കണ്ടെത്തുകയും 35 ഏക്കറിൽ കൃഷി ആരംഭിക്കുകയുമായിരുന്നു.

ലിംഗഗൗഡർ എന്ന ആളുടെ സ്ഥലമാണ് പാട്ടത്തിനെടുത്തത്. എനിക്കും രാജണ്ണയ്ക്കും 25 ശതമാനം വീതം ലാഭവും ബാബുവിന് 50 ശതമാനവും എന്ന കണക്കിലായിരുന്നു കരാർ. ഞാനാണ് ആദ്യം പണം ഒക്കെ നൽകിയത്. ബാബുവിന്റെ പേരിലാണ് കരാറൊക്കെ എഴുതിയത്. ഒർജിനൽ രേഖകളെല്ലാം എന്റെ കൈയിൽ സൂക്ഷിച്ചിരുന്നു. മറ്റ് ബിസിനസുകളുടെ തിരക്കുകൾ കാരണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമെ ഇതിൽ ശ്രദ്ധിച്ചുള്ളു. ബാക്കി ദിവസങ്ങളിൽ ബാബു തന്നെയാണ് പൂർണ്ണമായും കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്.ആദ്യത്തെ വിളവെടുപ്പിൽ 48 ലക്ഷം രൂപ വന്നു.പിന്നീട് പലപ്പോഴും കണക്കുകളും മറ്റും അറിയാതെ വന്നപ്പോൾ കണക്കുകൾ നോക്കാനായി ഇയാളെ വിളിച്ച് വരുത്തുകയായിരുന്നു. ബാബുവും കുറച്ച് ഗുണ്ടകളുമായിട്ടാണ് വന്നത്. പിന്നീട് ഒരു ഗുണ്ടയെ ചൂണ്ടിക്കാണിച്ച് ഇത് എന്റെ സഹോദരനാണെന്നാണ് അയാൾ പറഞ്ഞത്. ഇത്രയും കാലം കാണാത്ത ഒരു സഹോദരൻ ഇപ്പോൾ എവിടെ നിന്ന് വന്നുവെന്ന് ഞാൻ തിരികെ ചോദിക്കുകയും ചെയ്തു.

വെങ്കിടേഷ് കുഗ്രു അണ്ണൻ പറഞ്ഞിട്ടാണ് ഞങ്ങൾ വന്നത് എന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു. ഈ വെങ്കിടേഷ് കുഗ്രു അവിടത്തെ ഒരു പ്രധാന ഗുണ്ടാ തലവനാണ്. പിന്നീട് ഒരു കത്തിയെടുത്ത് എന്റെ വാരിയെല്ലിന്റെ ഭാഗത്ത് വെച്ച് വിരട്ടിയ ശേഷം മര്യാദയ്ക്ക് കൂടെ വരാൻ ആവശ്യപ്പെടുകയും അവരുടെ ഒരു റെയ്ഞ്ച് റോവർ കാറിൽ കയറ്റി രാവിലെ പത്തര മണിയോടെ നാല് കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ട് പോവുകയായിരുന്നു.ചെല്ലുമ്പോൾ വെങ്കിടേഷ് കുഗ്രു അവിടെ ഉണ്ടായിരുന്നു അവരുടെ ആവശ്യം ആ കരാർ രേഖകൾ തിരികെ നൽകണമെന്നും എൻഒസി എഴുതി നൽകണമെന്നും പിന്നെ ഒരു കോടി രൂപ നൽകണമെന്നും ആയിരുന്നു. എന്റെ 67 ലക്ഷത്തോളം രൂപ ഇതിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു.

എന്റെ ആ കാശ് തന്നാൽ ഓണർഷിപ്പ് നൽകുന്നതിന് തടസ്സമില്ലെന്ന് പറഞ്ഞപ്പോൾ അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ ശേഷം എവിടെയാണ് രേഖകൾ സൂക്ഷിച്ചിരിക്കുന്നത് എന്ന് എന്നോട് ചോദിച്ചു. ഷിമോഗയിലെ എന്റെ ഫാമിൽ ആണ് എന്ന് അവരോട് പറഞ്ഞു. അവരുടെ ചില ആളുകളെ കൂടെ വിട്ട് അത് എടുക്കാൻ പറഞ്ഞു. എന്നാൽ അടുത്ത ദിവസം കൊണ്ട് തരാമെന്നും നിങ്ങളെയൊക്കെ അറിയാവുന്നതല്ലേ പറ്റിച്ചിട്ട് ഇവിടെ പിന്നെ ജീവിക്കാൻ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം അവിടെ നിന്നും വൈകുന്നേരം ഒരു മൂന്നരയോടെ രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തി റൂമിലിരുന്ന് കുറച്ച് നേരം ആലോചിച്ച് തീരുമാനിച്ച ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു.

പിറ്റേദിവസം രാവിലെ കമ്മീഷണറുടെ ഓഫീസിൽ നിൽക്കുമ്പോൾ വെങ്കിടേഷ് എന്നയാൾ വിളിച്ച് രേഖകൾ എപ്പോൾ എത്തിക്കുമെന്ന് ചോദിച്ചപ്പോൾ ഇപ്പോൾ കോടതിയിലാണെന്ന് കള്ളം പറയുകയായിരുന്നു. അപ്പോൾ വെങ്കിടേഷ് തെറി വിളിക്കുകയായിരുന്നു. കമ്മീഷണർ ഇത് നേരിട്ട് കേൾക്കുകയും ചെയ്തിരുന്നു. ഇവരുടെ കേന്ദ്രത്തിൽ പുതിയ കരാറൊക്കെ ഒപ്പിടുന്നതിനായി മലയാളിയായ ഒരു അഭിഭാഷകനും ഉണ്ടായിരുന്നു. അവിടേക്ക് പോയപ്പോൾ പൊലീസുകാരുടെ ഒരു സംഘവും വേഷം മാറി ഒപ്പമുണ്ടായിരുന്നു. വേറെയൊരു ഇൻസ്‌പെക്ടർ വേഷം മാറി ഒപ്പം വന്നിരുന്നു. എന്റെ ഫാമിലെ ജോലിക്കാരനാണെന്ന് പറഞ്ഞാണ് കൊണ്ട് പോയത്. ഡോക്യുമെന്റ്‌സ് എവിടെ എന്ന് ചോദിച്ചപ്പോൾ രാജണ്ണ കൊണ്ട് വരും എന്ന് പറയുകയും അവിടെ സംസാരിച്ചിരിക്കുന്ന സമയത്ത് പൊലീസ് സംഘം എത്തി ബല പ്രയോഗത്തിലൂടെ എല്ലാവരേയും പിടികൂടുകയായിരുന്നു. അടുത്ത ദിവസം തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

അവർ ഇപ്പോഴും ഉള്ളിൽ തന്നെയാണ്. കേരളത്തിലെ ഓർത്തഡോക്‌സ് സഭയിലെ ഗബ്രിയേൽ തിരുമേനി പറഞ്ഞുവെന്ന് പറഞ്ഞ് പലരും മധ്യസ്ഥ ചർച്ചയ്ക്കും ബാബുവിനെതിരെയുള്ള കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒപ്പം നിന്ന് ചതിച്ചവനുമായി ഒത്ത് തീർപ്പിന് വയ്യെന്നും അവന് കോടതി ശിക്ഷ നൽകട്ടെയെന്നുമാണ് ചർച്ചയ്ക്ക് വന്ന പല സഭാ നേതാക്കളോടും ഞാൻ പറഞ്ഞത്.ഇതേ ഗബ്രിയേൽ തിരുമേനിയുടെ പേര് പറഞ്ഞ് പലരേയും ഭയപ്പെടുത്തുന്നതും തെറി വിളിക്കുന്നതും ഞാൻ നേരത്തെ കേട്ടിടുണ്ട്.

നാട്ടിൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇവിടെ എത്തിയത്. അത് ബിസിനസ് പാർട്‌നർഷിപ്പിലേക്ക് കടക്കുകയായിരുന്നു. നാട്ടിൽ കടം കയറി നശിക്കുന്ന പലരും കർണ്ണാടകയിലേക്ക് കൃഷിക്കായി എത്താറുണ്ട്. അത് പോലെ തന്നെയാണ് ബാബു പാറയിലും എത്തിയത്.ഇവിടെ എത്തിയ ശേഷം അയാൾക്ക് പല സഹായങ്ങളും കിട്ടാറുണ്ടായിരുന്നു.ഈ ഗബ്രിയേൽ തിരുമേനിയും ബാബു പാറയിലും തമ്മിൽ വലിയ അടുപ്പമാണ്. ഇരുവരും പരസ്പരം സഹായിച്ച് മുന്നോട്ട് പോകുന്നവർ

പലപ്പോഴും പല രാഷ്ട്രീയക്കാരെയാണ് ബാബു പാറയിൽ വിവിധ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നത്. ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മനസ്സിലായപ്പോഴാണ് അയാളുടെ ഇരട്ടതാപ്പ് മനസ്സിലായത്. പിണറായിയുടെ അടുത്തയാളിന്റെ ഭാഗത്ത് നിന്ന് എന്തിനാണ് വീണയെ തോൽപ്പിക്കാൻ ശ്രമം നടക്കുന്നതെന്ന് പലപ്പോഴും ആലോചിച്ചിരുന്നു.അവരെ വ്യക്തിഹത്യ ചെയ്യാനായി മോർഫ് ചെയ്ത ഒരു അശ്ലീല ചിത്രം പ്രിന്റ് ചെയ്യിച്ചതായും എനിക്ക് അറിയാം. വെറുതെ ഇത്തരം പ്രവർത്തികൾ ചെയ്ത് അനാവശ്യമായ പുലിവാല് പിടിക്കരുതെന്ന് ഞാൻ അന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുന്നുവെന്ന് പല തവണ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ശബ്ദം കേൾപ്പിക്കാൻ ഇയാൾ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതിൽ ഇയാൾ വിജയിക്കുകയും ചെയ്തിരുന്നു.കാര്യങ്ങൾ ഉടൻ തന്നെ മുഖ്യമന്ത്രിയെ അറിയിക്കാൻ ശ്രമിക്കുന്നുണ്ട്. ഫാമിൽ ജോലിക്ക് നിന്നിരുന്ന ഒരു പെൺകുട്ടിയോട് ഇയാൾ അപമര്യാദയായ് പെരുമാറിയിരുന്നു. പിന്നീട് കൂടൂതൽ പ്രശ്‌നങ്ങളില്ലാതെ അത് ഒതുക്കി തീർക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP