Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മായിയുടെ മകനെ നിയമിക്കാൻ ചട്ടം റദ്ദാക്കി ഉമ്മൻ ചാണ്ടി; ചെന്നിത്തലയുടെ ബന്ധുവിനെ എംഡിയാക്കി കേരളാ ഫീഡ്‌സ് നഷ്ടത്തിലാക്കി; ശിവകുമാറിന്റെ അനിയനെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറാക്കിയതും അഴിമതി ലക്ഷ്യമിട്ട്; അനൂപ് ജേക്കബിന്റെ ഭാര്യയുടെയും ഷീന ഷുക്കൂറിന്റെയും നിയമനം അഴിമതി തന്നെ; ഇ പി ജയരാജന്റെ രാജിക്ക് മുറവിളി കൂട്ടാൻ യുഡിഎഫിനെ പിന്നോട്ട് വലിക്കുന്നത് അനേകം കാരണങ്ങൾ

അമ്മായിയുടെ മകനെ നിയമിക്കാൻ ചട്ടം റദ്ദാക്കി ഉമ്മൻ ചാണ്ടി; ചെന്നിത്തലയുടെ ബന്ധുവിനെ എംഡിയാക്കി കേരളാ ഫീഡ്‌സ് നഷ്ടത്തിലാക്കി; ശിവകുമാറിന്റെ അനിയനെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറാക്കിയതും അഴിമതി ലക്ഷ്യമിട്ട്; അനൂപ് ജേക്കബിന്റെ ഭാര്യയുടെയും ഷീന ഷുക്കൂറിന്റെയും നിയമനം അഴിമതി തന്നെ; ഇ പി ജയരാജന്റെ രാജിക്ക് മുറവിളി കൂട്ടാൻ യുഡിഎഫിനെ പിന്നോട്ട് വലിക്കുന്നത് അനേകം കാരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ബന്ധു നിയമനങ്ങൾ ഇഷ്ടം പോലെ നടന്നിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരം നിയമനങ്ങളെല്ലാം നടത്തിയത് അഴിമതി ലക്ഷ്യത്തോടെയായിരുന്നു എന്ന് വ്യക്തമാകാൻ വിജിലൻസ് ഇപ്പോൾ അന്വേഷിക്കുന്ന അഴിമതി കേസുകളുടെ എണ്ണമെടുത്താൽ മതിയാകും. എന്നാൽ, ഇങ്ങനെയുള്ള അഴിമതികളിൽ മനം മടുത്താണ് ജനം യുഡിഎഫിനെ വലിച്ചുതാഴയിട്ട ശേഷം എൽഡിഎഫിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. എന്നാൽ, യുഡിഎഫ് സർക്കാറിന്റെ അതേപാതയിൽ തന്നെയാണ് എൽഡിഎഫെന്ന് വ്യക്തമാക്കുന്നതായി വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധു പി കെ സുധീറിനെ സുപ്രധാന സ്ഥാനത്ത് എംഡി സ്ഥാനം നൽകിയതിലൂടെ തെളിഞ്ഞു വന്നത്.

ഈ വിഷയത്തിൽ സിപിഐ(എം) പ്രവർത്തകർക്കിടയിൽ ഉണ്ടായ ശക്തമായ എതിർപ്പ് തന്നെയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതും. എന്നാൽ, ഈ വിവാദം വലിയ തോതിൽ പടരുമ്പോഴും മൗനം പാലിക്കുന്നയാണ് പ്രതിപക്ഷം ആദ്യം ചെയ്തത്. പിന്നീട് ഗത്യന്തരമില്ലാതെയാണ് ഇ പി ജയരാജന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നതും. വി എം സുധീരനാണ് ഇ പി രാജിവെക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും മനസില്ലാ മനസോടെ രാജി ആവശ്യം ഉന്നയിച്ചത്. എന്നാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ മുൻ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോ ഇതേവരെ ഈ ആവശ്യം ഉന്നയിട്ടില്ല. ഇതിന് കാരണം മറ്റൊന്നുമല്ല, ഒരു വിരൽ അങ്ങോട്ടു ചൂണ്ടിയാൽ ബാക്കി നാല് വിരലുകളും ചൂണ്ടിയിരിക്കുന്നത് സ്വന്തം നേർക്കാണെന്ന് യുഡിഎഫിന് ബോധ്യമുണ്ട് താനും അതുകൊണ്ടാണ് ഈ വിഷയത്തിൽ ആവേശക്കുറവ്.

ബന്ധു നിയമനത്തിലെ യുഡിഎഫ് നേതാക്കളുടെ പങ്ക് പരിശോധിച്ചാൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ അടക്കം വെട്ടിലാകും. വെറും നിയമനം മാത്രമല്ല, നടന്നതെന്നും ഈ സ്ഥാപനങ്ങളിൽ അഴിമതി നടന്നുവെന്നും വസ്തുകകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോ ഓപ്പറേറ്റിവ് സർവീസ് എക്‌സമിനെഷൻ ബോർഡ് ചെയർമാൻ ആയിരുന്നത് ഉമ്മൻ ചാണ്ടിയുടെ ബന്ധുവായ കുഞ്ഞ് ഇല്ലംപള്ളി ആയിരുന്നു. ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകനെന്നതാണ് ഇക്കാര്യത്തില് യോഗ്യതായയി മാറിയത്. പത്ത് വർഷത്തെ അദ്ധ്യാപന പരിചയം വേണ്ട പോസ്റ്റിൽ ഇയാളെ നിയമിക്കാൻ വേണ്ടി ആ ചട്ടം റദ്ദാക്കി പ്രത്യേക ഉത്തരവ് ഇറക്കുക പോലുമുണ്ടായി. സംസ്ഥാനത്തെ ശക്തമായ സഹകരണ ബാങ്കുകളിലെ നിയമനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ബോർഡിന്റെ ചെയർമാനായി ബന്ധുവിനെ തിരുകി കയറ്റിയത് അധികമാരും ചോദ്യം ചെയ്തിരുന്നില്ല. എന്നാൽ, പിന്നീട് സഹകരണ ബാങ്ക് നിയമനങ്ങളിലെ മെറിറ്റ് അട്ടിമറിക്കെതിരെ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ കേസ് വരെയെത്തി. ഇതോടെ മുഴുവൻ സഹകരണ ബാങ്ക് നിയമനങ്ങളും കോടതി ഫ്രീസ് ചെയ്തിരിക്കുകയും ചെയ്തു. അധികാരത്തിലിരുന്ന കാലയളവിൽ അഴിമതി ആരോപണങ്ങളും കേൽക്കേണ്ടി വന്നു.

കഴിഞ്ഞ മന്ത്രിസഭയിലെ പ്രധാനശക്തി കേന്ദ്രമായിരുന്നു രമേശ് ചെന്നിത്തല. ഗ്രൂപ്പ് നേതാവെന്ന നിലയിൽ മിക്ക മന്ത്രിമാരുടെയും വകുപ്പ് നിയന്ത്രിച്ചിരുന്നത് ചെന്നിത്തലയായിരുന്നു. എന്നാൽ, ഇപ്പോൾ ഇപി ജയരാജന്റെ രാജി അവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവും ബന്ധുത്വ നിയമന കാര്യത്തിൽ ഒന്നും മോശമാക്കിയില്ല. കാലിത്തീറ്റ ഉൽപ്പാദന രംഗത്തുള്ള കേരള ഫീഡ്‌സ് എംഡിയായി നിയമിചത് രമേഷ് ചെന്നിത്തലയുടെ ബന്ധുവായ കെ വേണുഗോപാലിനെയായിരുന്നു. ലാഭത്തിലായിരുന്ന കേരള ഫീഡ്‌സ് ഇപ്പോൾ വൻ നഷ്ടത്തിലാണെന്ന് ഇതിനോട് കൂട്ടി വായിക്കുമ്പോൾ ഇവിടുത്തെ അഴിമതിയിലെ യാഥാർത്ഥ ചിത്രം പുറത്തുവരും.

രാഷ്ട്രീയ നിയമനമായി തന്നെയാണ് എം ജി യൂണിവേഴ്‌സിറ്റിയിലേക്ക് പ്രോ വൈസ് ചാൻസലറായി ഷീനാ ഷുക്കൂർ എത്തിയിരുന്നത്. എന്നാൽ, ഇവർ ലീഗ് പ്രവർത്തകയായിരുന്നു എന്ന് പരസ്യമായി പറഞ്ഞതിലൂടെ ആ വാദത്തെ സാധൂകരിക്കുകയും ചെയ്തു. എന്നാൽ, ഇവരുടെ യോഗ്യത സംബന്ധിച്ചും ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ പിഎച്ച്ഡി ബിരുദം വാദമാണെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നു. എന്നാൽ, അപ്പോഴും രാഷ്ട്രീയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച് ഒപ്പം നിൽക്കുകയും ചെയ്തു ഷീനാ ഷുക്കൂർ.

മറ്റൊരു പ്രമുഖമായ ബന്ധു നിയമനം വി എസ് ശിവകുമാറിന്റെ അനിയന്റേതായിരുന്നു. ദേവസ്വം മന്ത്രി കൂടിയായ ശിവകുമാർ അഴിമതി ലക്ഷ്യമിട്ടായിരുന്നു വി എസ് ജയകുമാറിനെ തിരുവിതാം കൂർ ദേവസ്വം ബോർഡിൽ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറാക്കിയത്. ഇതിന് മുമ്പ് കെ ജയകുമാറായിരുന്നു ഈ പദവി വഹിച്ചിരുന്നത് എന്നോർക്കുമ്പോഴാണ് ഈ നിയമനം വിവാദമാകുന്നത്. ശബരിമലയിലെ ഏറ്റവും വലിയ അഴിമതി തന്നെ ശിവകുമാറിന്റെ അനുജനുമായി ബന്ധപ്പെട്ടതാണ്.

മന്ത്രി സഹോദരൻ വി എസ് ജയകുമാർ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്തു നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ഒന്നും പോലും അന്വേഷിക്കാൻ സർക്കാർ തയാറായിരുന്നില്ല. വി എസ് ജയകുമാറിനെ വിജിലൻസിന്റെ നോട്ടപ്പുള്ളിയാക്കിയത് 2012ൽ ശബരിമല മണ്ഡലമകരവിളക്കു കാലത്തു നടന്ന കുത്തകലേലമാണ്. വി എസ് ജയകുമാറിന്റെ നേതൃത്വത്തിൽ സുമംഗലി കല്ല്യാണമണ്ഡപത്തിൽ നടന്ന ശബരിമല കുത്തക ലേലത്തിൽ 3,84,57413 രൂപയുടെ നഷ്ടം സംഭവിച്ചതായി റിട്ട.സെഷൻസ് ജഡ്ജ് ഡി. പ്രേമചന്ദ്രൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദേവസ്വം അധികൃതരുടേയും കരാറുകാരുടേയും ഒത്തുകളിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2011 വർഷത്തേക്കാൾ കുറവു തുക ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കോടികളുടെ അഴിമതി നടന്നെന്നു പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയെങ്കിലും രാഷ്ട്രീയ സമ്മർദംമൂലം തുടർനടപടി ഉണ്ടായില്ല. ഈ ആരോപണങ്ങൾ എല്ലാ അന്വേഷിക്കാനാണു കഴിഞ്ഞദിവസം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ദ്രുതപരിശോധനക്ക് ഉത്തരവിട്ടത്. 2011 മണ്ഡല മകരവിളക്കുകാലത്ത് 24 ഇനങ്ങളിൽ ലേലം നടന്നതിലൂടെ ബോർഡിന് 9,79,15,785 രൂപ ലഭിച്ചിരുന്നു. എന്നാൽ 2012ൽ 5,94,58,372 രൂപയായി ഈ ഇനങ്ങളുടെ കുത്തക കരാർ തുക കുറഞ്ഞു. ഇതിലൂടെ ബോർഡിന് 3,84,57,413 രൂപയുടെ കുറവുണ്ടായതായി ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ റിപ്പോർട്ട് പൂഴ്‌ത്തി.

പ്രതിവർഷം കുത്തക ലേലത്തിലെ ഇനങ്ങളുടെ തുക വർധിപ്പിച്ചാണു ശബരിമലയിൽ ലേലനടപടികൾ ആരംഭിക്കുന്നത്. എന്നാൽ 2012 ൽ ഇങ്ങനെയൊരു നടപടി വി എസ് ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്വീകരിച്ചില്ല. ഇക്കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോൾ തന്നെയാണു ജയകുമാറിനെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നത്. തുടർന്നാണ് മന്ത്രി ഇടപെട്ട് സഹോദരനായ ജയകുമാറിനെ ഈ സ്ഥാനത്തേക്കു നിയമിച്ചത്. തുടർന്നു ശബരിമലയിൽ നടന്ന പല അഴിമതികൾക്കും ജയകുമാറിനു പങ്കുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

ശിവകുമാറിൽ മാത്രം ഒതുങ്ങുന്നതല്ല ബന്ധുത്വ നിയമന വിവാദം. യുഡിഎഫ് സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നേടിയത് അർഹമായ യോഗ്യതയൊ നിശ്ചിത പ്രായമോ ഇല്ലാതെയാണ്. ഇത് സംബന്ധിച്ച് പ്രത്യക്ഷത്തിൽ തന്നെ ആരോപണം ഉയർന്നുവന്നതാണ്. അനിലയുടെ നിയമനം യോഗ്യതയില്ലാതെയാണ് ലോകായുക്ത അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. നിർദിഷ്ട പ്രായപരിധിയോ അർഹമായ യോഗ്യതകളോ ഇല്ലാതെയാണ് അനില നിയമനം നേടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നു വർഷത്തിനിടെ 400 അവധിയെടുത്ത അനിലയുടെ ഡെപ്യൂട്ടേഷൻ നീട്ടണമെന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ കത്തും സംശയം ഉളവാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

പരാതിയിലെ മറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അനൂപ് ജേക്കബ് മന്ത്രിയാകുന്നതിന് മുൻപ് 2011 ലാണ് അനില നിയമനം നേടിയത്. പരാതിക്കാരിക്ക് ആക്ഷേപം ഫയൽ ചെയ്യാനായി കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥയായ അനിലക്ക് ആവശ്യമായ യോഗ്യതയില്ലെന്ന ആരോപണത്തിൽ മന്ത്രിമാരായ കെ സി ജോസഫ്, അനൂപ് ജേക്കബ്, അനില മേരി ഗീവർഗീസ് എന്നിവരുൾപ്പെടെ 5 പേർക്കെതിരെയായിരുന്നു അന്വേഷണം.

മലയാളം ബിരുദാനന്തര ബിരുദവും പബ്ലിക്കേഷനിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതയായി കാണിച്ചിരിക്കുന്നത്. അനില കാണിച്ചിരുന്നത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടറാകാൻ വേണ്ട മറ്റു യോഗ്യതകൾ ഇവർക്കില്ലെന്നായിരുന്നു ആരോപണം. പബ്ലിക്കേഷനിലെ പ്രവൃത്തി പരിചയം കാണിച്ചിരിക്കുന്നത് വ്യാജമെന്നും ആരോപണമുണ്ട്. ഈ ആരോപണം ശരിയാണെന്നാണ് അന്വേ,ണത്തിൽ തെളിഞ്ഞതും.

ഇത്തരത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്തെ നിരവധി നിയമനങ്ങൾ വിവാദമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇതേക്കുറിച്ച് യുഡിഎഫുകാർ വലിയവായിൽ ഒന്നും പറയാത്തത്. ഇ പി ജയരാജന്റെ ബന്ധു സുധീറിന്റെ നിയമനം പരാതി ഉയർന്നതോടെ റദ്ദാക്കുകയെങ്കിലും ചെയ്തു. എന്നാൽ, യുഡിഎഫ് നേതാക്കൾ അതുപോലും ചെയ്തിരുന്നില്ല. ഇതെല്ലാം സ്വജനപക്ഷപാതമാണെന്നിരിക്കെയേണ് യുഡിഎഫ് നേതാക്കൾക്ക് രാജി ആവശ്യമെന്നത് പറയാൻ മടിക്കുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് സുധീരൻ വന്നതോടെയാണ് സർക്കാറിനെ നിയമനങ്ങളിൽ രാഷ്ട്രീയക്കാർ പോലും ഇടം പിടിച്ചത്. അപ്പോഴാണ് പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് നീതി കിട്ടിയെന്ന് ബോധ്യമായതും.

അതേസമയം യുഡിഎഫിന്റെ തെറ്റുകൾ ചൂുണ്ടിക്കാട്ടി ഇപ്പോഴത്തെ നടപടികളെ ന്യായീകരിക്കാൻ സിപിഎമ്മിന് സാധിക്കില്ല. സുധീറിന്റെയും ദീപ്തിയുടെയും നിയമനം തീർത്തും തെറ്റാണെന്നത് ഉറപ്പാണ്. ഇവർത്ത് യാതൊരു അടിസ്ഥാന യോഗ്യതകളും തൽസ്ഥാനത്ത് ഇരിക്കാൻ കഴിയുകയുമില്ല. മറുവശത്ത് ഇപ്പോൾ നിയമിതരായിരിക്കുന്ന സിപിഐ(എം) നേതാക്കളുടെ മക്കളിൽ ചിലർക്ക് എല്ലാവിധ യോഗ്യതകളും ഉണ്ടുതാനും. പി.ഗോവിന്ദപ്പിള്ളയുടെ മകളും വി.ശിവൻകുട്ടിയുടെ ഭാര്യയുമായ പാർവതി കഴിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഇവർ സ്ഥാനത്തെത്തിയത്.

കൂടാതെ കിൻഫ്ര അപ്പാരൽ പാർക്കെന്ന സ്ഥാപനത്തിൽ എംഡി ആയ ജീവാ ആനന്ദനും ജനറൽ മാനേജരായ ടി ഉണ്ണികൃഷ്ണനും മതിയായ യോഗ്യതകൾ ഉണ്ട് താനും. കോലിയക്കോട് കൃഷ്ണൻ നായരുടെ മകനായ ഉണ്ണികൃഷ്ണൻ 14 വർഷമായി കിൻഫ്രയിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം തന്നെ ജനറൽ മാനേജർ ആയി സ്ഥാനക്കയറ്റം കിട്ടേണ്ടതായിരുന്നു. എൻജിനീയറിങ് പാസായ വ്യക്തി കൂടിയാണ് അദ്ദേഹം. ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ മാനേജ്‌മെന്റ് പഠിക്കുകയും കെഎസ്‌ഐഇ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായുംയി പ്രവർത്തിച്ച വ്യക്തികൂടിയാണ്. കൂടാതെ കമ്പനി അഡ്‌മിനിസ്‌ട്രേഷനും പഠിച്ചിട്ടുണ്ട്. ഇത്തരത്തിൽ മന്ത്രിബന്ധുക്കളിൽ ചിലർക്ക് വ്യക്തമായ യോഗ്യതകൾ ഉണ്ട് താനും. ഇങ്ങെനെ യോഗ്യതയുള്ളവരെ ഒരു സ്ഥാനത്ത് ഏൽപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP