Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർ കോഴയിലെ ഗൂഢാലോചനയെ കുറിച്ച് ഒടുവിൽ മാണി മനസ് തുറന്നേക്കും; യുഡിഎഫ് യോഗത്തിൽ ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിക്കാൻ ഉറച്ച് മാണി; രമേശ് പ്രതിപക്ഷ നേതാവായാൽ കേരള കോൺഗ്രസ് പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് ഭീഷണി; തോൽവിക്ക് ശേഷമുള്ള ഉരുൾ പൊട്ടൽ തീരാതെ യുഡിഎഫ്

ബാർ കോഴയിലെ ഗൂഢാലോചനയെ കുറിച്ച് ഒടുവിൽ മാണി മനസ് തുറന്നേക്കും;  യുഡിഎഫ് യോഗത്തിൽ ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിക്കാൻ ഉറച്ച് മാണി; രമേശ് പ്രതിപക്ഷ നേതാവായാൽ കേരള കോൺഗ്രസ് പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് ഭീഷണി; തോൽവിക്ക് ശേഷമുള്ള ഉരുൾ പൊട്ടൽ തീരാതെ യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എം മാണിയുടെ രാജിയിലേയ്ക്ക് കലാശിച്ച ബാർകോഴ വിവാദത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് മാണി ഇപ്പോഴും ആരോപിക്കുന്നത്. എന്നാൽ ആരാണ് ആ ഗൂഢാലോചനയ്ക്ക് പിന്നിൽ എന്ന് മാണി ഒരിക്കലും വ്യക്തമാക്കിയിരുന്നില്ല. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഗൂഢാലോചനക്കാരൻ എന്ന് ഒട്ടേറെ തവണ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. മുന്നണിക്ക് അകത്തും പുറത്തും എന്നൊക്കെ പറഞ്ഞ് എപ്പോഴും മാണി ഒഴിഞ്ഞുപോവുകയായിരുന്നു. കേരള കോൺഗ്രസിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് എന്താണെന്നും മാണി പറഞ്ഞിരുന്നുമില്ല. ഭരണം നഷ്ടപ്പെട്ട് പ്രതിപക്ഷത്തിരിക്കുന്നതിന് തയ്യാറെടുക്കുമ്പോൾ മാണി അത് തുറന്നുപറയുമെന്നാണ് സൂചന.

ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ ചെന്നിത്തലയുടെ ഗൂഢാലോചനയും വഞ്ചനയും മാണി തുറന്നു കാട്ടുമെന്നാണ് വിശ്വസനീയമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഡിഎഫ് യോഗത്തിൽ ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിക്കാൻ ഉറച്ചാണ് മാണി പോകുന്നതെന്നാണ് കേരള കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. യുഡിഎഫ് സർക്കാരിന്റെ ദയനീയമായ പതനത്തിന് കാരണക്കാരൻ ചെന്നിത്തല ആണെന്നും ആ ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കാൻ ഒരു കാരണവശാലും സമ്മതിക്കില്ലെന്നും മാണി ഇന്ന് പരസ്യമായി പറയുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

മാണിയുടെ എതിർപ്പുകൾ വകവയ്ക്കാതെ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാൻ തുനിഞ്ഞാൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നുമാണ് മാണിയുടെ ഭീഷണിയെന്നാണ് സൂചന. ഒറ്റ എംഎൽഎമാർ പോലും ഇല്ലാതെ മറ്റ് ഘടകകക്ഷിക്കൾ പരാജയപ്പെട്ടപ്പോൾ കോൺഗ്രസിന് ആകെ ആശ്വാസമാകുന്നത് മാണിയും ലീഗും മാത്രമാണ്. ഇരു കക്ഷികളുടെയും അഭിപ്രായം കണക്കിലെടുക്കാതെ മുൻപോട്ട് പോകാൻ യുഡിഎഫിന് ഇനി സാധിക്കില്ല.

ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കില്ല എന്ന് വ്യക്തമാക്കിയപ്പോഴാണ് പകരം ആര് എന്ന ചോദ്യം ഉയർന്നത്. വിജയിച്ചിരിക്കുന്ന എംഎൽഎ മാരിൽ ഭൂരിപക്ഷവും ഐ ഗ്രൂപ്പ് എം എൽഎമാരായതിനാൽ ചെന്നിത്തല എന്ന സ്വഭാവിക ഉത്തരം വന്നപ്പോഴാണ് പുതിയപ്രശ്‌നങ്ങൾ ഉടലെക്കുന്നത്. ചെന്നിത്തലയല്ലാതെ ആര് പ്രതിപക്ഷ നേതാവായാലും എതിർക്കില്ലെന്നാണ് മാണിയുടെ നിലപാട്. മുരളീധരനോ, വി ഡി സതീശനോ ആയാലും മാണിക്ക് പ്രശ്‌നമില്ല എന്നാണ് സൂചന. ഇതോടെ ചെന്നിത്തല - ഉമ്മൻ ചാണ്ടിയുമായുള്ള ധാരണ പൊളിയുമെന്നാണ് റിപ്പോർട്ട്.

ഇന്നലെ ചേർന്ന കെപിസിസി യോഗത്തിലും നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിലും ചെന്നിത്തലെയെ നേതാവാക്കാൻ തത്വത്തിൽ ധാരണയായിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടി തന്നെ പ്രതിപക്ഷ നേതാവാകണം എന്ന പക്ഷക്കാരാണ് ലീഗും മാണിയും. എ ഗ്രൂപ്പ് നേതാക്കൾക്കും ഉമ്മൻ ചാണ്ടി തന്നെ പ്രതിപക്ഷ നേതാവ് ആകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ, ചെന്നിത്തലയെ പരിഗണിച്ചാൽ എതിർപ്പുയരുമെന്ന സൂചന തന്നെയാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.

ബാർ കോഴയും സോളാറുമെല്ലാം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ സൃഷ്ടിയാണെന്നാണ് എ ഗ്രൂപ്പും മാണിയും ഉറപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഭരണം പോയതിന് ഏറ്റവും വലിയ ഉത്തരവാദി ചെന്നിത്തലയാണെന്ന് മുസ്ലിം ലീഗും കേരളാ കോൺഗ്രസ് മാണിയും പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ചെന്നിത്തലയെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് മാണി പോകുന്നത്. എന്നാൽ, ഭൂരിപക്ഷ സമുദായ പിന്തുണ ഉയർത്തിയാണ് ചെന്നിത്തല നീങ്ങുന്നത്. എന്നാൽ ബിജെപിയുടെ കുമ്മനം രാജശേഖരന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച കെ മുരളീധരന്റെ വിജയം തിളക്കമാർന്നതാണ്. അതിനാൽ ജനകീയനായ മുരളിയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നത്.

22 നിയമസഭാ കക്ഷിയിൽ 9 പേരുടെ ഉറച്ച പിന്തുണയാണ് ചെന്നിത്തല പ്രതീക്ഷിക്കുന്നത്. സണ്ണി ജോസഫ്, എപി അനിൽകുമാർ, ഹൈബി ഈഡൻ, അൻവർ സാദത്ത്, രമേശ് ചെന്നിത്തല, ,എസ് ശിവകുമാർ, എൽദോസ് കുന്നപ്പള്ളി എന്നിവരാണ് ഉറച്ച ഐ ഗ്രൂപ്പുകരായി നിയമസഭാ കക്ഷിയിലുള്ളത്. എം വിൻസന്റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിപി സജീന്ദ്രൻ, കെസി ജോസഫ് എന്നിവരാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷക്കാർ. അനിൽ അക്കര സുധീരനൊപ്പമാണ്. പിടി തോമസിനും പലകാരണങ്ങൾ കൊണ്ട് സുധീരനോടാണ് താൽപ്പര്യം. ഐസി ബാലകൃഷ്ണൻ, വിടി ബൽറാം, ഷാഫി പറമ്പിൽ, വിഡി സതീശൻ, റോജി എം ജോൺ, കെ എസ് ശബരിനാഥൻ എന്നിവർക്ക് ആരോടും താൽപര്യമില്ല. അതായത് ആറ് എംഎൽഎമാർ ഗ്രൂപ്പ് പക്ഷം പിടിക്കില്ല. മുരളിയും അടൂർ പ്രകാശും മാറുമ്പോൾ ഐ ഗ്രൂപ്പിന്റെ പിന്തുണ ഏഴായി ചുരുങ്ങും. രണ്ട് പേരെ കൂട്ടിയാൽ എ പക്ഷത്തും ഏഴാകും സഖ്യം.

അങ്ങനെ വരുമ്പോൾ നിഷ്പക്ഷർ കാര്യങ്ങൾ തീരുമാനിക്കും. ഐസി ബാലകൃഷ്ണൻ, വിടി ബൽറാം, ഷാഫി പറമ്പിൽ, റോജി എം ജോൺ, കെ എസ് ശബരിനാഥൻ എന്നിവർ ഈ ഘട്ടത്തിൽ പിന്തുണയ്ക്കാനെത്തുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. മുസ്ലിം ലീഗും കേരളാ കോൺഗ്രസ് മാണിയേയും ഒപ്പമുള്ളതിനാൽ എല്ലാം എളുപ്പമാകുമെന്ന് എ ഗ്രൂപ്പ് കരുതുന്നു. എന്നാൽ, കോൺഗ്രസ് പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ തെരഞ്ഞെടുത്താൽ അത് അംഗീകരിക്കില്ലെന്ന നിലപാട് മാണി കൈക്കൊണ്ടാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണാകും. എന്തുവിലകൊടുത്തും എതിർക്കാൻ മാണിയും തീരുാമനിച്ചിട്ടുണ്ട്. നേതാവായി ഉമ്മൻ ചാണ്ടി മതിയെന്നാണ് മാണിയുടെ പക്ഷം.

മുസ്ലിം ലീഗും പികെ കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിക്കൊപ്പമാണ്. ഈ വിഷയത്തിൽ ലീഗിന്റെ നിലപാട് തന്നെയാകും നിർണ്ണായകമാകുക. ഒരു സീറ്റും കിട്ടാത്ത ജെഡിയുവും ആർഎസ്‌പിയും കലാപകൊടി ഇതിനോടകം ഉയർത്തിക്കഴിഞ്ഞു. യുഡിഎഫിലേക്ക് വരേണ്ടതില്ലായിരുന്നു എന്ന് പറഞ്ഞ് ആർഎസ്‌പി സെക്രട്ടറി എ എ അസീസ് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.

യുഡിഎഫിന് ബൂർഷ്വാ സെറ്റപ്പാണെന്നും രാഷ്ട്രീയ മാന്യത ഓർത്ത് മുന്നണിയിൽ തുടരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരവിപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായ മത്സരിച്ച അസീസ് ഉൾപ്പെടെ ആർഎസ്‌പിയുടെ എല്ലാ സ്ഥാനാർത്ഥികളും പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അസീസ് തന്നെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ജെഡിയുവും തോൽവിയിൽ കടുത്ത അമർഷത്തിലാണ്. ഇന്ന് ചേരുന്നു യുഡിഎഫ് യോഗത്തിൽ മാണി തുറന്നടിച്ചാൽ യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP