Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഉമ്മൻ ചാണ്ടിയെ ചതിച്ചത് സ്വന്തം മക്കളെപോലെ കൊണ്ടുനടന്ന മൂന്നു ജീവനക്കാർ; ജോപ്പനും ജിക്കുമോനും സലീംരാജും അഴിമതിയും സുഖവും തേടി പോയപ്പോൾ അവരെ കൈവിടാതിരിക്കാൻ ശ്രമിച്ചത് വിനയായി; ഡൽഹിയിലെ മകന്റെ ഇടപാടുകളും നുണ പറയാൻ പ്രേരിപ്പിച്ചു; എല്ലാം സുതാര്യം ആവണമെന്ന് നിർബന്ധമുള്ള ഉമ്മൻ ചാണ്ടി പെട്ടത് ഇങ്ങനെ

ഉമ്മൻ ചാണ്ടിയെ ചതിച്ചത് സ്വന്തം മക്കളെപോലെ കൊണ്ടുനടന്ന മൂന്നു ജീവനക്കാർ; ജോപ്പനും ജിക്കുമോനും സലീംരാജും അഴിമതിയും സുഖവും തേടി പോയപ്പോൾ അവരെ കൈവിടാതിരിക്കാൻ ശ്രമിച്ചത്  വിനയായി; ഡൽഹിയിലെ മകന്റെ ഇടപാടുകളും നുണ പറയാൻ പ്രേരിപ്പിച്ചു; എല്ലാം സുതാര്യം ആവണമെന്ന് നിർബന്ധമുള്ള ഉമ്മൻ ചാണ്ടി പെട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നാലുവർഷത്തിൽ ഏറെയായി ഒരു ഭൂകമ്പമായി നിൽക്കുന്ന സോളാർ കേസിൽ ഒടുവിൽ യുഡിഎഫിലെ അതികായനെന്നു തന്നെ പറയാവുന്ന സാക്ഷാൽ ഉമ്മൻ ചാണ്ടിയും വീഴുന്നു. കേരളത്തിൽ കോൺഗ്രസ്സിന്റെ ഏറ്റവും ജനകീയമുഖം ഇന്നും ഉമ്മൻ ചാണ്ടി തന്നെയാണെന്ന് ഏതൊരു പ്രവർത്തകനും സമ്മതിക്കും. പ്രചരണ രംഗത്തായാലും ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്ന കാര്യത്തിലായാലും സർവ്വസമ്മതനും പ്രസംഗവദികളിലും പ്രചരണ വേദികളിലും കോൺഗ്രസ്സിന്റെ 'ക്രൗഡ് പുള്ളറും' പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് തന്നെ ഇപ്പോഴും. മറ്റൊരു നേതാവിനും ഇല്ലാത്ത ജനപ്രീതി കേരള രാഷ്ട്രീയത്തിന്റെ മുൻനിരയിൽ എത്തിയപ്പോൾ മുതൽ ഉമ്മൻ ചാണ്ടിക്കുണ്ട്.

ഇത് വ്യക്തമായി അറിയാവുന്നതു കൊണ്ടുതന്നെയാണ് ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ വിഷയത്തിൽ കിട്ടാവുന്ന എല്ലാ വകുപ്പുകളും ചുമത്തി കേസെടുത്ത് ഇപ്പോൾ പിണറായി ഒരു ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചിരിക്കുന്നത്. അഴിമതിക്കേസ് എന്നതിലുപരി സ്ത്രീപീഡനക്കേസിലുൾപ്പെടെ ഉമ്മൻ ചാണ്ടി പ്രതിയാകുന്നതോടെ ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ഇല്ലാതാക്കുമെന്ന സ്ഥിതിയിലേക്ക് എത്തുകയാണ്.
കേരളത്തിൽ കോൺഗ്രസ്സിൽ ആശ്രിത വൽസലനെന്ന വിളിപ്പേരുണ്ടായിരുന്ന നേതാവായിരുന്നു കെ കരുണാകരൻ.

അദ്ദേഹത്തിന് ശേഷം ആ നിലയിലേക്ക് വളർന്ന നേതാവാണ് ഉമ്മൻ ചാണ്ടി. തനിക്കൊപ്പം നിൽക്കുന്നവരെ ഒരിക്കലും തള്ളിപ്പറയാത്ത പ്രകൃതം. അവർ എന്തു തെറ്റുതന്നെ ചെയ്താലും അവസാന നിമിഷംവരെ കൂടെ നിർത്താനുള്ള മനസ്സ്. ഒടുവിൽ ഈ ആശ്രിതവൽസലത്വം തന്നെ ഉമ്മൻ ചാണ്ടിക്ക് അഴിയാക്കുരുക്കായി മാറുന്നു. എല്ലാത്തിലും സുതാര്യത വേണമെന്ന നിലപാടുമായാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ അധികാരമേറ്റത്.

ജനങ്ങളുടെ വിഷയങ്ങളിൽ ശക്തമായി ഇടപെടുമെന്ന് വ്യക്തമാക്കി അവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചാണ് സർക്കാർ മുന്നോട്ടുനീങ്ങിയത്. ജില്ലകൾതോറും ജനസമ്പർക്ക പരിപാടി നടപ്പാക്കിയതിന് ഒപ്പം ആർക്കും ഏതു പാതിരാത്രിക്കും പ്രശ്‌നങ്ങൾ സംസാരിക്കാൻ ചെന്നുകാണാവുന്ന മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി. ഇത്തരത്തിൽ തന്റെ ഓഫീസും അദ്ദേഹം തുറന്നിട്ടു. ഓൺലൈൻവഴി ഓഫീസിലെ സന്ദർശകരുടെ കാര്യങ്ങൾ ലൈവ് ടെലികാസ്റ്റ് ആയി ആർക്കും കാണാവുന്ന തരത്തിലാക്കുകപോലും ചെയ്തു. സോളാർ വിചാരണ കേസിൽ ഉമ്മൻ ചാണ്ടി ആവർത്തിച്ചുപറഞ്ഞതും ഇക്കാര്യം തന്നെയാണ് തന്റെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ ചടങ്ങുകളിലോ സന്ദർശകർക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ലെന്നും പലരും തന്നെ വന്ന് കണ്ടിട്ടുണ്ടെന്നും ആയിരുന്നു വാദം. എന്നാൽ ഈ സുതാര്യത മുതലെടുത്ത്, അതി വിശ്വസ്തരെന്ന നിലയിൽ സ്വന്തം മക്കളെ പോലെ കൊണ്ടുനടന്ന പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ് ഉമ്മൻ ചാണ്ടിയെ ചതിച്ചതെന്ന് നിസ്സംശയം പറയാം. ഇതിനൊപ്പം സ്വന്തം മകനായ ചാണ്ടി ഉമ്മനെതിരെ ഉയർന്ന ആരോപണം കൂടിയായപ്പോൾ മനപ്പൂർവം നുണപറായൻ വരെ ഉമ്മൻ ചാണ്ടിയെ പ്രേരിപ്പിച്ചു.

അവരെ പകൽപോലെ വിശ്വസിക്കുകയും സോളാർ കേസിൽ കുടുങ്ങിയിട്ടുപോലും കൈവിടാതിരിക്കാൻ മനസ്സുകാണിക്കുകയും ചെയ്തതാണ് ഉമ്മചാണ്ടിയെ ഇപ്പോഴത്തെ ദുരവസ്ഥയിലേക്ക് നയിച്ചതും. സോളാർ പദ്ധതി നടപ്പാക്കാൻ എത്തുന്ന സരിതയും ബിജുരാധാകൃഷ്ണനുമുൾപ്പെട്ട ടീം സോളാർ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വേരുകളാഴ്‌ത്താൻ അവസരം ഒരുക്കിയതും ഈ പഴ്‌സണൽ സ്റ്റാഫ് തന്നെ. ഇതൊരു കൂട്ടുകൃഷിയാക്കുകയും സോളാറിന്റെ പേരിൽ തട്ടിപ്പിന് വഴിയൊരുക്കുകയും ചെയ്യാമെന്ന സാധ്യത തെളിഞ്ഞതോടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പൻ, ജിക്കു ജേക്കബ്, ഗൺമാൻ സലിംരാജ് എന്നിവരും അതിൽ കൊയ്ത്തിനൊരുങ്ങി. ഒരു സ്റ്റാഫ് എന്നതിനപ്പുറം കുടുംബാംഗങ്ങളെ പോലെ ഉമ്മൻ ചാണ്ടി കരുതുന്നവരായിരുന്നു ഇവർ മൂവരും. നാട്ടുകാരൻ കൂടിയായ നിബുജോൺ എന്ന് മുൻ സ്റ്റാഫ് അംഗത്തിനെതിരെയും അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന ആരോപണവും ഉയർന്നു.

സോളാർ വിഷയത്തിൽ ആദ്യ പരാതി ഉയരുകയും ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുകയും ചെയ്യുന്ന വേളയിൽ ഈ സ്റ്റാഫുകളുടെ ആസ്തിയായിരുന്നു ചർച്ചാ വിഷയമായത്. ഇതിൽ നിന്ന് വളർന്ന സോളാർ കേസ് ഇപ്പോൾ ഉമ്മൻ ചാണ്ടിയെന്ന കോൺഗ്രസ് വടവൃക്ഷത്തെ പോലും വീഴ്‌ത്താവുന്ന കൊടുങ്കാറ്റായി മാറുകയായിരുന്നു. സോളാർ കേസിൽ മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി ആരോപണങ്ങൾ ഉയർന്നത് മുഖ്യമന്ത്രിയുടെ ഈ ഉപഗ്രഹങ്ങളുടെ ഇടപാടുകളുടെ പശ്ചാത്തലത്തിലായിരുന്നു. മുഖ്യമന്ത്രിക്കുള്ള ഏതു വിളിയും എത്തുന്നത് ഈ ഫോണുകളിലൂടെ ആയിരുന്നു എന്നത് തട്ടിപ്പിന് കളമൊരുക്കാൻ ഇവർക്കും സഹായകമായി. സ്വന്തമായി മൊബൈൽ ഫോണില്ലാത്ത മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫുകളുടെ അതിരു കടന്ന ബന്ധങ്ങളാണ് സോളാറിലേക്ക് ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചത്.

കോഴയിടപാടുകൾക്കും വഴി വിട്ട സഹായങ്ങൾക്കും നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടി നേരിട്ടായിരുന്നുവെന്നും കാര്യങ്ങൾ നടപ്പാക്കിയതും പണം കൈപ്പറ്റിയതും മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ആളുകളാണെന്നും വാർത്തകൾ ഇതോടെ പ്രവഹിക്കുകയും ചെയ്തു. സോളാറിൽ കേസുകൾ ഒന്നൊന്നായി വരുന്നതിനിടെ സരിതയും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധം ഉലഞ്ഞതോടെയാണ് മുഖ്യമന്ത്രിക്കും സരിതയ്ക്കും ഇടയിൽ ലൈംഗിക ബന്ധമുണ്ടെന്ന ഉഗ്രൻ ബോംബ് ബിജു രാധാകൃഷ്ണൻ പൊട്ടിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇക്കാര്യം സരിത സ്ഥിരീകരിച്ചതോടെ ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തു. പഴ്‌സണൽ സ്റ്റാഫിലെ അഞ്ചുപേരാണ് ഉമ്മൻ ചാണ്ടിയുടെ ഈ പതനവഴിയിലെ പ്രധാന കഥാപാത്രങ്ങൾ. 'എന്റെ പേരിൽ അവതാരങ്ങൾ' ഉണ്ടാവില്ലെന്ന് അധികാരം ഏറ്റയുടനെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചിരുന്നു. സോളാർ പോലെ ഭരണക്കാരുടെ പേരിൽ ആശ്രിതരെന്ന് നടിക്കുന്നവർ നടത്തുന്ന തട്ടിപ്പിന് ആരും തലവച്ചു കൊടുക്കരുതെന്ന മുന്നറിയിപ്പു കൂടിയായിരുന്നു ആ പ്രസ്താവം.

പുതുപ്പള്ളിക്കാരനായ ജിക്കുമോൻ അതിസമ്പന്നൻ ആയപ്പോൾ

ഉമ്മൻ ചാണ്ടിയുടെ നാട്ടുകാരൻ കൂടിയായിരുന്നു പഴ്‌സണൽ സ്റ്റാഫ് അംഗം ജിക്കുമോൻ ജേക്കബ്. സോളാർ ആരോപണ വിധേയനായതോടെ രാജിവയ്പിച്ച, മുഖ്യമന്ത്രിയുടെ പി.എ ആയിരുന്ന ജിക്കുമോന് എതിരെ ഉയർന്ന ആരോപണങ്ങൾ നിരവധിയാണ്. സോളാറിലെ പണമിടപാടും വഞ്ചനയും മാത്രമല്ല കള്ളക്കടത്തുകാരനും തട്ടിപ്പുകാരനും ആയ ഫയാസുമായുള്ള ബന്ധത്തിന്റെ പേരിലും ജിക്കുവിന് എതിരെ പരാതികൾ ഉണ്ടായി. പുതുപ്പള്ളിക്കാരനായ ജിക്കുമോൻ ജേക്കബ് വളരെ പെട്ടെന്ന് പുതുപ്പണക്കാരൻ ആയത് നാട്ടുകാർ തന്നെ സംശയ ദൃഷ്ടിയോടെ ആണ് വീക്ഷിച്ചത്. ജിക്കുവിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് ഇതോടെ ചർച്ചകൾ സജീവമായി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ ശേഷം ജിക്കുവിനുണ്ടായ സാമ്പത്തിക വളർച്ച പെട്ടെന്നായിരുന്നു. നാട്ടിൽ രണ്ടരക്കോടി രൂപയുടെ വീടു നിർമ്മിക്കുന്നതും ഇതോടെ ചർച്ചയായി. ഇതോടൊപ്പം നാട്ടുകാരൻ കൂടിയായ മുൻ സ്റ്റാഫ് അംഗം നിബുജോണിന്റെ വീടുനിർമ്മാണവും ചർച്ചയായി. ജോപ്പൻ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ നീക്കങ്ങളുടെ ചുമതലയേറ്റപ്പോൾ ജിക്കു തിരുവനന്തപുരത്തിന് പുറത്തുള്ള മുഖ്യമന്ത്രിയുടെ യാത്രകളിൽ സ്ഥിരം സഹചാരിയായി. ഉമ്മൻ ചാണ്ടി ആദ്യവട്ടം മുഖ്യമന്ത്രിയായപ്പോൾ പേഴ്സനൽ സ്റ്റാഫിലെത്തിയ ജിക്കു പ്രതിപക്ഷ നേതാവായിരുന്ന കാലത്തും ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിൽ തുടർന്നു. രണ്ടാമത് മുഖ്യമന്ത്രി പദത്തിലെത്തിയപ്പോഴും വിശ്വസ്തനായ ജിക്കുവിനെ ഒപ്പം കൂട്ടി. ബ്ലേഡ് മാഫിയ ഇടപാടുകളും സോളാറിലെ പണം കൈമാറ്റവുമെല്ലാം ജിക്കുവിന് വൻ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന വാദത്തിന് ബലംകൂട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ സരിതയ്ക്ക് എല്ലാം ഒരുക്കിയ ടെന്നി ജോപ്പൻ

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ടെന്നി ജോപ്പൻ. മുഖ്യമന്ത്രി അധികം ഉപയോഗിച്ചിരുന്നതു പോലും ജോപ്പന്റെ ഫോൺ ആയിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയെ കാണാനും ചർച്ചകൾക്കുമെല്ലാം സരിതയും ബിജു രാധാകൃഷ്ണനുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും എത്തുന്നത്. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതിന് തെളിവായി കാണിക്കുന്നതും ജോപ്പന്റെ ഫോണാണ്. സരിത ഈ വിഷയത്തിൽ ഏറ്റവുമധികം സംസാരിച്ചതും ജോപ്പന്റെ ഫോണിലൂടെ തന്നെ. മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിതയക്ക് ബന്ധമുണ്ടെന്ന ആരോപണം ശക്തമായത് ഈ ബന്ധത്തിലൂടെയാണ്. ഫോൺ രേഖകളും മറ്റും ഇപ്പോൾ തെളിവുമായി.

സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സരിതയ്ക്ക് തുടർച്ചയായി പ്രവേശനം ലഭിച്ചതിന് പിന്നിൽ ജോപ്പന്റെ സഹായം ചെറുതായിരുന്നില്ല. മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ടൈം ടേബിൾ ചാർട്ടുകാരനുമായിരുന്ന ടെന്നി ജോപ്പനെ കുടുക്കിലാക്കിയത് പത്തനംതിട്ടയിലെ ശ്രീധരൻ നായരുടെ സോളാർ കേസിലെ പരാതിയാണ്. സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിട്ടുണ്ടെന്നും സഹായ വാഗ്ദാനം ലഭിച്ചുവെന്നുമുള്ള ശ്രീധരൻ നായരുടെ മൊഴി ജോപ്പന് ജയിലിലേക്കുള്ള വഴി തുറക്കുകയായിരുന്നു. അതോടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എന്ന ജോലിയും പോയി. വഞ്ചനാ കുറ്റത്തിന് അകത്തായ ജോപ്പൻ മുഖ്യമന്ത്രിക്കെതിരെ എന്നിട്ടും ഒരു വാക്കു പോലും എതിരായി പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. കെഎസ്‌യു കാലം മുതൽ വളർത്തിക്കൊണ്ടു വന്ന് മുഖ്യമന്ത്രിയായിരിക്കെ സർവ്വീസിൽ കയറ്റിയതിന്റെ നന്ദി ജോപ്പൻ കാണിച്ചപ്പോഴും സോളാർ കേസിൽ ഉമ്മൻ ചാണ്ടി കുരുങ്ങാൻ ഏറ്റവുമധികം ഇടയാക്കിയത് ജോപ്പനും സരിതയുമായുള്ള ഇടപാടുകളാണെന്ന് വ്യക്തം.

വി എസ് 'ഗൺമോൻ' എന്നു വിളിക്കുന്ന ഗൺമാൻ സലീംരാജ്

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഭാഷയിൽ 'ഗൺമോൻ' ആണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ഗൺമാൻ സലീം രാജ്. ഗുണ്ടായിസത്തിനും താൻപോരിമയ്ക്കും കുപ്രസിദ്ധിയാർജ്ജിച്ച വ്യക്തിയെ ഇത്തരം ആരോപണങ്ങൾ അറിഞ്ഞിട്ടും കൂടെ നിർത്തി ഉമ്മൻ ചാണ്ടി. വീട്ടിലും എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു സലീംരാജിന് എന്നത് പരസ്യമായ അന്തപ്പുര രസഹ്യമാണ്. സാദാ കോൺസ്റ്റബിൾ സ്ഥാനത്ത് നിന്ന് സിഎമ്മിന്റെ ബോഡിഗാർഡായതോടെ ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്തിരുന്ന മുഖ്യന്റെ മറവിൽ കേരളാ പൊലീസിനെ ഭരിക്കുന്ന ആളായി ഈ ഗൺമാൻ. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന 2005 മുതൽ ഇങ്ങോട്ട് വിശ്വസ്തനായി കൂടെയുണ്ടായിരുന്നു സലീംരാജ്. 'കേരളത്തിലെ ഡിജിപി പോലും ഭയക്കുന്ന സലീം രാജ്' എന്ന് കളമശ്ശേരി ഭൂമി തട്ടിപ്പിന്റെ വാദം കേൾക്കുന്നതിനിടയിൽ ഹൈക്കോടതി ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് വരെ പരിഹസിച്ചു.

കളമശേരി ഭൂമി തട്ടിപ്പ് കേസിനെതിരെ കിട്ടിയ ആദ്യ പരാതി നടപടിയെടുക്കാതെ അന്നത്തെ ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം മുഖ്യമന്ത്രിക്ക് ഫോർവേഡ് ചെയ്തതു പോലും സലീം രാജിന്റെ ' പവർ' വ്യക്തമാക്കും. സോളാർ തട്ടിപ്പ് മാത്രമല്ല, അതിലുപരി ഭൂമി തട്ടിപ്പ്, വ്യാജ രേഖകൾ ചമയ്ക്കൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങി നിരവധി കേസുകൾ മുഖ്യമന്ത്രിയുടെ നാട്ടുകാരനായ ഈ മുൻഗൺമാന്റെ പേരിലുണ്ട്. മുഖ്യമന്ത്രിയുടെ സ്വാധീനശക്തിയും വാൽസല്യവും തന്റെ വളർച്ചയ്ക്കായി വേണ്ടുവോളം സലീംരാജ് ഉപയോഗിച്ചുവെന്ന് നിസ്സംശയം പറയാം.

ഭൂമിതട്ടിപ്പ് കേസിൽ സലിം രാജിനെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ ഇടപെടലുകൾ ഹൈക്കോടതിയിൽ ഉൾപ്പെടെ വ്യാപക വിമർശനത്തിനും ഇടയാക്കി. കടംകംപള്ളി ഭൂമി കൈവശപ്പെടുത്തലുൾപ്പെടെ നിരവധി കേസുകൾ ഉണ്ട് സലീം രാജിന്റെ കുറ്റകൃത്യങ്ങളായി.
ആരോപണ വിധേയനായി സർവ്വീസിൽ നിന്ന് പുറത്താക്കപ്പെട്ട സലീം രാജ് കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ ജയിലിലായി. ബിജു രാധാകൃഷ്ണന്റെ സോളാർ കമ്മീഷന് മുന്നിലുള്ള മൊഴിയിലും മുഖ്യമന്ത്രിയുടെ മുൻ ഗൺമാന്റെ പേര് പരാമർശിക്കുന്നുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയിൽ സംസാരിച്ച പേഴ്സണൽ കാര്യങ്ങൾ സലീം രാജുമായി ബന്ധപ്പെട്ടതാണെന്ന് ബിജു രാധാകൃഷ്ണൻ മൊഴി നൽകിയിരുന്നു. സലീം രാജും മുഖ്യമന്ത്രിയും തമ്മിലുള്ള ചില സ്വകാര്യ ഇടപാടിന്റെ ഭാഗമായി സലീം രാജിന് നൽകാൻ ഒന്നരക്കോടി രൂപ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും താൻ അത് നൽകിയെന്നും ബിജുവിന്റെ മൊഴിയിലുണ്ട്.

ഉപഗ്രഹങ്ങളായി നിന്ന തോമസ് കൊണ്ടോടിയും കുരുവിളയും

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന തോമസ് സി കൊണ്ടോടിയുടെ പേര് സോളാർ കേസിൽ വൈകിയാണ് പുറത്തുവന്നത്. പുതുപ്പള്ളിക്കാരനായ തോമസ് സി കൊണ്ടോടിയാണ് സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനെ സമീപിച്ച ഉമ്മൻ ചാണ്ടിയുടെ ദൂതനെന്ന വെളിപ്പെടുത്തലാണ് ഉണ്ടായത്. ചാണ്ടി ഉമ്മനുമായി നല്ല ബന്ധം പുലർത്തുന്ന തോമസ് സി കൊണ്ടോടിയെ കെഎസ്‌യുവിൽ നിന്ന് കൈപിടിച്ച് വളർത്തി കൊണ്ടു വന്ന ഗോഡ്ഫാദറാണ് ഉമ്മൻ ചാണ്ടി. കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും പലരേയും തഴഞ്ഞ് ഡിസിസി സെക്രട്ടറിയാക്കി, പിന്നെ കെപിസിസി എക്സിക്യൂട്ടീവിലുമെത്തിച്ചു. ഓപ്പറേഷൻ കുബേര വ്യാപകമായപ്പോൾ തോമസിന്റെ എറണാകുളം ഓഫീസിൽ റെയ്ഡ് നടക്കുകയും രേഖകൾ പിടിച്ചെടുക്കൽ നടക്കുകയും ചെയ്തു. വിദേശ നഴ്സിങ് റിക്രൂട്ട്മെന്റുകൾ സംബന്ധിച്ച് നിരവധി പരാതികളും ഉയർന്നു വന്നു. എന്നാൽ മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗിച്ച് തടിതപ്പിയാതായും പറയപ്പെടുന്നു. ജിക്കു, സലീം രാജ്, ജോപ്പൻ, തോമസ് കുരുവിള എന്നിവർക്ക് സരിതയുമായുള്ള അടുപ്പം നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും കൊണ്ടോടിയുടെ പേര് പിന്നീടാണ് പുറത്തുവന്നത്. ഇതോടൊപ്പമാണ് ഉമ്മൻ ചാണ്ടിയുടെ പുത്രൻ ചാണ്ടി ഉമ്മന്റെ പേരും സരിതയുമായി ചേർത്ത് പരാമർശിക്കപ്പെടുന്നതും.
മുഖ്യമന്ത്രിയുടെ ഉപഗ്രഹങ്ങളെല്ലാം കോട്ടയംകാരായിരുന്നു. ഡൽഹിയിലെ കോട്ടയംകാരൻ തോമസ് കുരുവിള കേരളത്തിന് പുറത്തുള്ള ഉമ്മൻ ചാണ്ടിയുടെ സഹായിയായാണ് അറിയപ്പെടുന്നത്. സെക്രട്ടറിമാരില്ലാതെ ഡൽഹിയിലെത്തുന്ന ഉമ്മൻ ചാണ്ടിക്ക് സൗകര്യമൊരുക്കി നൽകുകയും സഹായിക്കുകയുമാണ് തോമസ് കുരുവിള ചെയ്തിരുന്നത്. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഉമ്മൻ ചാണ്ടിയെ സരിത തോമസ് കുരുവിളയുടെ ഫോണിൽ വിളിച്ചുവെന്നും ഡൽഹിയിൽ കൂടിക്കാഴ്ച നടന്നുവെന്നതുമാണ് സോളാർ വിവാദത്തിലേക്ക് തോമസ് കുരുവിളയെ കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനുമായും കുരുവിളയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. സരിതയുമായി ഫോണിൽ സംസാരിച്ചതല്ലാതെ കൂടിക്കാഴ്ച നടത്തിയും തോമസ് കുരുവിള സോളാറിൽ ആരോപണവിധേയനായി. കേരളത്തിന് പുറത്തുള്ള സെറ്റിൽമെന്റുകളും ഇടപാടുകളും കുരുവിള മുഖേനെയാണ് ഉമ്മൻ ചാണ്ടി നടത്തിയതെന്ന ആരോപണവും ഉണ്ട്.

ചാണ്ടി ഉമ്മനെ കുരുക്കി സരിതയുടെ വെളിപ്പെടുത്തൽ

സോളാർ കേസിൽ പ്രതിയായ ഒരു സ്ത്രീയുമായി ചാ്ണ്ടി ഉമ്മന് ബന്ധമുണ്ടെന്നും എന്നാൽ ആ സ്ത്രീ താനല്ലെന്നും സരിത പറഞ്ഞതോടെയാണ് മുൻ മുഖ്യമന്ത്രിയുടെ മകന്റെ ഇടപാടുകളിൽ ചർച്ച സജീവമാകുന്നത്. ഈ ഇടപാടിന്റെ സിഡി മന്ത്രി തിരുവഞ്ചൂരിന്റെ കൈവശമുണ്ടൈന്ന് സരിത സോളാർ കമ്മിഷനു മുന്നിൽ വെളിപ്പെടുത്തിയെങ്കിലും അത് ശാലു മേനോൻ ആണോ എന്ന ചോദ്യത്തിന് സരിത വ്യക്തമായ മറുപടി പറഞ്ഞില്ല. ന്യൂഡൽഹിയിൽ കുരുവിളയുടെ ഫോണാണ് ചാണ്ടി ഉമ്മൻ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രിയെ ബ്‌ളാക്ക്‌മെയിൽ ചെയ്താണ് തിരുവഞ്ചൂർ മന്ത്രിസ്ഥാനം ഉറപ്പിച്ചു നിർത്തുന്നതെന്നും ആയിുരന്നു സരിതയുടെ ആരോപണം. ഇത്തരത്തിൽ ലൈംഗിക ആരോപണങ്ങൾ വരെ ഉയർന്നതോടെ ചൂടുപിടിച്ച സോളാർ കേസിൽ ആ ആരോപണങ്ങളിൽ ആദ്യംമുതൽ അന്വേഷണം വരുമ്പോൾ ഇനിയും ഏറെക്കാലം കേരള രാഷ്ട്രീയത്തിൽ ഈ വിഷയം കത്തിനിൽക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP