Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോജി റോയിയുടെ മരണം ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ചത് ആത്മഹത്യ എന്നു പറഞ്ഞ്; കിംസ് ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥിനിക്ക് നീതി കിട്ടാൻ യുഎൻഎയും രംഗത്ത്; കേസ് അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും

റോജി റോയിയുടെ മരണം ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ചത് ആത്മഹത്യ എന്നു പറഞ്ഞ്; കിംസ് ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥിനിക്ക് നീതി കിട്ടാൻ യുഎൻഎയും രംഗത്ത്; കേസ് അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയായ കിംസ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നഴ്‌സിങ് വിദ്യാഥിനി റോജി റോയിക്ക് നീതി തേടിയുള്ള പോരാട്ടത്തിന്റെ കനലുകൾ കെട്ടടങ്ങുന്നില്ല. ബധിരരും, മൂകരുമായ മാതാപിതാക്കൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീർപ്പ് കൽപ്പിച്ച ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

എന്നാൽ റോജി റോയിയുടെ ദുരൂഹ മരണം ആത്മഹത്യയാക്കാനുള്ള പൊലീസിന്റെ കളികൾ കണക്കിലെടുത്ത് അന്വേഷണം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ ആവശ്യം ഉന്നയിച്ച് നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ ഈ മാസം 16 ന് മുഖ്യമന്ത്രിയെ കാണുംക്രൈം ബ്രാഞ്ച് ആണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

അവസാനമായി അന്വേഷിച്ചത് ക്രൈം ബ്രാഞ്ച് സാമ്പത്തിക വിഭാഗം ഉദ്യോഗസ്ഥൻ ആണ്. അദ്ദേഹം ആണ് കേസ് ആത്മഹത്യാ ആണ് എന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ കേസ് അന്വേഷിക്കണമെന്ന് യുഎൻഎ ആവശ്യപ്പെടുന്നത്. ആശുപത്രി അധികൃതർ പറയുന്നത് മാത്രം കേൾക്കാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥനാണ് ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ കെ ഇ ബൈജു കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നുവെന്നാണ് വിവരം. പ്രശ്നത്തിൽ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ സമർപ്പിച്ച അന്വഷണ റിപ്പോർട്ടിൽ ഇക്കാര്യം അക്കമിട്ടു നിരത്തുന്നുണ്ട്. 

ജൂനിയർ കുട്ടിയുമായുള്ള പ്രശ്നം കുട്ടികളുടെ സാന്നിധ്യത്തിൽ ഹോസ്റ്റലിൽ സോറി പറഞ്ഞു അവസാനിപ്പിച്ചിരുന്നു. എന്നാൽ ഹോസ്റ്റലിലെ കുട്ടികളോട് ചോദിച്ചു കാര്യങ്ങൾ മനസിലാക്കാതെ 11 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് റോജിയെ വിളിച്ചു വരുത്തി അകാരണമായി ശാസിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത പ്രിൻസിപ്പൽ സൂസൻ ജോസിന്റെ നടപടിയെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

തുടർന്ന് അന്വഷണ ഉദ്യോഗസ്ഥനായ ബൈജു സ്ഥലം മാറ്റപ്പെട്ടു. ഹർട് ആൻഡ് ഹോമിസൈഡ് വിംഗിലെ ഡിവൈഎസ്എസ്‌പി ഷഫീക് അടുത്തഘട്ടം അന്വേഷണം ആരംഭിച്ചു, അദ്ദേഹവും മാറ്റപ്പെട്ടു. തുടർന്ന് എക്കണോമിക് ആൻഡ് ഒഫെൻസ് വിങ് ഡിവൈഎസ് പി സുരേഷ്‌കുമാർ അന്വേഷണം ഏറ്റെടുത്തു. സാമ്പത്തിക കുറ്റകൃത്യവും റോജിയുടെ മരണവും തമ്മിലുള്ള ബന്ധമെന്തെന്ന് ആരും ചോദിച്ചില്ല, ആരും അറിഞ്ഞതുമില്ല. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ വെറുതെ ജീവനൊടുക്കുന്ന ആളുകളുടെ പട്ടികയിൽ റോജിയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. മരണത്തിൽ സംശയമുണ്ടെന്ന് റോജിയുടെ വല്യച്ഛൻ ഫിലിപ്പിന്റെ പരാതിയിലെ കഴമ്പും ചോദ്യം ചെയ്യപ്പെട്ടു.

ഒരു പാവം കുട്ടിയുടെ മേൽ കാണിച്ച അധികാര ഗർവാണ്് അവളെ ആത്മഹത്യയിലേക്കു നയിച്ചതെന്നും, അത്തരത്തിൽ മാനസികമായി പീഡിപ്പിച്ചവർ ശിക്ഷിക്കപ്പെടണമെന്നുമാണ് യുഎൻഎയുടെ ആവശ്യമെന്ന് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി' എന്ന ഒറ്റക്കോളം വാർത്തയിൽ നമ്മുടെ മുൻനിര മാധ്യമ സ്ഥാപനങ്ങൾ ഒതുങ്ങിയിരുന്നു റോജി റോയിയുടെ മരണ വാർത്ത. പക്ഷേ, റോജി റോയിയുടെ മരണം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു. മറുനാടൻ തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഒരു വിദ്യാർ്ത്ഥി സംഘടനയും ഈ പ്രശ്നം ഉയർത്തി രംഗത്തുവന്നില്ല. കിംസ് ആശുപത്രിയുടെ നഴ്സിങ് കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവർ ആരോപണ വിധേയരാണ് . ജിഷ്ണു റോയിക്കേസും ലോ അക്കാദമിയും വിവാദമായ പോലെ ഒരു പ്രതിഷേധവും ഉയർന്നില്ല. ഇപ്പോഴും അവർക്കെതിരെ പ്രതിഷേധിക്കാൻ ആരും തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. കിംസ് കോളേജ് ഓഫ് നേഴ്സിംഗിലെ രണ്ടാം വർഷ ബിഎസ്സി നേഴ്സിങ് വിദ്യാർത്ഥി ആയിരുന്ന റോജി റോയ് എന്ന 19കാരി 2014 നവംബർ ആറിന് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു. സംഭവമറിഞ്ഞു ചാനലുകൾ എത്തി ഷൂട്ട് ചെയ്തെങ്കിലും ഒരു ദൃശ്യം പോലും പുറത്തു വന്നില്ല.

പക്ഷേ, സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. പ്രശ്നത്തിൽ ആശുപത്രി അധികൃതരുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരും വരെ ശക്തമായി വിഷയം ഉന്നയിക്കാൻ ഒറ്റക്കെട്ടായിത്തന്നെ ശ്രമങ്ങളുണ്ടായി.
എന്നാൽ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് ഉണ്ടായതുപോലെ അന്ന് കിംസ് ആശുപത്രിക്കു നേരെ ചെറുവിരലനക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറായില്ല. ഉന്നതങ്ങളിൽ അവരുടെ സ്വാധീനമെത്ര എന്നതിന് തെളിവാണ് ഇത് . യുഡിഎഫ് ഭരണകാലത്ത് വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെയാണ് റോജിയുടെ മരണം സംഭവിച്ചത്. സഹപാഠിയെ റോജി റാഗിങ് നടത്തിയത് പ്രിൻസിപ്പൽ ചോദ്യം ചെയ്തെന്നും വിശദീകരണം ആവശ്യപ്പെട്ടെന്നും ഇതിൽ മനംനൊന്താണ് റോജി പത്തുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചതെന്നും ആയിരുന്നു കോളേജ് അധികൃതരുടെ ഭാഷ്യം.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എന്നുതന്നെ പറയാവുന്ന രീതിയിൽ ഫേസ്‌ബുക്ക് കരിദിനാചരണവും നടന്നു. ചുംബന സമരത്തിനും സോളാർ വിവാദത്തിനും മാധ്യമങ്ങൾ നൽകിയ പ്രാധാന്യം റോജിയുടെ മരണവാർത്തയിൽ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് മാധ്യമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ ശക്മായ വിമർശനം ഉയർന്നു. ഫേസ്‌ബുക്കിൽ ഇതുവരെ ഉയരാത്ത വിധം രൂക്ഷമായ പ്രതിഷേധമാണ് തുടർന്ന് കണ്ടത്. മലയാള മാധ്യമങ്ങളുടെ വാർത്താ ലിങ്കുകളുടെ കമന്റ് ബോക്സിൽ റോജിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൂറുകണക്കിന് കമന്റുകൾ പോസ്റ്റുചെയ്യപ്പെട്ടു.

റോജിയുടെ മരണത്തെ കുറിച്ച ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഎൻഎ ആശുപത്രിയിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും രൂപീകരിച്ചു.  സംഭവത്തെ പറ്റി വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെങ്കിലും അത് ശരിയായ വഴിയിലല്ല പോയതെന്ന് ആരോപണം ശക്തമായി.തുടർന്ന് 2015 ഫെബ്രുവരിയിൽ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോജിയുടെ മാതാപിതാക്കളായ റോയ് ജോർജ്, സജിത റോയ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു.

ഏതായാലും, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അന്വേഷണം സുതാര്യവും, സമഗ്രവുമാകണമെങ്കിൽ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ കേസ് ഏറ്റെടുക്കുന്നതാണ് നീതി കിട്ടാൻ സഹായിക്കുകയെന്ന കാര്യത്തിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP