Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒപ്പമുണ്ടെന്ന് കരുതിയ സർക്കാർ ഞങ്ങളെ കൈവിട്ടു; ജോലിയിൽ തുടക്കക്കാർക്ക് 17200 രൂപ അടിസ്ഥാന ശമ്പളം ലഭിക്കില്ല; ഞങ്ങൾ ചോദിച്ചത് അലവൻസ് കൂട്ടിയുള്ള ശമ്പളമല്ല; അവകാശങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ല; വേതനം കൂട്ടിയിട്ടും എന്തുകൊണ്ടാണ് നഴ്‌സുമാർ സമരത്തിൽ നിന്നും പിന്മാറാത്തത്? നിലപാട് വ്യക്തമാക്കി യുഎൻഎ ഭാരവാഹികൾ

ഒപ്പമുണ്ടെന്ന് കരുതിയ സർക്കാർ ഞങ്ങളെ കൈവിട്ടു; ജോലിയിൽ തുടക്കക്കാർക്ക് 17200 രൂപ അടിസ്ഥാന ശമ്പളം ലഭിക്കില്ല; ഞങ്ങൾ ചോദിച്ചത് അലവൻസ് കൂട്ടിയുള്ള ശമ്പളമല്ല; അവകാശങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ല; വേതനം കൂട്ടിയിട്ടും എന്തുകൊണ്ടാണ് നഴ്‌സുമാർ സമരത്തിൽ നിന്നും പിന്മാറാത്തത്? നിലപാട് വ്യക്തമാക്കി യുഎൻഎ ഭാരവാഹികൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് 14ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മിനഞ്ഞാന്ന് വൈകുന്നേരം നടത്തിയ മന്ത്രി തല ചർച്ചയിലും തങ്ങളുടെ ആവശ്യങ്ങൾക്ക് മാന്യമായ പരിഗണന കിട്ടിയിട്ടില്ലെന്നതുകൊണ്ടാണ് സമരം തുടരുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. അതായത് ഒപ്പമുണ്ടെന്ന് കരുതിയ സർക്കാർ ഇപ്പോൾ പറയുന്നത് പോലെ നഴ്സിങ്ങ് സമരത്തിലെ ഒത്തുതീർപ്പ് ഫോർമുലയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ എല്ലാം ശരിയാകുന്ന രീതിയിലുള്ള ഒന്നല്ല എന്നാണ്. അടിസ്ഥാന ശമ്പളം 20806 രൂപയായെന്ന് സർക്കാർ പറയുമ്പോൾ നഴ്സുമാർ ഇപ്പോഴും സമരം ചെയ്യുന്നത് അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണം എന്ന് പറഞ്ഞ് കൊണ്ടാണ്.

എന്തുകൊണ്ട് യുഎൻഎ സർക്കാർ നിർദ്ദേശിച്ച ഒത്തു തീർപ്പ് ഫോർമുല അംഗീകരിക്കുന്നില്ല?

1. സൂപ്രീം കോടതി നിർദ്ദേശം നടപ്പിലാക്കണം എന്ന നഴ്സുമാരുടെ മുദ്രാവാക്യം പരിഗണിക്കാൻ പോലും സർക്കാർ തയ്യാറായില്ല.

2. ബലരാമൻ കമ്മറ്റി റിപ്പോർട്ടിലേയും വീരകുമാർ കമ്മറ്റി റിപ്പോർട്ടിലേയും നിർദ്ദേശങ്ങൾ ചർച്ചക്കെടുത്തില്ല.

3. 17200 ആണ് ഒരു സ്റ്റാഫ് നഴ്സിന് ഗവണ്മെന്റ് വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന ശമ്പളം.അത് നഴ്സുമാരുടെ ആവശ്യമായ ഇരുപതിനായിരത്തിന്റെ അടുത്ത് പോലും എത്തിയില്ല.

4. ഡി.എ ഉണ്ടായിരുന്നത് ബേസിക് സാലറിയിൽ ലയിപ്പിക്കുകയും ചെയ്തു.

5. ട്രെയിനികൾക് സാലറി വർദ്ധനവില്ല.

6. ട്രെയിനി സിസ്റ്റം പിൻവലിക്കണം എന്ന യുഎൻഎ യുടെ അവശ്യം പരിഗണിച്ചില്ല.

ഇത് നഴ്സ്മാരുടെ കണ്ണിൽ പൊടിയിട്ട് സമരം തകർക്കാനുള്ള ഗൂഢ നീക്കം ആയേ കാണാൻ കഴിയൂ എന്നാണ് നഴ്സുമാർ പറയുന്നത്..ഈ തുച്ഛമായ വർദ്ധനവ് അംഗീകരിച്ച് തങ്ങളുടെ കൂടെ നിന്ന നഴ്‌സിങ് സമൂഹത്തെ ഒറ്റിക്കൊടുക്കാൻ തയ്യാറല്ല. ഇത് വഴി ഹോസ്പിറ്റലുകളിൽ എക്സ്പീരിയൻസ് ഉള്ള നഴ്സ് മാരെ മാറ്റി ട്രെയിനീസിന്റെ ന്റെ എണ്ണം കൂട്ടാൻ മാനേജ്മന്റ്‌നു സാധിക്കും.മാനേജ്മെന്റിന്റെ ഈ ഗൂഢ ലക്ഷ്യത്തോടുകൂടിയുള്ള ഒത്തുതീർപ്പു ഫോർമുലക്ക് സർക്കാരും ഒത്താശ ചെയ്യുന്നത് നിരാശാജനകം ആണ് .800 ബെഡിനു മുകളിലുള്ള ഹോസ്പിറ്റലിലെ സ്റ്റാഫിന് മാത്രം 23000 ഗ്രോസ് സാലറിയായി എത്തുന്ന ഈ നിർദ്ദേശം മുഴുവൻ നഴ്സ്മാർക്കും അടിസ്ഥാനവേതനമായി ഇത്രയും തുക ലഭിക്കും എന്ന രീതിയിലുള്ള നുണ പ്രചാരണങ്ങളെ നഴ്സ്മാർ തിരിച്ചറിയണമെന്നും നഴ്സുമാരുടെ സംഘടന പറയുന്നു. എല്ലാ നഴ്സ്മാർക്കും ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 20000 രൂപ എന്ന മുദ്രാവാക്യത്തിൽ നിന്നും ഒരടി പിന്നോട്ട് പോകാൻ ഞങ്ങൾ തയ്യാറല്ലെന്നും അവർ അടിവരയിട്ട് പറയുന്നു.

അടിസ്ഥാന ശമ്പളം 20806 രൂപയായി എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്നും നഴ്സുമാർ പറയുന്നു. ചർച്ചയിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വേതനം ജിഎൻഎം നഴ്സിന് 17200 രൂപയാണ്.. അതിൽ നിന്നും ഡിഎ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും കട്ട് ചെയ്തിട്ടുണ്ട്.. ഒരു സ്പെഷ്യൽ അലവൻസ് ആയിട്ട് 3% കൂടി കൂട്ടി, 18232 രൂപ 20 ബെഡ് വരെയുള്ള ഹോസ്പിറ്റലുകൾ കൊടുക്കാനും.. 20-100 ബെഡ് വരെയുള്ള ഹോസ്പിറ്റലിന് 19810 രൂപയും, 100-300 ബെഡ് വരെയുള്ള ഹോസ്പിറ്റലിന് 20014 രൂപയും, 500 ബെഡ് വരെയുള്ള ഹോസ്പിറ്റലിന് 20980 രൂപയും, 500-800 വരെയുള്ള ഹോസ്പിറ്റലിന് 22040 രൂപയും, 800 ബെഡിനു മുകളിലുള്ള ഹോസ്പിറ്റലിന് 23760 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം.. അതും സ്പെഷ്യൽ അലവൻസ് കൂട്ടി.

ഞങ്ങൾ ചോദിച്ചത് അലവൻസ് കൂട്ടിയുള്ള ശമ്പളമല്ല.. അത് കിട്ടേണ്ടത് ഞങ്ങളുടെ അവകാശമാണ്.. ടിഎ, ഡിഎ എന്നുള്ളത് ഇന്ത്യയിലെ എല്ലാ തൊഴിൽ മേഖലയിലും കിട്ടേണ്ട അവകാശങ്ങളണ്.. അടിസ്ഥാന ശമ്പളം 20000 രൂപ ആക്കുക എന്നതാണ് ആവശ്യം.17200 മുതൽ 23760 വരെയുള്ള സാലറി സ്‌കെയിലിന്റെ ശരാശരി തുകയായ 20806 രൂപയാണ്, മാധ്യമങ്ങൾ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും നഴ്സുമാർ പറയുന്നത്.

എല്ലാ നഴ്സുമാരും മുകളിൽ പറഞ്ഞത് പോലുള്ള 800 ബെഡിനു മുകളിലുള്ള ആശുപത്രികളിൽ അല്ല ജോലി ചെയ്യുന്നത്.. വിരലിൽ എണ്ണാവുന്ന ഹോസ്പിറ്റലുകൾ മാത്രമേ കേരളത്തിൽ 800 ബെഡിനു മുകളിലുള്ളൂ.രണ്ടാമതൊരു നിർദ്ദേശം സർക്കാർ വച്ചിരിക്കുന്നത്, ഒരു കമ്മിറ്റിയെ വെച്ചു ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കണം അതിനു 2 മാസത്തെ സാവകാശം വേണമെന്നാണ്.. ഒന്ന് ചോദിക്കട്ടെ, ഇനിയും എന്തിനാണ്, മറ്റൊരു കമ്മിറ്റിയും 2 മാസത്തെ സമയവും.. 2013 മുതലുള്ള ബലരാമൻ കമ്മീഷനും വീരേന്ദ്രകുമാർ കമ്മീഷനും നഴ്സുമാരുടെ കാര്യങ്ങൾ പഠിച്ചു തന്ന റിപ്പോർട്ട് ഇനിയും നടപ്പിലാക്കാത്ത സാഹചര്യത്തിൽ ഇനിയും പുതിയ ഒരു കമ്മീഷന്റെ റിപ്പോർട്ടിൽ എന്താണ് അർഥമെന്നും ഭാരവാഹികൾ ചോദിക്കുന്നു.

അവകാശങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ല,,,സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകും,, എല്ലാവരും തെരുവിൽ ഇറങ്ങും,, അതിനുള്ള ചെറിയൊരു സൂചനയാണ് ഇന്നലെ അനന്തപുരിയിൽ ഞങ്ങൾ നഴ്സുമാർ നടത്തിയ ധർണ്ണ,,ചോരചിന്തിയിട്ടായാലും ഈ സമരം ഞങ്ങൾ വിജയിപ്പിക്കും നഴ്സുമാരുടെ വാക്കുകൾ ഇപ്രകാരം ഇന്ന് വരെയും സമരം ചെയ്തപ്പോഴും ഡ്യൂട്ടി കഴിഞ്ഞാണ് പലരും സമരത്തിന് എത്തിയത്. ഇന്നലെ നടന്ന ധർണയിലും മൂന്നിലൊന്ന ്വിഭാഗം നഴ്സുമാർ ജോലിയിലായിരുന്നു.

സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് ചതിയാണെന്നാണ് നഴ്സുമാർ പറയുന്നത്. പനി വർധിക്കുന്ന സാഹചര്യത്തിൽ നഴ്സുമാർ സമരത്തിനിറങ്ങിയാൽ വലിയ ദുരന്തമായിരിക്കും നേരിടേണ്ടി വരുന്നത്. 90 ശതമാനം ആശുപത്രികളും സ്വകാര്യ മേഖലയിലാണെന്നത് ഓർക്കണമെന്നും നഴ്സുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP