Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാപ്ടോപ്പും ടാബ് ലെറ്റുമായി ഇനി അമേരിക്കയിലേക്ക് പോയാൽ യാത്ര മുടങ്ങും; എമിറൈറ്റ്സും ഖത്തർ എയർവേയ്സും എത്തിഹാദും അടക്കമുള്ള ഗൾഫ് വിമാനക്കമ്പനികൾക്കെല്ലാം നിരോധനം ബാധകം; സൗദി അടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്കുള്ള യാത്രക്കാർക്കും നിയന്ത്രണം; മലയാളികൾ അടക്കമുള്ളവരെ വെള്ളം കുടുപ്പിച്ചു ആകാശ യാത്രയ്ക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടണും

ലാപ്ടോപ്പും ടാബ് ലെറ്റുമായി ഇനി അമേരിക്കയിലേക്ക് പോയാൽ യാത്ര മുടങ്ങും; എമിറൈറ്റ്സും ഖത്തർ എയർവേയ്സും എത്തിഹാദും അടക്കമുള്ള ഗൾഫ് വിമാനക്കമ്പനികൾക്കെല്ലാം നിരോധനം ബാധകം; സൗദി അടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്കുള്ള യാത്രക്കാർക്കും നിയന്ത്രണം; മലയാളികൾ അടക്കമുള്ളവരെ വെള്ളം കുടുപ്പിച്ചു ആകാശ യാത്രയ്ക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടണും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കും യുകെയിലേക്കുള്ള വിമാനയാത്രക്കാർക്ക് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇരു രാജ്യങ്ങളും രംഗത്ത്. യുഎയിയും ഖത്തറും കുവൈറ്റും അടക്കം എട്ടു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്കൻ നിയന്ത്രണം പ്രഖ്യാപിച്ചപ്പോൾ സൗദി അടക്കം ആറു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ബ്രിട്ടൺ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ലാപ്‌ടോപ്പുകൾ. ടാബ് ലെറ്റുകൾ തുടങ്ങിയ ഇലക്രോണിക് ഉപകരണങ്ങളുമായി ഇനി ആർക്കും ഈ രാജ്യങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. ചെക്ക് ഇൻ ലെഗേജുകൾക്ക് നിയന്ത്രണം ഇല്ലെങ്കിലും ഹാൻഡ് ലെഗേജിൽ സ്വച്ച് ഓഫ് ചെയ്ത മൊബൈൽ ഒഴികെ മറ്റൊന്നും പ്രവേശിപ്പിക്കില്ല.

അമേരിക്കൻ വിമാനങ്ങളിൽ എട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഇന്ത്യാക്കാർക്ക് അടക്കമുള്ള യാത്രക്കാർക്ക് വിനയാകുന്നത്.. വിമാനത്തിനകത്തുകൊണ്ടുപോകാവുന്ന ക്യാബിൻ ബാഗേജിൽ ലാപ്ടോപ്, ടാബ്ലെറ്റ്, ക്യാമറ, ഡിവിഡി പ്ലെയർ തുടങ്ങിയ വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവ ചെക്ക്ഡ് ബാഗേജിൽ കൊണ്ടുപോകാം. മൊബൈൽ ഫോണുകളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ യാത്രക്കാർക്ക് കൈയിൽ കരുതാം. സമാനമായ വിലക്ക് ബ്രിട്ടണും ഏർപ്പെടുത്തി. മിഡിൽ ഈസ്റ്റിൽ നിന്നും നോർത്ത് ആഫ്രിക്കയിൽ നിന്നുമുള്ള ചില രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് വരുന്ന വിമാനങ്ങളിലെ യാത്രക്കാർ ലാപ്ടോപ്പുകളും ടാബ്ലറ്റുകളും ഐപാഡുകളും ക്യാമറകളും കൊണ്ടു വരുന്നതിന് കർക്കശമായ നിരോധനമാണ് ബ്രിട്ടൺ ഏർപ്പെടുത്തുന്നത്.

വിമാനസുരക്ഷയുടെ ഭാഗമായി ഈ നിരോധനം വ്യാപിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. തീവ്രവാദികൾ ഇത്തരം ഉപകരണങ്ങളിലൂടെ കടുത്ത ആക്രമണം നടത്തുമെന്ന സൂചന ശക്തമായതിനെ തുടർന്നാണീ നടപടി. പുതിയ നിയമം ആയിരക്കണക്കിന് ഹോളിഡേ മെയ്‌ക്കർമാരെയും ബിസിനസ് ട്രാവലർമാരെയും കടുത്ത രീതിയിൽ ബാധിക്കുമെന്നുറപ്പാണ്. ഇവ ഇനി ലഗേജിനൊപ്പം മാത്രമേ കരുതാനാകൂകയുള്ളൂ. ബ്രിട്ടന്റെ തീരുമാനത്തിന് പിറകെയാണ് അമേരിക്കയും സമാന രീതിയിലുള്ള തീരുമാനം എടുത്തത്. തീവ്രവാദത്തിനെതിരെ നിലപാട് കടുപ്പിക്കുന്നതിന് വേണ്ടിയാണിതെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും പശ്ചാത്യ രാജ്യങ്ങളിലേക്കും ഉള്ള യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത് ഗൾഫ് വിമാന കമ്പനികളെയാണ്. അതുകൊണ്ട് കൂടിയാണ് ഈ തീരുമാനം ഇന്ത്യയ്ക്കും വലിയ തിരിച്ചടിയാകുന്നത്. യാത്ര ചെലവ് കുറയ്ക്കാനായി അമേരിക്കയിലേക്കും യുകെയിലേക്കുമുള്ള ഇന്ത്യൻ യാത്രക്കാർ ആദ്യം ഗൾഫിലെത്തും. അതിന് ശേഷം അവിടെ നിന്ന് ലക്ഷ്യസ്ഥലത്തേക്ക് എന്നതാണ് പതിവ്. പുതിയ തീരുമാനത്തോടെ ഈ യാത്രക്കാരെല്ലാം പ്രതിസന്ധിയിലാകും.

പുതിയ തീരുമാനം അമേരിക്കയിൽ പ്രതിദിനം അമ്പതോളം വിമാന സർവീസുകളെ നിയന്ത്രണം ബാധിക്കും. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽ നിന്നുള്ള 10 വിമാനത്താവളങ്ങളാണ് വിലക്കിന്റെ പരിധിയിൽ വരിക. യുഎഇ, സൗദി, കുവൈറ്റ്, ഖത്തർ, ഈജിപ്റ്റ്, തുർക്കി, ജോർദാൻ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നതെന്ന് അമേരിക്കൻ സുരക്ഷാ വകുപ്പ് അറിയിച്ചു.

പേടിക്കുന്നത് സ്‌ഫോടക വസ്തുക്കളെ

ബോംബ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ ഒളിപ്പിക്കാം എന്നതിനാലാണ് വലിയ ഉപകരണങ്ങൾ വിലക്കിയിരിക്കുന്നത്. അതേസമയം വിലക്കിനെതിരെ പ്രതിഷേധവുമായി തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നിയന്ത്രണം പിൻവലിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഒമ്പത് വിമാനക്കമ്പനികളാണ് നിയന്ത്രണമേർപ്പെടുത്തിയ എയർപോർട്ടുകളിൽ നിന്ന് അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്. എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ്, കുവൈറ്റ് എയർവേയ്സ്, സൗദി അറേബ്യൻ എയർലൈൻസ്, ഖത്തർ എയർവേയ്സ്, ഈജിപ്ത് എയർ, ടർക്കിഷ് എയർലൈൻസ്, റോയൽ എയർ മറോക്ക്, റോയൽ ജോർദാനിയൻ എന്നീ കമ്പനികളുടെ ഫ്ളൈറ്റുകളെയാകും നിയന്ത്രണം ബാധിക്കുക.

അമേരിക്ക നിയന്ത്രണ പരിധിയിൽ വരുന്ന വിമാനത്താവളങ്ങൾ

  • കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ, ജിദ്ദ, സൗദി
  • കിങ് ഖാലിദ് ഇന്റർനാഷണൽ, റിയാദ്, സൗദി
  • ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, യുഎഇ
  • അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, യുഎഇ
  • കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്
  • ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തർ
  • അത്താത്തുർക്ക് എയർപോർട്ട്, ഇസ്താംബുൾ, തുർക്കി
  • കെയ്റോ ഇന്റർനാഷണൽ എയർപോർട്ട്, ഈജിപ്ത്
  • ക്വീൻ ആലിയ ഇന്റർനാഷണൽ എയർപോർട്ട്, അമ്മാൻ, ജോർദാൻ
  • മുഹമ്മദ് വി ഇന്റർനാഷണൽ എയർപോർട്ട്, കാസബ്ലാങ്ക, മൊറോക്കോ

ഫോണിനേക്കാൾ വലുപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും യുകെ യാത്രയിൽ വേണ്ട

ബ്രിട്ടണിലെ പുതിയ നിരോധനനമനുസരിച്ച് ഫോണിനേക്കാൾ വലുപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും വിമാനത്തിൽ കൊണ്ടു വരാൻ സാധിക്കുകയില്ല. യുകെയ്ക്ക് നേരെ മുമ്പില്ലാത്ത വിധത്തിൽ തീവ്രവാദ ആക്രമണഭീഷണി വർധിച്ചതിനെ തുടർന്നാണ് അതിനെ പ്രതിരോധിക്കാൻ പുതിയ നിയമം നടപ്പിലാക്കുന്നത്. ഇതുടൻ നിലവിൽ വരുകയും ചെയ്യും. പുതിയ ഉത്തരവനുസരിച്ച് തുർക്കി, ലെബനൻ, ജോർദാൻ, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഈ നിരോധനം ബാധകമാകുന്നത്. യാത്ര ചെയ്യുന്ന പൊതുജനത്തിന്റെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് പുതിയ നിരോധനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രധാനമന്ത്രി തെരേസ മെയ്‌ ഏവിയേഷൻ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇന്നലെ രാവിലെയും ഇത്തരത്തിലുള്ള ഒന്നിൽ പങ്കെടുത്തിരുന്നു. വിമാന സുരക്ഷ വർധിപ്പിക്കാനായി പുതിയ നീക്കം നടത്തുന്നതിനോട് ഇവയിലെല്ലാം പിന്തുണയുണ്ടാവുകയും ചെയ്തിരുന്നു. എട്ട് രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് നേരിട്ട് വരുന്ന വിമാനങ്ങളിൽ സമാനമായ നിരോധനം പുറപ്പെടുവിച്ച് അൽപം കഴിയുന്നതിന് മുമ്പെയാണ് യുകെയും ഈ പാത പിന്തുടർന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

കടുത്ത തീവ്രവാദ ആക്രമണം വിമാനങ്ങളിലുണ്ടാകുമെന്ന ഒരേ രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരവധി ആഴ്ചകളിലെ തയ്യാറെടുക്കലുകൾക്ക് ശേഷമാണ് പുതിയ നിരോധനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തെരേസ മെയ്‌ യുഎസിലെ ഒഫീഷ്യലുകളുമായി സംസാരിക്കുകയും ചെയ്തിരുന്നു. പുതിയ നിയമം അനുസരിച്ച് 6.3 ഇഞ്ച് നീളം 3.6 ഇഞ്ച് വീതി 0.6 ഇഞ്ച് കനം എന്നിവയിൽ കൂടുതലുള്ള ഡിവൈസുകൾ യാത്രാ വിമാനങ്ങളിൽ കൊണ്ടു വരാൻ പാടില്ല.എല്ലാ പ്രധാനപ്പെട്ട മൊബൈൽ ഫോണുകളും ഇതിന് താഴെ വലുപ്പമുള്ളവയാണ്.

എന്നാൽ ഐപാഡ് മിനി അല്ലെങ്കിൽ കിൻഡിൽ എന്നിവ ഈ പരിധിക്ക് പുറത്തായതിനാൽ അവയ്ക്ക് വിലക്കേർപ്പെടുത്തും. യുഎസ് ഏർപ്പെടുത്തിയ നിരോധനം അനുസരിച്ച് ജോർദാൻ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, മൊറോക്കോ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് നേരിട്ട് വരുന്ന വിമാനങ്ങളിലാണീ നിരോധനം ബാധകമാക്കിയിരിക്കുന്നത്. അൽ ഖായിദ ഭീകരർ സ്‌ഫോടകവസ്തുക്കൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്ഥാപിച്ച് ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നു യുഎസ്ബ്രിട്ടിഷ് അധികൃതർ വ്യക്തമാക്കി. 96 മണിക്കൂറിനകം ഉത്തരവു നടപ്പാക്കണം.

മലയാളികളെ പ്രതിസന്ധിയിലാക്കും

ഇന്ത്യയിൽ നിന്നുൾപ്പെടെ ഒട്ടേറെപ്പേർ യുഎസ് യാത്രയ്ക്കു ഗൾഫ് വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്ക്, മികച്ച സർവീസ് തുടങ്ങിയവയാണ് ഇവയെ ആകർഷകമാക്കുന്നത്. ദോഹ, ദുബായ്, അബുദാബി തുടങ്ങിയ ഹബ്ബുകളിലെത്തി വിമാനം മാറിക്കയറിയാണ് ഇവർ യുഎസിനു പോകുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നു ഗൾഫിലെത്തി യാത്ര തുടരുന്നവരെ ആശങ്കപ്പെടുത്തുന്നതാണു തീരുമാനം.

യുഎസിലേക്കുള്ള ദീർഘയാത്രയ്ക്കിടെ ജോലിയാവശ്യത്തിനും നേരംപോക്കിനും ഇലക്ട്രോണിക് ഉപകരണങ്ങൾ യാത്രക്കാർ ഉപയോഗിക്കുക സാധാരണമായിരുന്നു. വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചെക്ക്ഇൻ ബാഗേജിൽ അയയ്ക്കുന്നതിനോടു യാത്രക്കാർക്കു താൽപര്യമില്ല. ബാഗേജുകൾ വിമാനത്തിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കുമോയെന്നാണു ഭയം.

നാട്ടിൽനിന്നു കയറുമ്പോഴേ ഇലക്ട്രോണിക് ഉപകരണങ്ങൾ ചെക്ക്ഇൻ ബാഗേജിൽ സൂക്ഷിക്കേണ്ടി വരും. ഗാലക്‌സി നോട്ട് 7 സ്മാർട് ഫോൺ നേരത്തേ തന്നെ വിമാനത്തിനുള്ളിൽ നിരോധിച്ചിരുന്നു. ഈ നിരോധനവും തുടരും. വിലക്കു ബാധകമായ വിമാനത്താവളങ്ങളിൽനിന്നു സർവീസ് നടത്താത്തതിനാൽ യുഎസ് വിമാനക്കമ്പനികൾക്കു വിലക്കു ബാധകമല്ല. യുഎസ് സർക്കാരിന്റെ നിയന്ത്രണങ്ങൾ കാരണം വിമാനത്തിനുള്ളിൽ മൊബൈൽ ഫോൺ ഒഴിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതു വിലക്കിയതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. 96 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കിൽ വിമാന കമ്പനികളുടെ യുഎസ് സർവീസ് അനുമതി പിൻവലിക്കുമെന്നും ഉത്തരവു വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP