Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാൻ ഒരു മരണക്കിണറാണ്... പോകാൻ എളുപ്പം... മടങ്ങുകയെന്നത് അസാധ്യവും; പാക് യുവാവിന്റെ ചതിയിൽവീണ് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് പാക്കിസ്ഥാനിലെത്തി നേരിട്ട ദുരിതപർവം വിവരിച്ച് ഉസ്മ; മറ്റു രാജ്യങ്ങളിൽനിന്നും യുവതികളെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കുന്നു; കുറച്ചുദിവസംകൂടി പാക്കിസ്ഥാനിൽ തുടർന്നിരുന്നെങ്കിൽ മരണപ്പെട്ടേനെയെന്നും യുവതി

പാക്കിസ്ഥാൻ ഒരു മരണക്കിണറാണ്... പോകാൻ എളുപ്പം... മടങ്ങുകയെന്നത് അസാധ്യവും; പാക് യുവാവിന്റെ ചതിയിൽവീണ് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് പാക്കിസ്ഥാനിലെത്തി നേരിട്ട ദുരിതപർവം വിവരിച്ച് ഉസ്മ; മറ്റു രാജ്യങ്ങളിൽനിന്നും യുവതികളെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കുന്നു; കുറച്ചുദിവസംകൂടി പാക്കിസ്ഥാനിൽ തുടർന്നിരുന്നെങ്കിൽ മരണപ്പെട്ടേനെയെന്നും യുവതി

ന്യൂഡൽഹി: പാക്കിസ്ഥാൻ ഒരു മരണക്കിണറാണ്, അവിടേക്കു പോകാൻ എളുപ്പം, പക്ഷേ മടങ്ങുകയെന്നത് അസാധ്യവും. തോക്കിന്മുനയിൽ പാക്കിസ്ഥാൻകാരെ വിവാഹം ചെയ്യേണ്ടിവന്നതടക്കമുള്ള ദുരിതങ്ങൾക്ക് അന്ത്യംകുറിച്ച് ഇന്ത്യയിൽ തിരിച്ചെത്തിയ ഉസ്മ ആദ്യം പറഞ്ഞത് ഇതാണ്. തന്നെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുന്നതിൽ മുന്നിൽനിന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിങ്ങിക്കൊണ്ട് ഉസ്മ ഇതു പറഞ്ഞത്.

'വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹ ശേഷം പാക്കിസ്ഥാനിലേക്ക് പോകുന്ന പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ പാക്കിസ്ഥാനിലെ ജീവിതം ദുസ്സഹമാണ്. കൊടിയ യാതനകൾക്ക് വിധേയമായാണ് അവർ അവിടെ കഴിയുന്നത്. അവിടെ പല വീടുകളിലും രണ്ടും മൂന്നും നാലും ഭാര്യമാർ വരെയുണ്ട്'.

'അൽപ ദിവസം കൂടി പാക്കിസ്ഥാനിൽ കഴിയേണ്ടി വന്നിരുന്നെങ്കിൽ ഞാനവിടെ വെച്ച് മരണപ്പെട്ടേനെ. ഫിലിപ്പീൻസ്, മലേഷ്യ പോലെയുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പെൺകുട്ടികളെ ഇരയിട്ട് പിടിച്ച് കൊണ്ട് പോവുകയാണവർ. എന്നെപ്പോലെ ആ കെണിയിൽ പെട്ട അനേകം സ്ത്രീകളുണ്ടവിടെ'. ഉസ്മ പറയുന്നു.

തന്നെ രക്ഷിക്കാൻ നടപടി സ്വീകരിച്ച ഇന്ത്യൻ ഹൈക്കമ്മീഷനോടും വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനോടും അവർ തന്റെ നന്ദി അറിയിച്ചു. തനിക്ക് ഇനിയും ജീവിക്കാനുള്ള പ്രതീക്ഷ നൽകിയവരാണവരെന്നും ഉസ്മ പറഞ്ഞു. ഉസ്മയെ ഇന്ത്യയുടെ മകളെന്ന് വിളിച്ച് സുഷമ സ്വരാജ് അവരുടെ മടക്കത്തിനായി സഹകരിച്ച പാക്കിസ്ഥാൻ ജുഡീഷ്യറിക്കും മറ്റ് സന്നദ്ധ സംഘങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

ന്യൂഡൽഹി സ്വദേശിയായ ഉസ്മ 20 വയസ്സുള്ളപ്പോഴാണ് പാക്കിസ്ഥാൻ സ്വദേശിയായ താഹിർ അലിയുമായി സ്നേഹത്തിലാവുന്നത്. മലേഷ്യയിൽ വച്ചാണ് താഹിറിനെ ഉസ്മ കണ്ടുമുട്ടുന്നത്.

പാക്കിസ്ഥാൻ സന്ദർശിച്ച തന്നെ നിർബന്ധിച്ചാണ് താഹിർ വിവാഹം ചെയ്തതെന്ന് ഇസ്ലാമബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭർത്താവായ താഹിർ തന്നെ ദ്രോഹിച്ചിരുന്നുവെന്നും യാത്രാരേഖകൾ പിടിച്ചുവെച്ചുവെന്നും കോടതിയോട് ഉസ്മ പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് മെയ് 12നാണ് അവർ കോടതിയെ അറിയിച്ചത്.

വാഗ ആതിർത്തിയിൽ മണ്ണിൽ തൊട്ടുതൊഴുതുകൊണ്ടാണ് ഈ യുവതി സ്വദേശത്തേക്കു പ്രവേശിച്ചത്. പാക്കിസ്ഥാനിൽവച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയശേഷം നിർബന്ധിത വിവാഹത്തിന് ഇരയാക്കിയ ഉസ്മയ്ക്കു നേരിടേണ്ടിവന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരന്തങ്ങളായിരുന്നു.

മടങ്ങിയെത്തിയ ഉസ്മയെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്വാഗതം ചെയ്തു. 'ഉസ്മ ഇന്ത്യയുടെ മകളെ, വീട്ടിലേക്ക് സ്വാഗതം. നിങ്ങൾ അനുഭവിച്ചതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു' സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. ഉസ്മയുടെ കുടുംബം മന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ചു.

ഭർത്താവ് താഹിർ അലിക്കെതിരെ ഇസ്ലാമാബാദ് കോടതിയിൽ പരാതി നൽകിയ ഉസ്മ, ഭർത്താവ് തന്നെ ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകൾ പിടിച്ചുവാങ്ങിയെന്നും മജിസ്ട്രേട്ടിനു മുൻപാകെ മൊഴി നൽകി. ഉസ്മ സന്ദർശക വീസയിലാണ് പാക്കിസ്ഥാനിലെത്തിയതെന്നു ന്യൂഡൽഹിയിലെ പാക്ക് ഹൈക്കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

മലേഷ്യയിൽ വച്ചാണ് അലിയും ഉസ്മയും കണ്ടുമുട്ടിയത്. മെയ് ഒന്നിനു വാഗാ അതിർത്തി വഴി ഉസ്മ പാക്കിസ്ഥാനിലെത്തി. മൂന്നിനാണു നിക്കാഹ് നടന്നത്. എന്നാൽ അലി നേരത്തേ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്നറിഞ്ഞതോടെയാണ് തന്നെ നാട്ടിലേക്കു തിരിച്ചുവിടണമെന്ന അപേക്ഷയുമായി അഞ്ചിന് ഉസ്മ ഹൈക്കമ്മിഷനിലെത്തിയത്.

വാഗ അതിർത്തി വരെ പാക് സർക്കാരുദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഉസ്മ ഇന്ത്യയിലെത്തിയത്. ഉസ്മയെ തിരിച്ചെത്തിക്കാൻ സുഷമ സ്വരാജ് നടത്തിയ പരിശ്രമങ്ങൾക്ക് ഉസ്മയുടെ സഹോദരൻ നന്ദി പറഞ്ഞു. അസാദ്ധ്യമായതാണ് സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സാദ്ധ്യമാക്കിയതെന്ന് സഹോദരൻ പറഞ്ഞു.

അലി തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഉസ്മ പാക് കോടതിയെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ തഹിർ അലി സമർപ്പിച്ച അപേക്ഷ കോടതി തള്ളുകയായിരുന്നു. ഉസ്മയുമായി സ്വകാര്യമായി സംസാരിക്കാനും അലി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉസ്മ ഇത് നിരസിച്ചു. തുടർന്നാണ് ഉസ്മയെ മടക്കി അയയ്ക്കാൻ കോടതി നിർദ്ദേശം നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP