Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതൃഭൂമി മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കണം; പത്രപ്രവർത്തകരുടെ നിലനിൽപ്പ് സമരത്തിന് പിന്തുണയുമായി വി എസ് അച്യുതാനന്ദൻ; പിരിച്ചുവിട്ട സി നാരായണനെ തിരിച്ചെടുക്കണമെന്നും പ്രതിപക്ഷ നേതാവ്

മാതൃഭൂമി മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കണം; പത്രപ്രവർത്തകരുടെ നിലനിൽപ്പ് സമരത്തിന് പിന്തുണയുമായി വി എസ് അച്യുതാനന്ദൻ; പിരിച്ചുവിട്ട സി നാരായണനെ തിരിച്ചെടുക്കണമെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മാതൃഭൂമി ദിനപത്രത്തിലെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്തെത്തി. വീരേന്ദ്രകുമാർ മാനേജിങ് ഡയറക്ടരായ പത്രമാനേജ്‌മെന്റ് ജീവനക്കാരോട് സ്വീകരിക്കുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. മലപ്പുറം ഡസ്‌കിൽ നിന്നും പ്രതികാര നടപടിയുടെ ഭാഗമായി പുറത്താക്കിയ മാദ്ധ്യമപ്രവർത്തകൻ സി നാരായണനെ തിരിച്ചെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന നിലനിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വി എസ് മാതൃഭൂമിയെ വിമർശിച്ച് രംഗത്തെത്തിയത്.

പത്രസ്ഥാപനങ്ങളിലെ മാദ്ധ്യമപ്രവർത്തകരും, ജീവനക്കാരും അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിക്കുന്നതിന്റെ പേരിൽ അവരെ ക്രൂരമായി പീഡിപ്പിക്കുകയും അന്യായമായി സ്ഥലം മാറ്റുകയും ചെയ്യുന്ന നടപടി ജനാധിപത്യത്തിൽ വിശ്വാസമർപ്പിക്കുന്നവർക്ക് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല. മാതൃഭൂമി പത്രത്തിൽ കുറച്ചു കാലമായി ഇത്തരത്തിലുള്ള പീഡനങ്ങൾ നടന്നുവരികയാണെന്നത് ആശങ്കാജനകമാണ്. കേരളത്തിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകരെ രാജ്യത്തെ വിദൂരപ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി പീഡിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്ന കാര്യമല്ല. ഭരണാധികാരികൾ പത്രപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ച അടിയന്തിരാവസ്ഥയുടെ നാൽപ്പതാം വാർഷിക നാളുകളിൽ പത്രമാനേജ്‌മെന്റു തന്നെ പത്രപ്രവർത്തകരെ പീഡിപ്പിക്കുന്ന സ്ഥിതി ജനാധിപത്യ സമൂഹമാകെ ഗൗരവപൂർവം കാണേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുച്ഛമായ ശമ്പളവും ആനുകൂല്യങ്ങളും മാത്രം നൽകി കോർപറേറ്റ് സ്വഭാവമുള്ള പല മാദ്ധ്യമ സ്ഥാപനങ്ങളും മാദ്ധ്യമപ്രവർത്തകരെയും ജീവനക്കാരെയും ദ്രോഹിക്കുന്നുമുണ്ട്. ഈവക പ്രതികാര നടപടികൾ ജനാധിപത്യ സംവിധാനത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങൾക്കും എതിരാണ്. അതുകൊണ്ട് പ്രതികാര നടപടികൾ അവസാനിപ്പിക്കാൻ മാനേജ്‌മെന്റുകൾ തയ്യാറാവണം. പിരിച്ചുവിട്ട സി നാരായണനെ തിരിച്ചെടുത്ത് മാദ്ധ്യമപ്രവർത്തനരംഗത്ത് സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാൻ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറാകണമെും വി എസ് ആവശ്യപ്പെു.

മാതൃഭൂമിയിൽ മാദ്ധ്യമപ്രവർത്തകർക്കുനേരെ നടക്കുന്ന പ്രതികാര നടപടിക്കെതിരെ പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഏറെനാളായി സമരം നടക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കൾ ആരും ഇടപെടാൻ തയ്യാറായിരുന്നില്ല. ഇന്ത്യാവിഷന് എതിരായ സമരത്തിൽ സിപിഐ(എം) പിന്തുണ അറിയിച്ചിരുന്നു. എന്നാൽ, വീരേന്ദ്രകുമാറിനെ പിണക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഭരിക്കുന്ന നേതാക്കളാരും തന്നെ ഈ വിഷയത്തിൽ ഇടപെട്ടിരുന്നില്ല. മാതൃഭൂമി കോട്ടയ്ക്കൽ യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായിരുന്ന സി നാരായണനെ ന്യൂസ് എഡിറ്ററുമായുള്ള തർക്കത്തിന്റെ പേര് പറഞ്ഞാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. ഇതിനെതിരെ പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ മാതൃഭൂമി ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയിരുന്നു.

ഇതുവരെ മാതൃഭൂമി വിഷയത്തിൽ മൗനം പാലിച്ചിരുന്ന വി എസ് ആദ്യമായാണ് തന്റെ സുഹൃത്തു കൂടിയായ വീരേന്ദ്രകുമാറിന്റെ പത്രത്തിനെതിരെ രംഗത്തെത്തിയത്. വേജ് ബോർഡ് ശുപാർശകൾ അനുസരിച്ച് വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് മാദ്ധ്യമ പ്രവർത്തകർക്കതെതിരെ മാതൃഭൂമി പ്രതികാര നടപടിയുമായി എത്തിയത്. ഇന്നലെ കണ്ണൂരിൽ പത്രപ്രവർത്തക യൂണിയൻ നടത്തിയ നിലനിൽപ്പ് സമരത്തിൽ മാതൃഭൂമി മാനേജുമെന്റ് വിശ്വസ്തരെ അയച്ച് ചാരപ്പണിയെടുത്തിരുന്നു. മാദ്ധ്യമപ്രവർത്തകരല്ലാത്ത ജീവനക്കാർ സമരപ്പന്തലിലിരുന്ന ചിത്രങ്ങൾ പകർത്തിയപ്പോൾ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയാണ് ഉണ്ടായത്. ഈ കേസ് ഒതുക്കാൻ പൊലീസിന് മേൽ സമ്മർദം ചെലുത്തുകയും ചെയ്തു മാതൃഭൂമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP