Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാഴ്ചക്ക് വൈകല്യമുള്ള വൈക്കം സ്വദേശിനിയായ ഗായികയ്ക്ക് വരനെ വേണം എന്ന പരസ്യത്തിന് പ്രതികരിച്ചത് അനേകം പേർ; ഭക്തിയും സംഗീത പ്രേമവും മാനദണ്ഡമായപ്പോൾ ബഹ്‌റൈനിൽ ജോലിയുള്ള സന്തോഷിന് നറുക്ക് വീണു; വൈക്കം വിജയലക്ഷ്മി വരനെ കണ്ടെത്തിയത് ഇങ്ങനെ

കാഴ്ചക്ക് വൈകല്യമുള്ള വൈക്കം സ്വദേശിനിയായ ഗായികയ്ക്ക് വരനെ വേണം എന്ന പരസ്യത്തിന് പ്രതികരിച്ചത് അനേകം പേർ; ഭക്തിയും സംഗീത പ്രേമവും മാനദണ്ഡമായപ്പോൾ ബഹ്‌റൈനിൽ ജോലിയുള്ള സന്തോഷിന് നറുക്ക് വീണു; വൈക്കം വിജയലക്ഷ്മി വരനെ കണ്ടെത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചു. തൃശ്ശൂർ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ് വരൻ. മാർച്ച് 29ന് രാവിലെ 9നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് വിവാഹം. സന്തോഷ് ഹോട്ടൽ മാനേജ്മെന്റ് പഠനശേഷം ബഹ്റൈനിൽ ജോലി ചെയ്തുവരുന്നു.

'മാതൃഭൂമി'യിൽ നൽകിയ വിവാഹപരസ്യത്തിലൂടെ വന്ന ആലോചനയിൽനിന്നാണ് വരനെ കണ്ടെത്തിയതെന്ന് വിജയലക്ഷ്മിയുടെ അച്ഛൻ മുരളീധരൻ പറഞ്ഞു. കാഴ്ചയ്ക്ക് വൈകല്യമുള്ള വൈക്കം സ്വദേശിനിയായ ഗായികയ്ക്ക് വരനെ തേടുന്നുവെന്ന പരസ്യം കണ്ട് നിരവധി ആലോചനകൾ വന്നിരുന്നു. അപേക്ഷകരിൽ നിന്ന് ഭക്തനും സംഗീതപ്രേമിയുമായ സന്തോഷിനെ വിജയലക്ഷ്മിയും കുടുംബവും വരാനാക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അന്ധതയെ സംഗീതത്തിലൂടെ തോൽപ്പിച്ച വൈക്കം വിജയലക്ഷ്മി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.

പീപ്പിൾ ചാനലിന്റെ പുരസ്‌കാര ദാന ചടങ്ങിനിടയിലാണ് വിവാഹക്കാര്യം ഗായിക ആദ്യം വെളിപ്പെടുത്തിയത്. വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. പീപ്പിൾ ടിവിയുടെ പ്രഥമ പുരസ്‌കാരം സ്വീകരിക്കുന്നതിനിടെയാണ് കല്ല്യാണക്കാര്യം ഗായിക വെളിപ്പെടുത്തിയത്. മമ്മൂട്ടിയാണ് പുരസ്‌കാരം സമ്മാനിച്ചത്. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് അവർ ശ്രദ്ധ നേടിയത്. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയിലേക്കു മാറ്റി പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി. സെല്ലുലോയ്ഡ് എന്ന കമൽ ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ ആദ്യ സിനിമാ ഗാനം. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ആദരം നേടി. തൊട്ടടുത്ത വർഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽ വരെ പാടി തെന്നിന്ത്യയിൽ പ്രശസ്തയായി.

വൈക്കം ഉദയാനപുരം സ്വദേശിയായ മുരളീധരന്റെയും വിമലയുടെയും മകളായ വിജയലക്ഷ്മി ചെന്നൈയിലാണ് വളർന്നത്.1981 ഒക്ടോബർ ഏഴിന് ജനിച്ചു. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. തുടക്കത്തിൽ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നില്ലെങ്കിലും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ട്യൂണുകൾ കേട്ട് പാട്ടുകളിലെ രാഗങ്ങൾ കണ്ടെത്താനും സ്വന്തമായി പാട്ടുകൾ ട്യൂൺ ചെയ്ത് ചിട്ടപ്പെടുത്താനും ആരംഭിച്ചു.

സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സംഗീത പഠനത്തിനു ശേഷം നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചു. ഇക്കാലയളവിൽ ''ഗായത്രി വീണ'' എന്ന സംഗീത ഉപകരണത്തിൽ പ്രാവീണ്യം നേടി.വിജയലക്ഷ്മിയുടെ അച്ഛനാണ് തംബുരുവിനെ പരിഷ്‌ക്കരിച്ച് ഇലക്ട്രിക് വീണ പോലെ ഗായത്രി വീണ രൂപപ്പെടുത്തിയെടുത്തത്. ''ഗായത്രി വീണ'' കൊണ്ട് നിരവധി സംഗീതക്കച്ചേരികൾ നടത്തി ശ്രദ്ധേയയായി. ചെമ്പൈ സംഗീതോൽസവം,സൂര്യ ഫെസ്റ്റിവൽ എന്നീ സംഗീത മേളകളിലെ സാന്നിധ്യമായി.വിജയലക്ഷ്മി വിജിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP