Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലബാറിൽ ഇംഗ്ലീഷുകാർക്കെതിരെ സായുധ കലാപം; എസ്.ഐ. കുട്ടി കൃഷ്ണമേനോനും കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാരും കലാപകാരികളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടു; ജർമ്മൻ റേഡിയോയ്ക്കും ഹിറ്റ്ലർക്കും കണ്ണൂരിലെ കൊച്ചു പട്ടണവുമായുള്ള ബന്ധമെന്ത്? രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ ഒന്നായ വളപട്ടണത്തിന്റെ ചരിത്രം ഇങ്ങനെ

മലബാറിൽ ഇംഗ്ലീഷുകാർക്കെതിരെ സായുധ കലാപം; എസ്.ഐ. കുട്ടി കൃഷ്ണമേനോനും കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാരും കലാപകാരികളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടു; ജർമ്മൻ റേഡിയോയ്ക്കും ഹിറ്റ്ലർക്കും കണ്ണൂരിലെ കൊച്ചു പട്ടണവുമായുള്ള ബന്ധമെന്ത്? രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ ഒന്നായ വളപട്ടണത്തിന്റെ ചരിത്രം ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: ചരിത്രത്തിൽ വീണ്ടും ഇടം പിടിക്കുകയാണ് വളപട്ടണം പൊലീസ് സ്റ്റേഷൻ. എസ്.ഐ. യേയും ഹെഡ് കോൺസ്റ്റബിളിനേയും ജനുക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ പഴയ ചരിത്രം തിരുത്തി സമാനതകളില്ലാത്ത മികവ് നേടിയ പൊലീസ് സ്റ്റേഷനായി വളപട്ടണം വീണ്ടും പുതു ചരിത്രം സൃഷ്ടിച്ചു.

1940 സെപ്റ്റംബർ 15 ന് ജർമ്മൻ റേഡിയോ നടത്തിയ പ്രക്ഷേപണത്തിൽ ഇങ്ങിനെ പറഞ്ഞു. മലബാറിൽ ഇംഗ്ലീഷുകാർക്കെതിരെ സായുധ കലാപം. എസ്.ഐ. കുട്ടി കൃഷ്ണമേനോനും കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാരും കലാപകാരികളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടു. അതിനു കാരണം ഇങ്ങിനെ. 1939 സെപ്റ്റംബർ 1 രണ്ടാം ലോകമഹായുദ്ധത്തിന് ഹിറ്റ്ലർ തിരികൊളുത്തി. ബ്രിട്ടൻ യുദ്ധത്തിൽ പങ്കാളികളാകാൻ തീരുമാനിച്ചു. ബ്രിട്ടന്റെ കോളനിയായ ഇന്ത്യയും യുദ്ധത്തിൽ പങ്കാളിയാണെന്ന് അന്നത്തെ ഇന്ത്യാ സെക്രട്ടറി അമരി പ്രഭു ഏകപക്ഷീയമായി പ്രഖ്യാപിച്ചു.

ഇന്ത്യൻ ജനയോടുള്ള വെല്ലു വിളിയായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രഖ്യാപനത്തെ കണ്ടത്. രാജ്യമൊട്ടാകെ പ്രതിഷേധദിനം ആചരിക്കാൻ കോൺഗ്രസ്സ് തീരുമാനിക്കുകയും ചെയ്തു. പ്രതിഷേധം കത്തി നിൽക്കുന്നതിനിടെ കോൺഗ്രസ്സ് നേതാക്കളേയും പ്രവർത്തകരേയുൂം വെടിയുണ്ടയും ലാത്തിയും കൊണ്ട് നേരിട്ടു. അതിന്റെ ഭാഗമായി മലബാറിൽ മട്ടന്നൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ബ്രിട്ടീഷ് പൊലീസും ജനങ്ങളും ഏറ്റുമുട്ടി.

എന്നാൽ നഷ്ടപ്പെട്ട കൃഷി ഭൂമി വീണ്ടടെുക്കുന്നതിനു വേണ്ടി ചിറക്കൽ താലൂക്കിലെ കീച്ചേരിയിൽ കർഷക സമ്മേളനം വിളിച്ചത് ഈ സമയത്തായിരുന്നു. 1940 സെപ്റ്റംബർ 15 ന് ആയിരുന്നു അത്. കർഷകർ ജാഥയായി രാവിലെ മുതൽ പോകുന്നതു കണ്ട വളപട്ടണം എസ്. ഐ. കുട്ടി കൃഷ്ണമേനോൻ ഇത് ബ്രിട്ടീഷ് വിരുദ്ധ ജാഥയായാണ് കണ്ടത്.

കർഷക സമ്മേളനം ബ്രിട്ടീഷുകാർക്കെതിരെയാണെന്ന് ധരിച്ച എസ്.ഐ. അന്നത്തെ മലബാർ കലക്ടറുടെ ചെവിയിലുമെത്തിച്ചു. അതോടെ കലക്ടർ എല്ലാ പ്രതിഷേധങ്ങളും യോഗങ്ങളും നിരോധിച്ചു കൊണ്ട് 144 പ്രഖ്യാപിച്ചു. പൊലീസ് നിലപാട് കടുപ്പിച്ചതോടെ കെ.പി. ആർ. ഗോപാലൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗസ്ഥലം കീച്ചേരിയിൽ നിന്നും തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മോറാഴയിലേക്ക് മാറ്റി.

ജാഥാംഗങ്ങൾ കീച്ചേരിയിൽ നിന്നും മോറാഴയിലേക്ക് മാർച്ച് ചെയ്തു. നേതാക്കളും പ്രവർത്തകരും എത്തും മുമ്പ് തന്നെ സബ് മജിസ്ട്രേറ്റിനേയും കൂട്ടി എസ്.ഐ. കുട്ടി കൃഷ്ണമേനോൻ പൊലീസുകാരുമായി അവിടെ എത്തിയിരുന്നു. ഇവിടേയും യോഗം അനുവദിക്കില്ല എന്ന എസ്.ഐ അദ്ധ്യക്ഷനായ വിഷ്ണു ഭാരതീയനെ അറിയിച്ചു. ജനക്കൂട്ടത്തിനോട് പിരിഞ്ഞു പോകാനും എസ്. ഐ. ആഞ്ജാപിച്ചു. വിഷ്ണു ഭാരതീയൻ അതോടെ നിലത്ത് കിടന്നു. പ്രകോപനമൊന്നുമില്ലാതെ കുട്ടികൃഷ്ണ മേനോൻ ലാത്തിച്ചാർജിന് ആഹ്വാനം ചെയ്തു.

ജാഥാംഗങ്ങളും പൊലീസും പരസ്പരം ഏറ്റു മുട്ടി. തളിപ്പറമ്പ് സബ് ഇൻസ്പെക്ട്ര് ബീരാൻ മൊയ്തീൻ രണ്ട് ചുറ്റ് വെടി വെച്ചു. ഇത് കണ്ട് കെ.പി. ആർ. ഗോപാലൻ പൊലീസിനെ നേരിടാൻ ആഹ്വാനം ചെയ്തു. ജനക്കൂട്ടം കല്ലേറ് തുടങ്ങി. അതോടെ പൊലീസൂകാർ രക്ഷപ്പെടാൻ ഓട്ടം തുടങ്ങി. സബ് ഇസ്പെട്കർ കുട്ടി കൃഷ്ണമേനോനും ഹെഡ് കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാരും ജനക്കൂട്ടത്തിന്റെ കല്ലേറിലും മർദ്ദനത്തിലും കൊല്ലപ്പെട്ടു.

സ്റ്റേഷൻ പരിധി വിട്ട് ക്രമസമാധാനം നടത്താൻ സബ് ഇൻസ്പെട്കർ എത്തിയതും അക്കാലത്ത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അന്ന് മദിരാശി ആസ്ഥാനത്ത് മലബാറിൽ നിന്നും അയച്ച റിപ്പോർട്ടിൽ ഗുരുതരമായ ലഹളയിൽ വളപട്ടണം സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും കൊല്ലപ്പെട്ടുവെന്നും പറഞ്ഞിരുന്നു.

വളപട്ടണം സബ് ഇസ്പെക്ടറായ കുട്ടി കൃഷ്ണ മേനോന്റെ പൊലീസ് നടപടിയും അദ്ദേഹത്തിന്റെ മരണവും ദേശീയ തലത്തിൽ തന്നെ വാർത്തയായി. 1941 മാർച്ചിന് മുമ്പ് തന്നെ കെ.പി. ആർ. ഗോപാലനൊഴികെ 33 പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ടു. കെ.പി. ആർ ഒളിവിൽ പോയി. തലശ്ശേരി കോടതി കെ.പി. ആറിനും മറ്റ് ഏഴ് പേർക്കും കഠിന തടവും മറ്റ് പതിനാല് പേരെ വിട്ടയക്കാനും ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതി ഗവൺമെന്റ് നൽകിയ അപ്പീലിൽ കെ.പി. ആറിന് വധ ശിക്ഷയാണ് നൽകിയത്.

ഈ ഉത്തരവിനെ തുടർന്ന് മഹാത്മാ ഗാന്ധി കെ.പി. ആറിനെ വിട്ടയക്കണമെന്നും ജനക്കൂട്ടവും പൊലീസും ഏറ്റു മുട്ടി അത്യാഹിതങ്ങൾ സംഭവിച്ചാൽ അതിന്റെ കുറ്റം ഒരാളിൽ ചുമത്തരുതെന്നും ബ്രിട്ടീഷ് ഗവൺമെന്റിനോട് ്അപേക്ഷിച്ചു. നെഹ്റു ഒരു പടികൂടി കടന്ന് കെ.പി. ആറിനെ തൂക്കി കൊല്ലാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ബോംബെ ചൗപ്പാത്തി കടപ്പുറത്ത് ബ്ലിറ്റ്സ് പത്രാധിപർ കരഞ്ചിയയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രക്ഷോഭവും നടന്നു. ഇതിലെല്ലാം ചർച്ചയായത് വളപട്ടണം പൊലീസും പൊലീസ് സ്റ്റേഷനുമാണ്. വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ തന്നെയാണ് കൊല്ലപ്പെട്ട കുട്ടി കൃഷ്ണ മേനോന്റെ മൃതദേഹവും അടക്കം ചെയ്തത്.

ഇന്ന് ക്രമസമാധാന പാലനത്തിന്റേയും കേസന്വേഷണത്തിന്റേയും ജനകീയ ബന്ധത്തിന്റേയും മികവിൽ ദേശീയ ബഹുമതി നേടിയ വളപട്ടണം പൊലീസ് പുതിയ ചരിത്രം രചിച്ചിരിക്കയാണ്. ഇന്ത്യയിലെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി കണ്ണൂർ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത് ഡൽഹിയിൽ കേന്ദ്രആഭ്യന്തരമന്ത്രിയാണ് വളപട്ടണത്തെ മികച്ചസ്റ്റേഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. ഒമ്പതാം സ്ഥാനമാണ് വളപട്ടണം സ്റ്റേഷന് ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP