Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളിക്കമ്മിറ്റിയോടു കണക്കു ചോദിച്ചതിനു പണികിട്ടി; വളവന്നൂർ കന്മനം ജുമാമസ്ജിദിൽ അഞ്ചു പേർക്ക് ഊരുവിലക്ക്; ഇടപെടേണ്ടവർ മൗനം തുടരുമ്പോൾ നീതിക്കായി നിയമപോരാട്ടം

പള്ളിക്കമ്മിറ്റിയോടു കണക്കു ചോദിച്ചതിനു പണികിട്ടി; വളവന്നൂർ കന്മനം ജുമാമസ്ജിദിൽ അഞ്ചു പേർക്ക് ഊരുവിലക്ക്; ഇടപെടേണ്ടവർ മൗനം തുടരുമ്പോൾ നീതിക്കായി നിയമപോരാട്ടം

എം പി റാഫി

മലപ്പുറം: പള്ളികമ്മിറ്റിയെ ചോദ്യം ചെയ്തതിന് മഹല്ലിലെ അഞ്ചു കുടുംബങ്ങൾക്ക് വിലക്ക്. മലപ്പുറം വളവന്നൂർ കന്മനം ജുമാമസ്ജിദ് മഹല്ലിലാണ് സംഭവം. മഹല്ലിൽ നിന്നും വിലക്കേർപെടുത്തിയ ഈ കുടുംബങ്ങൾ നീതി ലഭിക്കാനായി കോടതി കയറിറങ്ങുകയാണിപ്പോൾ. പള്ളിയുടെ ഭരണകാര്യങ്ങളും മറ്റു സംവിധാനങ്ങളും ജനാധിപത്യ രൂപത്തിലാക്കണമെന്നാവശ്യപ്പെട്ടതിനാണ് ഇവർക്ക് മഹല്ലിൽ നിന്നും ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി പള്ളികമ്മറ്റിയിൽ ഭരണം കയ്യാളുകയും കണക്കുകൾ വ്യക്തമാക്കുകയോ ജനറൽബോഡി വിളിക്കുകയോ ചെയ്യാതിരുന്ന പള്ളി കമ്മിറ്റി അധികൃതർക്കെതിരെ മഹല്ലിലെ ഏതാനും പേർ രംഗത്ത് വന്നതോടെയാണ് ഈ കുടുംബങ്ങൾക്ക് മഹല്ലിൽ നിന്നു എതിർപ്പുകൾ നേരിടേണ്ടി വന്നത്.

കന്മനം മഹല്ല് നിവാസികളായ തയ്യിൽ കോതകത്ത് മുഹമ്മദ്(50), വട്ടപറമ്പിൽ സൈതു(58), കാവുംപുറത്ത് അലി(45), പുത്തൻ വളപ്പിൽ മുഹമ്മദ് ഫൈസൽ(32), തത്തിലത്ത് മുഹമ്മദ് എന്നിവർക്കാണ് മഹല്ല് കമ്മിറ്റിയിൽ നിന്നും വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. മഹല്ല് പള്ളിയിൽ നിന്നും നിക്കാഹ് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മഹല്ലിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളോ അപേക്ഷാ ഫോറങ്ങളോ മറ്റു ആനുകൂല്യങ്ങളോ ഇന്ന് ഇവർക്ക് അന്യമാണ്. നീതി തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, തിരൂർ മുൻസിഫ് കോടതി എന്നിവിടങ്ങളിൽ നിയമ പോരാട്ടം നടത്തി വരികയാണ്. ഇതിനുപുറമെ മഹല്ലിലെ കുടുംബവാഴ്ചയും ഏകപക്ഷീമായ കമ്മിറ്റി ഭരണവും ചൂണ്ടിക്കാട്ടി കോഴിക്കോട് വഖഫ് ട്രിബ്യൂണലിലും കേസ് നടന്നു വരുന്നുണ്ട്.

150 വർഷം പഴക്കമുള്ള കന്മനം ജുമാ മസ്ജിദ് മഹല്ലിന്റെ പരിതിയിൽ 700 ഓളം കുടുംബങ്ങളാണ് നിലവിലുള്ളത്. എന്നാൽ ജനാധിപത്യ രീതിയിൽ ജനറൽബോഡി വിളിച്ചു ചേർത്ത് വർഷത്തിലൊരിക്കൽ കമ്മറ്റി പു:നസംഘടിപ്പിക്കുകയോ വരവ് ചെലവ് കണക്കുകൾ പ്രസിദ്ധപ്പെടുത്തുകയോ ഇല്ലെന്നുള്ളതാണ് വസ്തുത. പ്രദേശത്ത് ലീഗ് നേതാവായ എ.കെ കുഞ്ഞാപ്പുഹാജിയാണ് പള്ളിയുടെ മുതവല്ലി(മേൽനോട്ടക്കാരൻ). ഇദ്ദേഹത്തിന്റെ പൂർവ്വികർ വഖ്ഫായി പള്ളിക്കുവേണ്ടി ഭൂമി വിട്ട് നൽകിയെന്നതാണ് മുതവല്ലി എന്ന സ്ഥാനത്ത് ഇന്നും അദ്ദേഹം തുടരാൻ കാരണം. എന്നാൽ 1989 മുതലുള്ള രേഖയിൽ മാത്രമെ ഇദ്ദേഹത്തിന്റെ കുടുംബം വിട്ടു നൽകി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 150 വർഷം മുമ്പ് ഇവരുടെ കുടുംബം ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും പള്ളിക്കു വേണ്ടി ഭൂമി വിട്ടു നൽകി എന്നതിന് അടിയാധാരമോ തെളിവുകളോ ഇല്ലാത്തതിനാൽ വ്യാജമായി 1989ന് ശേഷം ചമക്കുകയായിരുണെന്നാണ് മഹല്ലിലെ ഒരു വിഭാഗം ആളുകളുടെ ആരോപണം.

മുതവല്ലിയും കുടുംബാംഗങ്ങളും പിന്നെ മറ്റു ഇഷ്ടക്കാരും മാത്രമാണ് കമ്മിറ്റി വർഷങ്ങളായി കയ്യാളിയിരുന്നത് എന്നതാണ് ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാക്കുന്നത്. വർഷങ്ങളായി കമ്മറ്റി ജനാധിപത്യ സ്വഭാവമില്ലാതെയായിരുന്നു മുന്നോട്ടു പോയിരുന്നത്. ഇത് ചോദ്യം ചെയ്ത് 2010ൽ ഏതാനും പേർ രംഗത്ത് വന്നതോടെയാണ് ഒമ്പത് വർഷത്തിന് ശേഷം ആദ്യമായി ജനറൽ ബോഡി വിളിച്ചു ചേർത്തത്. ഇവിടെവച്ച് പുതിയ കമ്മിറ്റിക്ക് ജനറൽ ബോഡി രൂപം നൽകിയെങ്കിലും ഈ കമ്മിറ്റിയെ അംഗീകരിക്കുകയോ ഭൂരിപക്ഷാഭിപ്രായം മാനിക്കുകയോ ചെയ്യാൻ കുഞ്ഞാപ്പു ഹാജിയുടെ കുടുംബം തയ്യാറായില്ല. ഇത് ഏറെ പ്രതിഷേധത്തിനും പ്രശ്‌നങ്ങൾക്കും വഴിവച്ചിരുന്നു. ഇതോടെ കോതകത്ത് മുഹമ്മദിന്റെ നേതൃത്വത്തിൽ ഏതാനും പേർ പള്ളികമ്മിറ്റിയിലെ കുടുംബവാഴ്ചക്കെതിരെ നിയമ നടപടിയുമായി രംഗത്ത് വരികയായിരുന്നു. ഇതിനു ശേഷം പള്ളികമ്മിറ്റിയെ ചോദ്യം ചെയ്ത പ്രധാന അഞ്ച് കുടുംബങ്ങളെ മഹല്ലിൽ നിന്നും വിലക്കിയതായി പ്രസിഡന്റ് വെള്ളിയാഴ്ച പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. സാക്ഷര കേരളത്തിന് അപമാനമാകുന്ന തരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണ് ഇന്നും ഈ കുടുംബങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

മഹല്ല് ഖാസി കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ളവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നെങ്കിലും ആരോപിതർ മുഴുവനും ലീഗുകാർ ആയതിനാൽ യാതൊരു നടപടിയും ഇതുവരെയും ഉണ്ടായില്ല. ലക്ഷങ്ങളുടെ വരുമാനമുള്ള പള്ളിയുടെ വരവ് ചെലവ് കണക്കുകളും വ്യക്തമല്ല. 25 അംഗ കമ്മിറ്റിയിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നതെല്ലാം ഒരു കുടുംബത്തിൽപ്പെട്ടവരാണ്. വിലക്ക് ഏർപ്പെടുത്തിയ കുടുംബാംഗങ്ങളിൽ നിന്നും വരിസംഖ്യ സ്വീകരിക്കുകയോ ഇവരെ മഹല്ല് നിവാസികളായി അംഗീകരിക്കാനോ പള്ളികമ്മിറ്റി തയ്യാറായിട്ടില്ല. തങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി പള്ളികമ്മിറ്റി ജനാധിപത്യരീതിയിൽ മുന്നോട്ടു പോകണമെന്നാണ് പ്രസ്തുത കുടുംബങ്ങളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP