Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിടപ്പിലായവരെയും അവശരെയും കുട്ടികളെയും കൊണ്ട് എങ്ങനെ പ്രളയം താണ്ടുമെന്നറിയാതെ കുടുംബങ്ങൾ; രണ്ടുനില വീടിന്റെ മുകളറ്റം വരെ കയറി വന്ന് പേടിപ്പിക്കുന്ന വെള്ളം; ഭീതിയകറ്റി സ്വാന്ത്വനവുമായി കൈയ്‌മെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ മുഴുകി സൈന്യം; ആലുവയിലും ആറന്മുളയിലുമടക്കം വിവിധ സേനകൾ രക്ഷപ്പെടുത്തിയത് അറുനൂറിലേറെ പേരെ

കിടപ്പിലായവരെയും അവശരെയും കുട്ടികളെയും കൊണ്ട് എങ്ങനെ പ്രളയം താണ്ടുമെന്നറിയാതെ കുടുംബങ്ങൾ; രണ്ടുനില വീടിന്റെ മുകളറ്റം വരെ കയറി വന്ന് പേടിപ്പിക്കുന്ന വെള്ളം; ഭീതിയകറ്റി സ്വാന്ത്വനവുമായി കൈയ്‌മെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ മുഴുകി  സൈന്യം; ആലുവയിലും ആറന്മുളയിലുമടക്കം വിവിധ സേനകൾ രക്ഷപ്പെടുത്തിയത് അറുനൂറിലേറെ പേരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയക്കെടുതി ഏറ്റുവാങ്ങി കേരളം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ദുരിതബാധിതർക്ക് കൈത്താങ്ങും ആശ്വാവുമായത് സൈന്യത്തിന്റെ നിസ്സ്വാർഥസേവനം. കരകവിഞ്ഞൊഴുകുന്ന നദികൾ എമ്പാടും പ്രളയം വിതച്ചപ്പോൾ വീടുകളിൽ കിടപ്പിലായവരെയും, അവശരെയും എങ്ങനെ രക്ഷപ്പെടുത്തുമെന്നറിയാതെ ഉഴലുകയായിരുന്നു ഒറ്റപ്പെട്ടുപോയ പല കുടുംബങ്ങളും. പത്തനംതിട്ടയിൽ റാന്നി മുതൽ ആറന്മുള വരെയുള്ള പ്രദേശങ്ങളിലും എറണാകുളത്ത് ആലുവയിലുമൊക്കെ സൈന്യം കൈയ്‌മെയ് മറന്നു പ്രവർത്തിച്ചു.

ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, ഫയർ ഫോഴ്സ്, എൻ.ഡി.ആർ.എഫ് ഉൾപ്പെടെ 52 ടീമുകൾ ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ആർമി 12 കോളം, എയർഫോഴ്സിന്റെ എട്ട് ഹെലികോപ്റ്ററുകൾ, നേവിയുടെ അഞ്ച് ഡൈവിങ് ടീം, കോസ്റ്റ് ഗാർഡിന്റെ മൂന്ന് ടീമും ഒരു ഹെലികോപ്റ്ററും ഇപ്പോഴുണ്ട്. വെള്ളം കയറിയ മേഖലകളിൽ മറൈൻ കമാൻഡോസാണ് എത്തിച്ചേർന്നത്്. എല്ലാ സേനകളും ഡ്രൈ ഫുഡ് പാക്കറ്റുകൾ നൽകുന്നുണ്ട്.

ആറന്മുള മേഖലയിൽ നിന്നും 132 പേരെ നാവികസേനാ ഹെലികോപ്റ്ററിൽ രക്ഷപെടുത്തി. എല്ലാവരെയും കൊച്ചിയിലെ നാവിക ആസ്ഥാനത്തെ ക്യാമ്പിൽ എത്തിച്ചു. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവർ ഈ കൂട്ടത്തിലുണ്ട്. ആറന്മുള എഞ്ചിനിയിറിങ് കോളേജിലെ 29 വിദ്യാർത്ഥികളും ഇവരിൽപ്പെടും. ഇവരുടെ ആരോഗ്യസ്ഥിതി നേവി ആശുപത്രിയിൽ പരിശോധിച്ച് വരികയാണ്. ആറന്മുള ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്ന് ദേശീയ ദുരന്തനിവാരണ സേന 400 ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടും ചുഴിയും ഒഴുക്കും കാരണം ചില ഇടങ്ങളിലേക്ക് ബോട്ടുകൾക്ക് എത്തിപ്പെടാനായിട്ടില്ല. ഇത്തരം സ്ഥലങ്ങളിൽ ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കൊല്ലം നീണ്ടകരയിൽനിന്ന് എത്തിച്ച ബോട്ടുകളാണ് പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതലായും ഉപയോഗിക്കുന്നത്. റാന്നിയിൽനിന്ന് നാവികസേന രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരം ശംഖുമുഖം നാവിക കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ്.

കുടുങ്ങി കിടക്കുന്ന എല്ലാവരേയും രക്ഷപെടുത്താനാണ് ശ്രമം നടക്കുന്നത്. കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ വീടുകളിൽ കുടുങ്ങി കിടന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഊർജിതമായി നടന്നു വരുകയാണ്. റാന്നി താലൂക്കിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നു വരുകയാണ്. തിരുവല്ല താലൂക്കിൽ മുൻകരുതൽ എന്ന നിലയിൽ നീണ്ടകരയിൽ നിന്ന് എത്തിച്ച നാല് ബോട്ടുകൾ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കുടുങ്ങി കിടക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്തുമെന്നും ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു.

കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ വീടുകളിൽ കുടുങ്ങിയിട്ടുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിന് നീണ്ടകരയിൽ നിന്നുള്ള എട്ടു ബോട്ടുകൾ പ്രവർത്തനം നടത്തി വരുന്നു. ഏഴ് എണ്ണം കോഴഞ്ചേരിയിലും ഒരെണ്ണം റാന്നിയിലുമാണ് പ്രവർത്തിക്കുന്നത്. നാലു ബോട്ടുകൾ കൂടി നീണ്ടകരയിൽ നിന്നും തിരുവല്ലയിൽ എത്തിച്ചിട്ടുണ്ട്. റാന്നിയിൽ ജലനിരപ്പ് രണ്ട് അടിയോളം താഴ്ന്നിട്ടുള്ള സാഹചര്യത്തിൽ അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ഇവ തിരുവല്ലയിൽ വിന്യസിച്ചത്.

എൻഡിആർഎഫിന്റെ മൂന്ന് ഡിങ്കി ടീമുകൾ റാന്നിയിലും അഞ്ച് ഡിങ്കി ടീമുകൾ കോഴഞ്ചേരിയിലും രക്ഷാപ്രവർത്തനം നടത്തി വരുന്നു. എൻഡിആർഎഫിന്റെ ആറു ബോട്ടുകൾ ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളിലും മൂന്നു ബോട്ടുകൾ റാന്നിയിലും രക്ഷാപ്രവർത്തനം നടത്തി വരുന്നു. എൻഡിആർഎഫിന്റെ ഒരു ബോട്ട് പത്തനംതിട്ടയിൽ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. പത്തനംതിട്ട നഗരസഭാ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആണ് ഈ ക്രമീകരണം. എറണാകുളത്തു നിന്നും അഞ്ച് സ്പീഡ് ബോട്ടുകളും തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള മൂന്നു ബോട്ടുകളും ഉടൻ എത്തും. ഇന്നലെ(15) രണ്ട് ഹെലികോപ്ടറുകൾ റാന്നിയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഒരു തവണ അഞ്ചു പേരെയാണ് ഹെലികോപ്ടറുകളിൽ രക്ഷപ്പെടുത്തുവാൻ കഴിയുന്നത്. ഇന്നും ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

റാന്നി താലൂക്കിൽ ജലനിരപ്പ് താഴ്ന്നിട്ടുള്ള സാഹചര്യത്തിൽ അപ്പർക്കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഉയർന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുവാൻ തയാറാകണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ പുതപ്പുകൾ, കിടക്കകൾ, മറ്റ് അവശ്യ വസ്തുക്കൾ തുടങ്ങിയവ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്യാമ്പുകളിൽ എത്തിക്കുകയോ, കൺട്രോൾ റൂമുകളിൽ എത്തിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എൻഡിആർഎഫിന്റെ 10 ടീം കൂടി രക്ഷാ പ്രവർത്തനത്തിനായി ജില്ലയിൽ ഇന്ന് എത്തിയിട്ടുണ്ട്. നേരത്തെ എത്തിയ അഞ്ചു ടീമുകളെ ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരുന്നു. ഇതോടെ ജില്ലയിൽ രക്ഷാ പ്രവർത്തനത്തിന് എത്തിയ എൻഡിആർഎഫ് ടീമുകളുടെ എണ്ണം 15 ആയി. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് എൻഡിആർഎഫിന്റെ സേവനം വളരെ സഹായകമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP