Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾക്ക് ഡേ കെയർ ആകാമെങ്കിൽ എന്തുകൊണ്ട് പ്രായമായ അച്ഛനമ്മമാർക്ക് വേണ്ടിയും ഇങ്ങനെ ഒന്ന് ആയിക്കൂടാ; മുൻ ഐഎഎസ് ഉദ്യോഗസ്ഥ വത്സലയുടെ മനസിലെ ആശയം വിരിഞ്ഞപ്പോൾ തണലാകുന്നത് നിരവധി വയോധികർക്ക്: കൂട്ടുകൂടാനും സന്തോഷം പങ്കുവെയ്ക്കാനും കവടിയാറിലെ വാസരത്തിൽ ഒത്തു കൂടുന്നത് നിരവധി വയോധികർ

കുട്ടികൾക്ക് ഡേ കെയർ ആകാമെങ്കിൽ എന്തുകൊണ്ട് പ്രായമായ അച്ഛനമ്മമാർക്ക് വേണ്ടിയും ഇങ്ങനെ ഒന്ന് ആയിക്കൂടാ; മുൻ ഐഎഎസ് ഉദ്യോഗസ്ഥ വത്സലയുടെ മനസിലെ ആശയം വിരിഞ്ഞപ്പോൾ തണലാകുന്നത് നിരവധി വയോധികർക്ക്: കൂട്ടുകൂടാനും സന്തോഷം പങ്കുവെയ്ക്കാനും കവടിയാറിലെ വാസരത്തിൽ ഒത്തു കൂടുന്നത് നിരവധി വയോധികർ

തിരുവനന്തപുരം: ജോലിക്ക് പോകുന്ന മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഡേ് കെയറിൽ ആക്കാൻ മടിക്കാറില്ല. എന്നാൽ തങ്ങളുടെ പ്രായംചെന്ന അച്ഛനമ്മമാരെ വീട്ടിൽ ഒറ്റക്കാക്കി പോകുകയും ചെയ്യും. വാർധക്യ കാലം ഏറ്റവും അധികം പരിചരണം അർഹിക്കുന്ന ഒരു കാലഘട്ടമാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണത്. എന്തുകൊണ്ട് നമ്മുടെ അച്ഛനമ്മമാരെ ഒരു ഡേ കെയർ സെന്ററിൽ ആക്കിക്കൂടാ? ജോലിക്ക് പോകുന്ന മക്കൾക്ക് തങ്ങളുടെ അച്ഛനമ്മമാരെ സുരക്ഷിതമായൊരിടത്ത് എത്തിക്കണം എന്ന് ആഗ്രഹിക്കാറുണ്ടാകും എന്നാൽ അതിന് പറ്റിയൊരിടം അധികം ഇല്ല എന്നതാണ് വാസ്തവം. വിദേശരാജ്യങ്ങളിൽ പ്രായമായവർക്കുള്ള ഡേ കെയർ സെന്ററുകൾ സജീവമാണ്. നമ്മുടെ നാട്ടിലും ഇത്തരം സംസ്‌കാരങ്ങൾ വളർന്നുവരുന്നുണ്ട്. ഇതിന്റെ ഉദാഹരണമാണ് തിരുനന്തപുരത്തെ കാവടിയാറിലെ പണ്ഡിറ്റ് കോളനിയിൽ പ്രവർത്തിക്കുന്ന വാസരം

റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരിയുടെ നേതൃത്വത്തിലാണ് വാസരം എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. വാർദ്ധക്യത്തിന്റെ അലസതയിൽനിന്ന് മുതിർന്നവരെ കൈപിടിച്ചുയർത്തുക എന്നതാണ് വാസരത്തിന്റെ ലക്ഷ്യം. കുട്ടിക്കാലം പോലെ തന്നെ വാർദ്ധക്യ കാലവും ഏറ്റവും പ്രാധാന്യത്തോടെ പരിചരണം അർഹിക്കുന്ന ഒരു കാലമാണ്. സ്വന്തം ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മാതാപിതാക്കളെ കരുതലോടെ ശ്രദ്ധിക്കാൻ കഴിയാത്ത മക്കളുണ്ട്. അവർക്ക് അവരെ വാസരത്തിൽ എത്തിക്കാം. കുഞ്ഞിനെ ഡേയ് കെയറിൽ വിടുന്നതിന് സമാനമാണിത്.

വീട്ടിൽ അനുഭവപ്പെടുന്ന ഒറ്റപ്പെടലിൽ നിന്ന് രക്ഷനേടാൻ വാസരം അവർക്ക് ഒരു സഹായവും ആകും. ഒരു വീടിന് സമാനമാണ് വാസരം. സ്വന്തം വീട്ടിൽ നിന്നും മാറിനിൽക്കുന്നുവെന്ന് തോന്നാത്ത രീതിയിലാണ് വാസരം ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് ധാരാളം പേരുടെ സ്‌നേഹവും പരിചരണവുമെല്ലാം ലഭിക്കുമെന്നത് ഉറപ്പാണ്. മുറിക്കുള്ളിൽ ഒതുങ്ങി പോകുന്ന നമ്മുടെ അച്ഛനമ്മമാരെ പുറം ലോകവുമായി സമ്പർക്കം പുലർത്താൻ വാസരം സഹായിക്കും. കുഞ്ഞുങ്ങളെ പരിചരിക്കുന്ന അതേ രീതിയിലാണ് ഇവിടെ എത്തുന്നവരെ വാസരത്തിലെ അധികൃതർ പരിചരിക്കുന്നത്.

ഒരു സ്‌കൂളിന് സമാനമാണ് വാസരത്തിലെ പ്രവർത്തികളും. വീട്ടിലെ വിരസത ഒഴിവാക്കുന്നതിലുമപ്പുറം വയോധികർക്ക് ആവശ്യമായ ആരോഗ്യ പ്രവർത്തനങ്ങളും ഇവർ നടത്തും. രാവിലെ ഇവിടെ എത്തുന്ന അച്ഛനമ്മമാർക്ക് വൈകുന്നേരം മൂന്നരവരെ വാസരത്തിൽ സമയം ചിലവഴിക്കാം. രാവിലത്തെ വ്യായാമത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കും. നസ്യവും പ്രാണായാമവും ലാഫിങ് വ്യായാമവുമൊക്കെ മുടങ്ങാതെ ചെയ്യിക്കും. ഇതിനു പുറമെ മ്യൂസിക് തെറാപ്പിയും ഗ്രീൻ തെറാപ്പിയുമൊക്കെ ഇവിടെയുണ്ട്. രാവിലത്തെ വ്യായാമം അവർക്ക് മാനസികമായും ശാരീരികമായും ഉന്മേഷം നേടാൻ സഹായിക്കും. വ്യായാമത്തിൽ ലാഫിങ്്്് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്്്ടം.

വാസരത്തിന്റെ നടുത്തളത്തിൽ എല്ലാവരും ഒരുമിച്ചിരുന്നു സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. വീട്ടിൽ അടച്ചിരുന്നു മനസ്സ് മടുത്തവരാണ് പലരും. അതുകൊണ്ട് തന്നെ സംസാരിക്കാൻ അവസരം കിട്ടുന്നത് ഇവിടെ എത്തുന്ന അമ്മമാർക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്. ഇടക്ക് തങ്ങളുടെ മാതാപിതാക്കളെ കുറിച്ച് മക്കൾക്ക് വിളിച്ച് തിരക്കുകയും ചെയ്യാം. ഇതൊന്നും കൂടാതെ മറ്റ് നിരവധി പ്രവർത്തനങ്ങളും വാസരത്തിൽ ഒരുക്കിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ നഴ്‌സറി കുഞ്ഞുങ്ങളെ ഇവിടെ എത്തിക്കും. കുഞ്ഞുങ്ങളോട് സംസാരിക്കാൻ അമ്മമാർക്ക് അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യം. അവരുമായി സംസാരിക്കുന്നതിനിടയിൽ ഉണ്ടാകുന്ന മുഹൂർത്തങ്ങൾ അമ്മമാർക്ക് കുറിച്ച് വെക്കാം. ഇതെല്ലം ഒരു സ്‌കിറ്റ് രൂപത്തിൽ ആക്കി മാസത്തിൽ ഒരിക്കൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടിയിൽ അമ്മമാർക്ക് അത് അവതരിപ്പിക്കാനും അവസരം നൽകും. ഇവിടെ എത്തുന്നവർക്ക് അൽപ്പം പോലും മടുപ്പ് തോന്നാത്ത രീതിയിലാണ് എല്ലാ പ്രവർത്തനവും ക്രമീകരിച്ചിരിക്കുന്നത്

പ്രായത്തിന്റെ പരിമിതിയിൽ ഒതുങ്ങി പോകാതിരിക്കാൻ ധാരാളം ക്രാഫ്റ്റും ഗെയിംസുമെല്ലാം ഉണ്ട്. കൈവിരലുകൾക്കു വ്യായാമം കിട്ടുന്ന രീതിയിലുള്ള ക്രാഫ്റ്റ് വർക്കുകളാണ് കൂടുതലും. അമ്മമാരുടെ കരവിരുതിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ആർസിസി യിൽ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാസത്തിൽ ഒരിക്കൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൽ അവർക്ക് അത് വിപണനം നടത്തുകയും ചെയ്യാം. ഇവിടെ എത്തുന്ന അച്ഛനമ്മമാർ വളരെ സന്തുഷ്ടരാണ്. നാല് ചുമരുകൾക്കുള്ളിൽ ഒതുക്കി നിർത്തേണ്ട കാലമല്ല വാർദ്ധക്യം എന്ന് ഇവിടെ വരുന്നവർക്ക് നന്നായി മനസിലാകും. എല്ലാ കടമയും പൂർത്തിയാക്കിയ നമ്മുടെ അച്ഛനമ്മമാർ സന്തോഷത്തോടെ കഴിയേണ്ട കാലമാണത്. വാസരം പോലെയുള്ള സംരംഭങ്ങൾ ഇതിനുള്ള ഉത്തമ പ്രതിവിധിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP